അലാറം തുടർച്ചയായി അടിച്ചെങ്കിലും രവി ബെഡ്ഡിൽ നിന്ന് അനങ്ങിയില്ല. കഴിഞ്ഞ രാത്രി കണ്ട ഇന്ത്യാ പാക്കിസ്ഥാൻ വേൾഡ് കപ്പ് മാച്ചിന്റെ ഓർമ്മകളിൽ ചുരുണ്ട് കൂടി കിടന്നു. കട്ടിലിനോട് ചേർന്ന മേശയിൽ ഇരുന്ന റിമോട്ട് എടുത്ത് എ.സി. ഓഫാക്കി വീണ്ടും പുതച്ച് മൂടി. ഭാര്യ ഹേമ ഓഫീസിൽ പോകാൻ സമയമായി എന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
“ചേട്ടാ. എന്നും ലേറ്റ് ആയി പോയി ബോസിന്റെ ചീത്ത മേടിക്കുന്നത് എന്തിനാ.”
ക്ളോക്കിലെ സമയം കണ്ട് അയാൾ അതിലേക്ക് ആവർത്തിച്ച് നോക്കി.
“എന്നെ വിളിക്കാമായിരുന്നില്ലേ.”
“എത്ര തവണ വിളിച്ചു.”
“ഇനിയിപ്പോ പോയാ തെറി കേക്കും. ലീവാക്കാം. അല്ലെങ്കിലും എനിക്ക് സുഖമില്ല.”
അയാൾ മൊബൈൽ എടുത്ത് നെറ്റ് ഓണാക്കി. വാട്സ്ആപ്പിൽ വന്ന മെസേജുകൾ നോക്കി. ഫേസ്ബുക്ക് ലൈക്കുകളും കമന്റുകളും പരിശോധിച്ചു.
“ചേട്ടാ. മുഴുവൻ സമയവും സോഷ്യൽ മീഡിയയിൽ തന്നെ ആണല്ലോ. ഒരു തരം ഒബ്സഷൻ.”
അയാൾ അത് ഗൗനിക്കാതെ അവളെ കെട്ടിപ്പിടിച്ചു.
“ഒരു ഒബ്സഷനും ഇല്ല. നീ ആണെനിക്ക് ഒബ്സഷൻ.”
“ജോലിക്ക് പോകാതെ ടിവിയും മൊബൈലും കമ്പ്യൂട്ടറും നോക്കിയിരുന്നാ. അധികം നാള് നെല നിന്ന് പോവാൻ കഴിയോ.”
“അതൊക്കെ പോട്ടെ. ജീവിക്കാൻ എന്തെങ്കിലും ചെയ്താ പോരെ. കാർന്നോരായിട്ട് വീടും പറമ്പും ഉണ്ടാക്കി ഇട്ടിട്ടുണ്ട്.”
അയാൾ മൊബൈലിൽ പാട്ട് വച്ചു.
“ദേഖാ ഏക് ഖ്വാബ് തോ യെ സിൽസിലെ ഹുവേ…”
ഹേമ അടുക്കളയിലേക്ക് പോയി ദോശ ചുടാൻ തുടങ്ങി. മാവ് ചട്ടിയിൽ ഒഴിച്ച് ദോശ മൊരിയുന്നത് കാത്ത് നിൽക്കവേ അടുത്ത പാട്ട് ഒഴുകി. തേങ്ങ ചിരകാൻ ചിരവ എടുത്തപ്പോൾ രവി മൊബൈലുമായി വന്നു. ഉച്ചത്തിലുള്ള ശബ്ദം. ഹേമ ശബ്ദം കുറയ്ക്കാൻ സൂചിപ്പിച്ചതും അയാൾ പാട്ട് ഓഫാക്കി.
“ഇന്ന് വേൾഡ് കപ്പിന്റെ കോർട്ടർ ഫൈനലാ. ഇതിൽ ജയിക്കുന്ന ടീമാ ഇന്ത്യേടെ കൂടെ കളിക്കാ. ഓസ്ട്രേലിയയോ ശ്രീലങ്കയോ. ശ്രീലങ്ക ജയിച്ചാ ഇന്ത്യക്ക് ഗുണം ചെയ്യും. ഇപ്പൊ അവര് മോശം ടീമാ.”
ഹേമ വർത്തമാനം ശ്രദ്ധിക്കാതെ ദോശ ചുട്ടുക്കൊണ്ടിരുന്നു. കാസറോളിന്റെ അറ്റം മുട്ടിയപ്പോൾ ഗ്യാസ് ഓഫാക്കി.
“അവർക്കൊക്കെ കളിക്കുന്നതിന് കാശ് കിട്ടണുണ്ട്. അതവരുടെ ജോലിയാ. രാവിലെ മുതൽ വൈന്നേരം വരെ ഇത് നോക്കിയിരുന്നാ ചേട്ടന്റെ വീട്ടില് അടപ്പ് പോകയോ.”
“ഛെ. നിനക്ക് സ്പോർട്ട്മാൻ സ്പിരിറ്റില്ല. ഇന്ത്യ ഇപ്രാവശ്യം ജയിക്കാൻ പ്രാർത്ഥിക്ക്. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്ന് ഓർമ്മ വരുന്നു.”
ഇത് പ്രാന്ത് തന്നെയെന്ന് പിറുപിറുത്ത് ദോശ കഴിക്കാൻ വച്ച് കൊടുത്ത ശേഷം അവൾ ചട്ടിണിയൊഴിച്ചു.
“ജോലിയും തൊഴിലും ഒന്നും ഇല്ലെങ്കില് പിള്ളേര് തന്നെ വെറുക്കും.”
മൊബൈലിൽ ബോസിന്റെ നമ്പർ തെളിഞ്ഞു.
“സാർ. ഇന്ന് നല്ല സുഖമില്ല. കഴുത്ത് വേദന.”
“അതില്ലാത്ത ദിവസം ഇല്ലല്ലോ. ക്ലയന്റിന് ഇന്നാണ് മെയിൽ അയക്കണ്ട ദിവസം. അത് ഇനി വേറെ ആരോടെങ്കിലും പറയാം.”
മൊബൈൽ കട്ടായതും ഹേമ അയാളെ രൂക്ഷമായി നോക്കി. ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല.
“എന്നാ പിന്നെ ഈ ജോലി രാജി വെച്ചൂടെ. എന്താ ചേട്ടന്റെ പ്രശ്നം?”
“ടെൻഷൻ. എന്തോ അലട്ടുന്നു. ശരീരത്തിന് ഇപ്പോഴും വേദന.”
“ഡോക്ടറെ കണ്ടപ്പോ ശാരീരിക അസുഖങ്ങൾ ഇല്ലാന്ന് പറഞ്ഞല്ലോ. ഇത് മാനസിക പ്രോബ്ളാ.”
“എനിക്കോ. നെവർ.”
ഹേമ അൽപനേരം കഴിഞ്ഞപ്പോൾ കൂട്ടുകാരി സോണിയയെമൊബൈലിൽ വിളിച്ചു.
“ഞാൻ പറഞ്ഞില്ലേ. ചേട്ടൻ ഇപ്പോഴും പഴയ പോലെ തന്നെ. നീ പറഞ്ഞ ആ തെറാപ്പി പ്രയോഗിച്ചാലോ.”
“എല്ലാ ടെൻഷനും പോവും. എന്റെ ചേട്ടൻ പരീക്ഷിച്ചതാ. സൈക്കോളജിസ്റ്റാ ഇത് പറഞ്ഞത്. വലിയ മാനസിക രോഗങ്ങൾക്ക് പോലും ഈ ട്രീറ്റ്മെന്റ് ചെയ്യാറുണ്ടത്രെ. നോർവേ പോലെയുള്ള രാജ്യങ്ങളിൽ ഇതിന്റെ വൻഗവേഷണം നടക്കുന്നുണ്ട് പോലും.”
“പ്ളേസ്റ്റോർ ലിങ്ക് എനിക്ക് അയച്ച് താ.”
ഹേമ ആപ്പ് ഇൻസ്റ്റാൾ ചെയ്തു.
നേച്ചർ മ്യൂസിക്ക് തെറാപ്പി ആപ്പ്.
ആപ്പ് ഓണാക്കി. പല ഓപ്ഷനുകൾ. പ്രകൃതിയിലെ ശബ്ദങ്ങളാണ് മുഴുവനും. അടിച്ച് ഉയരുന്ന തിരമാലകളുടെ. ഒഴുകുന്ന അരുവിയുടെ. അടിച്ച് വീശുന്ന കൊടുങ്കാറ്റിന്റെ. പ്രകമ്പനം കൊള്ളിക്കുന്ന ഇടിവെട്ടിന്റെ. ഓരോന്നും സശ്രദ്ധം കേട്ടു. ചെവികൾക്ക് ആനന്ദം പകരുന്ന അനുഭവം. രോമാഞ്ചമുണർത്തുന്ന പ്രകൃതിതാളത്തിന്റെ ഒരു കണ്ണിയായി അവൾ ബെഡ്ഡിൽ കിടന്നു. മനസ്സിൽ തണുപ്പ് പൊതിഞ്ഞു. ശാന്തം.
അവൾ ലിങ്ക് ചേട്ടന് ഫോർവേഡ് ചെയ്തു. ഇരട്ട ടിക്കുകൾ ശ്യാമവർണ്ണമായി തെളിഞ്ഞു.
അയാൾ അപ്പുറത്തെ മുറിയിൽ നിന്നും വോയ്സ് ക്ലിപ്പിട്ടു.
“ഇത് ന്താ സംഗതി. പഴേ ഹിന്ദി പാട്ട് ഒന്നും ഈ കുന്തത്തി വരണില്ലല്ലോ.”
“വോയ്സ് ക്ലിപ്പിടാതെ ഇങ്ങട് വാ. അപ്പുറത്തെ റൂമീന്ന് വരാൻ ന്താ പണി?”
അയാൾ മുറിയിൽ എത്തി അവളുടെ മടിയിൽ തല വച്ച് ആപ്പിലെ പല ബട്ടണുകളും അമർത്തി. തിരമാലകളുടെ ശബ്ദം അയാളെ ഉന്മാദം കൊള്ളിച്ചു.
“പണ്ട് ഗോവേ പോയതിന്റെ ഓർമ്മ. മനസ്സിൽ കടല് തെളിഞ്ഞു വരുന്നു.”
അവൾ പകുതി കഷണ്ടിയായ അയാളുടെ തലയിൽ കയ്യോടിച്ചു. മുടിയിൽ പിടിച്ച് പിരിച്ചപ്പോൾ അയാൾ അവളുടെ കയ്യിൽ ചുംബിച്ചു.
“അത് നല്ല ടൂറായിരുന്നു. അന്ന് കണ്ട കടലുകൾ നമ്മൾ ജീവിതത്തി കണ്ടിട്ടില്ല.”
ആകാശത്ത് നിന്ന് കടലിൽ വീണ നക്ഷത്രങ്ങളെ പോലെ നക്ഷത്രമത്സ്യങ്ങൾ മത്സ്യകന്യകമാർക്ക് ചുറ്റും നൃത്തം ചവിട്ടുന്ന രംഗം അയാളുടെ മസ്തിഷ്ക്കസ്ക്രീനിൽ തെളിഞ്ഞു. കാലുകളിലേക്ക് നോക്കി. അന്ന് ബാഗാ ബീച്ചിൽ നടന്നപ്പോൾ കാലിൽ ഒട്ടിയ മണൽത്തരികൾ ഇപ്പോഴും പോകാതെ അവിടെ തന്നെ പറ്റിപ്പിടിച്ച് ഇരിക്കുന്നു. മൂക്കിൽ കടൽക്കാറ്റിന്റെ മണം അടിച്ച് കയറി.
കടലിനോട് പ്രണയം. കാറ്റിനോട് പ്രണയം. മണലിനോട് പ്രണയം. ശംഖുകളോട് പ്രണയം. എന്തിനേറെ. കടൽക്കാക്കകളോട് പോലും പ്രണയം.
“നമുക്ക് ഗോവ വരെ പോയാലോ ഹേമേ. സുന്ദരമായ അഗോഡ ബീച്ച്. കലാൻഗുട്ട് ബീച്ചിലെ തിരക്ക്. നീലയും പച്ചയും കലർന്ന നിറത്തിലുള്ള പലോളം ബീച്ചും… ഒക്കെ നൊസ്റ്റാൾജിയ.”
“പൂവാം. നിങ്ങടെ ജോലി അല്ലെങ്കി തന്നെ കൊളമായി കെടക്കാ.”
അവർ വീക്കെൻഡിൽ കുട്ടികളെ ഭാര്യവീട്ടിൽ ഏൽപ്പിച്ച് നാട്ടിലുള്ള കടൽ കാണാൻ പോയി. സമയം സായാഹ്നം. കടൽ അതിന്റെ എല്ലാ ആഭരണങ്ങളും എടുത്ത് അണിഞ്ഞിട്ടുണ്ട്. ചൂടുകടലയുടെ രണ്ട് പൊതികൾ വാങ്ങി അവർ കടൽവെള്ളം തൊടാനായി നടന്നു. കപ്പലണ്ടി കൊറിക്കുമ്പോൾ അതിന്റെ ഭംഗി ആസ്വദിക്കാൻ മറന്നില്ല. മണൽത്തരികൾ സ്വർണ്ണത്തരികളായി കാലിൽ പറ്റിപ്പിടിച്ചു.
“ചേട്ടാ. ഓൾഡ് മാൻ ആൻഡ് ദി സീ വായിച്ചത് ഓർമ്മയുണ്ടോ.”
“ഹെമിങ്വേയുടെ കിഴവനും കടലും വായിക്കാത്തവർ ആരുണ്ട്.”
“അതിലെ കെഴവൻ കരയിച്ചു. മീനൊന്നും കൊറേ നാള് കിട്ടാതെ അവസാനം ഒരു വമ്പൻ മീനിനെ പിടികൂടുമ്പോ മൂപ്പര് സന്തോഷിച്ചു. പക്ഷെ സ്രാവുകള് വന്ന് അതിനെ തിന്ന് തീർത്തപ്പോ… കഷ്ടം.”
“മുക്കുവരുടെ ജീവിതം അങ്ങനെ തന്നെ.”
അയാൾ ഒരു ഭാഗത്തേക്ക് വിരൽ ചൂണ്ടി.
“അവിടെയാണ് അവർ താമസിക്കുന്നത്. കൂരകൾ നോക്കൂ. ഒട്ടും സൗകര്യങ്ങളില്ല. അവരുടെ മക്കൾക്ക് ശരിയായ വിദ്യാഭ്യാസവും കിട്ടാറില്ല.”
“നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ. ഇവരുടെ അധ്വാനമാണല്ലോ നാം ആസ്വദിക്കുന്നത്. എനിക്കാണെങ്കിൽ മീൻ ഇല്ലെങ്കി പറ്റില്ല.”
“എനിക്കും. നമുക്ക് ഒരു കിലോ നെയ്മീൻ വാങ്ങിയാലോ.”
അവർ ഫ്രഷ് മീൻ വിൽക്കുന്ന കടയിലേക്ക് പോയി.
“സാറെ. എന്ത് വേണം. ഒന്നാന്തരം ചെമ്മീൻ വന്നിട്ടുണ്ട്. വേഗം മേടിച്ചോ.”
“വേണ്ട. നെയ്മീൻ മതി.”
നിരത്തി വച്ച നെയ്മീനിലേക്ക് രവി നോക്കി. നല്ലതാണെന്ന് ഭാര്യയും ഉണർത്തി.
“കിലോ എത്ര.”
“എഴുനൂറ്. ഇപ്പൊ ആയിരം ഒക്കെ ഉണ്ടേ.”
“എന്താ ചേട്ടാ ഇത്. കടലിൽ ഉണ്ടാവുന്നത് അല്ലെ. പോത്തിനെ വളർത്തി അറക്കണ പോലെ അല്ലല്ലോ. വെല കൂടുതലാ.”
“കടലില് ഉണ്ടാവണത് തന്നെ. പക്ഷെ അതിനെ വെറുതെ കിട്ടണതാ? പിടിക്കാൻ പോകുമ്പോ എന്തൊക്കെ പുകിലാ. പിടിക്കുമ്പോ ആവശ്യമില്ലാത്തതും കടലീന്ന് കേറി വരും.ഡീസലിന് വെല കൂടി.”
“എന്നാലും. ഞങ്ങളൊന്നും ഗൾഫുകാരല്ല. വലിയ ശമ്പളം ഉള്ള സർക്കാർ ഉദ്യോഗസ്ഥരും അല്ല. സാധാരണക്കാർ.”
“എന്നാലും സ്ഥിര വരുമാനമില്ലേ. നല്ല വീടും ചുറ്റുപാടുമില്ലേ. ഞങ്ങടെ കാര്യോ.”
ഹേമ ഭർത്താവിനെ ചേർത്ത് പിടിച്ചു.
“ഇവരോട് തർക്കിക്കാൻ പോവണ്ട. അര കിലോ മതി. മുന്നൂറ് കൊടുക്ക്.”
അര കിലോയുടെ കട്ടി ത്രാസിൽ ആടി. നെയ്മീൻ മുറിച്ച് കഷ്ണങ്ങളാക്കി കവറിൽ ഇട്ട് തന്നപ്പോൾ രവി അത് വാങ്ങി മുന്നൂറ് രൂപ കയ്യിൽ വച്ച് കൊടുത്തു.
“ഇത് പോരാ സാറേ. ഒരു ഇരുപത് രൂപ കൂടി താ.”
രവി മനസ്സില്ലാമനസ്സോടെ ഇരുപത് രൂപ കൊടുത്തു.
“ഇനി അടുത്ത പ്രാവശ്യം ഈ മീൻ മേടിക്കില്ല. വല്ല ചൂരയോ ചാളയോ മതി.”
വളർത്തു പൂച്ചയ്ക്ക് മീൻ ഇട്ടു കൊടുക്കുന്നതിന് ഇടയിൽ അയാൾ പറഞ്ഞു.
“ഞങ്ങളെ പറ്റി സാറൊന്ന് പഠിക്കണം. ഇപ്പോഴും പട്ടിണി തന്നെ.”
സൂര്യൻ മാതളനാരങ്ങയായി ചക്രവാളത്തിൽ തിരിഞ്ഞു. സൂര്യാസ്തമയ സമയമായതിനാൽ അവർ ബീച്ചിലേക്ക് നടന്നു. ഒരു ഭാഗത്ത് ഇരിപ്പുറപ്പിച്ചു. കടലിന്റെ സംഗീതം ചെവികളിൽ ഈണമായി തത്തിക്കളിച്ചു. രവി മൊബൈൽ എടുത്തു. മ്യൂസിക്ക് തെറാപ്പി ആപ്പ് പ്ളേ ചെയ്തു.
“ചേട്ടാ. ഇവിടെ വന്നിട്ട് എന്തിനാ അത് പ്ളേ ചെയ്യുന്നേ. നിർത്തോ.”
അയാൾ അത് നിർത്തി സ്കോർ അറിയാൻ ക്രിക്കറ്റ് ആപ്പ് എടുത്തു. അവൾ മുഖം തിരിച്ചതും അയാൾ അവളുടെ കയ്യിൽ പിടിച്ചു. വായിൽ കടല ഇട്ടുകൊടുത്തു. ചൂട് പോയിട്ടില്ല. കടലയുടെയും അവളുടെയും.
“എത്ര പറഞ്ഞാലും മനസ്സിലാവില്ല. എന്റെ മൂഡ് പോയി.”
തിരികെ വീട്ടിലേക്ക് പോകേണ്ട സമയമായപ്പോൾ ഒരു കിലോ മത്തി വാങ്ങാമെന്ന് രവി പറഞ്ഞപ്പോൾ അവളും ശരി വച്ചു. എന്നാൽ ബീച്ചിലെ കടകളെല്ലാം അടച്ചു. പൊതുവിൽ എട്ട് മാണി വരെ ഉണ്ടാകാറുണ്ട്. ഒരു പയ്യനെ കണ്ടു.
“എന്താ മോനെ എല്ലാ കടകളും നേരത്തെ അടച്ചെ.”
“സാർ അറിഞ്ഞില്ലേ. ഈ കടേൽത്തെ ചേട്ടന്റെ മോൻ മരിച്ചു. ഹാർട്ടിന് ഓപ്പറേഷൻ പറഞ്ഞിരുന്നു. ഞങ്ങളെല്ലാവരും കാശ് പിരിച്ചു. പക്ഷെ…”
ഹൃദ്യശസ്ത്രക്രിയയ്ക്ക് ധനസഹായം എന്ന വലിയ ഫ്ലെക്സ്ബോർഡ് അപ്പോഴാണ് രവി ശ്രദ്ധിച്ചത്. അന്ന് രാത്രി മീൻകറി കൂട്ടി ഊണ് കഴിക്കുമ്പോൾ രവിയുടെ തൊണ്ടയിൽ ദുഖത്തിന്റെ മുള്ള് തറച്ചു.
“കാശില്ലെങ്കി കണക്കന്നെ. ഇനി ജോലീല് ശ്രദ്ധിക്കണം. ഇങ്ങനെ ഒക്കെ ആയാ ന്റെ മക്കള് പെടും.”
“മ്യൂസിക്ക് ആപ്പ് ഉണ്ടല്ലോ. അത് മുപ്പത് ദിവസം മാത്രേ ഉപയോഗിക്കാൻ പറ്റൂ. പിന്നെ കാശ് കൊടുക്കണം. അതിന് മുൻപ് പരമാവധി കേൾക്കണം.”
അയാൾ മ്യൂസിക്ക് തെറാപ്പി ആപ്പിൽ ഇടിവെട്ടിന്റെ ശബ്ദം സെലക്ട് ചെയ്തു. ഗാംഭീര്യമില്ലാത്ത കീറൽ മാത്രം.
“ഇടിവെട്ടിന്റെ ശബ്ദം ഗുണം പോരാ. ഒട്ടും സൗണ്ടില്ല. എനിക്ക് മ്യൂസിക്ക് തെറാപ്പി ഇഷ്ടപ്പെട്ടില്ല. എന്തോ യാന്ത്രികത.”
“ഇരുപത്തിനാല് മണിക്കൂറും മൊബൈലിൽ അല്ലെ. ഇത് മാത്രം പറ്റാതിരിക്കാൻ.”
“മടുത്തു. നമുക്ക് പ്രകൃതിയിലേക്ക് തിരിയാം.”
പൊടുന്നനെ ഒരു ഘോരശബ്ദം അവരെ ഞെട്ടിച്ച് കൊണ്ട് പിടികൂടി. മേഘങ്ങളിൽ നിന്ന് മഴ ചാട്ടുളിയായി പെയ്തു. ബൾബുകൾ ഓഫായി.
“ആഹാ… ഇവനാണ് ഒറിജിനൽ ഇടിവെട്ട്.”
“ചേട്ടാ. നമുക്ക് പുറത്തിരിക്കാം. എത്ര നാളായി മഴ പെയ്തിട്ട്.”
പ്ളേസ്റ്റോറിൽ നിന്ന് ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത ശേഷം ഭാര്യയുടെ കൈ പിടിച്ച് രവി പുറത്തേക്ക് കടന്നു. പുതുമണ്ണിന്റെ ഗന്ധം അവരുടെ നാസികകളെ ഉന്മാദം കൊള്ളിച്ചു. പ്രകൃതി അനന്തമായ സംഗീതം പൊഴിച്ച് കൊണ്ടിരുന്നു. പുല്ലാങ്കുഴലും മദ്ദളവും പാടുന്നത് ഇരുവർക്കും വ്യക്തമായി കേൾക്കാമായിരുന്നു.. ഉടലുകൾ ജൈവികമായി പരസ്പരം അലിഞ്ഞു ചേർന്നു.
Name : Shine Shoukkathali
Company : EY, Infopark
You need to login in order to like this post: click here
Leave a Reply