ചുറ്റും ഇരുട്ടാണ്. പക്ഷേ എനിക്ക് എല്ലാം കാണാം. എവിടെ ചിന്നൂം അമ്മേം. വേറെ കൊറേ ആൾക്കാർ ഒക്കെ ഉണ്ട്, ചിലരെ ഇവിടെ ഇതിന് മുമ്പ് കണ്ടിട്ടില്ല. ആരാണാവോ ഇവർ. എല്ലാവരും തിരക്കിട്ട് എന്തൊക്കെയോ ചെയ്യുന്നു, ഓടുന്നു, ഉറക്കെ സംസാരിക്കുന്നു. ഞാൻ മിണ്ടാതെ കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു, അവർക്ക് ഇനി ഞാൻ ഒരു ശല്യം ആവണ്ട.
എന്റെ അമ്മ മരിച്ചേപ്പിന്നെയാ ഞാൻ ഇവിടെ വന്നെ. വന്നതല്ല, ചിന്നൂന്റെ അമ്മ കൂട്ടിക്കൊണ്ട് പോന്നതാ. അന്ന് ചിന്നു ചെറിയ കുഞ്ഞാണ്. ബാക്കി എല്ലാരും കുട്ടായീന്ന് എന്നെ വിളിക്കുമ്പോ അവൾക്ക് മാത്രം ഞാൻ കുറ്റായി ആണ്. എന്ത് വിളിച്ചാലും എനിക്ക് സന്തോഷം തന്നെ. ഞാൻ ഓടിച്ചെല്ലും. അവളും തുള്ളിച്ചാടും. വലുതായപ്പോ പിന്നെ അവൾക്ക് ഞാൻ വേണം കൂട്ടിന്, എവിടെ പോവാനും. ചിന്നൂന്റെ അച്ഛന് എന്നെ എത്ര ബോധ്യം അല്ല. നല്ല തല്ലും കിട്ടാറുണ്ട് ഇടയ്ക്ക്, വിളിക്കാതെ വീട്ടിൽ കേറിയാൽ. പുറത്തെ വരാന്തയിൽ ആയിരുന്നു മിക്കപ്പോഴും എന്റെ ഭക്ഷണവും കെടപ്പും. എന്തൊക്കെ ആയാലും എന്റെ സ്വർഗ്ഗം ഇവിടെയാണ്.
രാവിലെ മുഴുവൻ കെടന്നു ഒറങ്ങുന്നോണ്ട് രാത്രി എനിക്ക് ഉറക്കം കുറവാ. അവിടെയും ഇവിടെയും കറങ്ങി നടക്കും. ഇന്ന് കുറച്ച് ദൂരെ പോയതാ. പേടിപ്പിക്കുന്ന ഒരു ഒച്ച കേട്ട് ഓടി വന്നപ്പോ ഇവിടെ മൊത്തം ചെളിയും കല്ലും മണ്ണും. വീട് കണ്ട് പിടിക്കാൻ പറ്റുന്നില്ല. നശിച്ച മഴയും കാറ്റും. കൊറേ കരഞ്ഞു വിളിച്ചു, എങ്ങോട്ടെന്നില്ലാതെ ഓടി, എല്ലായിടത്തും നോക്കി. വിശന്നു തളർന്നു പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി. ഇപ്പൊ ഉണർന്നപ്പോ ചുറ്റും ആളുകളും.
പെട്ടെന്ന് ആരോ വന്ന് എന്നെ ചുറ്റിപ്പിടിച്ച് വാരിയെടുത്തു, പൊട്ടിക്കരഞ്ഞു.
ചിന്നൂന്റെ അച്ഛൻ !!
ആദ്യമായിട്ടാണ് ഇങ്ങനെ.
എന്നെ താഴെ നിർത്തിയിട്ട് കൂടെ ഇരുന്നു. എന്തൊക്കെയോ പറയുന്നുണ്ട്, കരയുന്നുണ്ട്.
ചിന്നൂം അമ്മേം എവിടെപ്പോയി. എപ്പോ വരും.
എനിക്കും സങ്കടം വരുന്നുണ്ട്, വെപ്രാളവും. പക്ഷേ ഞാൻ കുരച്ചില്ല, വെറുതെ നിന്നു. ചേർന്ന് നിന്നു.
തോട്ടത്തിനിപ്പോ തേയിലയുടെ മണമല്ല.
ഉള്ളാകെ തണുപ്പ്.
കാഴ്ച്ച മങ്ങുന്നു.
നഷ്ടപെട്ട സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും എന്റെ കണ്ണീർപ്പൂക്കൾ.
Name : Divek Bhuvanendran
Company : UST Trivandrum
Leave a Reply