അവൻ്റെ കണ്ണുകളിൽ പ്രതീക്ഷ വറ്റിയിരുന്നില്ല.. ബസ്സ് പുറപ്പെടാൻ സ്റ്റാർട്ട് ചെയ്തു നിർത്തിയേക്കുന്നു , എല്ലാവരും കയറികഴിഞ്ഞു .അവൻ ഗേറ്റിൻ്റെ ഭാഗത്തേക്കു വീണ്ടും തിരിഞ്ഞുനോക്കി, ആരും വരുന്നില്ല..
ധനുമാസത്തിലെ കുളിർ കാറ്റ് പുറത്തുതട്ടി ആശ്വസിപ്പിക്കുന്ന പോലെ അവനു തോന്നി. കണ്ണുകൾ നിറഞ്ഞു പെയ്യാൻ വെമ്പി നില്കുന്നു.. മറ്റുള്ളവരിൽ നിന്നു ശ്രദ്ധ മാറാൻ അവൻ മേലോട്ട് ഒന്നു നോക്കി, വിണ്ണിലെ താരകങ്ങൾ അവനെ നോക്കി ആശ്വസിപ്പിക്കുന്ന ഭാവത്തിൽ കണ്ണുപൂട്ടുന്ന പോലെ അവനു അനുഭവപ്പെട്ടു.
ഇനിയും നിന്നിട്ട് കാര്യമില്ല, ഹരി മനസ്സ് പിടയുന്ന വേദനയോടെ വേണു മാഷിൻ്റെ അടുക്കലേക്ക് ചെന്നു.
മാഷിൻ്റെ മുഖത്ത് അവനെ കണ്ടപ്പോൾ സങ്കടം ഊർന്നിറങ്ങുന്നതായി അവനു തോന്നി. അവൻ മാഷിനോട് പറഞ്ഞു “ഇനി വൈകേണ്ട മാഷേ, നിങ്ങൾ പുറപ്പെട്ടോളു, ഞാൻ വരുന്നില്ല. എന്നെ വിനോദയാത്രയ്ക്ക് അയക്കാൻ അമ്മക്കു മനസ്സില്ല..പോയി വാ മാഷേ, ഞാൻ കാരണം യാത്ര താമസിക്കേണ്ട..”
ഒന്നും മിണ്ടാതെ വേണു മാഷ് ഫോൺ എടുത്ത് ഒന്നു കൂടി ഹരിയുടെ അമ്മയെ വിളിച്ചു, ഫോൺ ഓഫ് ആയിരുന്നു..മാഷിൻ്റെ പ്രതീക്ഷയും ഇല്ലാതായി. കയ്യിലിരിക്കുന്ന ലിസ്റ്റില് മാഷ് എന്തൊക്കെയോ കുറിച്ചു. മാഷ്
ഡ്രൈവറോട് എന്തോ സംസാരിച്ചു, ബസ്സിലെ ജാലകങ്ങളിലൂടെ കൂട്ടുകാർ ദയനീയ ഭാവത്തിൽ തന്നെ നോക്കുന്നത് അതിയായ വിഷമത്തിൽ ഹരി ശ്രദ്ധിച്ചു..സാധാരണ വിനോദയാത്രയ്ക്ക് പോകുമ്പോൾ ഉള്ള സന്തോഷം തൻ്റെ കൂട്ടുകാരുടെ മുഖത്തു ഇല്ലെന്ന് തന്നെ പറയാം.
ദീപു, ഫാത്തിമ, അന്ന എല്ലാരും നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി യാത്ര പറഞ്ഞു കൈ കാണിക്കുന്നത് നെഞ്ചു പിടയുന്ന വേദനയോടെ അവൻ നോക്കിനിന്നു. ബസ്സ് യാത്ര ആരംഭിച്ചു.
പെയ്യാൻ വെമ്പി നിന്ന ദുഃഖത്തിൻ്റെ കണ്ണീർ മണികൾ മറ്റാരും കാണാനില്ലാതെ ആ മിഴികളിൽ നിന്നുതിർന്നു. ആ സ്കൂൾ മുറ്റത്ത് താൻ മാത്രം, വാകയുടെയും തെന്മാവിൻ്റെയും ബദാമിൻ്റെയും ഒക്കെ ഇലകൾ ധനുമാസ കുളിർകാറ്റിൽ ഇളകി ഉറയുന്നത് അവൻ നോക്കി നിന്നു. ചെറിയ ചാറ്റല്മഴ തന്നെ നനച്ചപ്പോൾ അവൻ മെല്ലെ ലൈബ്രറിയുടെ വരാന്തയിൽ കയറി നിന്നു.
പത്താം ക്ലാസ്സിലെ കുട്ടികളുടെ വിനോദയാത്രയാണു മൂന്നാറിലേക്ക്, അഞ്ചു മാസം മുന്നേ തീരുമാനിച്ചു ഉറപ്പിച്ചതും ആണ്. ക്രിസ്മസ് അവധിയുടെ സമയം ഈ യാത്ര പോകാമെന്നു പറഞ്ഞത് വേണു മാഷാണ്. കഴിഞ്ഞ വര്ഷം മാഷ് ഇതേ സമയം മൂന്നാർ പോയപ്പോൾ മഞ്ഞു പൊഴിയുന്നത് കണ്ടുവെന്ന്, അക്കാര്യം ക്ലാസ്സിൽ പറഞ്ഞപ്പോൾ എല്ലാർക്കും മഞ്ഞ് പൊഴിയുന്നത് കാണണം.
കാശ്മീരും ഹിമാലയോം ഒക്കെ പോയി മഞ്ഞുപെയ്യുന്ന കാണണം എങ്കിൽ ഈ പ്രായത്തിൽ പറ്റൂല, അതാ നമ്മുടെ സ്വന്തം മൂന്നാർ മതിയെന്നു ഉറപ്പിച്ചത്. മൂന്ന് ദിവസം കൊണ്ട് പോയി വരും.
ഹരിയുടെ വീട്ടിൽ ആർക്കും ഈ യാത്രയോടു എതിർപ്പൊന്നും ഇല്ലായിരുന്നു, പക്ഷെ ഹരിയുടെ അച്ഛൻ രണ്ടു മാസം മുന്നേ ഒരു ആക്സിഡന്റിൽ പെട്ട് ചലനശേഷി ഇല്ലാതെ കിടപ്പായി. കുടുംബം ഒരു പരിതാപകരമായ അവസ്ഥയിൽ ആണ്. അമ്മയും അനിയത്തിയും അച്ഛനും അടങ്ങുന്നതാണ് ഹരിയുടെ കുടുംബം. ആ വീടിൻ്റെ സാമ്പത്തിക അവസ്ഥ അറിയുന്നത് കൊണ്ടു തന്നെ ഹരിക്കു യാത്രക്കു വേണ്ട ഇളവ് വേണു മാഷ് കൊടുത്തിരുന്നു. പക്ഷെ എങ്കിലും തൻ്റെ കുടുംബത്തിൻ്റെ ഈ അവസ്ഥ അവനെ വിഷമിപ്പിച്ചപ്പോൾ യാത്രക്ക് വേണ്ട ഊർജം അവനു നൽകിയത് അവൻ്റെ സുഹൃത്തുക്കൾ ആയിരുന്നു.
ഹരി യാത്ര പോകുന്ന ദിവസം അടുക്കും തോറും അമ്മക്ക് ഉള്ള താല്പര്യ കുറവ് മനസിലാക്കി അവൻ അമ്മയോട് തന്നെ കാര്യം ചോദിച്ചു, അച്ഛൻ്റെ കിടപ്പു അവസ്ഥയിൽ സഹായ ഹസ്തവുമായി വന്ന പലർക്കും ഉദ്ദേശം മറ്റെന്തോ ആണെന്നു പതിനഞ്ചു കാരനായ മകനോട് ആ അമ്മ നിസ്സഹായതയോടെ പറഞ്ഞു. പ്രായത്തിൽ കവിഞ്ഞ പക്വത തൻ്റെ മകനു ഉള്ളതുകൊണ്ട്, കുടുംബത്തിൻ്റെ ഈ അവസ്ഥ മനസ്സിലാക്കി മകൻ ഉല്ലാസയാത്രക്ക് പോകേണ്ടെന്നു അമ്മ തറപ്പിച്ചു പറഞ്ഞു. അമ്മയുടെ വാക്കുകൾ ധിക്കരിച്ചു ശീലമില്ലാത്തതു കൊണ്ട് ഹരി അത് അനുസരിച്ചു.
യാത്ര പുറപ്പെടുന്ന ദിവസം രാവിലെ ഹരിയുടെ ഉത്സാഹം കണ്ടിട്ട് അമ്മക്കും വിഷമം ഉണ്ടായിരുന്നു, പക്ഷെ കുടുംബത്തെ ഓർത്തും, തൻ്റെയും മകളുടെയും മാനത്തെ ഓർത്തും ആ അമ്മ അവനു പോകാൻ അനുവാദം നൽകിയില്ല. എല്ലാം മനസിലാക്കി ഹരി അമ്മയോട് സുഹൃത്തുക്കളെ യാത്രയാക്കി വരാമെന്നു പറഞ്ഞു സ്കൂളിലേക്ക് പോന്നതാണ്.
നേരം ഒരുപാടു വൈകി, മഴയൊന്നു തോർന്നപ്പോൾ അവൻ വീട്ടിലേക്കു മടങ്ങി. മനസ്സിലെ സങ്കടകടലിൽ തിരയിളക്കം കുറഞ്ഞു, വീട്ടുപടിക്കൽ അമ്മയും അനിയത്തിയും തന്നെ കാത്തിരിക്കുന്നത് അവൻ ദൂരെ നിന്നെ കണ്ടു. തനിക്കു വേണ്ടി അത്താഴവും വിളമ്പി തന്നെയും പ്രതീക്ഷിച്ചിരുന്ന കുഞ്ഞിപ്പെങ്ങളുടെ കവിളിൽ നുള്ളി, അവൾക്കു ഒരു ചെറുപുഞ്ചിരിയും സമ്മാനിച്ചു അവൻ വീട്ടിനുള്ളിലേക്ക് കയറി.
ശുഭം!!!
Name : Aiswarya S Kumar
Company : Finastra
Leave a Reply