രാക്ഷസൻ

posted in: Short Story - Malayalam | 1

ഈ വ്രണങ്ങൾ ഇനി ഉണങ്ങില്ല. ഈ രോഗ ശയ്യയിൽ നിന്നും ഞാൻ എഴുന്നേൽക്കില്ല. നിസ്സഹായനായി അതികഠിനമായ വേദനയും സഹിച്ചുകൊണ്ട് വീടിന്റെ മേൽ തട്ടിൽ നോക്കി ഇങ്ങനെ കിടക്കുമ്പോൾ പണ്ടെപ്പോഴോ മുത്തശ്ശി പറഞ്ഞു തന്ന രാക്ഷസന്റെ കഥ ഓർമ വരുന്നു. കുട്ടികാലത്ത് എന്നെ ഒരുപാട് ഭയപ്പെടുത്തിയിരുന്ന കഥ.  ലോകമെന്നോ, നാടെന്നോ, രാജ്യമെന്നോ, തീരെ ഓർമ കിട്ടുന്നില്ല കഥ നടക്കുന്ന സ്ഥലത്തെ മുത്തശ്ശി എന്തു പേരിലാണ് വിളിച്ചതെന്ന്. ഏതായാലും അവിടെ ഒരുപാടു മനുഷ്യർ  ഉണ്ടായിരുന്നു. ഒരുപാട് മൃഗങ്ങളും. ഒത്തൊരുമയോട് കൂടിയും, അല്ലാതെയും അവർ അങ്ങനെ ജീവിച്ചു പോന്നു. സ്വന്തം അധ്വാനത്തിന്റെ ഫലമായി അവർ തന്നെ തീർത്ത ഒരു വല്യ സാമ്രാജ്യം തന്നെയായിരുന്നു അത്. അവരെ വെല്ലുവിളിക്കുവാൻ ആ ലോകത്തു വേറൊരു ശക്തി ഉണ്ടായിരുന്നില്ല. അഹങ്കാരത്തോടെ, അധികാരത്തിൽ ഉന്മത്തരായി അവർ അങ്ങനെ ജീവിച്ചു പോരുന്ന സമയത്താണ് ഏവരെയും ഭയപ്പെടുത്തികൊണ്ട് ഒരു രാക്ഷസൻ ആ ലോകത്തേക്ക് കടന്ന് വരുന്നത്. ഭീകരരൂപിയായ ആ രാക്ഷസൻ മൃഗങ്ങളെ ഒന്നൊന്നായി കൊന്ന് തിന്നു. ഭയപ്പാടിൽ എന്ത് ചെയ്യണമെന്നറിയാതെ ഏവരും അങ്ങും ഇങ്ങും ഓടി. മൃഗങ്ങളെ തിന്ന് വിശപ്പ് അടങ്ങാതെ  അത് മനുഷ്യരെ തിന്നുവാൻ തുടങ്ങി. ഓരോ മനുഷ്യരായി രാക്ഷസനു കീഴടങ്ങികൊണ്ടിരുന്നു. അതിശക്തനായ രാക്ഷസനെ എതിർക്കുക എന്നത് അസാധ്യമായ കാര്യമാണ്. മനുഷ്യർ കൂട്ടമായി തങ്ങളുടെ ഒളിത്താവളങ്ങളിൽ അഭയം തേടി. ഇന്നല്ലെങ്കിൽ നാളെ ഈ ഒളിത്താവളങ്ങളിലേക്കും രാക്ഷസൻ എത്തിച്ചേരുമെന്ന് അവർക്ക് അറിയാമായിരുന്നു. അവർ കൂട്ടമായി ഇരുന്ന് രാക്ഷസനെ എതിർക്കുവാൻ ഉള്ള വഴികൾ ആലോചിച്ചു. ശക്തിയിലും ധൈര്യത്തിലും മുൻപന്തിയിൽ ഉള്ള ഒരു വിഭാഗം  മനുഷ്യർ ആ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായി. യുദ്ധ സജ്ജരായി അവർ ഒളിത്താവളം വിട്ടിറങ്ങി. രാക്ഷസനെതിരെ യുദ്ധം ചെയ്തു. ഒരുപാട് യോദ്ധാക്കൾ മരിച്ചു വീണു. എങ്കിലും കൂട്ടമായ ശ്രമത്തിനൊടുവിൽ അവർ രാക്ഷസനെ വകവരുത്തി.            കാര്യങ്ങൾ വീണ്ടും പഴയത് പോലെ ആയി. ഭയപ്പാട് മാറി അവർ സമാധാനത്തോട് കൂടി ജീവിച്ചു തുടങ്ങി. കാലം കുറച്ച് കടന്നുപോയി. അവരുടെ ജീവിതശൈലിയിലും, ചിന്തകളിലും വല്യ മാറ്റം സംഭവിച്ചു. അങ്ങനിരിക്കെ വീണ്ടും ഒരു രാക്ഷസൻ അവരുടെ ഇടയിലേക്ക് കടന്ന് വന്നു. ആദ്യം വന്നതിനേക്കാൾ ശക്തൻ ആയിരുന്നു രണ്ടാമത് വന്നത്. ആദ്യം വന്ന രാക്ഷസനെ വകവരുത്തിയ ആത്മവിശ്വാസത്തിൽ ഇപ്പോൾ വന്ന രാക്ഷസനെതിരെയും യോദ്ധാക്കൾ യുദ്ധം ചെയ്തു തുടങ്ങി. രാക്ഷസന്റെ ശക്തിക്കു മുന്നിൽ യോദ്ധാക്കൾ ദയനീയമായി പരാജയപ്പെട്ടു. യോദ്ധാക്കളെ ഓരോരുത്തരെയായി രാക്ഷസൻ കൊന്നു തിന്ന് കൊണ്ടിരുന്നു. എതിർത്തു നിൽകുവാൻ കെൽപ്പില്ല എന്നറിഞ്ഞു തുടങ്ങിയപ്പോൾ അവശേഷിച്ച യോദ്ധാക്കളും ബാക്കി എല്ലാ മനുഷ്യരും വീണ്ടും ഒളിത്താവളങ്ങളിൽ അഭയം തേടി. ശക്തനായ ഈ രാക്ഷസനെ ശക്തി കൊണ്ട് നേരിടുവാൻ സാധിക്കില്ല എന്നവർക്കു ബോധ്യമായി. കൂട്ടത്തിൽ ബുദ്ധിമാൻമാരായ മനുഷ്യർ യോദ്ധാക്കൾക്ക്‌ പുതിയ യുദ്ധമുറകൾ ഉപദേശിച്ചു. ശക്തിയും ബുദ്ധിയും ഒന്ന് ചേർന്നാൽ മാത്രമേ രാക്ഷസനെ വകവരുത്തുവാൻ സാധിക്കൂ എന്നവർക്ക്‌ മനസിലായി. ശക്തരായ യോദ്ധാക്കളുടെ ഒരു വിഭാഗം ഉടലെടുത്തു, അവർക്കു ബുദ്ധി ഉപദേശിക്കുവനായി അതിബുദ്ധിമാൻമാരുടെ ഒരു വിഭാഗവും. ഇവർ രണ്ടു കൂട്ടരുടെയും കൂട്ടായ പരിശ്രമം കൊണ്ട് നിഷ്പ്രയാസം തന്നെ രാക്ഷസനെ അവർ കീഴടക്കി.                     പിന്നീടുള്ള കാലങ്ങളിൽ പലപ്പോഴായി പല പല രാക്ഷസൻമാർ വന്നു. കുറേയേറെ മൃഗങ്ങളെയും മനുഷ്യരെയും അവർ കൊന്നു. എങ്കിലും ബുദ്ധിമാൻമാരും യോദ്ധാക്കളും ചേർന്ന് രാക്ഷസൻമാരെ വകവരുത്തികൊണ്ടിരുന്നു. രാക്ഷസൻമാരുടെ വരവും പോക്കും മനുഷ്യരിൽ ഭയമില്ലാത്ത ഒരു കാര്യമായി മാറി. അത്രമേൽ അവർ ബുദ്ധിമാൻമാരുടെയും യോദ്ധാക്കളുടെയും കഴിവിൽ വിശ്വസിച്ചു. അങ്ങനിരിക്കെ ഇതുവരെ വന്നതിൽ വച്ച് ഏറ്റവും ശക്തനായ ഒരു രാക്ഷസൻ അവർക്കിടയിലേക്ക്  കടന്ന് വന്നു. പതിവിൽ നിന്ന് വ്യത്യസ്ഥമായി അത് ആദ്യം തന്നെ ബുദ്ധിമാൻ മാരുടെ കൂട്ടത്തെ കൊന്ന് തിന്നു. ബുദ്ധിമാൻമാർ ഇല്ലാതെ യോദ്ധാക്കളുടെ ശക്തി ചോർന്നു. അങ്ങനെ അവരും നിഷ്പ്രയാസം കീഴടങ്ങി. പിന്നീട് മൃഗങ്ങളെയും മനുഷ്യരെയും ഒന്നൊന്നായി തിന്നു തുടങ്ങി. അധികം വൈകാതെ ആ ലോകത്തുണ്ടായിരുന്ന എല്ലാ മനുഷ്യരെയും രാക്ഷസൻ കൊന്ന് തിന്നു. അഹങ്കാരത്തോടെ മനുഷ്യൻ കെട്ടിപൊക്കിയ ആ സാമ്രാജ്യത്തിൽ അന്ന് മുതൽ അലയടിച്ചത് ആ രാക്ഷസന്റെ അട്ടഹാസം മാത്രം.          ഇന്ന് ഈ മരണശയ്യയിൽ കിടക്കുമ്പോൾ, എന്നെ ഒരുപാട് ഭയപ്പെടുത്തിയിരുന്ന ആ മുത്തശ്ശികഥ സത്യമെന്ന് ഞാൻ അറിയുന്നു. എന്റെ സങ്കൽപ്പത്തിലേതു പോലെ ചില്ലി തെങ്ങിന്റെ ഉയരമുള്ളതോ, ഭീകര സത്വമായതോ അല്ല രാക്ഷസൻ. ഞാൻ ഉൾപ്പെടുന്ന മനുഷ്യവർഗത്തിന്റെ സാമാന്യ കാഴ്ച്ചകൾക്ക് എത്തി പിടിക്കുവാനാവാത്ത, മുൻപേതോ ബുദ്ധിമാൻ “വൈറസ്” എന്നു പേരിട്ടു വിളിച്ച ഈ രാക്ഷസന്റെ ഭീകര കരങ്ങളിൽ അകപ്പെട്ട  ഒരു  മനുഷ്യൻ ആണ് ഞാൻ എന്ന സത്യം ഇന്ന് തിരിച്ചറിയുന്നു. ഇവിടെ ഞാൻ കേൾക്കുന്നത് ആ രാക്ഷസന്റെ അട്ടഹാസം മാത്രം. 

Name : .Akhil Ponnappan

Company : Guidehouse Ind pvt ltd

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *