ആത്മഹത്യയുടെ മുനമ്പിൽ ഒരിക്കലെങ്കിലും പകച്ചു നിന്നിട്ടുള്ള ഒരുവൾക്കേ, ഇത്രമേൽ ആഴത്തിലുള ഒരു കവിതയെഴുതാൻ കഴിയൂ… പറയൂ , എന്താണ് നിന്നെ ഇത്രയ്ക്ക് അലട്ടുന്നത് ?
ഉത്തരം നല്കാതെ അവൾ തിരിഞ്ഞു പോകാൻ ഭാവിക്കയാണ്..
“ശിശിര… ഒന്നു നില്ക്കൂ…”
മുഖത്തേക്ക് പോലും നോക്കുന്നില്ല. അവളെപ്പോലെ നൂറു പേർ , വിഷാദം കലർന്ന മുഖവും അതിലേറെ വിഷാദഭരിതമായ കവിതകളും പേറി മുന്നിലെ മുറിയിൽ തടിച്ചു കൂടി നില്ക്കുന്നു…
അവളും ആ കൂട്ടത്തിലെ ഒരുവൾ മാത്രമായി ലയിച്ചു ചേരുമെന്ന് ഉറപ്പായ നിമിഷത്തിൽ, നിന്ന നില്പ്പിൽ എടുത്തു ചാടുകയായിരുന്നു , ഒരു തലമുറയുടെ തന്നെ തുടക്കം തേടി മുന്നിലെ ആൾക്കൂട്ടത്തിലേക്ക്..
കാലത്തിലേക്ക് ഊളിയിട്ട് ചെന്നെത്തിയ ഇരുട്ടിൽ, ഞാൻ അവളെ തിരഞ്ഞ് ചുറ്റും നോക്കി – നൂറുകണക്കിന് തവളക്കുഞ്ഞുങ്ങൾ, പിടയുന്ന ജീവനുമേന്തി നീന്തുന്ന ഇടുങ്ങിയ തോട്ടിൽ അവളുടെ പാതിയുമുണ്ടായിരുന്നു.
ഇല്ല; ഈ ഇരുട്ട് നീന്തിക്കയറാൻ എനിക്കാവുന്നില്ല. എന്റെ കൈ കാലുകൾ തളരുകയും, ഞാൻ ഊർന്നു വീഴുകയും ചെയ്തു, തോറ്റു മരിച്ചു വീണ ലക്ഷക്കണക്കിന് പടയാളികളുടെ ശവങ്ങൾ നിറഞ്ഞ യുദ്ധക്കളത്തിലേക്ക്… പിന്നെ, തലമുറകൾക്കിടയിലെ തുരങ്കം കടന്ന്, വിരസതകൾ തമ്മിലുരഞ്ഞുണ്ടായ വിയർപ്പിലേക്ക്…
കർട്ടൻ നീക്കി ജനാലകൾ തുറന്ന് ഒഴിഞ്ഞു കിടക്കുന്ന ആ നഗരത്തിലെ റോഡുകൾ ഋതു നോക്കിയിരുന്നു. ജനൽക്കമ്പികളിൽ ഒരു മണിപ്ലാന്റ് ചെടി തരളിതയായി തളർന്നു കിടന്നു . മുറിക്കകത്ത് വീർപ്പുമുട്ടി നിറഞ്ഞു നിന്ന ഉഷ്ണം പുറത്തേക്ക് കുത്തിയൊഴുകി ഉയർന്നു പൊങ്ങി ആകാശത്തിനെ ഒരു കരിമ്പടം പുതപ്പിച്ചു .
കുളിമുറിയിലെ ഷവർ തുറക്കുന്ന ശബ്ദവും , പുറത്ത് ചാറിത്തുടങ്ങിയ ഈ വർഷത്തെ ആദ്യ വേനൽ മഴയുടെ സീൽക്കാരവും ഒരുമച്ച് കാതുകളിലെത്തി.
അവൾ ഫേസ്ബുക്ക് തുറന്ന് ഒരു സ്റ്റാറ്റസ് കുറിച്ചു :
“നിന്നോളം നനവേകിയിട്ടില്ല,
ഇന്നോളം ഒരു വേനൽ മഴയും.”
ജസ്റ്റിൻ കുളി കഴിഞ്ഞ് തല തോർത്തിക്കൊണ്ട് ഇറങ്ങുമ്പോഴും ഋതു അതേ ഇരിപ്പിലായിരുന്നു. അവളുടെ ആ ഇരിപ്പ് അവന് ഒട്ടും അപരിചിതമല്ലതാനും.
അടുക്കളയിൽ പോയി രണ്ട് കട്ടൻ ചായയിട്ട് അതുമായി അവൻ അവൾക്കരികിലേക്ക് വന്നു. രണ്ടു പേരും നന്നേ തളർന്നിരുന്നു. രണ്ടു പേരും അതിയായി സന്തോഷിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഈ ദിവസങ്ങൾ വീണു കിട്ടുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയതല്ലല്ലോ..!
അവനെക്കാണണം എന്ന അതിയായ ആഗ്രഹം തലയ്ക്ക് പിടിച്ചപ്പോൾ ഇല്ലാത്ത കാരണമുണ്ടാക്കി ഓഫീസിൽ നാല് ദിവസത്തെ ലീവ് വിളിച്ച് പറഞ്ഞ് ഫ്ലൈറ്റ് കയറി ഇങ്ങ് വന്നതാണ്. അവനിവിടെ കമ്പനി വക ഫ്ലാറ്റിൽ ഒറ്റക്കാണ്. എത്തി രണ്ടാം ദിവസം ദേ പ്രഖ്യാപിച്ചിരിക്കുന്നു, രാജ്യം മുഴുവൻ സമ്പൂർണ ലോക്ക് ഡൗൺ! രണ്ട് ജോഡി ഡ്രസ്സും കെട്ടിപ്പെറുക്കി പോന്നതാണ്. ഭാഗ്യത്തിന്, അവസാന നിമിഷം വന്ന എട്ടിന്റെ പണി രാത്രി അര മണിക്കൂർ ഇരുന്നു ചെയ്തു തീർക്കാൻ ലാപ്ടോപും ചാർജറും എടുത്തു ബാഗിലിട്ടു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വർക്ക് ഫ്രം ഹോം ആവുമെന്ന അറിയിപ്പും പിന്നാലെയെത്തിയിരുന്നു. ലോക്ക് ഡൗൺ കഴിയുന്ന വരെ ലീവ് അപ്ലൈ ചെയ്യേണ്ടി വന്നേനെ! ഇതിപ്പോ, കാമുകനുമൊത്ത് ഒരു ഫ്ലാറ്റിൽ ലോക്ക് ഡൗണാവുന്നു. ഒരു ദിവസം വർക്ക് ഫ്രം ഹോം ചോദിച്ചാൽ തരാതിരുന്ന കമ്പനി ഇനി അനിശ്ചിത കാലത്തേക്ക് വീട്ടിലിരുന്ന് പണിയെടുത്തു കൊള്ളാൻ പറയുന്നു! ഋതുവിന്, താനൊരു സ്വപ്നത്തിലാണെന്ന് തോന്നി – ഒരിക്കലും നടക്കുമെന്ന് കരുതാതിരുന്ന ഒരു ദിവാസ്വപ്നം!
പക്ഷേ, ആ സ്വപ്നത്തിൽ അധികമങ്ങനെ അഭിരമിക്കാൻ യഥാർത്ഥ്യങ്ങൾ അനുവദിച്ചില്ല. വീട്ടിൽ അറിയാതെയുളള കലാപരിപാടിയാണല്ലോ; എന്തൊക്കെ സൂക്ഷിക്കണം! ഈ മൊബൈൽ ഫോൺ നോക്കൂ… അടിച്ചാൽ എടുത്തിരിക്കണം. സ്വിച്ച് ഓഫ് ആകാതെ നോക്കണം. അല്ലെങ്കിൽ, പതിവായി പറയുന്ന മറാഠി സന്ദേശങ്ങൾക്ക് പകരം ബിഎസ്എൻഎൽ കന്നഡ പറയുമ്പോൾ വിളിക്കുന്നവർക്ക് സംശയം തോന്നിയാലോ!
ഇന്നലെ വിളിച്ചപ്പോൾ, ലോക്ക് ഡൗണിന്റെ വീർപ്പുമുട്ടലിനെ കുറിച്ചുള്ള ദുരന്തം പറച്ചിലായിരുന്നു അച്ഛൻ. ഇന്ന്, വീട്ടിലെ ലൗ ബേർഡ്സിനെ കൂടു തുറന്നു വിട്ടതിന്റെ വിശേഷങ്ങൾ… വാതിലുകളില്ലാത്ത പ്രണയത്തിന്റെ ആകാശത്ത് അവർ ചിറകു വിടർത്തി പറക്കട്ടേയെന്ന്! സ്വന്തം മകളോടും അത് പറയുന്ന ദിവസത്തിനായി, ഋതു അവളുടെ രഹസ്യങ്ങൾ അടവച്ചു കാത്തിരുന്നു.
നാട്ടിൽ, ചെറിയച്ഛനും ചെറിയമ്മയും ജോലിസ്ഥലത്തെ വാടക വീട്ടിൽ ലോക്ക് ഡൗണായി. അവരുടെ രണ്ട് മക്കളും ഇപ്പോൾ വീട്ടിൽ അച്ഛന്റേയും അമ്മയുടേയും അടുത്താണ്. മൂത്തവൾ ഒമ്പതാം ക്ലാസ്സിലും ചെറിയവൾ ആറാം ക്ലാസിലും പഠിക്കുന്നു. മൂന്നു ദിവസം അവധിക്ക് നിൽക്കാൻ വന്നതാണ്. എന്തായാലും അവിടെ അവർക്ക് ഇപ്പോ ഒരു കൂട്ടായി. റിട്ടയർമെന്റിനു ശേഷം അച്ഛനു പഠിപ്പിക്കാൻ ആളുമായി.
കട്ടൻ ഊതിക്കുടിച്ച്, നീക്കിയ കർട്ടനു പിന്നിൽ, പുറത്തു ചാറുന്ന മഴ നോക്കി ഋതുവും ജസ്റ്റിനും ചേർന്നിരുന്നു…
എത്ര സ്വപ്നം കണ്ടതാണെന്നോ ഈ ഒരു ജീവിതം! എത്രയോ തവണ അവൻ പറഞ്ഞിരിക്കുന്നു:
“നീ എങ്ങനേലും ഇങ്ങോട്ടൊരു ട്രാൻഫർ ഒപ്പിക്ക്! ഫ്ലാറ്റ് ഇവിടുണ്ട്, നമ്മക്ക് ലിവിംഗ് റ്റുഗെതർ ആക്കാം; വീട്ടുകാരെ എന്തേലും പറഞ്ഞ് മാനേജ് ചെയ്താ മതി”
“അച്ഛൻ നമ്മളെ രണ്ടാളേം കൊല്ലും; നിനക്ക് അറിയാഞ്ഞിട്ടാ..”
“ ശെടാ! വീട്ടിൽ പറയേണ്ടന്നേ!”
പക്ഷേ, ആ പൂതി വാരാന്ത്യത്തിലെ ഒളിച്ചു വരവുകളിൽ ഒതുങ്ങി. അങ്ങനയൊരു വരവാണ് ഇപ്പോൾ ഇങ്ങനെയായതും.
ഒരങ്കത്തിനു കൂടി ബാല്യമുണ്ടെന്ന് അറിയിച്ചു കൊണ്ട് ഋതുവിന്റെ കൈകൾ അവന്റെ കഴുത്തിനെ വരിഞ്ഞു …
അടച്ചിട്ട കൂട്ടിലെ ഇണക്കിളികളായി അവർ അവശ്യ സാധനങ്ങൾ മാത്രം ലഭിച്ച ദിനങ്ങൾ ജീവിച്ചു. പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഡെലിവറി ബോയ്സ് വാതിലിനു മുന്നിലെത്തിച്ചു. അവന്റെ കുപ്പായങ്ങൾ അവളുടേത് കൂടെയായി. മുറിയുടെ രണ്ട് മൂലകൾ ഓഫീസ് സ്പെയ്സായി. നൈറ്റ് ഷിഫ്റ്റുകളിൽ മീറ്റിംഗുകൾ മ്യൂട്ട് ചെയ്തു വച്ച് അവർ ഇണ ചേർന്നു. പകൽ, മെഡിക്കൽ ഷോപ്പിൽ പോകാൻ മാത്രം മുഖം കെട്ടി പുറത്തേക്കിറങ്ങി.
മരുന്നു കടയുടെ വശങ്ങളിലെ അലമാരയിൽ കുഞ്ഞു പെട്ടികൾ കുറഞ്ഞു വന്നു. ഒരു ദിവസം കടക്കാരൻ തന്റെ നിസ്സഹായതയറിയിച്ചു : “ഖതം ഹോ ഗയാ സാർ “ . അതിന്റെ പിറ്റേന്നാണ്, തവളക്കുഞ്ഞുങ്ങൾ മരിച്ചു വീണ കുളത്തിന്റെ വലതു വശത്തെ ഇടവഴിയുടെ മതിലിനോട് ചേർന്ന് ശിശിരയെന്നെ പുതിയ ജീവന്റെ ആദ്യ കോശം പിറവിയെടുക്കുന്നത്.
അന്നു തന്നെയാണ്, നാട്ടിൽ നിന്നും ആ വാർത്ത തേടിയെത്തിയതും. ചെറിയമ്മക്ക് ചെറിയൊരു വിശേഷം. നാല്പത്തിയൊന്നാം വയസ്സിൽ ചെറിയച്ഛൻ മൂന്നാമതൊരാളുടെ കൂടി അച്ഛനാവാൻ പോകുന്നു!
കിഴക്കേപ്പമ്പിൽ, അവിചാരിതമായി ഇടി വെട്ടി പെയ്ത രാത്രിമഴയിൽ അസംഖ്യം കുണുകൾ മുളച്ചുപൊന്തി.***
ശിശിരയും മാതംഗിയും ഒരേ സ്കൂളിൽ ചേർന്നു. തന്റെ മകളെയും ചെറിയച്ചന്റെ മകളെയും ഋതു സ്കൂളിൽ കൊണ്ട് വിട്ടു. ആ കൊല്ലം, ആദ്യമായി ഒന്നാം ക്ലാസിന്റെ ഡിവിഷൻ ‘J’ വരെയെത്തി. മുന്നത്തെക്കൊല്ലം ഡിവിഷൻ ഫാൾ വരാതിരിക്കാൻ പിള്ളേരെത്തപ്പി വീടുകൾ കയറിയിറങ്ങിയ ടീച്ചർമാർ അന്തം വിട്ടു. പിറ്റേ കൊല്ലം, പിന്നെയും കുട്ടികളെത്തേടി ഇറങ്ങേണ്ടിവന്നു.
പത്താം ക്ലാസ് വരെയും പത്ത് ഡിവിഷനുള്ള ഒരേയൊരു ബാച്ച്, വിദ്യാർത്ഥികളുടെയിടയിൽ ചർച്ചാ വിഷയമായി. അതിന്റെ പിന്നിലെ രഹസ്യം ഒമ്പതാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിൽ നിന്നല്ലാതെ തന്നെ അവർ മനസ്സിലാക്കി.
ബാച്ചുകൾ തമ്മിലുള്ള ശീതയുദ്ധത്തിൽ, പുതിയ വാക്ശരങ്ങൾ തൊടുക്കപ്പെട്ടു:
“ കൂയ്..! കൊറോണാ ബൂമർ…..! “
“ ഓടിക്കോടീ..! “
പ്ലസ് ടു കഴിഞ്ഞ് ആർട്സ് & ലിറ്ററേച്ചർ കോഴ്സുകൾക്ക് വേണ്ടി പോര് മുറുകി. സാങ്കേതിക മേഖലയിൽ ജോലികൾ നന്നേ കുറഞ്ഞിരുന്നു. നിർമ്മിത ബുദ്ധി, പ്രവചിക്കപ്പെട്ടതിനേക്കാൾ വളരെ മടങ്ങ് ജോലികൾ സ്വയം ചെയ്തു.
ബി.എ. മലയാളം കഴിഞ്ഞ ശിശിരയും മാതംഗിയും എം.എ യ്ക്ക് അഡ്മിഷൻ കിട്ടാതെ, ഒരു ജോലിയും കിട്ടാതെ അനാഥമായി. ആ ഒരു ബാച്ചിൽ മാത്രം, മത്സരം അത്രയേറെ കടുത്തു.
അങ്ങനെയിരിക്കെയാണ്, ആഴ്ചപ്പതിപ്പിലെ കവിത എഡിറ്റ് ചെയ്യുന്ന ജോലിക്ക് സഹായിക്കാൻ എഴുത്തിൽ താത്പര്യമുളളവരെ തിരഞ്ഞ്, എഴുതിയ ഒരു കവിതയുമായി വരാൻ ഞാൻ പരസ്യം നല്കിയത്. അങ്ങനെയാണ്, എന്റെ പത്രാധിപക്കസേരയ്ക്ക് മുന്നിലെ ഒഴിഞ്ഞ മേശയ്ക്ക് മറുപുറം, ശിശിര വന്നിരിക്കുന്നത്.
“എഴുത്ത് കൊണ്ടു വന്നിട്ടുണ്ടോ?”
“ഉം.”
“ ശിശിര..” ബയോഡാറ്റയിലൂടെ കണ്ണോടിച്ചു കൊണ്ട് ഞാൻ ചോദിച്ചു. “എന്താ, ആകെ ഒരു വിഷാദം?!”
“ ഒന്നുല്ല സർ”
“ ബി.എ. മലയാളം. നല്ല മാർക്കുണ്ടല്ലോ “
“ഉം”
“ ശിശിരയുടെ അച്ഛൻ എന്തു ചെയ്യുന്നു?”
“അച്ഛനില്ല സർ. ഞാൻ സിംഗിൾ പാരന്റ് ചൈൽഡ് ആണ്. “***
ഋതു ആകെ പരിഭ്രമിച്ചു.
“ഈ മാസത്തെ Periods ആയില്ല ഇത് വരെ… ഇത്രയൊന്നും ലേറ്റാവാറില്ല… “
“ പേടിക്കേണ്ടന്നെ “
“ ഇനി പുറത്ത് പോയി വരുമ്പോ ഒരു pregnancy kit മേണിക്കണം.”
കാര്യം വെറും സംശയമായിരുന്നില്ല. ലോക്ക് ഡൗൺ കഴിഞ്ഞപ്പോഴേക്കും ആ ഫ്ലാറ്റിൽ പുതിയൊരു മനുഷ്യജീവൻ ഋതുവിൽ മുളച്ചു.
വീട്ടിൽ കല്യാണാലോചന ലോക്ക് ഡൗണിൽ എല്ലാ വീട്ടിലുമെന്ന പോലെ തുടങ്ങിയിരുന്നു.
‘ മനസ്സിൽ ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ മോളേ’ എന്ന ചോദ്യത്തിന് അവരു കേൾക്കാൻ ഇഷ്ടപ്പെടാത്ത ‘ ഉണ്ടല്ലോ’ എന്ന ഉത്തരം ആദ്യമേ നൽകിയിരുന്നു.
“നമ്മടെ കൂട്ടരാണോ?”
അവിടെ ജസ്റ്റിന്റെ ഭർത്താവുദ്യോഗ സാധ്യതകൾ അച്ഛന്റെ പരിഗണനയിൽ നിന്നും തള്ളപ്പെട്ടു കഴിഞ്ഞിരുന്നു.
അതിനും ശേഷമാണ്, ഇതൊക്കെ സംഭവിക്കുന്നതും.
“എന്തു ചെയ്യും?”
“ abortion?”
“വേണ്ട. എന്നായാലും എനിക്ക് ഒരു അമ്മയാവണം. എത്രയും വേഗം legally married ആവാം. ഇവിടെ വച്ച് തന്നെ.”
“വീട്ടുകാര് ?”
“പിന്നെ പറഞ്ഞ് മനസ്സിലാക്കാം.”
ജസ്റ്റിൻ ഒന്ന് പരുങ്ങി. പ്രതീക്ഷിക്കാതെ ഒരു ഓൺ സൈറ്റ് ഓപ്പർച്ച്യൂനിറ്റി വന്നിരിക്കുന്ന സമയമായിരുന്നു. വെറും രണ്ട് മാസത്തേക്കാണ്. പക്ഷേ മാസം ഒരു മൂന്നു ലക്ഷമെങ്കിലും കൈയിൽ തടയും. ജസ്റ്റിനും മീരക്കും മാത്രം ഓഫീസിൽ നിന്നും കിട്ടിയ അവസരം . ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ പോകേണ്ടി വരും. യാത്രാ സൗകര്യം കമ്പനി ഏർപ്പാട് ചെയ്യും. അതിനുള്ള നൂലാമാലകളുടെ കുരുക്കഴിച്ചിരിക്കുമ്പോഴാണ്, ഇങ്ങനെയൊരു കുരിശ്.
“കല്യാണം വീട്ടുകാരെ സമ്മതിപ്പിച്ച് നമുക്ക് നടത്താം, ഞാൻ തിരിച്ചു വന്ന ഉടനെ. അല്ലെങ്കിലും അത് ജസ്റ്റ് ഒരു ഫോർമാലിറ്റി മാത്രല്ലേ.. “
“ ഒമ്പത് മാസം കഴിയുമ്പോൾ ജസ്റ്റിൻ ഒരു അച്ഛനാവും.. നാട്ടുകാര് എന്തു പറയും”
“ആഹ്, പിന്നേ! നാട്ടുകാർക്ക് ബാക്കിയുള്ളവരുടെ മാസം എണ്ണലല്ലേ പണി!”
“നിനക്ക് അറിയാമ്പാടില്ലാഞ്ഞിട്ടാണ്. നാട്ടുകാർക്ക് അതു തന്നാണ് പണി…”
കാര്യങ്ങൾ ഒത്തുതീർപ്പായില്ല. ജസ്റ്റിൻ പറന്നു. പതിയെ ഉൾവലിയാൻ തുടങ്ങി.
രണ്ടു മാസം കഴിഞ്ഞപ്പോൾ തിരിച്ചെത്തിയില്ല. എന്തുകൊണ്ട് മീരയായിക്കൂട എന്ന് ആലോചിച്ചു തുടങ്ങിയിരുന്നു. ഋതു നാട്ടിലേക്ക് വന്നു. കാര്യങ്ങൾ വീട്ടിലവതരിപ്പിക്കാൻ സമയമായിരിക്കുന്നു.
അച്ഛനോട് പറയാൻ ധൈര്യം വന്നില്ല. അമ്മയോട് പറഞ്ഞു. അത് താങ്ങാൻ അമ്മയ്ക്കാവുമോ എന്നു കൂടി ആലോചിച്ചിരുന്നില്ല. ചില നേരത്ത് മനുഷ്യനാവശ്യം തലചാരാൻ ഒരു ചുമലു മാത്രാണ്. ഒന്ന് പൊട്ടിക്കരയുമ്പോൾ ചേർത്തുപിടിക്കാൻ ഒരാളു മാത്രാണ്… അമ്മ, ആ ഒരാളായിരുന്നു.
“നിനക്ക് abort ചെയ്യണോ, ചെയ്യാം; അതല്ല ആ കുട്ടിയെ വളർത്തണോ, വളർത്താം. അച്ഛനെ പതിയെ ഞാമ്പറഞ്ഞ് മനസ്സിലാക്കിക്കോളാം.. നീ ഒറ്റക്കാണെന്ന് തോന്നല്ലേ മോളേ… നിന്നെ നമ്മക്ക് ജീവനോടെ വേണം. ഇനിയും ചിരിച്ചു കാണണം; അതേ വേണ്ടൂ. നാട്ട്കാരോട് പോവാൻ പറ “
ആരൊക്കെ വന്നു പോയാലും ജീവിതത്തിൽ ഒടുക്കം സ്നേഹിക്കാനും കൂടെ നിൽക്കാനും സ്വന്തം കുടുംബം മാത്രേ ഉണ്ടാവൂന്ന് കൂടി ഈ ലോക്ഡൗൺ പഠിപ്പിച്ചു.
ജസ്റ്റിൻ പിന്നീട് തിരിച്ചു വന്നില്ല. മീര തനിച്ചു വന്നു. ചിലപ്പോഴൊക്കെ, ഈ വൈറസിനോട് ഒരു കടപ്പാട് തോന്നിപ്പോവും.
***
ആ കവിത, ഒരു ആത്മഹത്യാക്കുറിപ്പായിരുന്നു. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു:
“നിങ്ങൾക്കറിയാമോ,
ഒരോ മൂത്ത കുട്ടിയും
രണ്ടു പേർക്കിടയിലെ
കാമത്തിൽ പിണഞ്ഞ
കൈയബദ്ധമാണെന്ന്..?”
കവിത വായിച്ചു കഴിയുമ്പോഴേക്കും അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിക്കഴിഞ്ഞിരുന്നു. പുറകേ ഞാനുമെഴുന്നേറ്റ് ചെന്നു. എന്താണ് അവളെ അത്രയ്ക്ക് അലട്ടുന്നുണ്ടാവുക?
ശിശിരകാലത്തിൽ ഇലപൊഴിച്ചു നിന്ന ഒരു മരത്തിന്റെ വേരുകൾ തേടി ഞാൻ ഋതുക്കളുടെ ഉത്ഭവം മറച്ചു പിടിച്ചു മുന്നിൽ നിൽക്കുന്ന ആൾക്കൂട്ടത്തിലേക്ക് എടുത്തു ചാടി.
Name : Rohith KA
Company : TCS, Kochi
You need to login in order to like this post: click here
Ansif
Man…vere level