അനുരണനം

posted in: Short Story - Malayalam | 1

കഥ തുടങ്ങുന്നത് വളരെ കാലം മുന്നെയാണ്. എന്നാണെന്നു കൃത്യമായി ഞാനോർക്കുന്നില്ല.അന്നും ഇന്നും സൂര്യൻ വെളുത്തിട്ടാണ്, ഞാൻ കറുത്തിട്ടും. അന്നും  അദ്ധ്യാപകരുണ്ടായിരുന്നു, ഇന്നും. ഒരു ചോദ്യവും. ആ ചോദ്യം ഇന്നും എൻ്റെ ഉള്ളിലുണ്ട്.

“വലുതാകുമ്പോൾ നിനക്കാരാവണം?”

കുട്ടികൾ ഓരോരുത്തരായി എഴുന്നേറ്റു നിന്നു. അവർക്കു തെല്ലും സംശയമില്ലായിരുന്നു. അവർ ഒരേ സ്വരത്തിൽ പറഞ്ഞു,

“എനിക്ക് കോമാളിയാകണം. ചുണ്ടിൽ ഒലിച്ചിറങ്ങിയ ചുവപ്പും, കണ്ണിൽ പടർന്നു കയറിയ കറുപ്പും, നെഞ്ചിൽ ചുരുങ്ങിയമർന്ന വെളുപ്പും, മുഖത്ത് മങ്ങൽ വീണ നീലയും ചേർന്ന്, നീണ്ടു വിടർന്ന താടി തടവി, മുന്നോട്ടാഞ്ഞു നിന്ന് ചിരിക്കുന്ന, നല്ലൊരു കോമാളി.”

അദ്ധ്യാപകന്റെ മുഖത്ത് സംതൃപ്തി നിഴലിച്ചു.എന്നാലത് മാഞ്ഞത് എൻ്റെ ശബ്ദത്തോടൊപ്പമായിരുന്നു. 

“എനിക്ക് ഞാനായാൽ മതി.”

“ഞാനോ? ഞാനെന്നാൽ?”

അദ്ധ്യാപകന്റെ കണ്ണുകളിൽ തീ പടർന്നു.അതിൻറെ ചൂട് എനിക്ക് താങ്ങാനായില്ല. ഞാൻ കണ്ണുകളടച്ചു തലകുനിച്ചു നിന്നു. പേടി തോന്നിയില്ല.

എൻ്റെ താടി ഉയർത്തി അദ്ധ്യാപകൻ വീണ്ടും ചോദിച്ചു.

“ഞാനെന്നാൽ എന്താണ് ?മറ്റൊന്നിൽ നിന്നല്ലാതെ ഞാനെന്നൊന്നില്ല.”

“എനിക്കറിയില്ല.”

ഞാനാ കൈകൾ തട്ടി മാറ്റി പുറത്തേക്കോടി. ചുറ്റും കണ്ണെത്താ ദൂരത്തോളം മഞ്ഞ പുൽമേടുകളും അതിനിടയിൽ കറുത്തിരുണ്ട കണ്ടൽ കാടുകളും. ഞാൻ തെല്ലും ഭയപ്പെട്ടില്ല. എൻ്റെ കാലുകൾ ചലിച്ചുകൊണ്ടേയിരുന്നു. ഉള്ളിൽ വാശിയായിരുന്നു. സ്വപ്നമായിരുന്നു. എല്ലാർക്കും മുന്നിൽ തലയുയർത്തി നിന്നു ഉത്തരം പറയുന്ന ആ ദിവസത്തെക്കുറിച്ചുള്ള ചിന്തകൾ എൻ്റെ കാലുകളുടെ വേഗം കൂട്ടി.

അവസാനം ഞാനാ തെളിനീർ കണ്ടു.

അതിൽ പ്രതിഫലിക്കുന്ന എൻ്റെ മുഖവും.

ഞാൻ ചിരിച്ചു. അട്ടഹസിച്ചു.

“ഇതാണ്. ഇതാണ് എൻ്റെ ഉത്തരം. ഇതാണ് ഞാൻ.”

ഞാൻ നൃത്തം തുടങ്ങി.

ആദ്യമായി ബീജമേറ്റു വാങ്ങിയ ശ്വാനനെ പോലെ വെകിളി പൂണ്ടു കിടന്നു വട്ടം കറങ്ങി.

കുരച്ചു.

ഓരിയിട്ടു.

എന്നാൽ പതിയെ എന്തോ എന്നെ വരിഞ്ഞു മുറുക്കി. ശ്വാസം മുട്ടിച്ചു.

ഞാൻ ബന്ധിതനാണ്.

തൂണിലോ കുരിശിലോ, കയ്യിലും കാലിലും ആണികൾ തറച്ചു ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു. തലയിൽ മുൾക്കിരീടവുമുണ്ട്.

ഇനി ഞാനാണോ ക്രിസ്തു!

അല്ല. 

കൈയിൽ രക്തം തളം കെട്ടിയിട്ടില്ല. 

നഗ്നനല്ല.

വേദനയില്ല.

അല്ല.

വേദനയുണ്ട്. അതുള്ളിലെവിടെയോ ഒളിച്ചിരിക്കുവാണ്.

ഞാൻ ക്രിസ്തുവല്ല.

പാടത്തു നാട്ടിയ ഒരു കോലം മാത്രം.

ഞാനാർക്കും വഴി കാട്ടുന്നില്ല. ആരെയൊക്കെയോ അകറ്റി നിർത്താൻ മാത്രം ഉണ്ടായ എന്തോ ഒന്നാണ് ഞാൻ. അസ്തിത്വം ഇല്ലാത്ത എന്തോ ഒന്ന്.

അവർ എന്നെ വരിഞ്ഞു കെട്ടി, അതികായനായ ആ കോമാളിയുടെ മുന്നിൽ വിചാരണയ്ക്ക് വെച്ചു.

കോമാളി എൻ്റെ അടുത്തുവന്നിരുന്നു. എൻ്റെ മുഖത്തേക്ക് തുറിച്ചു നോക്കി. പരിഹാസത്തോടെ പല്ലിളിച്ചു.എൻ്റെ കൺപീലികൾ ഓരോന്നോരോന്നായി അയാൾ പറിച്ചെടുത്തു.

“നിന്റെ കണ്ണുകൾ അടയരുത്. നീ സ്വപ്‌നങ്ങൾ കാണരുത്. സ്വപ്‌നങ്ങൾ വിപ്ലവകാരികളെ ഉണ്ടാക്കും. അത് വേണ്ട.”

ഇത്രയും പറഞ്ഞയാൾ എൻ്റെ വാ വലിച്ചു തുറന്നു, എന്നിട്ടതിലേക്കു പുച്ഛവും അമർഷവും കലർത്തി കാർക്കിച്ചു തുപ്പി. കഫവും രക്തവും കലർന്ന ആ തുപ്പലിൻറെ രുചി ഞാൻ നുണഞ്ഞു തുടങ്ങുമ്പോഴേക്കും അയാളെന്നെ അടിച്ചു വീഴ്ത്തി. ഞാൻ ബോധരഹിതനായി നിലം പതിച്ചു.

കണ്ണ് തുറക്കുമ്പോൾ ഞാനൊരു ഇരുണ്ട മുറിയിലാണ്. കയറിനാൽ എന്നെ ഒരു കമ്പിയോട് ചേർത്ത് ബന്ധിച്ചിട്ടുണ്ട്. ഞാൻ നിൽക്കുകയാണ്. എന്നാലെനിക്കു അനങ്ങാൻ കഴിയുന്നില്ല. എൻ്റെ തോളെല്ലുകളും കാൽമുട്ടുകളും ഒടിഞ്ഞു വലിയുംപോലെ തോന്നി. എൻ്റെ നാവുകൾ താടിയെല്ലുതുരക്കുമാറ് ആണിയടിച്ചുറപ്പിച്ചിരിക്കുന്നു. അതിൽ ഇതുവരെ രക്തം കട്ടപിടിച്ചിട്ടില്ല.

വേദന കൊണ്ട് ഞാൻ അലറിക്കരഞ്ഞു. അത് കേട്ടിട്ടാവണം ഒരു മെഴുതിരി നാളത്തിന്റെ വെളിച്ചത്തിൽ കോമാളി എൻ്റെ മുന്നിൽ വീണ്ടുമെത്തി. ദേഷ്യവും സങ്കടവും താങ്ങാനാകാതെ ഞാനലറി. നാവിൽ നിന്നും രക്തം തെറിച്ചു കോമാളിയുടെ മുഖത്ത് വീണു. കോമാളി തൻ്റെ നാവു കൊണ്ട് ആ രക്തം നക്കിയെടുത്തു കുടിച്ചിറക്കി. എന്നിട്ടെന്നെ നോക്കി പുഞ്ചിരിച്ചു. തൻ്റെ കയ്യിൽ പൊതിഞ്ഞു വെച്ചിരുന്ന കാഞ്ഞിരത്തിൻ്റെ വിത്ത് അയാളെന്റെ വായിൽ നിക്ഷേപിച്ചു. നാക്കുകൾ അനങ്ങാത്തതിനാൽ അതവിടെ തന്നെ കിടന്നു. അയാൾ തൻ്റെ രക്തം പുരണ്ട തുപ്പൽ എൻ്റെ വായിലേക്ക് തുപ്പി. ആ തുപ്പലിൽ ആ വിത്ത് എൻ്റെ ഉള്ളിലേക്ക് വഴുതി ഇറങ്ങി. കൈയിലെ മെഴുതിരി നാളം അയാൾ ഊതി കെടുത്തി. ദൂരെയെവിടെയോ ഒരു കതകടയുന്ന ശബ്ദം ഞാൻ കേട്ടു.

കാലമെത്ര മാറിയെന്നെനിക്കറിയില്ല.

വായിൽ നട്ട കാഞ്ഞിരം വളർന്നു വലുതായി. രക്തത്തിന്റെയും കഫത്തിന്റെയും രുചി ഞാനിന്നിഷ്ടപെട്ടു തുടങ്ങി.ഇടയ്ക്കിടയ്ക്ക് വരുന്ന കോമാളി എൻ്റെ മുതുകിലെ തൂവൽ ഓരോന്നായി അരിഞ്ഞെടുത്തു പുഞ്ചിരി തൂകി.

ഇപ്പോൾ വേദനയില്ല. ഒരു മരവിപ്പ് മാത്രം.

ഇപ്പോൾ ഞാനീ ഇരുട്ടിനെ ഇഷ്ടപ്പെട്ടു തുടങ്ങി. ഇപ്പോൾ മെഴുതിരി നാളമില്ലാതെ എനിക്കാ കോമാളിയെ കാണാം. ദൂരെയായി നേർത്ത മങ്ങലിൽ  ഒരു വാതിലും. പക്ഷെ രക്ഷപ്പെടാനോ ആക്രമിക്കാനോ ഞാനിപ്പോൾ ശ്രമിക്കാറില്ല. കാഞ്ഞിരമരത്തിന്റെ ഭാരം കൂടി കൂടി വന്നു. എൻ്റെ തല താഴ്ന്നു തുടങ്ങി. ശരീരത്തിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. അവയിൽ പുഴുക്കൾ ഇഴഞ്ഞു നീങ്ങുന്നത് എനിക്ക് അറിയാം. ഞാനവയെയും ശല്യപ്പെടുത്താൻ മുതിർന്നില്ല.

ഞാൻ മയങ്ങി. കണ്ണുകൾ തുറന്നു വെച്ചു , എല്ലാം കണ്ടുകൊണ്ടു ഞാൻ മയങ്ങി.

കുറെ നേരമായി ഞാൻ കേൾക്കുന്നെങ്കിലും ആ ശബ്ദം ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ഇപ്പോഴാണ്. ഒരു എലി കരളുന്ന ശബ്ദമാണ്. എൻ്റെ കൈയിൽ കെട്ടിയിരിക്കുന്ന കയറാണ് അവന്റെ ലക്‌ഷ്യം. ഞാൻ നിശബ്ദനായി അനങ്ങാതെ ഇരുന്നു. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ അവനെൻറെ കൈയിലെ കയറു രണ്ടായി മുറിച്ചു. എന്നാലും എൻ്റെ കൈകൾ സ്വതന്ത്രമായെന്നു തിരിച്ചറിയാൻ  സമയമെടുത്തു. ഞാൻ എന്നെ കെട്ടിയിരുന്ന കയറു വലിച്ചൂരി, വായിലെ കാഞ്ഞിര മരം പിഴുതെടുത്തു, കൂടെ തുരുമ്പു പിടിച്ച കുറെ ഇരുമ്പാണികളും. തുറന്നുവെച്ച വായിൽ നിറഞ്ഞു തൂകിയ രക്തം ഞാൻ കുടിച്ചിറക്കി. തലയിലേക്കിരച്ചു കയറിയ വേദന ഞാൻ ആസ്വദിച്ചു.

ഇതൊക്കെ കണ്ടു അമ്പരന്നു മാറി നിൽക്കുകയായിരുന്നു എന്നെ മോചിപ്പിച്ച ആ എലി. നിറഞ്ഞ കണ്ണുകളോടെ ഞാനതിനെ എൻ്റെ കൈകുമ്പിളിൽ ഒതുക്കി. നിമിഷനേരം കൊണ്ട് അതിൻറെ തല ഞാൻ ചവച്ചു തുപ്പി.ആ ചെറു തലയോട്ടിക്കും മജ്ജയ്ക്കും രക്തത്തിനും വല്ലാത്ത രുചി.

പെട്ടെന്ന് കതകു തുറക്കപ്പെട്ടു. കോമാളി എൻ്റെ നേരെ അലറിക്കൊണ്ടോടിയടുത്തു. ഒരു നിശ്വാസനേരം കൊണ്ട് ഞാനാ കോമാളിയുടെ മൂക്കിൽ വിരലുകൾ കയറ്റി പല്ലുകൾ പിഴുതെടുത്തു. എൻ്റെ കരങ്ങൾക്ക് കൂടുതൽ കരുത്തു കിട്ടിയതായി  തോന്നി. അതോ കാലം കോമാളിയെ ക്ഷയിപ്പിച്ചതാകുമോ! ഇളകിമാറിയ കണ്ണുകൾ താങ്ങി, ഒരലർച്ചയോടെ, കോമാളി താഴെ വീണു. തുറന്നു കിടന്ന വാതിലിലൂടെ ഞാൻ പുറത്തേക്കോടി.

സൂര്യൻ ചുവന്നിരിക്കുന്നു. നദികൾ വീണ്ടും കറുത്തു തന്നെ. തെളിനീരൊട്ടുമേ ഇല്ല. ഞാനലറിവിളിച്ചു എങ്ങോട്ടെന്നില്ലാതെ ഓടി. ഇടയിലെവിടെയോ തെന്നി വീണു. കിതച്ചുകൊണ്ട് ഞാൻ വീണ്ടു എഴുന്നേറ്റു. മുന്നിലെ ചേമ്പിലയിൽ തങ്ങിനിന്ന തെളിനീരിൽ ഞാൻ വീണ്ടും ആ കോമാളിയെ കണ്ടു. ഭയന്ന് കുതറിയോടാൻ ശ്രമിച്ച ഞാൻ ഒന്ന് നിന്നു. വീണ്ടും ചേമ്പിലയിലെ ആ തെളിനീരിലേക്കു നോക്കി. ഇത് കോമാളിയല്ല. ഞാൻ തന്നെ.

ഞാനല്ല.

ഇത് ഞാനല്ല.

കോമാളി.

അദ്ധ്യാപകരുടെ മുഖത്ത് സംതൃപ്തി നിറഞ്ഞ ചിരി വിടർന്നു. അവർ ഓരോ കോമാളികളെയായി നിരത്തി നിർത്തി.

പഠനം തുടർന്നു.

Name : Vishnulal Sudha

Company : ENVESTNET,Trivandrum

Click Here To Login | Register Now

  1. Vinod

    വിഷ്ണു ഞാൻ ഇത് വായിച്ചത് Tea Break സമയത്താണ് അത് കൊണ്ട് തന്നെ ആ Tea യുടെ കൂടെ സ്വാധിഷ്ടമായ ഒരു കഥ

Leave a Reply

Your email address will not be published. Required fields are marked *