ജനാധിപത്യത്തിന്റെ വെളിച്ചം എത്താത്ത അടുക്കളപ്പുറങ്ങൾ

posted in: Article - Malayalam | 0

” ഏതൊരു രാജ്യത്തു സ്ത്രീകൾക്ക് ശബ്ദം ഉയർത്താൻ സാധിക്കുന്നില്ലയോ അവിടെ യഥാർത്ഥ ജനാധിപത്യം നിലനിൽക്കുന്നില്ല .

ഏതൊരു രാജ്യത്തു സ്ത്രീകൾക്ക് തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള തീരുമാനങ്ങൾ  കൈക്കൊള്ളാൻ സാധിക്കുന്നില്ലയോ അവിടെ യഥാർത്ഥ ജനാധിപത്യം നിലനിൽക്കുന്നില്ല.

ഓരോ പൗരനും ആത്മാഭിമാനവും വ്യക്തിത്വവും നിലനിർത്തി സ്വന്തന്ത്രമായി ജീവിക്കുവാൻ സാധിക്കുന്നത് വരെ ഒരു രാജ്യവും യഥാർത്ഥ ജനാധിപത്യ രാജ്യമാകുന്നില്ല“.

                                                                                                                                                              — ഹിലാരി ക്ലിന്റൺ

ചരിത്രാതീത കാലം മുതൽക്കേ സമൂഹത്തിൽ അധികാരബന്ധങ്ങളുടെ സ്ഥാപനവത്കരണത്തിനു വ്യത്യസ്തമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുന്നതായി മനസിലാക്കാൻ സാധിക്കും .കൈയൂക്കിന്റെയും പാരമ്പര്യത്തിന്റെയും മാനദണ്ഡത്തിൽ  അവരോധിക്കപെടുന്ന അധികാരാവർഗ്ഗങ്ങളെ ,അനുസരിച്ചു മാത്രം ശീലിച്ച ജനത,  സ്വഭാഗധേയം നിര്ണയിക്കുവാനുള്ള അവകാശം  നേടിയെടുക്കുക എന്ന വിപ്ലവകരമായ  ആശയമാണ് ജനാധിപത്യം മുന്നോട്ടു വച്ചത് .മാനവസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയെടുത്ത സാംസ്കാരികമൂല്യങ്ങളുടെ സ്ഫുരണമാണ് ജനാധിപത്യ വ്യവസ്ഥയിലുടനീളം നമുക്ക് കാണാൻ സാധിക്കുക.സാമൂഹ്യതലത്തിൽ ആദിമമനുഷ്യനെ വെറും ഒരു സംഘ അങ്കം എന്നതിലപ്പുറം അന്തസ്സും വ്യക്തിത്വവും അറിവുമുള്ള ആധുനികമനുഷ്യനായി പരിണമിക്കാൻ ജനാധിപത്യ വ്യവസ്ഥിതി വളരെ അധികം സഹായിച്ചു.എന്നാൽ ഈ പരിണാമം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ട  വിഷയം ആണ് . നൂറ്റാണ്ടുകളായി  പല തരം അടിച്ചമർത്തപ്പെടലുകൾ നേരിട്ട സ്ത്രീ സമൂഹത്തിൽ ജനാധിപത്യ മൂല്യങ്ങൾ എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ട് എന്ന് നമുക്ക് പരിശോധിക്കാം . സ്ത്രീകൾ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ തുടങ്ങി അധികാര സിരാകേന്ദ്രങ്ങളിൽ പോലും തങ്ങളുടെ കയ്യൊപ്പു പതിപ്പിച്ച ഈ കാലഘട്ടത്തിൽ ഇത്തരം ഒരു വിഷയത്തിനുള്ള പ്രസക്തി എന്താണ് എന്ന് സ്വാഭാവികമായും സംശയിക്കാം. ഈ സംശയ നിവാരണത്തിനായി ജനാധിപത്യ മൂല്യങ്ങളും അവ നാളിതുവരെ  സ്ത്രീ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവും എന്തെന്ന് നമുക്ക് സമഗ്രമായി അപഗ്രഥിക്കേണ്ടിയിരിക്കുന്നു  .ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഭാരതമായതിനാൽ തന്നെ ഉദാഹരണങ്ങൾക്കും കണക്കുകൾക്കും നമുക്ക് മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല. ജനാധിപത്യവ്യവസ്ഥ സ്ഥാപിതമാകുമ്പോൾ അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ പ്രമാണനുസൃതമാക്കേണ്ട ഉത്തരവാദിത്തം അതിന്മേൽ സ്വാഭാവികമായും ധാർമികമായും വന്നു ചേരുന്നുണ്ട്. അത്തരത്തിൽ സ്ഥാപിതമായ മൗലികാവകാശങ്ങൾ ആണ് ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും നെടുംതൂണായി നിലകൊള്ളുന്നത് . ഭാരത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ മൗലികാവകാശങ്ങൾ സ്ത്രീ സമൂഹത്തിലേക്ക് പൂർണ്ണമായ അര്ത്ഥത്തിൽ എത്തിച്ചേർന്നിട്ടുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

ജീവിക്കുവാനുള്ള അവകാശം

പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ വേദങ്ങളുടെയും  ആചാരങ്ങളുടെയും മറവിൽ അത്യന്തം പ്രാകൃതമായ “സതി” പോലുള്ള ദുരാചാരങ്ങൾ നിലനിന്നിരുന്ന ഒരു സമൂഹമായിരുന്നു ഭാരതം .ബ്രിട്ടീഷ് അധിനിവേശത്തിനു ഇടയിൽ ഉണ്ടായ ചുരുക്കം ചില പുരോഗമനപരമായ മാറ്റങ്ങളിൽ ഒന്നായി 1829 ലെ സതി നിരോധനത്തെ കണക്കാക്കാം .ഒരു മനുഷ്യന്റെ  അടിസ്ഥാനപരമായ അവകാശം, ജീവിക്കുവാനുള്ള അവകാശം തന്നെ ആണ്.മറ്റാർക്കും കൈകടത്താനാകാത്ത പ്രാഥമികാവകാശത്തിന്റെ പ്രാധാന്യം ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.എന്നാൽ ഭാരതത്തിൽ ഇന്ന് നടക്കുന്ന പെൺ ശിശുഹത്യയുടേയും പെൺ ഭ്രൂണഹത്യയുടേയും കണക്കുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ എളുപ്പത്തിൽ തിരിച്ചറിയാവുന്ന ഒരു സത്യമാണ് ജീവിക്കുവാനുള്ള അവകാശം പോലും ഇല്ലാത്ത ഒട്ടനവധി പെൺകുട്ടികൾ നമുക്ക് ചുറ്റും ഉണ്ടായിരുന്നു എന്ന വസ്തുത. ഭാരതത്തിലെ സ്ത്രീ പുരുഷ അനുപാതം ഇന്നും 924 :1000  ആണ് .ഏഷ്യൻ സെന്റെർ ഫോർ ഹ്യൂമൻ റൈറ്സ് നടത്തിയ പഠനങ്ങൾ ഇന്ത്യയിൽ ആറു വയസുവരെ ഉള്ള പെൺകുട്ടികളുടെ എണ്ണം 2001 ഇൽ 78 .83 മില്യൺ ആയിരുന്നെങ്കിൽ 2011 ആയപ്പോൾ അത് 75.84 മില്യൺ ആയി ചുരുങ്ങി എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് വെളിപ്പെടുത്തുന്നത്.ഇത്തരത്തിലുള്ള ആരോഗ്യപരമല്ലാത്ത നിർബന്ധിത ഭ്രൂണഹത്യക്കു വിധേയരായി മരണപ്പെടുന്ന സ്ത്രീകളുടെ കണക്കുകൾ കൂടെ നോക്കുകയാണെങ്കിൽ നമ്മുടെ രാജ്യത്ത് സ്ത്രീ സമൂഹത്തിൽ വല്യ ഒരു പങ്കിനു ജീവാവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന ദയനീയമായ വസ്തുത അംഗീകരിക്കാതെ തരമില്ല. അടിസ്ഥാനപരമായ ജീവിക്കുവാനുള്ള അവകാശത്തിൽ പോലും ഇത്ര അധികം കടന്നു കയറ്റം നടക്കുന്നുവെങ്കിൽ മറ്റു അവകാശങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് നമുക്ക് വീക്ഷിക്കാം.

സമത്വത്തിനുള്ള  അവകാശം

2018 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജോലിചെയ്തു സമ്പാദിക്കുന്ന സ്ത്രീകൾ 23 .3 % മാത്രം ആണ്.വിദ്യാഭ്യാസത്തിനുള്ള അവകാശം തങ്ങൾക്കു ഉണ്ട് എന്ന തിരിച്ചറിവ് പോലും ഇല്ലാത്ത ഒരു വലിയ സ്ത്രീ സമൂഹം നമ്മുടെ നാട്ടിൽ ഉണ്ട് എന്നത് പരമാർത്ഥം മാത്രമാണ്.എന്നാൽ മതിയായ വിദ്യാഭ്യാസം നേടിയിട്ടും കുലസ്ത്രീയുടെ  ധർമം  വീട്ടുകാര്യങ്ങൾ നോക്കുക മാത്രമാണ് എന്ന തെറ്റിധാരണകളാൽ സ്വയം ഒതുങ്ങികൂടുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

സ്ത്രീ   തുല്യത   അവകാശങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ കേസുകളിൽ ഒന്ന് എയർ ഇന്ത്യ vs  നർഗേഷ് മീർസ ആയിരുന്നു. 4 വർഷത്തിനുള്ളിൽ ഗർഭിണിയാകുന്നെങ്കിൽ എയർ ഹോസ്റ്റസ് ജോലി നഷ്ടമാകുമെന്ന  എയർ ഇന്ത്യയുടെ നിയന്ത്രണം  ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണ് എന്ന് സുപ്രീം കോടതി വിലയിരുത്തി. എന്നാൽ ഇന്നും അഭ്യസ്ഥവിദ്യരായ വലിയ ഒരു വിഭാഗം സ്ത്രീകൾക്കും ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾക്ക് എതിരെ തങ്ങൾക്കു പ്രതികരിക്കാൻ അവകാശം ഉണ്ടെന്ന വസ്തുത അറിയില്ലെന്നതാണ് സത്യം.ജനാധിപത്യത്തിന്റെ ഗുണഗണങ്ങൾ വനിതകളിലേക്കു എത്തിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച പല പദ്ധതികളും ഇന്നും സ്ത്രീകളിലേക്കു എത്രത്തോളം എത്തി ചേർന്നിട്ടുണ്ട് എന്നത് സംശയിക്കേണ്ടി ഇരിക്കുന്നു.വിദ്യാഭ്യാസ നിലവാരത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിൽ പോലും വനിതാ വാർഡുകളിൽ ഭാര്യമാരേയും അമ്മമാരെയും വെറും പാവകളാക്കി ഭരണം കയ്യാളുന്ന പുരുഷ കേസരികൾ ഒരു സാധാരണ കാഴ്ച്ച മാത്രമാണ് .

സ്വാതന്ത്ര്യത്തിനുള്ള അവകാശം

പുരാതന ഭാരത സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ സ്ത്രീകളെ കുറിച്ച് പരാമർശിക്കുന്ന ചില കൃതികൾ തീർത്തും നീചവും ലജ്‌ജാകരവുമാണ് .”മൃഗങ്ങളും നിരക്ഷരരും ശൂദ്രരരും സ്ത്രീകളും ശിക്ഷിക്കപ്പെടേണ്ടവർ ആണ് ” -എന്നാണ് മഹാകവിയായി അറിയപ്പെടുന്ന തുളസിദാസ്‌ എഴുതിയിരിക്കുന്നത് .

“ന: സ്ത്രീ സ്വാതന്ത്രമർഹതി ” എന്ന മനുസ്‌മൃതിയിലെ വാചകത്തെ എത്രത്തോളം വ്യാഖ്യാനിച്ചു വെള്ളപൂശാൻ നാം ശ്രമിച്ചാലും അതിൽ ഒളിഞ്ഞിരിക്കുന്ന യാഥാർഥ്യം നമുക്ക് കണ്ടില്ലെന്നു നടിക്കാനാകില്ല .ഇത്തരത്തിൽ തീർത്തും അപരിഷ്‌കൃതവും സ്ത്രീവിരുദ്ധവുമായ കാഴ്ചപ്പാടുകളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ മാറ്റം കൊണ്ട് വരുന്നത് ആയാസകരമാണ് എന്ന് സമ്മതിക്കുന്നു.എന്നാൽ വ്യക്തമായ നിയമങ്ങളും പദ്ധതികളും ഉണ്ടായിട്ടും ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും അത് പൂർണ്ണമായി സാധിക്കുന്നില്ല എന്നത് ആശങ്കാജനമാണ്.

സ്ത്രീയും സ്വാതന്ത്ര്യവും എന്നും ചൂടുള്ള ചർച്ചാവിഷയമാണ് .”നിന്റെ സ്വാതന്ത്ര്യം മറ്റൊരുവന്റെ മൂക്കിന്റെ തുമ്പിൽ അവസാനിക്കുന്നു ” എന്ന പ്രശസ്തമായ വാചകം പലപ്പോഴും സ്ത്രീകൾക്ക് ബാധകമല്ലേ എന്ന് നാം ചിന്തിക്കേണ്ടി ഇരിക്കുന്നു .താൻ ധരിക്കുന്ന വസ്ത്രവും ,ചെയുന്ന ജോലിയും ,എന്തിനു പുറത്തിറങ്ങേണ്ട സമയം പോലും മറ്റു പലരും നിശ്ചയിക്കുമ്പോൾ തന്റെ അവകാശങ്ങളുടെ മേൽ കൈകടത്തപെടുകയാണെന്നുള്ള തിരിച്ചറിവിനപ്പുറം താൻ സംരക്ഷിക്കപെടുകയാണെന്നു ഉള്ള വിശ്വാസം പല സ്ത്രീകളിലും ചെറുപ്പം മുതൽക്കേ കുത്തി വച്ചിരിക്കുകയാണ്.സ്ത്രീകൾ തങ്ങളുടെ  അവകാശങ്ങൾക്കു വേണ്ടി ശബ്ദം ഉയർത്തിയാൽ ‘ഫെമിനിച്ചിയും’ അവളെ പിന്തുണക്കുന്ന പുരുഷൻ ‘പെണ്ണാളനും ‘ ആയി അറിയപ്പെടുന്നത് നമ്മുടെ സ്വന്തം സാക്ഷര സുന്ദര കേരളത്തിൽ ആണ് എന്ന് ഓർക്കണം .മറ്റു പല ഇടങ്ങളിലും ഇത്തരത്തിൽ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കുവാൻ പോലും ആളുകൾ ഇല്ല എന്ന് വേണം മനസിലാക്കാൻ.

വിദ്യാഭ്യാസത്തിനുള്ള അവകാശം

ഇന്ത്യൻ ഭരണഘടനയുടെ 86 ആം ഭേദഗതി പ്രകാരം  ആർട്ടിക്കിൾ 21 -എ അനുസരിച്ചു 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസം നിര്ബന്ധിതവും സൗജന്യവും ആണ് . കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സ്ത്രീ സാക്ഷരതയുടെ നിരക്കിൽ പ്രകടമായ വർധനയുണ്ടായി എന്നത് വളരെ ആശാവഹമായ ഒരു പുരോഗതിയാണ് . 65 .47  % വനിതകളുടെ വിദ്യാഭ്യാസ നിരക്ക്  താരതമേന്യ ഉയർന്ന നിരക്കായി പ്രഥമ ദൃഷ്ട്യാ തോന്നും എങ്കിലും ഇതിൽ വെറും 13 % സ്ത്രീകൾക്ക് മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതക്ക് മുകളിൽ ഉള്ളത് .ഈ മേഖലയിലും നമുക്ക് ഇനിയും ഒരുപാട് മുന്നോട്ടു പോകുവാൻ ഉണ്ട് എന്നതിന്റെ തെളിവാണിത് . പ്രായപൂർത്തിയാകുന്നതിനു മുൻപ് നടത്തുന്ന വിവാഹങ്ങൾ നിയമ വിരുദ്ധമാണെങ്കിലും ഇന്നും വലിയതോതിൽ അവ നടന്നു വരുന്നു .ഇതുവഴി പലപ്പോഴും നഷ്ടപ്പെടുന്നത് ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള അവസരമാണ്. ഇത്തരത്തിൽ ക്ര്യത്യമായ നിയമങ്ങൾ നിലനിൽകുന്നെങ്കിലും അവ പരിപാലിക്കുന്നതിലുള്ള വൈമനസ്യം മാറ്റിവച്ചാലേ സ്ത്രീകളുടെ വിദ്യാഭ്യാസ വിഷയത്തിൽ കടലാസ്സിൽ കാണുന്നതിനപ്പുറം ഫലവത്തായ ഒരു പുരോഗതി നമുക്ക് കൈവരിക്കാൻ സാധിക്കുകയുള്ളു .

ചൂഷണത്തിന് എതിരെ ഉള്ള അവകാശം

ഭാരതത്തിൽ എന്നല്ല ലോക ജനതയിൽ തന്നെ ഏറ്റവും അധികം ചൂഷണങ്ങൾക്ക് വിധേയരാക്കപ്പെടുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ .സ്ത്രീകൾക്കെതിരെ സാമ്പത്തികമായും ,ശാരീരീരികമായും , ബൗദ്ധികമായും ലൈംഗികമായും ഉള്ള ചൂഷണങ്ങളെ കുറിച്ചുള്ള വാർത്തകൾ നിത്യവും നാം വായിക്കുന്നതുമാണ്.

ഇതിൽ ഏറ്റവും ഭയാനകമായ വസ്തുത എന്തെന്നാൽ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന തിരിച്ചറിവ് പോലും പല സ്ത്രീകൾക്കും ഇന്നും ഇല്ല എന്നുള്ളതാണ് .ആർട്ടിക്കിൾ 23 -24 പ്രകാരം തുല്യവേതനം സ്ത്രീയുടെ അവകാശമാണ് .എന്നാൽ പല സംസ്ഥാനങ്ങളിലും ഇന്നും ഇത് കടലാസിൽ മാത്രം ഉള്ള നിയമമാണ്.വ്യക്തിയുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും വ്രണപ്പെടുന്ന രീതിയിൽ ഉള്ള പെരുമാറ്റം ചൂഷണമായി ഭരണഘടന കാണുന്നു .അത്തരത്തിൽ ചിന്തിച്ചാൽ നമ്മുടെ നാട്ടിലെ 70 % ത്തിൽ അധികം വരുന്ന വീട്ടമ്മമാരും ഇത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിക്കുന്നവരല്ലേ .എന്നാൽ സ്ത്രീകൾ ക്ഷമിക്കേണ്ടവരും സഹിക്കേണ്ടവരും മാത്രമാണ് ശബ്ദം ഉയർത്താൻ തങ്ങൾക്കു അവകാശം ഇല്ല എന്ന മിഥ്യ ധാരണ തുടച്ചു നീക്കാതെ ഒരിക്കലും ഈ ചൂഷണങ്ങൾക്കു ഒരഅന്ത്യം ഉണ്ടാകില്ല .

ജനാധിപത്യം എന്നത് മഹനീയമായ ഒരു വ്യവസ്ഥിതിതന്നെ ആണെന്ന കാര്യത്തിൽ തർക്കമില്ല .എന്നാൽ ജനാധിപത്യ സമൂഹം  ഒരു രാജഭരണത്തിൽ നിന്നോ മതാധിഷ്ടിത ഭരണത്തിൽ നിന്നോ വ്യത്യസ്തമാകുന്നത്, സാമൂഹിക പരിഷ്‌കാരങ്ങൾ പ്രാവർത്തികമാകുന്നതിലുള്ള വേഗത്തിലൂടെ ആണ് .എന്തുകൊണ്ടെന്നാൽ ജനാധിപത്യ രാജ്യങ്ങളിൽ സാമൂഹ്യ പരിഷ്കരണങ്ങൾക്കു ഭരണഘടനയുടെയും നിയമങ്ങളുടെയും ശക്തമായ പിന്തുണയാണുള്ളത് .ഇത്രയും ഉണ്ടായിട്ടും,സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 7 പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും , ഇന്നും ജനാധിപത്യത്തിന്റെ പൊൻ വെളിച്ചം ഏൽക്കാത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു വലിയ സമൂഹം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു എന്നത് തീർത്തും ലജ്‌ജാവാഹമായ ഒരു വസ്തുതയാണ് .

പ്രതിവിധികൾ

സ്ത്രീകളെ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് പൂർണ്ണ ബോധവാന്മാരാക്കുക എന്നതാണ് ആദ്യത്തെ കടമ്പ.ഇതിനായി പല സമ്പർക്ക പരിപാടികളും സർക്കാർ ആവിഷ്കരിക്കുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല .

എന്നാൽ ഇതിനു പൂർണമായ ഫലപ്രാപ്തി ഉണ്ടാവണമെങ്കിൽ സ്ത്രീകളോടൊപ്പം തന്നെ പുരുഷന്മാരെയും ബോധവാന്മാരാക്കേണ്ടതുണ്ട് .സ്ത്രീകൾക്ക് ഇത്തരത്തിലുള്ള അവകാശങ്ങൾ നിലനിൽക്കുന്നു എന്നും അത് തടയുന്നതു നിയമ വിരുദ്ധമാണെന്നും ബോധവത്കരിക്കുന്നതോടൊപ്പം ,അവരുടെ പെൺമക്കൾക്ക് തക്കതായ വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതെയെ പറ്റിയും ബോധവാന്മാരാകേണ്ടതുണ്ട്.സ്ത്രീ സാക്ഷര നിരക്കിലെ വർദ്ധന ഒരു ശുഭ സൂചന ആണെങ്കിലും പേരെഴുതി ഒപ്പിടുന്നതിൽ അപ്പുറം ഉള്ള വിദ്യാഭ്യാസത്തിനു കൂടെ നാം മതിയായ പ്രാധാന്യം നല്കേണ്ടിരിക്കുന്നു .മതിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സ്ത്രീകൾക്ക് തങ്ങളുടെ അവകാശങ്ങളെ കുറിച്ചും ,തങ്ങൾ നേരിടുന്ന ചൂഷങ്ങളെ കുറിച്ചും, അതിനെതിരെ പ്രതികരിക്കേണ്ട ആവശ്യകതയെ കുറിച്ചും എല്ലാം വ്യക്തമായ അവബോധം നേടിയെടുക്കാനാകൂ .ഇത്തരത്തിൽ പ്രബുദ്ധരായ സ്ത്രീകൾ ഉള്ള ഒരു സമൂഹം പിന്നീടൊരിക്കലും പെൺകുഞ്ഞുങ്ങളെ ശാപമായി കണക്കാക്കില്ല എന്നത് കൊണ്ട് തന്നെ പെൺ ഭ്രൂണഹത്യയും, ശിശുഹത്യയും പോലുള്ള വിഷയങ്ങളിൽ ഒരു ശാശ്വത പരിഹാരത്തിനും ഇത് വഴി തെളിയിക്കുന്നു. സ്ത്രീകളുടെ പ്രശ്നപരിഹാരത്തിനായി പ്രത്യേക കോടതികളും അതുവഴി വേഗത്തിലുള്ള നിയമനടപടികളും ഉണ്ടായാൽ കൂടുതൽ സ്ത്രീകൾ തങ്ങൾ നേരിടുന്ന ചൂഷങ്ങൾക്കെതിരെ നിയമപരിരക്ഷ നേടാൻ മുന്നോട്ടു വരിക തന്നെ ചെയ്യും . ഇത്തരം പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയാൽ തക്കതായ മാറ്റത്തിനായി നമുക്ക് ഇനിയും പതിറ്റാണ്ടുകൾ നീണ്ട കാത്തിരുപ്പു വേണ്ടി വരില്ല .

ജനാധിപത്യത്തിന്റെ പൊൻ പ്രാകാശം നമ്മുടെ ഓരോ വീടിന്റേം ഇടനാഴികളിലും അടുക്കളകളിലും എത്തുന്ന  നാളുകൾക്കായി  നമുക്ക് ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കാം.നമുക്ക് വേണ്ടി നമ്മളാൽ തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ ഭരണഘടനയുടെ തണലിൽ ആത്മാഭിമാനത്തോടെ, വ്യക്തിത്വം നിലനിർത്തി ,അവകാശങ്ങളെയും കടമകളെയും കുറിച്ച് പൂർണ ബോധ്യത്തോടെ, നമ്മളോരുരുത്തരും അണിചേരുമ്പോളേ ഭാരതം ഒരു യഥാർത്ഥ ജനാധിപത്യ രാജ്യമാകുകയുള്ളു.

Name              : Lakshmi M Das 

Company       : Allianz Technology Trivandrum

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *