മൂന്ന് വശങ്ങളിലും നരച്ച ഓല മെടഞ്ഞു കെട്ടിയ ആ ചെറിയ വീടിനുള്ളിലേക്ക് സൂര്യന്റെ ചെറുവെളിച്ചം അരിച്ചു വീഴാൻ തുടങ്ങിയിരുന്നു.വക്കൊടിഞ്ഞ പലകക്കട്ടിലിന്റെ വലത്തേയറ്റത്ത് തെല്ലൊരു ആലസ്യത്തോടെ വീണ കറുത്ത കൈവിരലിലൂടെ ഒരു തുള്ളി വിയർപ്പ്. അത് നിലത്ത് വീണുകിടന്നിരുന്ന തേയിലക്കിളുന്തിനെ ചെറുതായി നനച്ചു. അങ്ങിങ്ങായി പണ്ടേ കീറിയിരുന്ന ഉടുപ്പ് നേരെയാക്കി അവൾ എഴുന്നേൽക്കാൻ ഭാവിച്ചു. ഷർട്ടിന്റെ ചുവട്ടിലെ പൊട്ടിയ കുടുക്ക്, കഷ്ടപ്പെട്ട് നേരെയാക്കി അവൾ തലമുടി വടക്കെട്ട് കെട്ടി.
തൊട്ടടുത്ത് കിടന്നിരുന്നയാൾ പതിയെ എഴുന്നേറ്റ് തെങ്ങിൻ വരിച്ചിലിൽ തീർത്ത ജനാലയിൽ ചെറു ചണനാര് കൊണ്ട് കെട്ടിയ, വക്ക് പൊട്ടിയ കണ്ണാടിയിൽ നോക്കി തല ചീകി.
“നിനക്ക് ഒരമ്മൂമ്മ ഉണ്ടായിരുന്നില്ലേ?”
അയാൾ മീശയിൽ നിന്ന് ചീർപ്പിന്റെ പല്ല് പറിച്ച് തലയിലേക്ക് നട്ടുകൊണ്ട് ചോദിച്ചു.
ഒരേ സമയം ബഹുമാനവും, ചെറു ഭയവും മുഖത്ത് തെളിഞ്ഞത് അവളിലെ സ്വാഭാവിക സൗന്ദര്യത്തിന്റെ മാറ്റ് കുറച്ചത് പോലെ തോന്നിച്ചു. എണ്ണക്കറുപ്പിനോട് ഒട്ടി നിന്നിരുന്ന കുപ്പിവള ചില്ലുകളിൽ കാല് പതിയാതെ അവൾ എഴുന്നേറ്റു നിന്നു.
“ഉണ്ടായിരുന്നു…മൂന്ന് മാസം മുൻപ്…”
സ്വതവേ കാർക്കശ്യം മുഖത്തൊട്ടിച്ച പോലെ തോന്നിച്ച അയാൾ ഒന്ന് മൂളി. അയാൾക്ക് ബാക്കി എല്ലാം മനസ്സിലായി എന്നോ, അയാൾക്ക് അതിൽ കൂടുതൽ കേൾക്കണ്ടായിരുന്നോ എന്നറിയാൻ മെനക്കെടാതെ കട്ടിലിന് ചുവട്ടിൽ കിടന്നിരുന്ന പിന്നെടുത്ത് അവൾ ഷർട്ടിൽ കുത്തി. കുടുക്ക് പൊട്ടിയതിന് മീതെ പിന്നിന്റെ ആധിപത്യം വെളിപ്പെട്ടു.
ആ കുടിലിലേക്ക് കയറുന്നതിന് ഇത്തിരി മാറി, മൺവഴിയിൽ നിറുത്തിയിരുന്ന ജീപ്പിലേക്ക് എന്ന വണ്ണം അയാൾ നടക്കാൻ തുടങ്ങി. തലേന്ന് ചാറിയ തൂവാനം ചാണകം മെഴുകിയ തറയിൽ ഈയലുകളെ അടുപ്പിച്ചു. അരണ്ട സൂര്യ വെളിച്ചത്തിൽ അവറ്റകൾ തലേന്നറ്റ ചിറകുകൾ തേടി. അവൾ, തൊലി നിറത്തെ തോൽപ്പിച്ചിരുന്ന കുപ്പി വളകളുടെ മൂർച്ച കൂടിയ പൊട്ടുകളും.
വണ്ടിയിൽ കയറുന്നതിന് മുന്നേ അയാൾ ഒരു ചോദ്യം കൂടെ ചോദിച്ചു. അയാളുടെ മനസിൽ ഒരു പക്ഷെ അന്നത്തേക്ക് ചോദിയ്ക്കാൻ ഉണ്ടായിരുന്ന അവസാന ചോദ്യമായി തോന്നിയതാകാം അത്.
“നിനക്ക് ഉടുക്കാൻ വേറെ ഒന്നും ഇല്ലേ? ഇതും ഇതുപോലെ തോന്നിക്കുന്ന മറ്റൊരു ഉടുപ്പും…ങ്ങും?”
അവൾ ചോദ്യത്തിലെ കൗതുകത്തിന് ചിന്തകളെ വിടാതെ ആരോടോ പറയാൻ കരുതി വച്ചിരുന്ന മറുപടി പറഞ്ഞു.
“എന്റെ അല്ല…അച്ഛന്റെയായിരുന്നു …അങ്ങനെ ഒരാൾ ഉണ്ടായിരുന്നു…നാല് കൊല്ലം മുൻപ് എങ്ങോട്ടോ ഇറങ്ങിപ്പോയി…ഒസ്യത്തിന് നിന്നില്ല ഞാൻ…രണ്ട് ഷർട്ടും ഇങ്ങെടുത്തു..അച്ഛനെന്ന് വിളിക്കാൻ അമ്മ പറഞ്ഞോണ്ട് വിളിച്ചതായിരുന്നു…ശരിക്കും എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ എസ്റ്റേറ്റിൽ സെക്യരൂരിറ്റി പണിക്ക് വന്നയാളാ ..അമ്മ അങ്ങനെ വിളിക്കാൻ പറഞ്ഞു, ഞാൻ വിളിച്ചു…പിന്നെ അമ്മ മരിച്ചപ്പോൾ…അമ്മയുടെ മണം ഇവിടെ ഉണ്ടെന്ന് പറഞ്ഞ് ഇടക്കിടെ കയറി വന്നു…അടുക്കളക്ക്… ചാളക്കറിക്ക് കലക്കി വച്ചിരുന്ന മുളക് കൂട്ടെടുത്ത് മുഖത്തൊഴിച്ചു കൊടുത്തു ഞാൻ….അന്നേവരെ മീൻകാരി പെമ്പിളമാർ പറഞ്ഞു കേട്ടിട്ടുള്ളതിൽ വച്ച് നല്ല നാലെണ്ണം പറഞ്ഞു. അതെങ്ങനെ പറയാൻ പറ്റി എന്നതോർത്ത് രണ്ട് നാള് ഞാൻ നേരെ ഉറങ്ങീല…”
ആദ്യത്തെ മൂന്ന് നാല് വരികളൊഴിച്ച് അയാളൊന്നും കേട്ടില്ലാന്ന് തോന്നിച്ചു. അവൾ പറഞ്ഞു തീർത്ത് മുഖം ഉയർത്തുമ്പോഴേക്കും ജീപ്പിന്റെ പിൻചക്രങ്ങൾ മൺപാത താണ്ടി, രാജപാത മുത്തി മുന്നോട്ട് കടന്നിരുന്നു.
ആരെങ്കിലും എന്നെങ്കിലും വന്ന് ചോദിക്കുവാണേൽ അന്നേരം വാക്കുകൾക്ക് വേണ്ടി ഓടേണ്ടല്ലോ! പാട്ടുപുസ്തകം കാണാതെ പഠിക്കാറുള്ള കുട്ടിയുടെ അനുസരണയോടെ എന്നൊക്കെയോ മനസ് പറഞ്ഞു പഠിപ്പിച്ചത് ആദ്യമായും അവസാനമായും അവൾ പറഞ്ഞത് അന്നായിരുന്നു.
അയാൾ വണ്ടിയുടെ പിൻസീറ്റിലിരുന്ന മർഫി റേഡിയോ മുന്നിലേക്ക് വച്ച് ഏതോ ചാനൽ ട്യൂൺ ചെയ്ത് മുന്നോട്ട് പോയി.
തലേന്ന് രാത്രിയിലേക്ക് കഴിക്കാനായി മാറ്റി വച്ചിരുന്ന കുറച്ചു പറ്റും ചാളച്ചാറും അവൾ മൺപാത്രത്തിലേക്ക് മാറ്റി. ചൂട് കൊണ്ട് ചാളയുടെ മൂപ്പൊത്ത മണം പോയിരുന്നു. അതിലേക്ക് അറിയാതെ ഓടിയ കൈവിരൽ, എന്തോ ഓർത്ത് അവൾ തിരികെ വലിച്ചു. ഓടിച്ചെന്ന് ഷർട്ടിലെ പൊട്ടിയ കുടുക്ക് മാറ്റി, കോളറിൽ നിന്ന് പറിച്ച് നല്ല ഘനത്തിൽ തുന്നിച്ചേർത്തു. പുറത്തേക്ക് തള്ളി നിന്ന നൂൽ, പല്ലുകൾ ചേർത്ത് കടിച്ച് നേരെയാക്കി. കരപ്പൻ കുത്തിയ ഷർട്ടിനെ അവൾ തിളയ്ക്കുന്ന വെള്ളത്തിൽ മുക്കി.
തിരികെ വന്നപ്പോൾ മൺചട്ടിയിൽ ഉറുമ്പുകളുടെ അപ്രഖ്യാപിത റൂട്ട് മാർച്ച് നടക്കുന്നുണ്ടായിരുന്നു.
അന്ന് രാത്രിയും അയാൾ വന്നു. മീൻ കറി കൂട്ടി ഉണ്ടു. നെയ്ച്ചൂര. ചട്ടിയിൽ പറ്റിച്ചു വയ്ച്ചത്… മുകളിലായി നരകത്തില മുറിച്ചിട്ടതിന്റെ ആസ്വാദ്യത അയാളുടെ കണ്ണുകളിൽ തിളക്കമായി നിൽക്കുന്നത് അവൾ കണ്ടു…
മീൻചാറിന്റെ മിച്ചവും, ബാക്കി വന്ന നാലഞ്ച് വറ്റും ചട്ടിയിലിട്ട് കുഴച്ച് നാവിനെ പറ്റിച്ച് അവൾ കട്ടിലെന്ന സ്വകാര്യ അഹങ്കാരത്തിലേക്കെന്ന വണ്ണം നടന്നു.
പോകുന്നതിനിടയിൽ അരികിലിരുന്ന മൺകൂജയെടുത്ത് വായുവിലേക്കുയർത്തി. ഒരു തുള്ളി അടർന്ന് അവളുടെ ചുണ്ടിലേക്ക് വീണു.
വിശപ്പ് പോലെ കെട്ടി വയ്ക്കാവുന്നതല്ല പലതും എന്നോർത്തത് കൊണ്ടാവണം, അവൾ നേരത്തെ തന്നെ കൈയ്യിൽ നിന്ന് മാറ്റിവച്ചിരുന്ന ഒരു കുപ്പിവള ഭദ്രമായി, ചെളി കെട്ടിയുയർത്തിയ അടുക്കളച്ചുമരിന് മുകളിലേക്ക് കയറ്റി വച്ചു.
തലേന്ന് സൂര്യൻ വന്ന വിടവിലൂടെ അനുവാദമില്ലാതെ വന്ന കാറ്റ് മണ്ണെണ്ണ വിളക്കിനെ കെടുത്തി കടന്നു പോയി.
പിറ്റേന്ന് രാവിലെ, അവൾ വാരി വിതറിയ മുടിയിഴകൾ ചേർത്ത് കെട്ടുന്നതിന് മുന്നേ അയാൾ ചോദിച്ചു.
“എൻ്റെ കൂടെ വന്നോ… ഇവിടെ ഇല്ലാത്ത ഒന്ന് അവിടെ കിട്ടും…”
അയാളുടെ മുന്നിൽ ആദ്യമായി അവൾ ചിന്തിച്ചു എന്ന് തോന്നിച്ച നിമിഷം.
“വെള്ളം” .
അയാളുടെ ചുണ്ടിൽ നിന്ന് ആദ്യമായി വേറിട്ടൊരു വികാരം അവൾ കണ്ടു.
“മഴ….ഇവിടത്തെ പോലെ ചാറ്റൽ അല്ല…ചവിട്ടി തിമിർക്കുന്ന മഴ.”
“ഞാനിവിടത്തെ എസ്റ്റേറ്റ് അങ്ങ് കൊടുത്താലോന്നാലോചിക്കുവാ!”
വക്കു പൊട്ടിയ കണ്ണാടി നോക്കി, അയാൾ വെളുത്ത് തുടുത്ത മുഖത്തെ വരമ്പ് മീശ ഒന്ന് തൂത്തു. കഷ്ടപ്പെട്ട് മീശരോമങ്ങളെ വരി നിറുത്തിച്ചു.
ഒന്ന് തിരിഞ്ഞ് പുറത്തേക്ക് നോക്കി ഒരു കാജാ കവർ പൊട്ടിച്ചു.
കൃത്യം അരമണിക്കൂർ.
ജീപ്പ് തമിഴ്നാട് – കേരള അതിർത്തി കടന്നു.
പിന്നിലെ റേഡിയോ മുന്നിലേക്ക് തരാൻ അയാൾ ആവശ്യപ്പെട്ടു.
അനുസരണയോടെ അവൾ റേഡിയോ മുന്നിലേക്ക് കൊടുത്തു.
ഇരച്ചു മൂളിക്കൊണ്ട് റേഡിയോ നീരസം അറിയിച്ചു.
“അടുത്ത പ്രിയ ഗാനം.. ജോൺസൺ മാഷുടെ സംഗീതത്തിൽ കഴിഞ്ഞ മാസം പുറത്തിറങ്ങിയ …”
പിന്നെയും നീണ്ട ഇരമ്പലിനൊടുവിൽ റേഡിയോ “തങ്കത്തോണി” പാടിത്തുടങ്ങി.
അവൾ അത്ഭുതത്തോടെ അയാളെ നോക്കി.
ആ ആറ് മണിക്കൂർ യാത്രക്കിടയിൽ അയാൾ അവളോട് ആകെ ചോദിച്ചത് ‘വിശക്കുന്നുണ്ടോ’ എന്ന് മാത്രമായിരുന്നു.
കുടലിന്റെ വളവുകൾ നിവരുന്ന വണ്ണം ആദ്യമായി അവൾ കഴിച്ചു.
എവിടെ നിന്നോ വന്ന ഒരു ധൈര്യത്തോടെ അവൾ ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്ന് അയാളോടായി ചോദിച്ചു.
“എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നെ?”
തട പുകയില റോഡിലേക്ക് തുപ്പി അയാൾ ഒന്ന് കാറി.
“നാട്ടിലേക്ക്…അവിടെ ഒരു സ്ഥലമുണ്ട്…കഴിഞ്ഞ മാസം വരെ അവിടത്തെ കാര്യം നോക്കിയിരുന്ന ആള് തീർന്നു. നാണു നാടാര്… ഇനി നിനക്കാണ് …”
സമയം ഏതാണ്ട് നാലര കഴിഞ്ഞപ്പോൾ ജീപ്പ്, പുഴയോട് ചേർന്നുള്ള ചെറിയ തെങ്ങിൻ തോപ്പിൽ എത്തി.
പാതിമയക്കം മുറിഞ്ഞ മുഷിച്ചിൽ പുറത്തു കാണിക്കാതെ അവൾ പുറത്തേക്ക് നോക്കി.
“കള്ള് ഷാപ്പ്..”
ചെറുതായി ചിതല് പിടിച്ചു തുടങ്ങിയ വാതിൽ തള്ളി, അയാൾ അവളെ അകത്തേക്ക് ക്ഷണിച്ചു.
മൂന്ന് നാളിനുള്ളിൽ പഴയ പ്രതാപത്തോടെ ഷാപ്പിന്റെ ബോർഡ് ഉയർന്നു വന്നു.
ആദ്യമാദ്യം വന്നവർ നാവിന്റെ രുചിമുകുളങ്ങളെ ത്രസിപ്പിച്ച അവളുടെ കൈപ്പുണ്യത്തെ പുകഴ്ത്തി. ചിലർ പകൽ ഒന്നും രണ്ടും തവണ ‘പുലരി’ മോന്തി വന്നുപോയിക്കൊണ്ടിരുന്നു.
“നാണു നാടാരേക്കാൾ കൊള്ളാം!… “.
അന്തിക്കും ആള് കൂടി വന്നു .
“എന്താ നിന്റെ പേര്..”
“മേനക…”
രാത്രി ഏറെ വൈകിയും ചിലർ അവളുടെ പേര് അന്വേഷിച്ചു വന്നു തുടങ്ങി. ചിലരോട് മുളക് കറിയും, ചിലരോട് തലേന്നത്തെ മീന്തല കഴുകിയ വെള്ളവും മറുപടി പറഞ്ഞു വന്നു. കിളിന്ത് നുള്ളാൻ കൈയ്യിലുണ്ടാകാറുള്ള വായ്ത്തല വളഞ്ഞ ചെറു കത്തി അവൾ പൊടി തട്ടി വച്ചു. പിന്നെപ്പിന്നെ അവളുടെ കറുത്തു തടിച്ച വയറിനും ഉടുത്ത ലുങ്കിക്കും ഇടയിൽ ഞാണ്ടു കിടക്കാനുള്ള യോഗം ആ കത്തിപ്പിടിക്കുണ്ടായി. അവൾ മുടക്കം വരാതെ കത്തിക്ക് മൂർച്ച കൂട്ടിക്കൊണ്ടേ ഇരുന്നു.
എല്ലാ ബുധനാഴ്ചയും മുതലാളി ആ ആഴ്ചത്തെ കളക്ഷൻ വാങ്ങാൻ വന്നു.
നിറുത്തിക്കെട്ടി, വിറക് കൂട്ടി, പാതി ചുട്ട അയലയുടെ തോല് പൊളിച്ച് അവൾ മുളക് പുരട്ടി. ഇരു വശങ്ങളും കത്തി കൊണ്ട് കോറി, ഉപ്പ് വെള്ളം തൂകി. വീണ്ടും ചുടാൻ നിറുത്തി. അതിന് മുകളിലൂടെ ഇരുമ്പൻ പുളിയുടെ ചാറും, ചുട്ട തേങ്ങാച്ചാറും പിഴിഞ്ഞൊഴിച്ചു. കൂടെ നൂറു മുട്ടൻ കപ്പയും ചുട്ടു. അയാൾക്ക് മുന്നിലെത്തുന്നതിന് മുന്നേ നന്നായി ഞെരടിയെടുത്ത കുരുമുളകും ഇത്തിരി പെരും ജീരകവും പൊടിച്ചു തൂകി. രണ്ട് നുള്ള് കറിവേപ്പില ചീന്തിയെടുത്ത് അയലപ്പുറത്ത് പരത്തി.
കപ്പ തോല് പൊളിച്ച്, താമര ഇലയിൽ പൊതിഞ്ഞ് മുതലാളിയുടെ മുന്നിൽ കൊണ്ട് വച്ചു. ചുട്ട അയലയും വരാല് വറുത്തതും അരികിലായി വച്ച് അവൾ മാറി നിന്നു.
ഒന്ന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ മുതലാളി ഷാപ്പിന് പുറത്തേക്ക് വന്നു. ഷാപ്പിലേക്ക് വരാൻ ഉപയോഗിച്ച വള്ളം തെങ്ങിനോട് ചേർത്ത് കെട്ടി. അയാൾ വീണ്ടും ഷാപ്പിനുള്ളിലേക്ക് കയറി കതകിന്റെ കൊളുത്തിട്ടു.
പതിവ് തെറ്റിച്ച് നാല് അന്തി മോന്തി. ഷർട്ടിലെ പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ മടക്കി അവളെ ഏൽപ്പിച്ചു.
“കഴിഞ്ഞ മാസത്തെ ശമ്പളം.”
ഷാപ്പിന്റെ പിന്നിലെ ചെറുപുരയിലേക്ക് കടന്ന് അയാൾ നല്ലൊരേമ്പക്കം കാച്ചി. മേനകയെ അടുത്ത് ചേർത്തിരുത്തി അയാളെന്തൊക്കെയോ പറഞ്ഞു തുടങ്ങി.
“ഈ ഷാപ്പ് നീയെടുത്തോ…ഇന്ന് രാവിലെ ഇതും, ഇതിനോട് ചേർന്ന ഏഴര സെന്റും നിന്റെ പേരിൽ പ്രമാണം ചെയ്യാൻ ഏൽപ്പിച്ചു ഞാൻ…” പിന്നെയും എന്തൊക്കെയോ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു..
ആ ചെറിയ മുറിയിലെ അരണ്ട റാന്തൽ വെട്ടം തീരുന്നതിന് മുന്നേ അയാളുടെ വായിൽ നിന്ന് അതും വീണു.
“ഈ അന്തോണിച്ചന് കൊച്ചുങ്ങൾ ഉണ്ടാവൂലാന്ന്… രണ്ട് ഡോക്ടർമാർ പറഞ്ഞു…അതോണ്ടാ കിഴക്കീന്ന് അവളെ കെട്ടിയത്…കെട്ടുമ്പോൾ അവൾക്ക് ഒന്നര മാസം…അത് കൊണ്ടെന്താ… അവൾടപ്പൻ നാല് ഏക്കർ റബ്ബറാ എൻ്റെ പേരിൽ എഴുതിച്ചത്… പിന്നെ ചെറുതോണിയിൽ ഒരു തോട്ടവും…അതേ നിനക്കറിയുവോ….ഈ അന്തോണിച്ചന് കൊച്ചുങ്ങൾ ഉണ്ടാവൂലാന്ന്….രണ്ടു ഡോക്ടർമാർ പറഞ്ഞു….നാല് ഏക്കർ റബ്ബർ… ചെറുതോണിയിൽ തോട്ടം….”
അയാൾ പുലമ്പിക്കൊണ്ടേ ഇരുന്നു…
പിറ്റേന്ന് സൂര്യൻ എണീക്കുന്നതിനു മുന്നേ അന്തോണിച്ചൻ എഴുന്നേറ്റു. അവൾ അയാളോട് എന്തോ പറയാനായി തുനിഞ്ഞു. പതിവ് പോലെ അവൾ പറയുന്നത് കേൾക്കാനുള്ള ക്ഷമ കാണിക്കാതെ തലേന്നിട്ടിരുന്ന ഉടുപ്പ് ചുമരിൽ തൂക്കിയിട്ട് മറ്റൊരു ഉടുപ്പിട്ട് അയാൾ വള്ളം തുഴഞ്ഞ് വീട്ടിലേക്ക് പോയി.
ആൾക്കാർ കൂടി വന്നു. മധുര കള്ളിനേക്കാൾ കപ്പയും, അതിനേക്കാൾ മീൻകറിക്കും പ്രിയമേറി.
ഒരു വെള്ളിയാഴ്ച ഷാപ്പിന് മുന്നിൽ വള്ളത്തിൽ വളക്കച്ചവടത്തിന് വന്ന ത്രേസ്യ ചേട്ടത്തിയും മോനും ഷാപ്പ് നോക്കി കൂകി.
മേനക പുറത്ത് വന്ന്, നിറമുള്ള കുറെ വളകൾ നോക്കി. ഒടുവിൽ കൈക്ക് പാകമായ ഏഴ് കുപ്പിവളകൾ എടുത്തു. കറുത്തത്.
“എട്ടായിട്ട് എടുക്ക് …”
“ഇല്ല …ഇപ്പോൾ ഏഴെണ്ണം മതി..”
അതും പറഞ്ഞ്, കാശ് കൊടുത്ത് പടവ് കയറുമ്പോൾ എന്തെന്നില്ലാത്ത ഒരു കൊളുത്ത് അനുഭവപ്പെട്ടു.
ത്രേസ്യചേട്ടത്തി, മകനോട് ഇത്തിരി നീങ്ങി ഇരിക്കാൻ പറഞ്ഞിട്ട് അവളോടായി ചോദിച്ചു.
“നിന്റെ കെട്ടിയോൻ എന്തിയെടീ ? “
“ചത്തു…ഒരു മാസം കഴിഞ്ഞു… മലയിടിഞ്ഞതാ…നാട്ടില്…”
അത്ര ലാഘവത്തോടെ അവൾ ആ ചോദ്യത്തിന് മറുപടി പറയുമെന്ന് ത്രേസ്യ ചേട്ടത്തി കരുതിക്കാണില്ല. അവർ വള്ളത്തിന്റെ മുന പടിവക്ക് കടക്കുന്നത് വരെ മേനകയെ തന്നെ നോക്കി ഇരുന്നു.
ഷാപ്പിന് മുന്നിലെ നാരകത്തിന് അടുത്ത് ചെന്ന് അവൾ അനങ്ങാതെ നിന്നു. സമയം ഏഴാകുന്നതേ ഉണ്ടായിരുന്നുള്ളൂ..
ഒരു മനം പിരട്ടൽ… നല്ല പോലെ ഒന്ന് ചുമച്ച് തുപ്പി. ഒരു പുളിച്ചു തികട്ടൽ പോലെ. തുപ്പൽ വീണ നാരകത്തില നുള്ളിക്കളഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി.
പുലരിക്കള്ള് ചെത്തി പാനയിൽ ഒഴിച്ചവർ അവളെ നോക്കി.. കള്ള് പതച്ചു പൊങ്ങി. അവളെ കാണാൻ ഇല്ല.. അടുക്കളയിൽ നിന്ന് ഒച്ചയൊന്നും കേൾക്കുന്നുമില്ല.
“സാധാരണ ഈ സമയത്തു പുറത്ത് നിൽക്കേണ്ടതാണല്ലോ!!! പോട്ടെ…നാളത്തേക്ക് കൂട്ടാം..”
ദിനക്കൂലി വാങ്ങാതെ അവർ പോയി.
ഷാപ്പ് കഴിഞ്ഞാൽ പിന്നെയുള്ളത് ഒരു ഓല മേഞ്ഞ ചെറിയ വീടാണ്.. അത്രയിടം പോയി ത്രേസ്യ ചേട്ടത്തിയും മകനും വള്ളം തിരിച്ചു.
“നീ കൈനഗിരീന്ന് ഇത്തിരി ഞണ്ട് വാങ്ങിക്കോ..ഞാൻ വന്നോളാം..”
അത് പറഞ്ഞ് ത്രേസ്യ ചേട്ടത്തി വള്ളത്തിൽ നിന്നറങ്ങി ഷാപ്പിലേക്ക് നടന്നു.
അവർ നടന്ന് ഇത്തിരി ദൂരം പോയപ്പോൾ വെള്ളിമണലിൽ വീണു കിടക്കുന്ന മേനകയെയാണ് കണ്ടത്.
“അയ്യോ” എന്നൊരു വിളി പൊട്ടി.
ആവും വിധം അവളെ താങ്ങിയെടുത്ത് ചുമരിൽ ചാരി ഇരുത്തി.
അവരുടെ ദേഹത്തേക്ക് അവൾ ശർദ്ധിച്ചു. നെഞ്ച് മറച്ചിരുന്നു തോർത്തെടുത്ത് അവർ അവളുടെ ചുണ്ടും മുഖവും തുടച്ചു.
അവളെ അകത്തുള്ള കസേരയിൽ ഇരുത്തി, കടും ചായ കൊണ്ട് വന്നു. ഏതൊക്കെയോ പാത്രങ്ങൾ തപ്പി ഇത്തിരി വെളുത്തുള്ളി ചതച്ചതും ഇഞ്ചിയും ചേര്ത്ത കടും ചായ നന്നായിളക്കി.
“ങ്ങും …കുടിച്ചോ…”
ആ പറച്ചിലിന് ആജ്ഞയുടെ സ്വരം ഉണ്ടായിരുന്നു.
മീൻ വാങ്ങി തിരികെ വന്ന മകനോട് “ഞാനിത്തിരി വൈകും…നീ പൊയ്ക്കോ” എന്നും പറഞ്ഞ് ത്രേസ്യ ചേട്ടത്തി ഷാപ്പിന്റെ അടുക്കളയിലേക്ക് പോയി.
അന്ന് മുതൽ ത്രേസ്യ ചേട്ടത്തിയുടെ മകൻ മാത്രമായി വള വിറ്റ് തുടങ്ങി. കൊച്ചങ്ങാ പറിച്ച് ഉണക്കി, അതും വേപ്പിലയുമിട്ട് കാച്ചി വെള്ളിയാഴ്ച തോറും അവർ മേനകയെ കുളിപ്പിച്ചു.
‘ഈ അലോപ്പതി ഡോക്ടറുമ്മാര് പറയുന്നത് വിശ്വസിക്കാൻ കൊള്ളില്ല!!!’ അവൾ മനസ്സിൽ പറഞ്ഞു.
മനം പുരട്ടി വന്ന ആ സത്യം അവൾക്ക് അന്തോണി മുതലാളിയോട് പറയണം എന്നുണ്ടായിരുന്നു. അവൾ പറഞ്ഞില്ല…ആരോടും…
മീൻ കൂട്ടിന്റെ മണം പോലും അവളെ കൊണ്ട് വെളുത്തുള്ളി തീറ്റിച്ചു. ത്രേസ്യാമ്മ വെളുത്തുള്ളി തോട് പൊളിച്ച് ചുട്ടു കൊടുത്തു…
ഒരിക്കൽ അവർ ഇങ്ങനെ പറഞ്ഞു “അതേയ്…വെളുത്തുള്ളി ചൂടാണ്…കുഞ്ഞിന് നന്നാവില്ല ഈ സമയത്ത്”.
അതിന്റെ പിറ്റെന്നാൾ മുതൽ അവൾ ഓക്കാനിച്ചില്ല… പതിയെ തിരികെ അടുക്കളയിലേക്ക് കയറി.
“മക്കളേ, അതേ, ഇനി അങ്ങോട്ട് ഈ ഉടുപ്പുകൾ ഒന്നും നിനക്ക് പകമാവൂലാ…വേറെ തുണി വാങ്ങാൻ ഞാൻ മോനോട് പറയാം…”
മേനക ഒന്ന് ചിരിച്ചു…
“ഞാനിതിന്റെ കൈയും വയറും പിരിച്ച് തയ്ച്ചോളാം…അപ്പോൾ പാകമായിക്കോളും…”.
അവൾ ചിരിച്ചു. കൂടെ അവരും. അന്ന് രാത്രി നന്നായി മഴ പെയ്തു. പിറ്റേന്ന് പുലർച്ചെ ഉണ്ടായില്ല…ഉച്ചയും ഉണ്ടായില്ല…രാത്രിയും വന്നില്ല.. മഴ..മഴ മാത്രം…
മൂന്നാം നാൾ ചീന്തിപ്പൊലിയുന്ന വെട്ടത്തോടെ സൂര്യൻ വന്നു. നനവ് മാറാത്ത സൂര്യൻ. ഷാപ്പിനു മുന്നിലെ നാരകം നന്നായി തളിർത്തു… ചെറു കായ്കളും പിടിച്ചു തുടങ്ങി…
കഴിഞ്ഞ കുറേ ആഴ്ചകളായി അന്തോണി മുതലാളി ബുധനാഴ്ചപ്പിരിവിന് വന്നില്ല… പകരം ഒരു ഡ്രൈവറെ അയച്ചു…
ഒരു നിലാവുള്ള രാത്രിയിൽ മൻപിഞ്ഞാണങ്ങൾ കഴുകി തിരികെ പോകാൻ നിന്ന ത്രേസ്യ ചേട്ടത്തി പടവുകൾ വരെ പോയി, എന്തോ ചിന്തിച്ചെന്ന വണ്ണം തിരികെ വന്നു.
“ഇന്നേ ….ഞാൻ പോകുന്നില്ല…മോനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു…”
അതും പറഞ്ഞവർ അകത്തേക്ക് കയറി വന്നു.
ഷാപ്പിലെ രണ്ട് ബെഞ്ചുകൾ ചേർത്തിട്ട് നെഞ്ചിലെ തോർത്ത് അതിൻമേലെ വിരിച്ച് അവർ ജനൽ വഴി മാനം നോക്കി കിടന്നു.
ഏതാനും മണിക്കൂറുകൾ.
മേനകയുടെ കരച്ചിൽ കേട്ട് അകത്തേക്ക് കയറിയ അവർ ഒരു ചോരക്കുഞ്ഞുമായി പുറത്ത് വന്നു. റാന്തലിന്റെ തിരി പൊക്കി അവർ കുഞ്ഞിനെ ഒന്ന് കൂടെ നോക്കി.
എള്ളെണ്ണ കറുപ്പ്.
വിയർപ്പ് പടർത്തിയ കഴുത്തുയർത്തി അവൾ കുഞ്ഞിനെ നോക്കി…
“ഭാഗ്യം…അവന് എൻ്റെ നിറമാണ്….ദൈവം തുണച്ചു…” അവൾ മനസ്സിൽ പറഞ്ഞു.
ത്രേസ്യ ചേട്ടത്തി ഇടക്കിടെ വന്നു പോയിക്കൊണ്ടിരുന്നു. വരുമ്പോൾ കുട്ടിക്കുള്ള ചെറിയ കളിപ്പാട്ടങ്ങളും കരി മഷിയും കൊണ്ട് വന്നു.
അതിൽ പിന്നെ അന്തോണി മുതലാളി അങ്ങോട്ടേക്ക് വന്നില്ല. കാശ് പിരിവ് ഡ്രൈവർ മുഖാന്തിരം തുടർന്നു.
ഒരു മഴക്കാലത്ത്, തോരാത്ത മഴയുള്ള ഒരു പകലിൽ ത്രേസ്യ ചേട്ടത്തി പോയി. എലിപ്പനി ആയിരുന്നു. അന്നാദ്യമായി മേനക കരഞ്ഞു. കാരണം അറിയാൻ സാധിക്കാതെ അവളുടെ മുഖത്ത് അശ്രുക്കൾ ചാല് കീറി.
മേനകയുടെ മകന് ആറ് വയസായി. കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം അവൾ വീണ്ടും കത്തി വയറോട് ചേർത്ത് കൊളുത്തിയിട്ടു തുടങ്ങി.
വർഷങ്ങൾ പലത് കഴിഞ്ഞു…
കായലിൽ ഓല കെട്ടിയ വലിയ വള്ളങ്ങൾ വന്നു തുടങ്ങി. അവർ ഷാപ്പിന്റെ ഓരം ചേർത്ത് നിറുത്തി കന്നാസിൽ കള്ള് വാങ്ങി പോയി..
ഒരു ദിവസം കുറെയധികം വള്ളങ്ങളും ചെറു തോണികളും ഒരുമിച്ചു പോകുന്നതായി മേനക കണ്ടു. പള്ളിയിലേക്കാണ്.
ചെത്തുകാർ പാന തുളുമ്പും വണ്ണം കള്ളൊഴിച്ചു കാശ് വാങ്ങി പോയി. സഹായത്തിന് നിറുത്തിയിരുന്ന അയ്യപ്പൻ ചേട്ടൻ വെള്ളെഴുത്തു വീണ കണ്ണ് തുടച്ച് കാഴ്ച നേരെയാക്കി കായലിലേക്ക് നോക്കി.
“അന്തോണി മുതലാളിയാണ്.. രണ്ട് ദിവസമായി ദീനമായിരുന്നൂന്ന് ചെത്തുകാരൻ ദാമു പറഞ്ഞു”.
വള്ളത്തിൽ ശവപ്പെട്ടിയുമായി കരക്കാർ പോകുന്നത് നോക്കി മേനക ഷാപ്പിന് മുന്നിൽ നിന്നു.
പള്ളി നട വരെ മകനെയും കൂട്ടി അവൾ പോയി.ദൂരെ നിന്ന് ഒരു നോക്ക് കണ്ടു.
തിരികെ പോരും വഴി മകൻ അവളോട് ചോദിച്ചു.
“അതാരാ അമ്മേ?”
മകനോട് ‘വേഗം നടക്കാൻ’ പറഞ്ഞ് അവൾ തിരികെ ഷാപ്പിൽ എത്തി. നന്നായൊന്ന് കുളിച്ചു. പണ്ട് മകന് വേണ്ടി വാങ്ങിയ കരി മഷിയിൽ നിന്ന് ഇത്തിരിയെടുത്ത് കണ്ണെഴുതി. വക്ക് പൊട്ടിയ കണ്ണാടി കായലിലേക്ക് വലിച്ചെറിഞ്ഞ് ത്രേസ്യ ചേട്ടത്തിയുടെ മകന്റെ കൈയ്യിൽ നിന്ന് നല്ലൊരു കണ്ണാടി വാങ്ങി. തെങ്ങും വരിച്ചിലിൽ ഉണ്ടാക്കിയ ജനാലയുടെ കൊളുത്തിൽ ചേർത്ത് കെട്ടി. നല്ലത് പോലെ തന്റെ മുഖം ഒന്ന് നോക്കി. കീറാത്ത, വക്ക് പൊട്ടാത്ത പ്രതിബിംബം. ചുണ്ടിൽ നല്ലൊരു ചിരി വിരിഞ്ഞു.
ഒരു നിമിഷം, അവളുടെ ചിന്തകൾ പുറകിലേക്ക് പോയി.
അന്നവസാനമായി അന്തോണിച്ചാൻ വന്നുപോയപ്പോൾ പറയാൻ തുനിഞ്ഞതാണ്… അവർക്കിടയിൽ വരാൻ പോകുന്ന മൂന്നാമത്തെ ആളെപ്പറ്റി.. അവരുടെ കുഞ്ഞിനെപ്പറ്റി… അയാളത് കേട്ടില്ല…പിന്നൊരിക്കൽ അത് പറയണമെന്ന് അവൾക്ക് തോന്നിയതുമില്ല.
“ഒരുപക്ഷെ ത്രേസ്യ ചേട്ടത്തി പണ്ടെപ്പോഴോ പറഞ്ഞത് പോലെ ധര്മിഷ്ടനും, സ്നേഹ സമ്പന്നനനും, നല്ലവനുമായ അന്തോണി മുതലാളിക്ക് ആറേഴ് ഷാപ്പുകൾ ഉണ്ടെങ്കിലോ… അതിലെല്ലാം നീതിമാനായ അയാൾ എന്നെപ്പോലെ പലരെയും ജോലിക്ക് നിറുത്തിയിട്ടുണ്ടെങ്കിലോ?”.
അവൾ വേഗം ഷാപ്പിന് പിന്നിലെ മുറിയിലേക്ക് കയറി. ആണിയിൽ തൂക്കിയിരുന്ന അയാളുടെ ഷർട്ട് പുറത്തിട്ട് തീ കൊളുത്തി.
“ഇനിയിത് കണ്ടാൽ, ചെറുതാക്കി തുന്നിച്ച് മകന് കൊടുക്കാൻ തോന്നും. അല്ലേൽ ചിലപ്പോൾ പൊട്ടിയ കുടുക്കുകൾ നേരെയാക്കി ഞാൻ തന്നെ ഇട്ടെന്ന് വരും…അത് വേണ്ടാ…”
അവൾ വേഗത്തിൽ പടവ് ലക്ഷ്യമാക്കി ഓടി. വല്ലാത്ത ഒരുത്സാഹം..ഒരു തെളിമ..
ത്രേസ്യ ചേട്ടത്തിയുടെ മകന്റെ വള്ളം നോക്കി അവൾ വിളിച്ചു.
“നീ ടൗണിൽ നിന്ന് വരുമ്പോൾ രണ്ട് ചെറിയ ഷർട്ട് വാങ്ങണേ..മോന്…നല്ലത് നോക്കി വാങ്ങിക്കോ…കാശ് നോക്കണ്ടാ…”
അവൾ മകനെ ചേർത്ത് പിടിച്ച് കൊണ്ട് ഷാപ്പിനുള്ളിലേക്ക് നടന്നു കയറി.
Name : Abhishek SS
Company :Acsia Technologies
You need to login in order to like this post: click here
manuthiyyakkatt@gmail.com
Good one
vipinpa
Nice 🙂
Indu Balachandar
വളരെ നല്ല കഥ,
Shaju
പണ്ടത്തെ നാട്ടിൻ പുറം ഓർമ്മ വന്നു
Arun R Chandra
കൊള്ളാം. നന്നായിട്ടുണ്ട് .
Rejeesh R Pillai
Excellent story. Good writing style. Readers can easily visualize scene by scene.Keep going Abhishek…
Santhosh Kumar
അടിപൊളി. ആ ഷാപ്പും വള്ളവും പിന്നെ ആ ഗ്രാമം തന്നെ ഭാവനയിൽ കാണാൻ സാധിക്കുന്നു. നല്ല അവതരണം.
Rybin Joseph
Good job
Arun
കൊള്ളാം നന്നായിട്ടുണ്ട്..
ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു. ☺
Nithya
Nice one
Sreeni
good one
Roshrakesh
Good one. Keep writing
Alby
Nice story
Varun Balan
Nice words….
Vineeth S.R
നനനായിരിക്കുന്നു ♥️
priyadhersini90@gmail.com
കൊള്ളാം നന്നായിട്ടുണ്ട് .ഒഴുക്ക് ഉള്ള ഏഴുത്ത്. സന്ദര്ഭങ്ങൾ കൃത്യമായി മനസ്സിൽ പതിയുന്ന തരം അവതരണം.
Anto
Great job
Revathy Mohan
Nice
Vivekymail
Well done , Keep going
PRASAD
Excellent Writing! Keep going Abishek
PRASAD
Excellent Narration. Keep going !!
IsaidVarun
I could literally visualise the words. Poised!!
Shiva
Good one.. Keep writing!!!
Rahul
Nice
Sreeni
Good one.
Ajithkumar
Truly amazing
Ritualrajan
Good one Abhishek !!
Rinson
Good writing..
Mini Sunil
Nice narration. Keep going.. Abhishek
Deepthi
Superb writing, Abhishesk!!!
dptips
Superb narration Abhishek!
Keep going✌️
unni.cris
Very good story. So much detailed that the scenes get embedded in ones mind even after done with reading it.
Kudos!