സിറ്റിയിൽവെച്ചാണ് വിഷ്ണുവിനെ കണ്ടത്. അവൻ എന്റെ മുമ്പിലേക്കു ചാടി വീഴുകയായിരുന്നു. അങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അവൻ പറഞ്ഞു- അടുത്ത മാസം മൂന്നാം തീയതിയാണ് നമ്മൾ പറക്കുന്നത്. ആ സ്വപ്ന ഭൂമിയിലേക്ക്. ഈ യാത്ര വിജയിച്ചാൽ അറിയാല്ലോ എന്തായിരിക്കും നിന്റെ ഭാവി എന്ന്? പിന്നെ വേറെ ജോലിക്കുവേണ്ടി അലയേണ്ടിവരില്ല. കണ്ണടച്ചുതുറക്കും മുൻപേ മൂന്നാംതിയ്യതി ആയി. അതെ മിഷൻ ആരംഭിച്ചിരിക്കുന്നു. രാത്രിയിലാണ് പുറപ്പെട്ടത്. ടേക്ക്ഓഫ് ചെയ്തതൊന്നും അറിഞ്ഞതേയില്ല. എന്റെ കൂടെ കുറേപേർ ഉണ്ടായിരുന്നു. എന്നെപോലെ ഒരു കരക്കെത്താൻ പാടുപെടുന്നവർ ആയിരിക്കാം. ആലോചിച്ചപ്പോൾ എനിക്ക് ഭയങ്കര സന്തോഷവും ഒപ്പം അഭിമാനവും തോന്നി. ഞാനും ഒരു വലിയ ദൗത്യത്തിന്റെ ഭാഗമായിരിക്കുന്നു. ഞാൻ എനിക്കുചുറ്റുമുള്ളവരെ നോക്കി. പെട്ടെന്ന് ഞാൻ ഒരു സ്ത്രീയെ കണ്ടു. അവരെ എനിക്കറിയാം. അവർ എന്നെയും കണ്ടിരുന്നു. അവർ എന്നെ നോക്കി ചിരിച്ചു. ഞാനും. ഞാൻ താമസിക്കുന്ന വീടിനു അല്പം അകലെയാണ് അവർ താമസിക്കുന്നത്. വിഷ്ണു ഇതെല്ലാം കണ്ടിട്ട് വളരെ പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു. എന്താ നീ അറിയോ? പിന്നെ , അറിയില്ലേ എന്നോ? എന്റെ അയൽവാസിയാണ്. അവർക്കു എന്തായിരിക്കും ഈ മിഷനിൽ കാര്യം? ഞാൻ ആലോചിച്ചു. പിന്നെ ഓർത്തു- അവരും ഇതിന്റെ ഭാഗമായിരിക്കും. എവിടെ ജോലിചെയ്യുന്നു എന്നൊന്നും എനിക്കറിയില്ലായിരുന്നല്ലോ. പിന്നെ ഇതൊരു സീക്രട് മിഷൻ ആണല്ലോ , അപ്പോൾ പലരും കാണും. പിന്നെ വേറൊരാളെ കണ്ടു. വളരെ മെലിഞ്ഞു കറുത്ത ഒരു രൂപം. തലയിൽ ഒരു തൊപ്പിയുമുണ്ട്. ഒറ്റനോട്ടത്തിൽ കണ്ടാൽ മാമൂക്കോയയെ പോലിരിക്കും. അങ്ങനെയിരിക്കെയാണ് വേറൊരു
സ്ത്രീ വാതിൽ തുറന്നു അകത്തേക്കുവന്നത്. അവർ നേരെ ഒരു കപ്ബോർഡ് നു അടുത്തേക്കുപോയി അതുതുറന്നു എന്തോ തിരഞ്ഞു. അവരും തലയിൽ തൊപ്പിവെച്ചിരുന്നു. നല്ല ചുവന്ന ഡയമണ്ട് ഷെയിപ്പിൽ ഉള്ള ഒരു തൊപ്പി. മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായിരുന്നു അവരുടെ വേഷം. അവരുടെ തൊപ്പി വളരെ വിചിത്രമായി എനിക്ക് തോന്നി. രാത്രി ആയതിനാൽ പുറത്തെ കാഴ്ചകളൊന്നും കാണാൻ പറ്റുന്നില്ല. പക്ഷെ കാണണമെന്നുമില്ല. നല്ല പേടിയുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യാത്ര. എന്റെ വലതുവശത്തു രണ്ടുപേർ ഇരുന്നിരുന്നു. ഞാൻ അങ്ങോട്ട് നോക്കി. അത് ശ്രീജിത്ത് അല്ലെ , ഞാൻ ഒന്നൂടെ നോക്കി ഉറപ്പിച്ചു , അതെ അതവൻ തന്നെ. ഇവനും ഉണ്ടോ ? ഞാൻ ചിന്തിച്ചു. പോയി ചോദിച്ചാലോ? ഇപ്പോൾ വേണ്ട , കുറച്ചു കഴിഞ്ഞു നോക്കാം. അവൻ കൂടെയുള്ള ആളോട് ഈ മിഷൻ നെ പറ്റി പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. നാളെ വൈകിട്ട് നമ്മുടെ ആദ്യത്തെ ഡെസ്റ്റിനേഷൻ ആയ ഫഹാങ്കിൽ എത്തും. അവിടെ മൂന്നുപേരുടെ റെസ്ക്യൂ മിഷൻ ഉണ്ട്. അവിടെനിന്നു നേരെ ഫെറാക്കിലേക്ക്. പിന്നെ റിട്ടേൺ.ഇതിനിടയ്ക്ക് ചെറിയ ഒരു halt. അവിടേക്ക് നമ്മൾ ഒരു പതിനഞ്ചു മിനുട്ടിൽ എത്തും. സമയം പെട്ടെന്ന് കടന്നു പോയി. ഞങ്ങൾ അവിടെ എത്തി. വളരെ മനോഹരമായ ഒരിടം. ചെറിയ ഒരു തടാകം , അതിലാകെ നീല നിറം വ്യാപിച്ചിരുന്നു. അതിനിരുവശത്തുമായി വെള്ള നിറത്തിലുള്ള കുറെ പക്ഷികൾ. നീളൻ കാലുകളും കൂർത്ത ചുണ്ടുകളുമായി ആരെയോ വരവേൽക്കാൻ നിൽക്കുന്നപോലെ. ഞാൻ പതുക്കെ ആ തടാകത്തിനു ചുറ്റും നടന്നു. അപ്പോഴാണ് പുറകിൽനിന്നും ആരോ ശബ്ദമടക്കി പറയുന്നകേട്ടത്. ഒച്ചയുണ്ടാക്കാതെ വേണം നടക്കുവാൻ. എന്തെങ്കിലും ശബ്ദം കേട്ടാൽ അവ ആക്രമിക്കും. ഒരു പടം എടുത്താലോ , അല്ലെങ്കിൽ വേണ്ട , കൂടെ ഉള്ളവർ എന്ത് വിചാരിക്കും? ഞാൻ പോക്കറ്റിലെ മൊബൈലിൽ നിന്നും കൈയെടുത്തു. ഇതിനിടക്ക് എന്റെ കാൽ എന്തിലോ അമർന്നു. എന്തോ ഞെരിയുന്ന ശബ്ദം. ഞാൻ ഒന്നു ഞെട്ടി. പ്രതീക്ഷിച്ചതു സംഭവിച്ചു. ഒന്നു രണ്ടു പക്ഷികൾ എന്റെ നേർക്ക് പാഞ്ഞുവന്നു. ഞാൻ തിരിഞ്ഞോടി. അതിൽ ഒരെണ്ണം എന്റെ മുതുകിൽ ആഞ്ഞു കൊത്തി. ഞാൻ വേദനകൊണ്ടു ഉറക്കെ അലറി. സർവ ശക്തിയുമെടുത്തു ഓട്ടം തുടർന്നു. എന്റെ കരച്ചിൽ കേട്ടിട്ട് അവിടെ ഉണ്ടായിരുന്നു ആയിരത്തോളം പക്ഷികൾ എന്റെ പുറകെ പറന്നു വന്നു. എന്റെ കാൽ എന്തിലോ തട്ടി. ഞാൻ വളരെ ശക്തമായി ഇടിച്ചു വീണു. കൈകാലുകൾ തളർന്നു, കണ്ണുകൾ മറഞ്ഞു. ഞാൻ കുറച്ചുനേരം അങ്ങനെ കിടന്നുവെന്നാണ് തോന്നുന്നത്. ആരൊ എന്റടുത്തുവന്നു എന്നെ വിളിക്കുന്നത് വളരെ അവ്യക്തമായി കേൾക്കാം. ക്രമേണ എന്റെ കണ്ണുകൾ മെല്ലെ തുറന്നുവന്നു. നിഴൽപോലെ ഒരു രൂപം ഞാൻ കണ്ടു.
അത് എന്റെ അടുത്തേക്കുവന്നു ഇങ്ങനെ പറഞ്ഞു – വല്ലതും പറ്റിയോ? അതെങ്ങനെയാ , നേരത്തും കാലത്തും കിടന്നുറങ്ങാൻ പറഞ്ഞാൽ കേക്കില്ലല്ലോ , രാത്രി മുഴുവൻ കണ്ട പ്രേത സിനിമകളൊക്കെ കണ്ടു കിടന്നാൽ ഇങ്ങനെയിരിക്കും. ചക്ക വീണപോലെയല്ലേ കട്ടിലിനു മുകളിൽ നിന്ന് വീണത്.എന്നിട്ടൊരു കരച്ചിലും. പോത്തുപോലെ വളർന്നു , ഇനി എങ്ങനെയാ തല്ലുന്നത്.ഇത്രയും പറഞ്ഞുകൊണ്ട് ആ രൂപം കണ്ണിൽനിന്നും അകന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞു.
എന്റെ യാത്രയെപ്പറ്റി ഞാൻ ആലോചിച്ചു. Lockdown കാലം ആയതിനാൽ വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് കുറെ സിനിമകൾ കണ്ടിരുന്നു. അന്നു കണ്ട സിനിമകൾ ഒന്നു വിശകലനം ചെയ്യാൻ ഞാൻ തീരുമാനിച്ചു.
Armageddon: ഇതിൽനിന്നും എന്റെ യാത്ര റോക്കറ്റിൽ ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കി. A Quiet place: ഗംഗ നാഗവല്ലി ആയപോലെ അന്ന് രാവിലെ പാടത്തു കണ്ട കൊക്ക് ഈ യാത്രയിലെ എന്നെ ആക്രമിച്ച ജീവി ആയി എന്നും ഞാൻ തിരിച്ചറിഞ്ഞു. എന്നാലും എങ്ങോട്ടാണ് പോയത് ? ഏതാ സ്ഥലം ? തുടങ്ങിയ ചോദ്യങ്ങൾ ഉണ്ടായിരുന്നു.എത്ര ആലോചിച്ചിട്ടും ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. പരീക്ഷ എഴുതാനൊന്നും പോണില്ലല്ലോ , പോട്ടെ , കുറച്ചുനേരം ടീവി കാണാം . റിമോട്ട് ൽ വെറുതെ ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു. അപ്പോൾ അതാ ഡോക്ടർ പശുപതി എന്ന സിനിമയിലെ ഒരു സീൻ – ഇന്നോസ്ന്റ് മൈക്കിലൂടെ പുള്ളി പോയ രാജ്യങ്ങളുടെ പേരുകൾ വിളിച്ചുപറയുന്നു.അങ്ങനെ എന്റെ റെസ്ക്യൂ മിഷൻന്റെ കാര്യവും തീരുമാനമായി. കറുത്ത് മെലിഞ്ഞു തൊപ്പിവെച്ചയാൾ മാമുക്കോയ തന്നെ എന്നു തീർച്ചയായി. പിന്നീട് ആലോചിച്ചപ്പോൾ തോന്നി , അന്ന് ഇൻസെപ്ഷൻ കാണാൻ തോന്നാതിരുന്നത് നന്നായി. എന്നാൽ പ്രാന്തുപിടിച്ചു പണ്ടാരമടങ്ങി പോയേനെ.
Name : Anandh R
Company : Dinoct Solutions, Infopark
You need to login in order to like this post: click here
Leave a Reply