എന്റെ ശവദാഹം

posted in: Short Story - Malayalam | 0

 വീണ്ടുമൊരു കർക്കിടകം. കോരിച്ചൊരിയുന്ന മഴയില്ല. മണ്ണിന്റെ മണമില്ല.കുളിരും നനവുമില്ല! രാമായണം കേൾപ്പാനില്ല. വരകൾ പോറിയ പാതിയുടഞ്ഞ കണ്ണാടിയിലെ കണ്ണുകളിൽ അശ്രുബിന്ദു. അവ കണ്ണുകൾക്കു തിളക്കമേകുന്നുണ്ടോ ? ഉണ്ട്! വല്ലാത്തൊരു തിളക്കം. പക്ഷെ ആ കണ്ണുകളിലെ അഗ്നി കെട്ടുപോയിരിക്കുന്നു. അത് കെടുത്തിയതും ആ ബാഷ്പബിന്ദു തന്നെ.

          നേരം വൈകുന്നു! ബാക്കി വെച്ചവ ഒരുപാടുണ്ട്. കടവും, കടപ്പാടുകളും. ഒന്നും ഓർക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പോകുകയാണ്. ചിത്രശലഭങ്ങളുടെ കൂടെ. ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ലോകത്തെ സ്വപ്നം കണ്ടുകൊണ്ട്…. കണ്ണുകൾ അടയ്ക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു! ഈ മിഴികളിൽ ഇനി പ്രകാശം കടന്നുവരികയില്ല ! അവ കണ്ണീർ വാർക്കുകയുമില്ല !

         നേരം വെളുത്തു തുടങ്ങി. ഇന്നെന്തോ പതിവില്ലാതൊരു മഴ ചാറൽ. കാർമേഘം മൂടിയ ഇരുണ്ട ആകാശം. എന്നത്തേയും പോലെ തന്നെ അച്ഛൻ ഇന്നും വന്നു ജനലുകൾ ചാരി കർട്ടൻ വിരിച്ചിട്ടു. പാവം! കിഴക്കോട്ടു നോക്കി കിടക്കുന്ന കാരണം സൂര്യപ്രകാശം നേരെ മുഖത്തേക്കായിരിക്കും അടിക്കുക. അതൊഴിവാക്കി ഞാൻ സുഖമായുറങ്ങട്ടെ എന്നു കരുതി അച്ഛൻ എന്നും ഇത് ചെയ്തു പോന്നു.  ഇന്നും പതിവ് തെറ്റിച്ചില്ല.

         ദേഹം ദേഹിയെ വിട്ടു പിരിഞ്ഞിട്ട് ഏറെ സമയമായി. ചിട്ടയായൊരു ജീവിത ശൈലി ഇല്ലാഞ്ഞിട്ടാകാം, പതിവിലും അധികം നേരം ഉറങ്ങിയിട്ടും ആരും ശ്രദ്ധിച്ചില്ല; അല്ല ശല്യപെടുത്തിയില്ല !

        “എത്ര നേരമാ തൂങ്കറായ്… എഴുന്തിര്. പ്രായമാനൊരു പെൺകുട്ടിയാക്കും. നാളയ്ക്ക്  വേറൊരു വീട്ടില പോനാ  ഇതൊന്നും നടക്കാത്… പോരും തൂങ്കിനത് !  എഴുന്തിര്…  പോയി പല്ലു തേച്ചുട്ടു വാ… ” അടുക്കളയിൽ നിന്ന് അമ്മയുടെ സ്ഥിരം ശകാരം.  

       ” ഇന്നക്ക് അവധി താനേ…. അവൾ  തൂങ്കട്ടും …”അച്ഛന്റെ പക്ഷം. “നീങ്കൾ ഒറ്റ ഒരാളാക്കും അവളെ കൊഞ്ചിച്ചു വഷളാക്കറുത് . എന്നവേം ആയിക്കോ !” എന്നു പറഞ്ഞപ്പോഴേക്കും അമ്മേടെ കയ്യിലിരുന്ന ചില്ലു ഗ്ലാസ് താഴെ വീണു പൊട്ടി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്  അമ്മ ആ ചില്ലു കഷ്ണങ്ങൾ പെറുക്കിയെടുത്തുകൊണ്ടിരുന്നു.    

         “എന്നടാ… എന്നാച്ചു? സുഖമില്ലയാ? ” എന്ന് ചോദിച്ചുകൊണ്ട്  അച്ഛൻ മെല്ലെ എന്റെ അരികിൽ വന്നിരുന്നു. “എന്റെ??” ഇനി എന്റെ എന്നു പറയാമോ ? ഞങ്ങളിപ്പോ രണ്ടല്ലേ ? “അവളുടെ..?” അതോ… “അതിന്റെ” എന്നോ?? അറിയില്ല… അവൾ എന്നു മതി.

           ആ മരവിച്ച കൈകളിൽ പിടിച്ചു നെറ്റിയിൽ മെല്ലെ തലോടും വരെ അച്ഛൻ അറിഞ്ഞിരുന്നില്ല ; ആ കണ്ണുകൾ ഇനി ഒരിക്കലും തുറക്കില്ലയെന്നു! തണുത്തു വിറങ്ങലിച്ച ശരീരത്തെ മാറോടണക്കി പിടിച്ചു വാവിട്ടു കരയുന്ന അച്ഛനെ എനിക്ക് കാണാം. “ഞാൻ ഇവിടെയുണ്ട്. എന്നെ കാണുന്നില്ലേ? ഇങ്ങോട്ട്  നോക്ക്… അച്ഛാ.. ” ഇല്ല ! എന്നെ കാണാൻ കഴിയുന്നില്ല. ഇനി ആർക്കും എന്നെ കാണാൻ കഴിയില്ല.

               പുറത്ത്‌ കോരിച്ചൊരിയുന്ന മഴ. അലമുറകളും തേങ്ങലുകളും എല്ലാം ആ കർക്കിടക മഴയിൽ കുതിർന്നു പോയി. ആരെയും ഒന്നും കേൾപ്പിക്കാതിരിക്കാനെന്നോണം അവൾ നിർത്താതെ തിമിർത്തു പെയ്യുകയാണ്.

               മുറിയെങ്ങും സാമ്പ്രാണിത്തിരിയുടെ ചൊരുക്കുന്ന മണം. നേർത്ത പുകയും. ആളുകളിൽ ചിലർ അടക്കം പറയുന്നു. പരിചിതവും അപരിചിതവുമായ കുറെ മുഖങ്ങൾ. പതിഞ്ഞ സ്വരത്തിലുള്ള സംഭാഷണങ്ങൾ. ആരും തന്നെ അടുത്തേയ്ക്ക് വരുന്നില്ല. അവരും അവളും തമ്മിലുള്ള അകലം ഒരു പിടി മഞ്ഞൾപൊടി കൊണ്ട് വേർതിരിച്ചിരിക്കുന്നു.

               കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്കിൽ എണ്ണ വറ്റാറായി. തിരി പടർന്നു കത്തുന്നു. “യാരാവത് കൊഞ്ചം എണ്ണ കൊണ്ടുവാങ്കോ” മന്ത്രോച്ചാരണങ്ങൾക്കിടയിൽ വാദ്ധ്യാർ ആരോടെന്നില്ലാതെ പറഞ്ഞു. എണ്ണ കൊണ്ടുവന്നയാളോട് വിളക്കിലേക്ക് ഒഴിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് മന്ത്ര ജപം തുടർന്നു. “പത്തു നാളേയ്ക്ക് ഇന്ത വിളക്ക് കെടാമ പാത്തുക്കണം.” ഒരു അറിയിപ്പെന്നോണം അദ്ദേഹം കൂട്ടിച്ചേർത്തു.

                മഴയുടെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. ആരൊക്കെയോ ആരോടൊക്കെയോ എന്തൊക്കെയോ പറയുന്നു. പുറത്ത് ടാർപ്പാളിൻ കെട്ടുകയാണ്. കിട്ടു ചേട്ടനും സച്ചുവും. എനിക്കോർമയുണ്ട് . അന്ന് കലയുടെ അച്ഛൻ മരിച്ചപ്പോഴും ഇതുപോലെ കെട്ടിയിരുന്നു. അതും ഇവർ തന്നെ. അന്ന് സഹായിക്കാൻ ഞാനും ഉണ്ടായിരുന്നു. ഇന്നിപ്പോ ഇതാ.. എനിക്ക് വേണ്ടി…

                “അടക്കം നാളെയെ ഉണ്ടാകുള്ളൂ. ജേഷ്‌ഠൻ അങ്ങ് ബാംഗ്ലൂർ ആണ്. വിവരം അറിയിച്ചിട്ടുണ്ട്. അവർ  തിരിച്ചിരിക്കണു.” എല്ലാരും കേൾക്കെ ഒന്നുറക്കെ പറഞ്ഞിട്ട് അമ്പി മാമ പുറത്തേയ്ക്ക് നടന്നു. കൈയിൽ അതാ എന്റെ ഫോൺ. പുറത്ത് അങ്ങ് ദൂരെ മാറി മാവിൻ ചോട്ടിൽ ഒരാൾ ഒറ്റയ്ക്ക് നിൽക്കുന്നു. അമ്പി മാമ അവന്റെ അരികിലേക്ക് ചെന്നു. “അവളുടെ കൂടെ പഠിച്ചതാണോ ?” ഇടറുന്ന സ്വരത്തിൽ അവൻ മറുപടി പറഞ്ഞു. “അതെ”. “മോന്റെ പേരെന്താ?” “ലിജിൻ”. എന്റെ ഫോൺ അവന്റെ കൈയിൽ കൊടുത്തിട്ട്  “അവൾക്കൊരുപാട് സുഹൃത്തുക്കൾ ഉണ്ട്. എല്ലാരേം അറിയിച്ചേക്കണം.” എന്നു പറഞ്ഞ് അവന്റെ തോളിൽ ഒന്ന് പിടിച്ചിട്ട് അമ്പി മാമ തിരികെ നടന്നു. അവൻ അപ്പോഴും നിർവികാരനായി തന്നെ നിൽക്കുകയാണ്. കരയില്ല! അവൻ അങ്ങനെയാണ്. ലിജു മരിച്ചപ്പോഴും ഇതുപോലെ തന്നെ. അവൻ കരഞ്ഞില്ല. പക്ഷെ അവന്റെ ഹൃദയം നുറുങ്ങുന്നത് എനിക്ക് കാണാം.

                   ആളുകൾ വന്നും പോയുമിരുന്നു. ബന്ധുക്കൾ , നാട്ടുകാർ , സുഹൃത്തുക്കൾ …. നേരം സന്ധ്യയായി. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. മഴ പെയ്തൊഴിഞ്ഞെങ്കിലും കാർമേഘം മാഞ്ഞിട്ടില്ല. തണുത്ത കാറ്റ് വീശുന്നുണ്ട്. ചീവിടിന്റെ ഒച്ച… മണ്ണിന്റെ മണം…  

                   മഴ തോർന്നു കഴിഞ്ഞ സന്ധ്യകളിൽ ഈയാംപാറ്റകൾ വരും. അവ ഇന്നും പതിവ് തെറ്റിച്ചില്ല. മണ്ണിലുള്ള ചിതലുകളാണത്രേ ചിറകു മുളച്ചു ഈയാംപാറ്റകളായി മാറുന്നത്. തലയ്ക്കു മുകളിൽ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്കിനു ചുറ്റും അവ വട്ടമിട്ടു പറക്കുന്നു. ചിലതു ചിറകറ്റ് അങ്ങുമിങ്ങും ഇഴഞ്ഞു നടക്കുന്നു. ചിലതാകട്ടെ തീയിൽ കത്തിയമരുന്നു.  

              ഒന്നു പറക്കാൻ മോഹമില്ലാത്തവരായി ആരുണ്ട് ? ഒരു മഴ പെയ്തു തോരുമ്പോൾ അവറ്റകൾക്കു ചിറകു മുളയ്ക്കുന്നു. പക്ഷെ അവ പറന്നടുക്കുന്നതോ ? മരണത്തിലേയ്‌ക്കും. നൈമിഷികമായ ഒരു പരിവർത്തനം! അവസാനം ആ മഴയോടൊപ്പം അവയും മരിക്കുകയായി. കത്തി തീർന്ന സാമ്പ്രാണിത്തിരിയുടെ ചാരത്തിനു മീതെ അറ്റുവീണ കുറെ ചിറകുകൾ മാത്രം ബാക്കി.

               അമ്മ എവിടെയാണ്? കാണുന്നില്ലല്ലോ… അകത്തെ മുറിയിലുണ്ട്…. വേണ്ട… അവിടേയ്ക്ക് ചെല്ലണ്ട. എനിക്ക് പറയാൻ ഒന്നുമില്ലല്ലോ… ഇന്നേയ്ക്കുള്ള മന്ത്രങ്ങളും കർമ്മങ്ങളും ഏതാണ്ട് പൂർത്തിയായി. അവരൊക്കെ പോയിരിക്കുന്നു. ഇനി ബാക്കിയൊക്കെ നാളെയാണ്.

                സിന്ധു മാമിയും മണിക്കുട്ടനും വന്നിട്ടുണ്ട്. അവരിപ്പഴാത്രേ അറിഞ്ഞത്. അമ്മയുടെ സാരി തുമ്പിന്റെ പുറകിൽ ഒളിച്ചു തന്റെ ഇടതു കയ്യിലെ ചെറുവിരൽ നഖവും കടിച്ച് എല്ലാരേയും അത്ഭുതത്തോടെ നോക്കുകയാണ് മണിക്കുട്ടൻ. അവനൊന്നും മനസിലായില്ല. കോടിയിൽ പുതപ്പിച്ച ശരീരത്തെയും വായപൊത്തി വിതുമ്പുന്ന സിന്ധു മാമിയുടെ മുഖത്തേയ്ക്കും അവൻ മാറി മാറി നോക്കി. ആ കണ്ണുകളിൽ അമ്പരപ്പ്.  

               പൊടുന്നനെ അവൻ ഓടി എന്റെ മുറിയിലേക്ക് വന്നു. അതെ! അവൻ എന്നെയാണ് അന്വേഷിക്കുന്നത്. നെറ്റിചുളിച്ചു എല്ലാരുടെയും മുഖത്ത് ഒന്ന് സൂക്ഷ്മതയോടെ നോക്കി. എന്നിട്ട് മെല്ലെ തിരികെ നടന്നു. ഒരായിരം ചോദ്യങ്ങളുണ്ട് അവന്റെ മനസ്സിൽ. ആ കണ്ണുകളിൽ അത് വ്യക്തമാണ്. ഇമ ചിമ്മാതെയുള്ള അവന്റെ നോട്ടം ആ ശരീരത്തിലേക്ക് മാത്രമായി. അമ്മയുടെ കൈപിടിച്ച് നടന്നകന്നപ്പോഴും അവൻ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. പലതവണ!

                      മഴ വീണ്ടും പെയ്യുകയാണ്. പാതിരാത്രി കഴിഞ്ഞു. ഈ രാത്രിയ്ക്ക് എന്തൊരു ദൈർഘ്യമാണ്. ആരും ഉറങ്ങിയമട്ടില്ല. പക്ഷെ ഇന്നലെ ഇതേ സമയം എല്ലാരും ഉറങ്ങിയിരുന്നില്ലേ? ഈ ഞാനും? നാളെയോ?? സമയത്തിനൊപ്പം മാറിക്കൊണ്ടേയിരിക്കുന്ന മറ്റൊന്നാണ് അവസ്ഥയും. ഒന്നും ശാശ്വതമല്ല. മാറ്റങ്ങൾ ഓർമകളെ മറക്കാൻ ത്വരിതപ്പെടുത്തുന്നുണ്ടോ? കാലത്തിനു എല്ലാം മാറ്റിമറിക്കാനുള്ള കഴിവുണ്ട്. അതുപോലെ തന്നെ മറക്കാനും… മുറിവുകളുണക്കാനും…

                      “ച്ലും!!” വലിയൊരു ശബ്‌ദത്തോടുകൂടി മുന്നിലത്തെ മുറിയിൽ വച്ചിരുന്ന മൺകുടം നിലത്തു വീണുടഞ്ഞു. ഞാൻ ആദ്യമായി ചായം പൂശിയ എന്റെ മൺകുടം. വല്യച്ഛന്റെ കാൽ തട്ടി മറിഞ്ഞു വീണതാണ്. ചിന്നിച്ചിതറിയ ചായത്തിൽ മുങ്ങിയ ആ മൺകഷ്ണങ്ങൾ ആരോ വന്നു പെറുക്കിക്കൂട്ടി. ഇനി അതിന്റെ സ്ഥാനം ചവറ്റുകൊട്ടയാണ്. വല്ലാത്തൊരു വിഷമം. ഒരു പക്ഷെ മറ്റാർക്കും അത് തോന്നണമെന്നില്ല. എനിക്ക് മാത്രം വിലപ്പെട്ടതായുള്ള ചിലതുണ്ട്. എന്റെ അഭാവത്തിൽ മറ്റുള്ളവർക്ക് അവയൊക്കെ നിസ്സാരമായി തോന്നിയേക്കാം. ആ ഭയം ഇതിനു മുൻപും എന്നെ വല്ലാതെ അലട്ടിയിരുന്നു. കോടീശ്വരനായ വയോധികനു തന്റെ രണ്ടാം ഭാര്യയുടെ ജാരഗർഭത്തിലുണ്ടായ വഴിപിഴച്ച സന്തതിയെ കുറിച്ചോർക്കുമ്പോഴുള്ള ഭയമെന്നപോൽ!

                   ജീവിതത്തിന്റെ നിറം മങ്ങിയെന്നു തോന്നിത്തുടങ്ങിയപ്പോഴാണ് ഞാൻ ചായകൂട്ടുകളുടെ തോഴിയായി മാറിയത്. അങ്ങനെ വർണ്ണങ്ങൾ വികാരങ്ങളുടെ പ്രതിഫലനമായി. അതൊരു വേറെ തന്നെ ലോകമാണ്. ഒന്നുമില്ലായ്മയിൽ നിന്നും അപൂർണതയിലേക്ക് എത്തുമ്പോൾ ഇരട്ട പെറ്റ സുഖമാണ്. മാത്രമല്ല… ഒന്നും പൂർണ്ണതയിലെത്തിയെന്നും ഞാൻ വിശ്വസിക്കുന്നില്ല. കറുപ്പിനോടും ഏകാന്തതയോടുമുള്ള പ്രണയലേഖനങ്ങളായിരുന്നു അവ. ഞാൻ അവരെ സ്നേഹിച്ചപോലെ, വിലകൽപിച്ചപോലെ ഇനിയാർക്കെങ്കിലും കഴിയുമോ? അതോ പത്തായത്തിന്റെ ഒരു  മൂലയിൽ പൊടിയും മാറാലയും പിടിച്ചു  ചില്ലുകളുടഞ്ഞു ചിതലെടുത്ത്  നശിപ്പിക്കപെടുമോ ? എന്റെ സ്വപ്നങ്ങളെന്നപോൽ? അറിയില്ല!!

                 ഇരുപതു വർഷക്കാലമായി ഞാൻ നിധി പോലെ സൂക്ഷിച്ചിരുന്ന എന്റെ മഞ്ചാടിമണികൾ… പതിനായിരത്തോളമുണ്ടാകും അവ… ഒരു മഞ്ചാടിക്കുരു കിട്ടുമ്പോൾ ഞാൻ അനുഭവിച്ചിരുന്ന അതിരില്ലാത്ത സന്തോഷം… വേറെ ആർക്കെങ്കിലും അതുണ്ടാകുമോ? അലമാരയുടെ അടിത്തട്ടിൽ ഒരു ഓട്ടുരുളിയിൽ വെച്ചിരിക്കുകയാണ് അവ. അതിൽ ചിലതിന് എന്നോളം പ്രായമുണ്ട്. അവയൊക്കെ ഇനി ആർക്കു വേണം? എല്ലാം എടുത്ത് കളയും. തീർച്ചയാണ്.

                 എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. ആരോട് പറയും? എങ്ങനെ പറയും? ഈ മഞ്ചാടിക്കുരു എല്ലാം ഓരോന്നായി ഓരോ സ്ഥലത്ത്‌ ഇടാൻ കഴിഞ്ഞിരുന്നെങ്കിൽ.. മണ്ണിന്റെ മടിയിലുറങ്ങി വെയിലും മഴയുമേറ്റ്  ഒരു ദിവസം മുളപൊട്ടി, കാലക്രമേണ വളർന്നു വലിയ മരമായി വീണ്ടും പതിനായിരക്കണക്കിന് മഞ്ചാടി പൊഴിക്കുമായിരുന്നു. അങ്ങനെ പതിനായിരത്തോളം മരങ്ങൾ.  അവ പൊഴിക്കുന്ന വിത്തിൽ നിന്നും വീണ്ടും പതിനായിരക്കണക്കിനു…  അങ്ങനെ അങ്ങനെ… പക്ഷെ എങ്ങനെ?? നടക്കാതെ പോകുന്ന ഒരു പിടി സ്വപ്നങ്ങളുടെ കൂടെ ഈ മഞ്ചാടിമണികളെയും കുഴിച്ചിടാം…

                നേരം പരപരാ വെളുത്തു തുടങ്ങി. അവരതാ എത്തിയിരിക്കുന്നു. അച്ഛനും അമ്മയും കരഞ്ഞു തളർന്നു. ഉറക്കച്ചടവോടെ ഇരിക്കുന്ന ചിറ്റയും മറ്റു ചില ബന്ധുക്കളും… വിട്ടു വിട്ടു പെയ്യുന്ന മഴയും…
“ശ്ശൊ! ഇതെന്തൊരു മഴയാണ് ഈശ്വരാ! ഒന്ന് തോർന്നു കിട്ടിയിരുന്നെങ്കിൽ… അല്ലെങ്കിൽ ആകെ ബുദ്ധിമുട്ടാകും.” അമ്പിമാമ ആരോടെന്നില്ലാതെ പരാതി പറഞ്ഞു.

                മഴയും ഞാനും തമ്മിലുള്ള വികാരാധീനമായ ബന്ധത്തിന്റെ തെളിവാണെന്ന് തോന്നിപോയി ; ഈ വിട്ടുനിൽക്കാതെയുള്ള അകമ്പടി.

                നേരം പുലർന്നു. ഫോണുകൾ ശബ്ദിച്ചു തുടങ്ങി. കൃത്യസമയത്തു തന്നെ വാദ്ധ്യാരും കൂടെയുള്ളവരും എത്തി കഴിഞ്ഞു. “എല്ലാരും വന്താച്ചില്ലയോ?  രാഹുകാലം  മുടിഞ്ചതുക്ക് അപ്പറം എടുത്തുടലാം…” ഇനി അധിക സമയമില്ല. വൈകി അറിഞ്ഞവർ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുകയാണ്. ഇനി കുളിപ്പിക്കണം. അത് രാഹുകാലം കഴിഞ്ഞേയുള്ളു. അതുവരെ എന്തൊക്കെയോ മന്ത്രങ്ങളും കർമ്മങ്ങളുമുണ്ട്. ഹോമത്തിനുള്ള അടുപ്പ് തയാറാക്കി അതിൽ ഉമി നിരത്തി. ദർഭപ്പുല്ലിൽ കർപ്പൂരം കത്തിച്ചു അതിലേയ്ക്ക് എള്ളും നെയ്യുമൊഴിച്ചു ജപം തുടങ്ങി. അരിയും പിണ്ഡച്ചോറുമൊക്കെ  തൊട്ടടുത്ത് തന്നെ ഒരു ചെറിയ വാഴയിലയിൽ നിരത്തിയിരിക്കുന്നു. മുറിയാകെ പുകമയം. എന്ത് മാത്രം ചടങ്ങുകളാണ്. വാദ്ധ്യാരുടെ മുഖത്ത് പ്രത്യേകിച്ച്‌   വികാരങ്ങളൊന്നുമില്ല. ചൊല്ലി മനഃപാഠമാക്കിയ മന്ത്രങ്ങൾ നിർത്താതെ ഉരുവിട്ടുകൊണ്ടിരുന്നു.
ഏതൊരാൾക്കും ഒരു മരണവീട്ടിൽ വന്നാൽ ഉണ്ടാകുന്ന വൈകാരികത എന്തോ… എനിക്കയാളുടെ മുഖത്ത് കാണാൻ കഴിഞ്ഞില്ല. ഇത് അയാളുടെ തൊഴിലാണ്. ചിലപ്പോൾ അതുകൊണ്ടാകാം.

                  “കുളിപ്പിക്കാൻ സമയമായി. എടുത്തോളൂ… ആ പലകമേൽ തെക്കോട്ടു  തിരിച്ചു തന്നെ കിടത്തിക്കോളൂ. വേണ്ടപെട്ടവരെല്ലാം വരിക. ഈ മൊന്തയിൽ നിറയെ വെള്ളമെടുത്തിട്ട് ശിരസ്സിൽ നിന്നും പാദം വരെ ഒഴിച്ച് മൂന്നു തവണ വലം വെച്ച് വന്നോളൂ… എല്ലാരും… വേഗം വേഗംന്നായിക്കോട്ടെ…”

                അടഞ്ഞ  കണ്ണുകളിലും വരണ്ട ചുണ്ടിലുമൂടെ വെള്ളം ഒലിച്ചിറങ്ങി. എപ്പോഴുമുണ്ടാകുന്ന വെള്ളത്തിന്റെ ആ തണുപ്പ് ഇപ്പോൾ അനുഭവപ്പെടുന്നില്ല. ഓരോരുത്തരായി വലം വെച്ചു മാറി. “ഇനിയാരെങ്കിലും കുളിപ്പിക്കാനുണ്ടോ?” എല്ലാവരോടുമായി അദ്ദേഹം ഉറക്കെ വിളിച്ചു ചോദിച്ചു.
“ഇല്ലയാ…? എന്നാ കോടി കൊണ്ട് വന്തു കട്ടുങ്കോ… അപ്പറം എടുത്ത്  അങ്കെ കൊണ്ട് വെയ്ങ്കോ!”

               അങ്ങനെ എല്ലാം കഴിഞ്ഞു! “യാരാവത് പാക്കയിരുന്താ വന്ത്  
പാക്കചൊല്ലുങ്കോ. എടുത്തുടലാം.” അതു പറഞ്ഞു തീർന്നതും കരച്ചിലിന്റെ ശബ്ദം ഉറക്കെയായി.

                അവസാനമായൊരു നോക്ക്. കോടിമുണ്ടുകൊണ്ട് ശിരസ്സു മറച്ചു കയറു കൊണ്ട് വലിഞ്ഞു മുറുക്കിയപ്പോൾ വേദനിച്ചില്ല! വൈക്കോലു കൊണ്ടൊരുക്കിയ മഞ്ചത്തിൽ കിടത്തി ചുമലിലേറ്റിയപ്പോൾ പണ്ട് അച്ഛൻ വാരിയെടുത്തു തോളിലേറ്റിയിരുന്നപ്പോഴുള്ള സുഖവും തോന്നിയില്ല. എന്റെ കർമ്മം ഇവിടെ പൂർത്തിയാകുകയാണ്.        

                ഹോമാഗ്നിയിൽ നിന്നും മൺചട്ടിയിലേക്ക് തീ പകർന്നെടുത്ത് അവർ യാത്ര തിരിച്ചു. ആ തീ വെച്ചുവേണമത്രേ ചിതയെരിക്കാൻ ! മഴ ചെറുതായി ചാറുന്നുണ്ട്. ശ്മശാനത്തിലേക്കുള്ള യാത്ര… ശരീരം ആത്മാവിനെ വിട്ട് അകലുകയാണ്. പക്ഷെ എനിക്ക് ഉടൻ ഇവിടം വിട്ട് പോകാൻ കഴിയില്ല. ആത്മാവ് മരിക്കുകയില്ലല്ലോ ?

                വന്നവരധികവും പിരിഞ്ഞുപോയിത്തുടങ്ങി. എന്നെ കിടത്തിയിരുന്നയിടം കഴുകിയിറക്കി. ആ വിളക്ക് മാത്രം അണയാതെ ഒരു വശത്തേയ്ക്ക് മാറ്റി വെച്ചിരിക്കുന്നു. പക്ഷെ ഞാനിവിടെ ഈ മുറിയിലുണ്ട്. എനിക്കെല്ലാം കാണാൻ കഴിയുന്നുണ്ട്. ” അമ്മേ…” ഒന്ന് നോക്ക്… ഇവിടെ… അമ്മയുടെ തൊട്ടടുത്ത്…

                ചിറ്റയുടെ ഫോൺ ശബ്ദിച്ചു. അമ്പിമാമയാണ്. “എരിച്ചാച്ച്‌”  എന്ന് പറയുന്നത് ഞാൻ കേട്ടു. കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ശരീരം തീയിൽ എരിഞ്ഞമർന്ന് ഒരു പിടി ചാരം മാത്രമായി മാറും. ഇനി വെറും ഓർമ്മകൾ മാത്രം… കാലക്രമേണ അതും മറയും… പിന്നെ വർഷത്തിലൊരിക്കലുള്ള  ശ്രാദ്ധം… ഒരു ചടങ്ങു്… ആ കൈകൊട്ടിയുള്ള വിളിക്കായി കാതോർത്തു … ഞാനിവിടെയുണ്ട്…

Name : Soumya P

Company :  EY, Infopark 

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *