പാരീസിന്റെ മുകളിൽ മറ്റൊരു ശൈത്യകാലം കൂടി
വെള്ള വിരിക്കുന്നത് ഏഡ്വേർഡ് നോക്കി നിന്നു. വില്ല വിൻഡ്സോറിന്റെ പരിസരമെല്ലാം വെള്ളയും കറുപ്പും മാത്രമായ് കഴിഞ്ഞു.
“ഡേവിഡ്?”
വാലിസാണു.
“റെഡിയല്ലേ, അയാളോട് വരാൻ പറയട്ടെ”
ഇന്റർവ്യൂ ആണ്. ഏറ്റവും കുറച്ചു കാലം ദ ഗ്രേറ്റ് ബ്രിട്ടൻ ഭരിച്ച എഡ്വേർഡ് എട്ടാമനെ ഇന്റർവ്യൂ ചെയ്യാൻ വരുന്നതാണ്.
“വരാൻ പറയു, പ്രത്യേകിച്ച് റെഡിയാകാനെന്തിരിക്കുന്നു”
വാലിസ് അയാളെ തുറിച്ച് നോക്കി.
ഒത്തിരി വേഷം കെട്ടി. ഇനി വയ്യ. അയാൾ മനസിൽ പിറുപിറുത്തു.
എത്രയോ വേഷം കെട്ടലുകൾ. ഫോട്ടോഷൂട്ടെന്ന പേരിലുള്ള കോലംകെട്ടലുകൾ. വയ്യ. വാലിസിന്റെ നിർബന്ധമായിരുന്നു പലതും.
ഒരു ഡയറിയും പേപ്പറും മാത്രമാണ് ജയിംസിന്റെ കൈയ്യിൽ ഉണ്ടായിരുന്നത്. ചെറുപ്പക്കാരനാണ്.
തിരിഞ്ഞ് നോക്കുമ്പോൾ ക്രൗൺ ഉപേക്ഷിക്കുക എന്ന തീരുമാനം ഒരു തെറ്റായിരുന്നു എന്ന് തോന്നുന്നുണ്ടോ?
ആദ്യത്തെ ചോദ്യം
“ഇല്ല, ഞാൻ സ്നേഹിച്ച സ്ത്രീയെ അംഗീകരിക്കാത്ത അധികാരം എനിക്കും വേണ്ട എന്നു വയ്ക്കുകയായിരുന്നു. പിന്നെ അതിനെക്കുറിച്ച് ചിന്തിക്കാൻ..”
തുടരാനാവാതെ ഡേവിഡ് നിർത്തി. തൊണ്ടയിലെ വേദന വല്ലാതെ കൂടുന്നു.
പിന്നെയെന്തിനായിരുന്നു ജർമ്മനിയും ഹിറ്റ്ലറും അങ്ങോട്ടേയ്ക്കുള്ള സന്ദർശനവും? അങ്ങേയ്ക്ക് തിരികെ രാജസ്ഥാനം വീണ്ടെടുക്കാൻ ആയിരുന്നു എന്ന് യുദ്ധാനന്തരം കണ്ടെടുത്ത ചില രേഖകൾ തെളിവ് നൽകുന്നണ്ടല്ലോ!
ചോദ്യങ്ങൾക്ക് ഭയങ്കര മൂർച്ച പോലെ ആദ്യമായ് ഡേവിഡിനു തോന്നി. അതോ സ്വയം തളരുന്നതാണോ എന്നും സംശയിച്ചു.
ഡേവിഡിന്റെ വാലിസിനെ നോക്കി
പലവട്ടം പറഞ്ഞ ഉത്തരങ്ങൾ ഒന്നുകൂടെ പറഞ്ഞാൽ മതി. പക്ഷെ തനിക്ക് തന്നെത്തന്നെ നഷ്ടപ്പെട്ടിരുന്നു എന്ന സത്യം ആരെങ്കിലും കണ്ടുപിടിക്കുമോ എന്നയാൾ ഭയക്കാൻ തുടങ്ങി. ആയിരം വട്ടം ഞാനതിൽ ഖേദിക്കുന്നു എന്ന് വിളിച്ചു പറയാൻ ഡേവിഡിനു തോന്നി.
പക്ഷെ…
ജയിംസ് ഒരിയ്ക്കൽക്കൂടി ചോദ്യം ആവർത്തിച്ചു.
നാസികളോട് അനുഭാവമുള്ളവൻ എന്ന പേരൊരിക്കലും മാറാൻ പോകുന്നില്ല.
“ക്രൗൺ വീണ്ടെടുക്കാനുള്ള കണ്ടുമുട്ടലായിരുന്നില്ല ഹിറ്റ്ലറുമായി. ആ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല”
ഡേവിഡിന്റെ അസ്വസ്ഥത മനസിലായ ജയിംസ് മിണ്ടാതെയിരുന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം പറഞ്ഞു, “സർ, ക്ഷമിക്കണം, എല്ലാവർക്കും അറിയാവുന്ന കഥ വീണ്ടും എഴുതാനല്ല ഞാൻ ആഗ്രഹിക്കുന്നത്. അങ്ങേയ്ക്ക് കൂടുതലായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇതാണ് ശരിയായ സമയം.”
“ഇനിയൊരു തണുപ്പുകാലം കൂടി കാണാൻ ഞാനുണ്ടാവില്ലയെന്നാണോ. പത്രക്കാർക്കൊക്കെ എന്റെ ആരോഗ്യ റിപ്പോർട്ടുകൾ കിട്ടിയോ?”
തമാശ കലർത്തി ഡേവിഡ് ചോദിച്ചു.
കൊബാൾട്ട് തെറാപ്പി ആണെന്ന് അറിയാം എന്ന് ജയിംസ് ചിരിക്കാത്ത മുഖത്തോടെ പറഞ്ഞു. ഒരുതരം റേഡിയേഷൻ ട്രീറ്റ്മെന്റാണു കൊബാൾട്ട്. എല്ലാ ക്യാൻസർ സെല്ലും നശിക്കുമെന്ന് ഉറപ്പൊന്നുമില്ല.
അടുത്ത ചോദ്യത്തിലേയ്ക്ക് കടക്കാനൊരുങ്ങുമ്പോൾ ഡേവിഡ് തടഞ്ഞു. കുറച്ചുനേരം ഞാനൊന്ന് വിശ്രമിക്കട്ടെ.
വാലിസ് ക്ഷമാപണത്തോടെ അയാളോട് ഹാളിലേയ്ക്കിരിക്കാൻ ആവശ്യപ്പെട്ടു.
“എനിക്കിനിയും വയ്യ തെറ്റായ കാര്യങ്ങൾ പറയാൻ” മുറിയിലൊറ്റയ്ക്കായപ്പോൾ അയാൾ വാലിസിനോടു പറഞ്ഞു.
“ഇത്രയും വർഷം ചെയ്തതെന്താ, അതു തന്നെയല്ലേ ഇപ്പോഴും” വാലിസിന്റെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു.
“ഞാനെങ്ങനെയാണ് നാസികളോട് അനുഭാവമുള്ളവനായത്! വളഞ്ഞ വഴിക്ക് ക്രൗണിലേക്കെത്തെണമെന്ന് ഞാൻ നിന്നോട് ആവശ്യപ്പെട്ടിരുന്നോ” ഡേവിഡ് കിതയ്ക്കാൻ തുടങ്ങി. ശബ്ദം അടഞ്ഞു.
“ഞാനനുഭവിച്ച അപമാനങ്ങൾ നിങ്ങൾ മറന്നോ?” വാലിസിന്റെ ശബ്ദമുയർന്നു. “നിങ്ങളോട് രാജപദവി ഉപേക്ഷിക്കാൻ ഞാൻ ആവശ്യപ്പെട്ടില്ല. അന്നുമുതൽ കേൾക്കുന്നതാണു ഈ പഴികൾ” ദേഷ്യം കൊണ്ട് വാലിസിന്റെ മുഖം ചുവന്നു തുടങ്ങി.
ഒന്നും പറയാതെ ഡേവിഡ് ബെഡ്ഡിലേക്ക് ചാഞ്ഞു. വേണ്ടിയിരുന്നില്ല, അധികാരത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഏറ്റവും കുറച്ച് കാലം അധികാരമേറ്റ രാജാവ്. ഏഡ്വേർഡ് എട്ടാമൻ!! ഒരു വർഷം തികച്ചില്ല. വാലിസുമായുള്ള ബന്ധവും വാലിസിന്റെ ജർമ്മൻ ബന്ധങ്ങളും അന്നേ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രധാനപ്പെട്ട ഫയലുകൾ തനിക്ക് അയക്കാൻ പോലും പാർലമെന്റ് ഭയപ്പെട്ടിരുന്നു. പ്രണയമായിരുന്നോ രാജ്യമായിരുന്നോ വലുത്!!
താൻ സ്വാർത്ഥനാണെന്ന് ഡേവിഡിനു തോന്നി. ചുമതലകളിൽ നിന്ന് ഒളിച്ചോടിയ ഭീരു. പിന്നെയും ചുറ്റിലുമുള്ളവരുടെ നിർബന്ധത്താൽ അധികാര മോഹം തലയ്ക്ക് പിടിച്ച് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തും തിരിച്ചെത്താൻ നോക്കിയത്. ആ നിമിഷങ്ങളെ ഡേവിഡ് സ്വയം ശപിച്ചു.
ജന്മദേശത്തേയ്ക്ക് തിരികെയൊരവസരം എലിസബത്ത് തരുമായിരുന്നു. പക്ഷെ അപ്പോഴേയ്ക്കും ഹിറ്റ്ലറെ കൂട്ടുപിടിച്ച്, എലിസബത്തിന്റെ അച്ഛനും സ്വന്തം സഹോദരനുമായ ജോർജ് ആറാമനേയും അതിലുപരി സ്വന്തം രാജ്യത്തെയും ചതിച്ച രേഖകൾ എലിസബത്തിന്റെ കണ്മുന്നിലെത്തിയിരുന്നു. ഒരിയ്ക്കൽക്കൂടി ആട്ടിപ്പായിക്കപ്പെട്ടു. ന്യായീകരിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. പാവനാടകമാടുന്ന പാവകളെ ചലിപ്പിക്കുന്നത് മറ്റാരോ ആണല്ലോ!
പ്രണയത്തിനായ് സർവ്വം സമർപ്പിച്ചു!
ഹൃദയത്തിന്റെ വഴി എല്ലായ്പ്പോഴും ശരിയാകണമെന്നുമില്ല. വന്യമായ കാടകങ്ങൾ പോലെയാണു പ്രണയം. തിരിച്ചിറങ്ങാൻ പറ്റിയെന്നു വരില്ല. ഡേവിഡിന്റെ കൺകോണുകളിൽ നിന്നൊരു തുള്ളി കണ്ണുനീർ യാത്ര തുടങ്ങി. കിരീടാവരോഹണം കഴിഞ്ഞ മുപ്പത്താറു വർഷമായി അടിഞ്ഞുകൂടിയ വേദനകളുടെ മോചനം. അടഞ്ഞടഞ്ഞ് പോകുന്ന കണ്ണുകൾക്കപ്പുറം അയാൾ കാടകങ്ങളിലേയ്ക്ക് കയറിപ്പോയി. തിരിച്ചിറങ്ങാൻ വഴി നോക്കേണ്ടതില്ലാത്ത ഒരേയൊരു യാത്ര!
പുറത്ത് അപ്പോഴും ജയിംസ് കാത്തിരിക്കുന്നുണ്ടായിരുന്നു, കഥകൾക്കു പിന്നിലെ സത്യങ്ങളെല്ലാം എഡ്വേർഡ് എട്ടാമനിൽ നിന്ന് കണ്ടെടുക്കാമെന്ന പ്രതീക്ഷയിൽ…
Name : Sarija NS
Company : Guidehouse India Ltd
Leave a Reply