മഞ്ഞവെയിൽ വിരിച്ചിട്ട പാതയിൽ അല്പം തണൽ വീണു മങ്ങിയ ഒരിടത്തിൽ രമേശൻ തന്റെ ബൈക്കൊതുക്കി വെച്ചു. ഹെൽമറ്റ് ബൈക്കിൽ തന്നെ തൂക്കി, വിയർത്തൊലിച്ച മുഖമൊപ്പിക്കൊണ്ടയാൾ പോലീസ് സ്റ്റേഷനിലേക്ക് ,വീണു കിടക്കുന്ന കരിയിലകൾ നിറഞ്ഞ് കനം വെച്ച ചെറുറോഡിലൂടെ വേഗത്തിൽ നടന്നു. പുറത്തു നിന്ന പൊലീസുകാരനോട് വിവരങ്ങൾ പറഞ്ഞു തീരും മുമ്പേ അയാൾ അകത്തേക്കാനായിക്കപ്പെട്ടു. അവിടുള്ളവർ തന്നെ വളരെ നേരമായി കാത്തിരിക്കുകയാണെന്ന് രമേശനു തോന്നി. ആ മുറിയുടെ ഒരിടത്ത് കരഞ്ഞു കലങ്ങിയ മുഖവുമായി അധികം പ്രായം തോന്നിക്കാത്ത ഒരു സ്ത്രീ ഇരിക്കുന്നതയാൾ കണ്ടു. ഒരായിരം ചോദ്യങ്ങൾ അയാളുടെ മനസ്സിൽ മുളപൊട്ടും മുമ്പേ അപ്പുറത്തെ മുറിയിൽ നിന്നും എസ് ഐ അങ്ങോട്ടേക്ക് കടന്നു വന്നു. രമേശൻ പരിഭ്രമത്തോടെ ചുറ്റും നോക്കി. തനിക്കു പരിചയമുള്ള ഒരു മുഖവും ആയാളവിടെ കണ്ടില്ല . രമേശന്റെ മനസ്സിൽ അനിശ്ചിതത്തിന്റെയും , ആകുലതകളുടെയും നാമ്പുകൾ കിളിർത്ത് വന്നു. എസ് ഐ യുടെ ശാന്തമായ മുഖം രമേശനു അല്പ്പം ആശ്വാസമായി തോന്നി. “ഇരിക്കൂ”എസ് . ഐ കൈനീട്ടികൊണ്ട് പറഞ്ഞു .
“സർ കുഴപ്പം വല്ലതും?”.
“ഇല്ല രമേശാ, പേടിക്കാനൊന്നുമില്ല . എന്നാലും താങ്കളെ ഇവിടെ വരുത്താതെ ഈ കാര്യത്തിൽ ഒരു തീരുമാനമെടുക്കാനാവാത്തതുകൊണ്ടാണ് ബുദ്ധിമുട്ടിക്കേണ്ടി വന്നത്. മാത്രവുമല്ല , സ്ഥലത്ത് ആളു നന്നായി കൂടിയിരുന്നു. അതാണ് വേഗം തന്നെ വിളിപ്പിച്ചത്”.
“സോറി സാർ “
” വിളിക്കുമ്പോൾ ഓഫീസ് കാര്യത്തിനായി ഞാൻ പുറത്തു പോയിരിക്കയായിരുന്നു. പ്രധാനപ്പെട്ട ചില പേപ്പറുകളായിരുന്നതുകൊണ്ട് അവ തിരികെ ഓഫീസിൽ എൽപ്പിക്കാതെ എനിക്കിറങ്ങാൻ പറ്റുമായിരുന്നില്ല. അതാണൽപ്പം താമസിച്ചു പോയത്”. രമേശൻ പറഞ്ഞു.
“അത് സാരമില്ല ,ആ നിൽക്കുന്നതാണ് രാധിക”. എസ് ഐ പെട്ടെന്ന് മുറിയുടെ ഒരു വശത്തേക്ക് കൈചൂണ്ടി കൊണ്ട് പറഞ്ഞു.
“അവരും, അവരുടെ അഞ്ചു വയസ്സുപ്രായമുള്ള മകളും രമേശന്റെ വീടിന്റെ മൂന്നു വീടപ്പുറമുള്ള ഗോവിന്ദൻ മാഷിന്റെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു. മാഷിന്റെ വീട് ശരിക്കുമറിയാത്തതുകൊണ്ട് രാമേശന്റെ വീട്ടിലാണ് വഴി ചോദിക്കാൻ കയറിയത്. വാതിൽ തുറന്നത് നിങ്ങളുടെ ഭാര്യ മിനിയായിരുന്നു. അവർ മുൻപരിചയമുള്ളവരോടെന്നപ്പോലെ രാധികയോടും കുഞ്ഞിനോടും പെരുമാറിയെന്നാണ് രാധിക ഞങ്ങളോട് പറഞ്ഞത്. വഴി പറഞ്ഞുകൊടുത്തതിനു ശേഷം തണുത്തതെന്തെങ്കിലും കുടിച്ചിട്ട് പോകാമെന്നു മിനി നിർബന്ധിക്കുകയിരുന്നു. കനത്ത ഉച്ചച്ചൂടിൽ നടന്നു തളർന്നതുകൊണ്ട് അവരത് സമ്മതിക്കുകയും ചെയ്തു. കുഞ്ഞിന്റെയടുത്തുള്ള മിനിയുടെ , അത്യധികം സന്തോഷത്തോടെയും ,സ്വതന്ത്ര്യവുമെടുത്തുള്ള പെരുമാറ്റം സംശയമൊന്നും തോന്നിച്ചില്ല. കുഞ്ഞുങ്ങളോട് പൊതുവേ സ്ത്രീകൾക്ക് ഒരു പ്രത്യേക വാത്സല്യമൊക്കെ ഉണ്ടായിരിക്കുമല്ലോ . എന്നാൽ വെള്ളമൊക്കെ കുടിച്ചു കഴിഞ്ഞ് ഇറങ്ങാൻ നേരം മിനിയുടെ മട്ടു മാറി. കുഞ്ഞിനെ കൈമാറാൻ അവർ തയാറായില്ലെന്ന് മാത്രമല്ല , അത് തന്റെ കുഞ്ഞാണെന്ന് വരെ പറഞ്ഞു. രാധിക കുഞ്ഞിനെ തട്ടിയെടുക്കാൻ വന്നതാണെന്നും പറഞ്ഞ് അവിടെ വിളിച്ചു കൂവി. സംഭവമറിഞ്ഞ് തൊട്ടടുത്തുള്ള കല്യാണ വീട്ടിൽ നിന്നുള്ളവരും സ്ഥലത്ത് കുതിച്ചെത്തി. അതാണ് ഇത്തവണ പ്രശ്നങ്ങൾ അൽപ്പം കോംപ്ലിക്കേറ്റഡാക്കിയത്. ഇതിപ്പോ എത്രാമത്തെ തവണയാണ് ഇങ്ങനയൊക്കെ സംഭവിച്ചതെന്ന് രമേശനു ഓർമയുണ്ടോ ?
രമേശൻ ഒരു കുറ്റവാളിയെ പോലെ താഴേയ്ക്ക് നോക്കിക്കൊണ്ട് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും ആയാളെന്തു പറയാനാണ്? ഇക്കാര്യത്തിൽ മിനിയെ അയാൾക്കു കുറ്റപ്പെടുത്താനാവില്ലല്ലോ.
“സോറി സർ , ഞാൻ .. എല്ലാത്തിനും ഞാൻ തന്നെയാണല്ലോ കാരണക്കാരൻ. കുറച്ചു കാലമായി കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ഇതുവരേക്കും മരുന്നുകൾ ഒന്നും തന്നെ മുടങ്ങിയിട്ടില്ല. നല്ല പുരോഗതി ഉണ്ടായിരുന്നതാ”
അല്പനേരത്തെ ആ മൗനത്തിനു ശേഷം രമേശൻ പറഞ്ഞു.
” എനിക്കു മനസ്സിലാകും രമേശ്. ഞാൻ വിവരങ്ങളൊക്കെ രാധികയോട് പറഞ്ഞിട്ടുണ്ട്. അവരുടെ ബന്ധുക്കളോടും സംസാരിച്ചിട്ടുണ്ട്. കേസ്സൊന്നും ആക്കേണ്ടെന്നും പറഞ്ഞിട്ടുണ്ട്. അവരത് സമ്മതിച്ചിട്ടുണ്ട്. എങ്കിലും ആ ഷോക്കിൽ നിന്നും അവർ ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്ന് തോന്നുന്നു. മിനി അപ്പുറത്തെ റൂമിലുണ്ട്. “
അപ്പോഴേക്കും ഒരു കുഞ്ഞു പെൺകുട്ടിയെയും കൊണ്ട് ഒരു വനിതാ പോലീസുകാരി അവരുടെ അടുക്കലേക്കു വന്നു. പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കിയ രമേശൻ തെല്ലൊന്നമ്പരന്നു. തന്റെ കുഞ്ഞു മകളുടെ അതേ മുഖം. ഇനി അവൾ ശരിക്കും തന്റെ കുഞ്ഞു തന്നെയായിരിക്കുമോ എന്നയാൾ ഒരു നിമിഷം ചിന്തിച്ചു പോയി . മിനിയോടയാൾക്ക് സഹതാപം തോന്നി. തന്റെ മകളുടെ അതേ ഛായയുണ്ട് ഈ കുഞ്ഞിനും.
പക്ഷേ ഇതിനും മുൻപു ഇത്തരം പ്രശ്നങ്ങളുണ്ടായപ്പോൾ ഇത്തരം യാദൃച്ഛികതകളൊന്നും തന്നെയുണ്ടായിരുന്നില്ല . മകൾ നഷ്ടപ്പെട്ട ഒരമ്മയ്ക്ക് തന്റെ മുമ്പിൽ വരുന്ന എല്ലാ കുഞ്ഞുങ്ങളും അവരുടെ സ്വന്തമാണ്. അങ്ങനെ തോന്നിപ്പിക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കാനാവില്ല. നഷ്ടപ്പെടുന്നവർക്കല്ലേ അതിന്റെ വേദനയറിയൂ. സങ്കടകടലു കൊണ്ട് പൊതിഞ്ഞിരിക്കുന്നവരുടെ മനസ്സ് ഒരാശ്വാസത്തിനായി കുതറിതെറിയ്ക്കാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന പിടിവള്ളികളാണവ. അവരതിൽ പിടിച്ച് ആശ്വാസം കൊള്ളും. അവരെ മനസ്സിലാക്കാൻ ശ്രമിക്കുകയെന്നതെ നമുക്കപ്പോൾ ചെയ്യാനായി ഉള്ളൂ. പൊലീസുകാരിയോടൊപ്പം വന്ന പെൺകുട്ടി അവളുടെ അമ്മയുടെ അടുത്തേക്കോടി ചെന്നു. നിറയെ മിഠായികൾ നിറഞ്ഞ കൈകളിലൊന്ന് അവൾ അമ്മയ്ക്ക് നേരെ നീട്ടി.
സ്റ്റേഷനിലെ മറ്റു നൂലാമാലകളൊക്കെ തീർത്ത് ആ പെൺകുട്ടിയും അമ്മയും അവിടം വിട്ടപ്പോൾ ഒരു പോലീസുകാരൻ വന്ന് രമേശനെ അപ്പുറത്തെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ കരഞ്ഞു കലങ്ങിയ മുഖവുമായി വനിതാ പോലീസുകാരുടെ നടുവിൽ മിനിയിരുപ്പുണ്ടായിരുന്നു. സാരമില്ല , നമുക്കുടനെ പോകാമെന്നയാളവളോട് പറഞ്ഞു. കൂട്ടുകാരനെ വിളിച്ച് സ്റ്റേഷനു പുറത്തു വെച്ചിരിക്കുന്ന തന്റെ ബൈക്കെടുത്ത് വീട്ടിൽ കൊണ്ടുവരാൻ ഏൽപ്പിച്ചിട്ട് ബൈക്കിന്റെ താക്കോൽ സ്റ്റേഷനിൽ കൊടുത്തു. അപ്പോൾ വിളിച്ച ഒരു കാറിൽ മിനിയെ കയറ്റിയിരുത്തി ആയാളും അവളോടു ചേർന്നിരുന്നു. തന്റെ സാമിപ്യം അവൾക്കു ചിലപ്പോൾ ഏതെങ്കിലും തരത്തിൽ ആശ്വാസം നല്കുമെങ്കിൽ അങ്ങനെയായിക്കോട്ടെയെന്നയാൾ കരുതി. ടൗണിലെ ആഡംബര മാളിനു വലം വെച്ച് കാർ മറ്റൊരു റോഡിലേക്ക് കടക്കവേ മുൻപ് അയാൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ഓർമ്മശീലുകൾ ഒന്നൊന്നായി മനസ്സിലേക്ക് വന്നു വീണു. തന്റെ അശ്രദ്ധ,അതിനു താൻ കൊടുക്കേണ്ടി വന്ന വില .. സ്വന്തം മകളുടെ ജീവിതം….
മാസങ്ങൾക്കു മുൻപ് , ഓണക്കാലത്തിന്റെ തിരക്കുകൾക്കിടയിൽ ഒരു ഞായറാഴ്ച ദിവസം ഷോപ്പിങ്ങിനു ഇറങ്ങിയതായിരുന്നു അവർ. ഒരിടത്തും അടങ്ങിയിരിക്കാത്ത തന്റെ വികൃതിക്കുട്ടിയ്ക്കു അയാൾ കളിപ്പാട്ടങ്ങൾ വാങ്ങിച്ചു കൂട്ടി. വിശാലമായി അന്തമില്ലാതെ നീണ്ടു നിവർന്നു കിടന്ന തുണിത്തരങ്ങളുടെ ഇടയിലൂടെ നടക്കവേ അയാൾക്ക് കണ്ണിൽപിടിച്ച ഒരെണ്ണം കണ്ടു അതൊന്നു നോക്കാനായാണ് അവിടേക്കു തിരിഞ്ഞത്,കൂടെ അയാളുടെ കൈയ്യിൽ തൂങ്ങി നാലുവയസ്സുള്ള മകളും. ഇഷ്ടപ്പെട്ടത് കൈയ്യിലെടുത്ത് ബില്ലടിയ്ക്കാൻ തിരിഞ്ഞപ്പോഴാണ് തന്റെ കൂടെയുണ്ടായിരുന്ന മകളെക്കുറിച്ചു ഓർമ വന്നത്. ഭാര്യയാകട്ടെ അവളുടെ തുണികൾ നോക്കാനായി മറ്റൊരു നിരയിലും. എപ്പോളാണവൾ തന്റെ കൈ വിടുവിച്ചു പോയതെന്ന് അയാൾക്ക് ഓർമ കിട്ടിയില്ല. ഒരുപക്ഷെ അവൾ അവളുടെ അമ്മയുടെ അടുത്തേക്ക് പോയിട്ടുണ്ടാകും എന്ന ആശ്വാസത്തിൽ പൊടുന്നനെ അങ്ങോട്ട് നീങ്ങി. മോളെവിടെ എന്ന അവളുടെ ചോദ്യം അയാളെ ഒന്നുകൂടി പരിഭ്രമിപ്പിച്ചു. പിന്നീടവിടെ നടന്ന തെരച്ചിലുകൾക്കും , പോലീസ് അന്വേഷണത്തിലുമൊന്നും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തന്റെ മകൾ എന്നത്തേക്കുമായി നഷ്ടപ്പെട്ടുവെന്നയാൾക്കു തോന്നി. എന്നാൽ അത് സമ്മതിച്ചു തരാൻ കൂട്ടാക്കാതെ അയാളുടെ ഭാര്യ ദിവസങ്ങളോളം ബോധമില്ലാതെ ആശുപത്രിയിൽ കിടന്നു. സിസിടിവി പരിശോധനകളിലും കാര്യമായ പുരോഗതിയുണ്ടായില്ല.തനറെ കൈവിട്ടു ഓടിപ്പോയ കുഞ്ഞിന്റെ ദൃശ്യങ്ങളുണ്ട് . താടിയുള്ള ,തൊപ്പി വെച്ച മുഖം വ്യക്തമല്ലാത്ത ഒരാളുടെ കൈയ്യിലിരുന്ന്, ഒരു വലിയ വർണ്ണപമ്പരം കറക്കുന്ന മകളുടെ ദൃശ്യം മാത്രമാണ് പിടിവള്ളിയായി ആകെയുള്ളത്. പിന്നീട് എത്ര അന്വേഷണങ്ങൾ ,പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയതിനു കണക്കില്ല. മാസങ്ങൾക്കു ശേഷം അന്വേഷണം എങ്ങുമെത്താതെ നിലച്ച മട്ടിലായി. മാനസിക നില തെറ്റിയ മിനി പക്ഷെ ചികിത്സകളുടെ ഗുണം കൊണ്ട് തിരിച്ചു വന്നു. അതയാൾക്കൊരു ആശ്വാസമായി. പക്ഷെ തന്റെ മകൾ .. അവളിപ്പോൾ എവിടെയായിരിക്കും ?എന്തായിരിയ്ക്കും സംഭവിച്ചിരിക്കുക ?അതോർത്തു അയാളുടെ ഹൃദയം വീങ്ങി. പക്ഷെ മിനിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ സംവിച്ചു കഴിഞ്ഞിരുന്നു. അവളുടെ മകളുടെ പ്രായമുള്ള കുഞ്ഞുങ്ങളെ കണ്ടാൽ മനസിന്റെ താളം തെറ്റുക പതിവായി മാറി.അവരുടെ അസുഖത്തിന്റെ കാര്യമറിയാതെ കുഞ്ഞുങ്ങളെയും കൊണ്ട് വിരുന്നു വന്നവർ മിനിയുടെ മനസ്സിന്റെ കെട്ടഴിച്ചു വിട്ടു. വീട്ടിലൊതുങ്ങാത്ത പല കേസുകളും അയാളെ പലതവണ പോലീസ് സ്റ്റേഷൻ കയറ്റിച്ചു.
ഋതുക്കൾ മാറിമറഞ്ഞ ഒരു അപരാഹ്നത്തിൽ രമേശന്റെ വീട്ടിലേക്ക് ഒരു നാടോടി സ്ത്രീയും അഞ്ചാറു വയസ്സുള്ള ഒരു പെൺകുട്ടിയും പടി കയറി വന്നു. വിശപ്പും ദാഹവും നിറഞ്ഞുനിന്ന നേരത്തു മിനി കൊടുക്കാമെന്നു പറഞ്ഞ ചോറും കൂട്ടാനും കഴിക്കാൻ അവർ അകത്തേക്കാനായിക്കപ്പെട്ടു.നാളുകൾക്കു ശേഷം വയറു നിറച്ചുണ്ണാനായി കാത്തിരിക്കവേ അടുക്കളയിലെ പാത്രങ്ങൾ ചിലയ്ക്കുന്ന ശബ്ദങ്ങൾക്കിടയിൽ മിനി തന്റെ വെട്ടുകത്തി പരതുകയായിരുന്നു .
ഊന്നുവടിയേന്തിക്കൊണ്ട് സായാഹ്ന സവാരിക്കിറങ്ങിയ ഗോവിന്ദൻമാഷ് പതിയെ താളമൊപ്പിച്ച് നടന്നുകൊണ്ടിരിക്കെ ഒരു പെണ്ണിന്റെ നിലവിളി ശബ്ദം കേട്ടു . പ്രായത്തിന്റെ അരിഷ്ടതകൊണ്ടു ചെവി ശരിക്കും കെട്ടുകൂടാത്ത ഗോവിന്ദൻമാഷ് തനിക്കു തോന്നിയതാണെന്ന് കരുതി ചെവി വട്ടം പിടിച്ചു.പിന്നെ ശബ്ദമൊന്നും കേൾക്കാത്തതുകൊണ്ട്, വീണ്ടും പതിയെ മുന്നോട്ട് നടന്നു..
Name : ജിനീഷ് കുഞ്ഞിലിക്കാട്ടിൽ
Company : Allianz Technology,Trivandrum
You need to login in order to like this post: click here
Leave a Reply