നാലു പേർ

posted in: Short Story - Malayalam | 0

ചിത്രമലയുടെ മുകളിൽ അന്നും പതിവു പോലെ ഒരുപാടാളുകളുണ്ടായിരുന്നു. ദുർഘടം പിടിച്ചൊരു വഴിയിലൂടെ വേണം മുകളിലെത്താൻ എന്ന കാര്യമൊന്നും അവിടേക്കു വരുന്നതിൽ നിന്ന് ആൾക്കാരെ പിന്തിരിപ്പിക്കാറില്ലായിരുന്നു.. കുടുംബങ്ങളും കമിതാക്കളും എന്നു വേണ്ട എല്ലാത്തരം ആൾക്കാരും ചിത്രമലയുടെ സൗന്ദര്യം ആസ്വദിക്കാൻ അവിടെത്താറുണ്ടായിരുന്നു. മലമുകളിൽ നിന്ന് ചുറ്റും നോക്കിയാൽ കാടുകളും ദൂരെയൊഴുകുന്ന പുഴയുമൊക്കെ ചേർന്ന് ശരിക്കുമൊരു ചിത്രം വരച്ചു വച്ചതു പോലെ തന്നെ തോന്നുമായിരുന്നു..
നേരം സന്ധ്യ മയങ്ങി.. വന്നവർ പതിയെ കൊഴിഞ്ഞു പോയിത്തുടങ്ങി.. സമയം 7 മണി കഴിഞ്ഞു.. ഇരുട്ടു വീണു കഴിഞ്ഞാൽ താഴേക്കുള്ള നടപ്പ് കുറച്ചു കൂടി പ്രയാസകരമാകും.സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.. ഇനി മലമുകളിൽ അവശേഷിക്കുന്നത് നാല് പേരാണ്.. പലയിടങ്ങളിൽ നിന്നു വന്ന നാല് പേർ ഇവിടെയും പലയിടങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്നു.. ഒരേ ഒരു സാമ്യമുള്ളത് നാൽവരും ദൂരെയെവിടേക്കോ നോക്കി നിൽക്കുകയാണെന്നുള്ളതാണ്.. ഇപ്പോഴും പ്രകൃതിഭംഗി ആസ്വദിക്കുകയല്ലെന്നു പറയുക വയ്യ.. കാരണം മൊത്തത്തിൽ നല്ല നിലാവെളിച്ചമുണ്ടായിരുന്നു.. നാലു പേരിൽ ഒരാൾ വെള്ളമുണ്ടും ഷർട്ടും ധരിച്ചിരുന്നു.. ഒറ്റനോട്ടത്തിൽ ഒരു രാഷ്ട്രീയക്കാരനല്ലെന്നു ആരും പറയില്ല.. ഒരു തോർത്ത് കൊണ്ട് മുഖം പാതി മറച്ചിരുന്നു അയാൾ.. നര വീണ തല നിലാവത്തും വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു.. ദൂരേക്ക് നോക്കിക്കൊണ്ട് അയാൾ ഒരു ചെറിയ പാറ മേൽ ഇരിക്കുകയാണ്.. അയാളിൽ നിന്ന് അത്ര ദൂരെയല്ലാതെ പത്തിരുപത്തഞ്ചു വയസു തോന്നിക്കുന്ന ഒരു പെൺകുട്ടി നിൽപ്പുണ്ട്.. കടും നിറമുള്ള ഒരു ചുരിദാർ ആണ് വേഷം.. അവളും ഒരു ഷാൾ കൊണ്ട് മുഖം മറച്ചിട്ടുണ്ട്.. ഷാളിന്റെ പകുതി കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു..മൂന്നാമത്തെയാൾ ഒരു കൈലിയും ഷർട്ടുമാണ് ധരിച്ചിരുന്നത്..
മുഴുക്കൈയൻ ഷർട്ട് ആണെങ്കിലും അത് നേരാംവണ്ണം തെറുത്തു വെച്ചിട്ടൊന്നുമുണ്ടായിരുന്നില്ല..ഇത്രയധികം സഞ്ചാരികളൊക്കെ വരുന്ന ഒരു സ്ഥലത്തിനനുയോജ്യമായ വിധത്തിൽ വൃത്തിയായി വസ്ത്രം ധരിക്കുന്നതിലൊന്നും അയാൾ ശ്രദ്ധിച്ചിട്ടില്ല എന്നൊറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകുമായിരുന്നു.. നാലാമത്തെയാളെ ഒരു ഫ്രീക്കൻ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം..അലക്കിയിട്ടു വർഷങ്ങളായേക്കാവുന്ന ഒരു ജീൻസും ടീഷർട്ടും വേഷം..നേരം വീണ്ടും നീങ്ങിക്കൊണ്ടിരുന്നു..ഒടുവിൽ മണിക്കൂറുകളായി അവിടെ തിങ്ങി നിന്ന മൗനത്തെ ഭേദിച്ചു കൊണ്ട് ‘വെള്ള വസ്ത്രധാരി’ ആരോടെന്നില്ലാതെ പറഞ്ഞു ” ഈ നിലാവെളിച്ചത്തിൽ ഈ കാറ്റും കൊണ്ടിവിടെ നില്ക്കാൻ ഒരു പ്രത്യേക സുഖാല്ലേ..?”
രണ്ടു പേരുടെ “അതെ” എന്ന മറുപടിയോടൊപ്പം തന്നെ “അല്ല” എന്നൊരു സ്ത്രീശബ്ദവും അവിടെയുയർന്നു.. ബാക്കി മൂവരും അവളെ നോക്കി.. വെള്ളവസ്ത്രധാരി ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു “എനിക്കറിയാം.. ഇത്രയും ഇരുട്ടിയിട്ടും ഈ മലമുകളിൽ നിൽക്കുന്നത് വെറുതെ കാറ്റും കൊണ്ട് പ്രകൃതിഭംഗി ആസ്വദിക്കാനല്ലെന്നു..ഒരാളെങ്കിലും അതു തുറന്നു പറഞ്ഞല്ലോ.. സന്തോഷം.. “
അയാൾ ദീർഘനിശ്വാസമെടുത്തു..പെട്ടെന്ന് കൈലി ധരിച്ചവൻ അയാളോട് ചോദിച്ചു ” ഞാനീ ശബ്ദമെവിടെയോ കേട്ടിട്ടുണ്ട്.. നല്ല പരിചയം.. പക്ഷെ കിട്ടുന്നില്ല”..
വെള്ളവസ്ത്രധാരി വീണ്ടും ചിരിച്ചു.. “കേട്ടിട്ടുണ്ടെന്നുള്ളത് ശെരിയായിരിക്കും.. ഒരു പാടു തവണ കേട്ടിട്ടുണ്ടാവണം.. ഇന്നും കുറേ കേട്ടിട്ടുണ്ടാവും ടീവിയിൽ”.
ഇത്തവണ കൈലിക്കാരൻ കണ്ടു പിടിച്ചു കളഞ്ഞു.. ” സാർ.. സാറ് ആർ. പി.ആർ സാറല്ലേ.. ആർ. പി. രാമചന്ദ്രൻ.. “
“അതെ..” ഗൗരവത്തോടെ അയാൾ മറുപടി നൽകി..”അപ്പൊ ഇന്നത്തെ കോടതി വിധി?.അല്ലാ.. അതു കൊണ്ടാണോ ഈ നേരമായിട്ടും സാറിവിടെ വന്നു നിക്കുന്നത്?”
കൈലിക്കാരൻ വീണ്ടും ചോദിച്ചു..
ഇത്തവണ ആ സ്ത്രീയും മൗനം വെടിഞ്ഞു. ” കോടതി വിധിയോ ?”
രാമചന്ദ്രൻ : അതെ..കഴിഞ്ഞ 32 കൊല്ലമായിട്ട് തോൽവിയറിയാത്ത എന്നെ തല കീഴായി മറിച്ചിട്ടു ഇന്നത്തെ വിധി..ഞാൻ പൊരുതി എന്നെക്കൊണ്ട് പറ്റുവോളം..പക്ഷേ അവളുടെയും കോടതിയുടെയും വായ് മൂടിക്കെട്ടാൻ എനിക്ക് പറ്റിയില്ല..
സ്ത്രീ : അവൾ നിങ്ങളുടെ മകളല്ലേ ?
വീണ്ടും കുറച്ചു നേരത്തേക്ക് നിശബ്ദത..അതിനു ശേഷം രാമചന്ദ്രൻ അവളുടെ ചോദ്യത്തിനുത്തരമല്ല പറഞ്ഞത്.. മൂന്നു പേരോടുമായി മറ്റൊരു ചോദ്യമാണ്. “നിങ്ങളൊക്കെയാരാ ?.എന്തു കൊണ്ടിത്ര നേരമായിട്ടുമിവിടെ തന്നെ നിൽക്കുന്നു?”
“ചാകാൻ വന്നതാ.” അവൾ തന്റെ മുഖത്ത് നിന്നും ഷാൾ മാറ്റിക്കൊണ്ട് പറഞ്ഞു..പ്രതീക്ഷിച്ച മറുപടിയെന്നോണം രാമചന്ദ്രൻ പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ നിലകൊണ്ടപ്പോൾ, മറ്റു രണ്ടു പേരെയും അമ്പരപ്പിച്ചത് നിലാവെളിച്ചത്തിൽ കണ്ട അവളുടെ മുഖമാണ്…’റാണി ലേഖ..സിനിമാ നടി..’ ആകെ മൂന്നു സിനിമകളിലേ അഭിനയിച്ചിട്ടുള്ളെങ്കിലും അവൾ ഫ്രീക്കന്റെ ഇഷ്ടനടി കൂടിയായിരുന്നു..മലയാള സിനിമയുടെ ഭാവി വാഗ്‌ദാനം എന്നു പലരാലും പുകഴ്ത്തപ്പെട്ട അവൾ ചാകാൻ വേണ്ടി ഇവിടെ വന്നു എന്നത് അവർക്ക് വിശ്വസിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു..
രാമചന്ദ്രൻ വീണ്ടും സംസാരിച്ചു : “ഞാൻ ആദ്യമേ പറഞ്ഞില്ലേ. ഈ നേരത്തും ഇവിടെ തന്നെ നിൽക്കണമെങ്കിൽ ആ നിൽപ്പൊരു വെറും നിൽപ്പായിരിക്കില്ല എന്ന്..അങ്ങനെ ഒരാളുടെ ഉദ്ദേശ്യശുദ്ധി കൂടി പുറത്തായി..ഇനി പറ പിള്ളേരെ..നിങ്ങളെന്തിനാ വന്നേ “
കൈലിക്കാരൻ മറുപടി പറഞ്ഞു : അതിനു വേണ്ടി തന്നെ..
അടുത്തു നിന്ന ഫ്രീക്കനും മൂളിക്കൊണ്ടു തലയാട്ടി..
രാമചന്ദ്രൻ വീണ്ടും ചിരിച്ചു..”ഒരു സുവർണഫലകത്തിൽ കൊത്തി വെക്കപ്പെടേണ്ട രാത്രിയാണിന്നു..ഒരേ ദിവസം ഒരേ സ്ഥലത്തു ഒരേ സമയത്തു ഒരേയൊരുദേശ്യത്തോടു കൂടി നാലു പേര്..ആ ഉദ്ദേശ്യത്തിന്റെ ചൂട് ഒരു സാധാരണക്കാരന് ചിന്തിക്കാവുന്നതിനുമപ്പുറത്താണ്‌ താനും…കിഴക്കു വെള്ള കീറുന്നതു വരെ നമുക്ക് സമയമുണ്ട്.. ഒരു കുമ്പസാരത്തിനു..”
ലേഖറാണി ഇടയ്ക്കു കയറി സംസാരിച്ചു : “അതിനു ഇവിടെ നിന്നാരും തിരിച്ചു പോകില്ലെന്നാരു കണ്ടു.. നിങ്ങൾക്കുറപ്പുണ്ടോ ഈ രാത്രി കഴിഞ്ഞാൽ ഇനിയൊരിക്കലും ഞങ്ങളെയാരെയും നിങ്ങൾ കാണാനിടവരില്ലെന്നു ?”
രാമചന്ദ്രൻ ഉറച്ച സ്വരത്തിൽ മറുപടി പറഞ്ഞു “ഉണ്ട്..ആ ഉറപ്പെനിക്കുണ്ട്..ഇനിയീ ലോകത്തിൽ എനിക്കൊരു രാത്രിയില്ലെന്നു..അതുറപ്പിച്ചു തന്നെയാ ഈ മല കയറിയത്.. ഒരുപാട് തവണ വന്നിട്ടുണ്ടിവിടെ..ഒടുക്കത്തെ യാത്രയും ഇങ്ങോട്ടാക്കാമെന്നു കരുതി..”
അടുത്തത് ഫ്രീക്കന്റെ ഊഴമായിരുന്നു.. “എനിക്കും ഇനിയൊരു മടക്കമില്ല ഇവിടുന്ന് “
റാണി ലേഖ പറഞ്ഞു ” എല്ലാവരും ഉറപ്പിച്ച സ്ഥിതിക്ക് ഇനി നമുക്കാ ഭാരമഴിക്കാം..”
എന്നിട്ട് രാമചന്ദ്രനെ നോക്കി ” തല മുതിർന്നയാളിൽ നിന്ന് തന്നെ തുടങ്ങാം..എല്ലാവർക്കുമറിയാവുന്ന കഥയൊക്കെ തന്നെ..എങ്കിലും പേരിനൊരു ഒരവസാന ഏറ്റുപറച്ചിലായി കണക്കാക്കിയാൽ മതി “
രാമചന്ദ്രൻ തല കുലുക്കി..എന്നിട്ട് ഒരൽപം പിന്നിലേക്ക് നടന്നു..
എന്നിട്ടു പറഞ്ഞു : ” എന്റെ പാർട്ടിയുടെ ചിഹ്നം ഓർമ്മയുണ്ടോ..ഒരു വെള്ളക്കൊടിയിൽ തുറന്നു വെച്ച ഒരു പുസ്തകം..അത് പോലൊരു തുറന്ന പുസ്തകമായിരിക്കണം നമ്മുടെ ജീവിതമെന്നു ഞാനെല്ലാവരെയും പറഞ്ഞു പഠിപ്പിച്ചു..ഒരു പരിധി വരെ അതിനോട് നീതി പുലർത്താൻ ഞാൻ ശ്രമിച്ചു..ഇതിനിടയിൽ മൂന്നു തവണ മന്ത്രിയായി..മൂന്നു പതിറ്റാണ്ടോളം MLA യും..ഭാര്യയും മക്കളും കൊച്ചുമക്കളുമൊക്കെയായി പലർക്കും മാതൃകാപുരുഷനാണ് ഞാനെന്നൊക്കെ വിശ്വസിച്ചു ജീവിച്ചു..അങ്ങനെയിരിക്കെ ഒരു ദിവസം അവളെത്തി..ഒരു വിളക്കിന്റെ ചുറ്റുമുള്ള പ്രകാശവലയത്തിനെ കീറിമുറിച്ചു ആ ദീപനാളത്തിലേക്ക് ഇടിച്ചു കയറാൻ നോക്കുന്ന വണ്ടിനെപ്പോലെ..എന്റെ മകൾ..എന്നെ നാലാൾ കേൾക്കെ അച്ഛാ ന്നു വിളിക്കാനുള്ള അവകാശത്തിനു വേണ്ടി അവൾ പൊരുതി..അല്ലെന്നു സ്ഥാപിക്കാൻ ഞാനും..ദാ ഇന്ന് വരെ..പക്ഷെ ഇനി പിടിച്ചു നില്ക്കാൻ ഒരു കച്ചിത്തുരുമ്പു പോലുമില്ലെന്ന് ഇന്നുച്ചയ്ക്ക് കോടതി എനിക്കു കാട്ടിത്തന്നു..എന്റെ DNA സാമ്പിൾ എടുക്കണം പോലും .”.
ഒന്നു ചുമച്ചിട്ട് അയാൾ തുടർന്നു..” നാളെ മുതൽ എന്നെ ദൈവമായി കണ്ടവരെന്റെ മുഖത്ത് കാർക്കിച്ചു തുപ്പും..എന്റെ സാവിത്രി എന്നോട് മുഖം തിരിച്ചു നടക്കും..എന്റെ മക്കൾ ജോലിസ്ഥലത്തും കൊച്ചുമക്കൾ സ്കൂളിലും തല താഴ്ത്തി നടക്കും..അതിനു കാരണക്കാരനായ എന്നെ ശപിക്കും..” അയാൾ പറഞ്ഞു നിർത്തി..അന്നേരം അവിടെ കണ്ടത് കേരള രാഷ്ട്രീയത്തിലെ കർക്കശക്കാരനായ ഒരതികായനെയായിരുന്നില്ല, മറിച്ചു തൊട്ടടുത്ത നിമിഷം പൊട്ടിക്കരഞ്ഞേക്കാവുന്ന ഒരു സാധാരണക്കാരനെയായിരുന്നു..കുറെ നേരം അവിടെ മൗനം തളം കെട്ടി നിന്നു..
‘ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല , ‘ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത്’ തുടങ്ങിയ പതിവ് ആത്മഹത്യാ വിരുദ്ധ ഡയലോഗുകൾ ഒന്നും അവിടെയാരും പറഞ്ഞില്ല..എങ്കിലും കൈലിക്കാരൻ ഒരു ചോദ്യം ചോദിച്ചു “നിങ്ങൾ ആത്മഹത്യ ചെയ്യുന്നത് കൊണ്ടെന്തെങ്കിലും ഗുണം കിട്ടുമെന്ന് കരുതുന്നുണ്ടോ? കാരണം, നിങ്ങളുടെ DNA സാമ്പിൾ എടുക്കണമെന്ന് കോടതി ഉത്തരവിട്ട സ്ഥിതിക്ക്, മരിച്ചു കഴിഞ്ഞു പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴായാലും അവരതെടുക്കും..അവൾ നിങ്ങളുടെ മകളാണെന്ന്‌ തെളിയിക്കുകയും ചെയ്യും..നിങ്ങൾ വിചാരിക്കുന്ന പോലെയാണെങ്കിൽ നിങ്ങൾ നേരത്തെ പറഞ്ഞ നാണക്കേടൊക്കെ നിങ്ങളുടെ വീട്ടുകാർ അനുഭവിക്കേണ്ടിയും വരും..നിങ്ങൾക്കൊരു വക്കീൽ കാണുമല്ലോ.. അയാൾ ഇതൊന്നും പറഞ്ഞു തന്നില്ലേ..”
രാമചന്ദ്രൻ മറുപടി ഇതായിരുന്നു. “വക്കീലിനോട് സംസാരിച്ചില്ലെങ്കിലും ഇതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങൾ തന്നെയാണിത്..ഈ ചിത്രമലയുടെ പ്രത്യേകതയറിയില്ലേ..ചാടിയാൽ ഒരു എല്ലിൻകഷ്ണം പോലും ബാക്കി കിട്ടില്ല എന്നെനിക്കുറപ്പുള്ള ഒരേയൊരു സ്ഥലമാണിത്….പിന്നെ ഇതു സിനിമയൊന്നുമല്ലല്ലോ, കൊക്കയിൽ നിന്ന് ചാടുന്നവർ മരത്തിൽ തങ്ങി നിൽക്കാനും പിന്നീട് ആദിവാസി മൂപ്പൻ ചികിൽസിച്ചു നേരെയാക്കാനും..ഇന്നിവിടെ വന്നപ്പോ എന്റെ ഒരേയൊരു പ്രശ്നം നിങ്ങൾ മൂന്നു പേരുമായിരുന്നു..ഇപ്പൊ എനിക്കതൊരു പ്രശ്നമായി തോന്നുന്നില്ല..കാരണമറിയാമല്ലോ” അയാൾ പറഞ്ഞു നിർത്തി… കുറച്ചു നേരത്തേക്കാരുമൊന്നും മിണ്ടിയില്ല..അതിനു ശേഷം രാമചന്ദ്രൻ കൈലിക്കാരന് നേരെ തിരിഞ്ഞിട്ടു പറഞ്ഞു “ഇതാണെന്റെ കഥ..ഇനി താൻ പറ..ഞങ്ങൾ കേൾക്കട്ടെ”
കൈലിക്കാരൻ ഒന്ന് മൂളി..എന്നിട്ട് കൊക്കയുടെ അടുത്തേക്ക് കുറച്ചൊന്നു മാറി നിന്നു.. എന്നിട്ടു പറഞ്ഞു.. “ഞാനൊരാളെ കൊന്നു”..
“ആരെ ??” ഒരു കോറസ് പോലെ ആരോക്കെയോ ചോദിച്ചു..
“വർഷങ്ങളായി ഞാൻ കാണുന്നൊരു സ്വപ്നമുണ്ടായിരുന്നു..ഉറങ്ങുന്നതിനു മുമ്പ് കരയാത്ത എന്റെ അമ്മയുടെ രൂപം..”
ഒന്നും മനസിലാകാതെ നിൽക്കുന്നവരോട് അവൻ ബാക്കി പറഞ്ഞു “പത്തിരുപതു വർഷങ്ങൾക്കു മുമ്പ് ഒരു ദുശ്ശകുനം പോലെ അയാൾ ഞങ്ങളുടെ വീട്ടിൽ വന്നു കയറി..അമ്മയുടെ കൂട്ടുകാരൻ എന്ന വാക്കിനൊരുപാട് അർത്ഥങ്ങളുണ്ടെന്നു മനസിലായത് പിന്നീടുള്ള വർഷങ്ങളിലാണ്..ഒരച്ഛന്റെ സ്ഥാനം അയാൾക്ക് കൊടുക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അയാൾക്ക് ഞാൻ വെറുമൊരു പട്ടിയായിരുന്നു..അയാളുടെ ചവിട്ടു കൊള്ളാനും എച്ചിലു തിന്നാനും വേണ്ടിയുള്ള വെറും ചാവാലിപ്പട്ടി..ഒരു പത്തു പതിനാറു വയസ്സ് വരെ ദിവസവും എനിക്ക് കിട്ടുന്ന അടിയുടെയത്ര തന്നെ അയാൾ അമ്മയ്ക്കും കൊടുക്കാറുണ്ടായിരുന്നു..ഞാൻ പഠിത്തത്തിന്റെ കൂടെ ഹോസ്റ്റലിൽ നില്ക്കാൻ തുടങ്ങിയപ്പോൾ അടിയുടെ അവകാശി ‘അമ്മ മാത്രമായി..അയാളെ കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടിതന്നെയാണ് ഓരോ തവണയും അവധിക്കു ഞാൻ വീട്ടിലേക്കു പോകാറുള്ളത്..എന്തോ.. ഇതു വരെയങ്ങനെയൊന്നും നടന്നില്ല.. രണ്ടു ദിവസത്തെ അവധിക്കിന്നു ഞാൻ വീട്ടിലെത്തി.. എവിടെയോ തെണ്ടാൻ പോയത് കൊണ്ട് ആ കാലൻ വീട്ടിലുണ്ടായിരുന്നില്ല..ക്ഷീണം കൊണ്ട് ഞാനെവിടെയോ കിടന്നുറങ്ങിപ്പോയി..എപ്പോഴോ അയാളെന്നെ കട്ടിലിൽ നിന്നു വലിച്ചു താഴെയിട്ടപ്പോഴാ ഞാൻ ഞെട്ടിയുണർന്നത്..അയാളെന്നെ ചവിട്ടാൻ തുടങ്ങി..തടസം പിടിക്കാൻ വന്ന അമ്മയെയും അയാൾ തൊഴിച്ചൊരു മൂലക്കിട്ടു…അന്നേരം എന്റെ കൈയിൽ തടഞ്ഞ വെട്ടുകത്തി എന്നെ ഒരു വെറും മനുഷ്യനാക്കി..ഞാനാ വെട്ടുകത്തി അയാൾക്ക് നേരെ ആഞ്ഞു വീശി “
ആദ്യമായി ഒരു കൊലപാതക കഥ ലൈവ് ആയി കേൾക്കുന്ന മറ്റുള്ളവർ ശ്വാസമടക്കി പിടിച്ചു നിന്നു..ഇടറിയ ശബ്ദത്തോടെ അവൻ തുടർന്നു..”തൊട്ടടുത്ത നിമിഷം ഞാൻ കാണുന്നത് കഴുത്തിനു വെട്ടേറ്റു പിടയുന്ന എന്റമ്മയെയാണ്. ഒരു നിമിഷം കൊണ്ടതും തീർന്നു… അനങ്ങാൻ പറ്റാതെ ഞാനവിടെ നിന്നു..അടുത്ത നിമിഷം എന്റെ കണ്ണുകൾ അയാളെ തിരഞ്ഞു..അയാളെ തീർത്തേ പറ്റൂ എന്നുറപ്പിച്ചു ഞാൻ നോക്കിയപ്പോഴേക്കും ആരൊക്കെയോ വീടിനുള്ളിലേക്ക് കയറി വന്നു..അവരെന്നെ പിടിക്കുമെന്നായപ്പോൾ ഞാനിറങ്ങി ഓടി..എങ്ങനെയോ ഇവിടെത്തി..”

“അപ്പോൾ അയാളോ?” ഫ്രീക്കന്റെ വകയായിരുന്നു ആ ചോദ്യം..”അറിയില്ല..അന്നേരം എനിക്ക് ഓടാനാണ് തോന്നിയത്..അവിടെ നിന്നിരുന്നേൽ അയാളെ കൊല്ലാനും പറ്റുമായിരുന്നില്ല, ഞാനിപ്പോ ജയിലിലുമായേനെ..അത് കൊണ്ട് ഞാനുമിന്നു പോവാ…അമ്മേടെ അടുത്തേക്ക്..കരയാതെ ഉറങ്ങുന്ന അമ്മയെ കണ്ടോണ്ടിരിക്കാൻ..” ഇതു പറയുമ്പോൾ ഒരു തരം ഉന്മാദാവസ്ഥയിൽ എന്നപോലെയായിരുന്നു അയാളുടെ പ്രകൃതം..ഇനി അയാളോട് കൂടുതലൊന്നും പറയണ്ടായെന്നു രാമചന്ദ്രൻ മനസ്സിലുറപ്പിച്ചു..വിഷയം മാറ്റാനായി രാമചന്ദ്രൻ റാണി ലേഖയുടെ നേരെ തിരിഞ്ഞു.. എന്നിട്ടു പറഞ്ഞു..”ഇനി നിങ്ങളുടെ അവസരമാണ്..നിങ്ങളുടെ സിനിമകളൊന്നും ഞാൻ കണ്ടിട്ടില്ലെങ്കിലും നിങ്ങൾക്കൊരുപാടു ഫാൻസുണ്ടെന്നെനിക്ക് ഊഹിക്കാൻ കഴിയും..പറ..എന്തു കൊണ്ടീ തീരുമാനമെടുത്തു ??”
ലേഖയുടെ മറുപടി വളരെ പെട്ടെന്നായിരുന്നു.”എന്റെ ഒരു വീഡിയോ ലീക്ക് ആയി..”
വേറെന്തോ ആലോചിച്ചു നിന്ന ഫ്രീക്കനും കഥ പറഞ്ഞു തളർന്ന കൈലിക്കാരനും ലേഖയോട് ചോദ്യം ചോദിച്ച രാമചന്ദ്രനുമെല്ലാം ലേഖയുടെ ആ ‘ദുരന്ത’കഥ കേൾക്കാനായി അത്യന്തം ‘വ്യസന’ത്തോടെയിരുന്നു..
ലേഖ തുടർന്നു.”ഇന്നെനിക്കൊരു ഫോൺ കോൾ വന്നു..പേര് പറയാത്ത ഒരാൾ..എന്റെ ഒരു വീഡിയോ അയാൾക്ക് കിട്ടിയിട്ടുണ്ടെന്നും പറഞ്ഞിട്ട്…അയാളത് കുറച്ചു പേരോട് പറഞ്ഞ കാര്യവും എന്നോട് പറഞ്ഞു”
അക്ഷമനായി കേട്ട് നിന്ന ഫ്രീക്കൻ ജിജ്ഞാസ അടക്കാനാവാതെ ചോദിച്ചു..”എന്നാലുമെന്റെ ചേച്ചി.ഒരു വീഡിയോ ലീക്കായതിനു ആത്മഹത്യ എന്നൊക്കെ പറഞ്ഞാൽ..എത്രയോ സിനിമാക്കാരുടേത് ലീക്ക് ആയിട്ടുണ്ട്…പിന്നെന്താ ? “

അതിനു മറുപടിയായി ലേഖാ റാണി ഫ്രീക്കനോട് ചോദിച്ചു..” സ്റ്റെല്ലാ വാൽഷെന്നു കേട്ടിട്ടുണ്ടോ ?”
ഉത്തരം പറയാൻ ഫ്രീക്കന് അധികം ആലോചിക്കേണ്ടി വന്നില്ല..”സിനിമ നടി ആയിരുന്നോ ? “
ലേഖ പറഞ്ഞു..”അല്ല..അവർ ഒരു ഓട്ടക്കാരി ആയിരുന്നു..പോളണ്ടിന് വേണ്ടി ഒളിംപിക്സിൽ രണ്ടു മെഡലുകൾ നേടിയിട്ടുള്ള വനിതാ അത്‌ലറ്റ്…
ഇപ്പൊ നീ വിചാരിക്കുന്നുണ്ടാവും നിന്നോടെന്തിനാണ് ഇതൊക്കെ പറയുന്നതെന്ന് അല്ലെ… പറയാം..1980 ൽ മോഷണ ശ്രമത്തിനിടെ അവർ കള്ളന്മാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു..
“എന്നിട്ട് ? ” ചോദ്യം ചോദിച്ചത് രാമചന്ദ്രൻ ആണ്..
“ഇനി ഞാനെന്റെ കഥ പറയാം..അതിനു മുമ്പ് ഞാനൊന്നു കൂടി നിങ്ങളോടു പറയുന്നു..നമ്മൾ ഒരു തീരുമാനം എടുത്തതാണ്..അതിൽ നിന്നിനി പിന്നോട്ടില്ല ആരും..ആർക്കും ആരുടേയും ഉപദേശങ്ങളോ സാന്ത്വനങ്ങളോ ആവശ്യവുമില്ല..ഞാൻ പറഞ്ഞത് ശെരിയല്ലേ ? “റാണി ലേഖ എല്ലാവരെയും ഒരിക്കൽ കൂടി ഓർമപ്പെടുത്തി..
എല്ലാവരും ഒന്നു മൂളി..റാണി ലേഖ തന്റെ കഥ പറയാനാരംഭിച്ചു..”എന്റെ അച്ഛനുമമ്മയും അനാഥാലയത്തിൽ വളർന്നവരാണ്.. അവിടെ വെച്ച് തന്നെ അവരിഷ്ടപ്പെട്ടു.. വളർന്നപ്പോൾ കല്യാണം കഴിച്ചു..പിന്നീട് ജോലി തേടി അവർ മുംബൈയിലെത്തി..അവിടെ വെച്ചാണ് ഞാൻ ജനിച്ചത്..അവർ പറഞ്ഞിട്ടുള്ള അറിവേ എനിക്ക് കേരളത്തെക്കുറിച്ചുള്ളു..സിനിമയിലെത്തുന്നതിന് മുമ്പ് ആകെ ഒന്നോ രണ്ടോ പ്രാവശ്യമാണ് ഞാനിവിടെ വന്നിട്ടുള്ളത്..ഒരു പത്തിരുപതു വയസ്സായപ്പോൾ എനിക്ക് സിനിമ തലയ്ക്കു പിടിച്ചു.. എങ്ങനെയും സിനിമയിലെത്തണമെന്നു മാത്രമായി എന്റെ ചിന്ത..പഠിത്തമൊക്കെ തകർന്നു തരിപ്പണമായി..ഡിഗ്രി കംപ്ലീറ്റ് ചെയ്യാതെ സിനിമയുടെ പുറകെ നടന്നു വീട്ടുകാർ എന്നെ പുറത്താക്കി..അങ്ങനെ അവരെപ്പോലെ എനിക്കും ആരുമില്ലാതെയായി..ആ സമയത്തു മുംബൈയിൽ ഞാൻ പോകാത്ത ഫിലിം ഓഡിഷൻ ഇല്ല..പക്ഷെ ആരും എനിക്കവസരം തന്നില്ല..ഒടുവിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് ഞാൻ കേരളത്തിലെത്തി..കുറേ അലഞ്ഞു തിരിയലിനു ശേഷം എന്റെ ഭാഗ്യത്തിനൊരു അവസരം കിട്ടി..അതു സൂപ്പർഹിറ്റായി.. പിന്നെയെനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല..”
അൽപ നേരം മിണ്ടാതിരുന്നതിനു ശേഷം ലേഖ തുടർന്നു..” കാര്യങ്ങളൊക്കെ നല്ല രീതിയിൽ മുമ്പോട്ട് പോകുകയായിരുന്നു..ഇന്നലെ ഷൂട്ട് ഒക്കെ കഴിഞ്ഞു ഞാൻ വീട്ടിലേക്കു വരുന്ന വഴി, പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് എനിക്കൊരു കോൾ വന്നു..അയാൾ പറഞ്ഞത് ഞാൻ ഒരാഴ്ച മുമ്പ് താമസിച്ച ഹോട്ടലിന്റെ ബാത്റൂമിൽ ഒരു ക്യാമറ ഉണ്ടായിരുന്നെന്നും അയാളുടെ കൈയിൽ എന്റെ ഒരു വീഡിയോ ഉണ്ടെന്നുമായിരുന്നു..മാത്രമല്ല അയാളത് കുറെപ്പേർക്ക് ഷെയർ ചെയ്‌തെന്നും എന്നോട് പറഞ്ഞു..” ലേഖ റാണി പറഞ്ഞു നിർത്തി..
രാമചന്ദ്രൻ ചോദിച്ചു. ” ഉപദേശിക്കുവാണെന്നു വിചാരിക്കരുത്..ഈ ഒരു കാരണം കൊണ്ട് ആത്മഹത്യ ചെയ്യാനിറങ്ങിയ നിങ്ങളോടെനിക്ക് പുച്ഛം തോന്നുന്നു..ഓരോരുത്തന്മാർ ഇത്തരം പണി കൊടുത്തിട്ടുള്ള എത്രയെത്ര പേരുണ്ടിവിടെ..ഇതിനെ നിങ്ങൾ ധൈര്യത്തോടെ നേരിടണമെന്നാണ് എന്റെ അഭിപ്രായം” ബാക്കി രണ്ടു പേരും രാമചന്ദ്രൻ പറഞ്ഞത് ശരി വെച്ചു..” നിങ്ങൾ എന്തിനാത്മഹത്യ ചെയ്യണം.. അതിന്റെ ഒരാവശ്യവുമില്ല..”
അവൾ പറഞ്ഞു ” നിങ്ങൾക്കത് മനസിലാവില്ല..ഞാൻ ഉറപ്പിച്ചു കഴിഞ്ഞു..നാളത്തെ സൂര്യോദയം ഞാൻ കാണില്ല”
കൈലിക്കാരൻ പറഞ്ഞു ” ഞാൻ വീണ്ടും നിങ്ങളോടു പറയുകയാണ്..നിങ്ങൾ തിരിച്ചു പോണം..പോയി അവന്മാരുടെ മുമ്പിൽ ജീവിച്ചു കാണിച്ചു കൊടുക്കണം”
അതിനു മറുപടിയായി ലേഖ പറഞ്ഞത് ഇപ്രകാരമായിരുന്നു.” 1980 ൽ സ്റ്റെല്ലാ വാൽഷ് മോഷ്ടാക്കളുടെ വെടിയേറ്റു കൊല്ലപ്പെട്ടു..”
രാമചന്ദ്രൻ പറഞ്ഞു ” അതിനു ? കുറെ നേരമായല്ലോ.. ഒരു സ്റ്റെല്ല വാൽഷ്..നിങ്ങളോടു ഞങ്ങൾ പറഞ്ഞതിനുള്ള സമാധാനം പറ “..
അവൾ തുടർന്നു.. ” വനിതകളുടെ ഓട്ട മത്സരത്തിൽ 2 ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള സ്റ്റെല്ലാ വാൽഷിന്റെ ഓട്ടോപ്സി റിപ്പോർട്ടിലൂടെ ലോകം ഒരു സത്യമറിഞ്ഞു.. അവർ ഒരു പുരുഷനായിരുന്നുവെന്നു….”
ഇത്തവണ രാമചന്ദ്രനും കൈലിക്കാരനും ഫ്രീക്കനും ഒന്നു ഞെട്ടി..സംശയത്തോടെ രാമചന്ദ്രൻ ലേഖാ റാണിയോട് ചോദിച്ചു.. “അപ്പോൾ..അപ്പോൾ നിങ്ങൾ ??”
ലേഖ മറുപടി പറഞ്ഞു “ഒരാണാണ്..”
ഇതു കേട്ട ഫ്രീക്കൻ തളർന്നു തറയിലേക്കിരുന്നു..രാമചന്ദ്രനും കൈലിക്കാരനും കേട്ടത് വിശ്വസിക്കാനാവാതെ മുഖത്തോടു മുഖം നോക്കി നിന്നു..ലേഖ തുടർന്നു.. “അതെ.. ഞാനൊരാണാണ്..പെൺവേഷം കെട്ടിയ ‘സുന്ദരിയായ’ ഒരാണ്..എന്റെ ആദ്യ ചിത്രത്തിന്റെ ഓഡിഷന് ഞാനീ കോലത്തിലാണ് പോയത്..അവിടെയുള്ളവർക്ക് കാര്യം മനസിലാവാത്തത് കൊണ്ടും എന്റെ പ്രകടനം നന്നായിരുന്നത് കൊണ്ടും ഞാൻ ആ ചിത്രത്തിൽ നായികയായി..പടം വൻവിജയവുമായി..എനിക്ക് വീണ്ടും ഓഫറുകൾ വന്നു..സിനിമ ഫീൽഡിൽ എന്റെ വളരെയടുത്ത, വിരലിലെണ്ണാവുന്നത്ര ആളുകൾക്ക് മാത്രമറിയാവുന്ന ഒരു രഹസ്യമാണ് ആ ഫോണിൽ വിളിച്ചവൻ എന്നോട് പറഞ്ഞത്..നാളേക്കുള്ളിൽ ഈ കാര്യം ലോകമറിയും..മുമ്പേ രാമചന്ദ്രൻ സർ പറഞ്ഞില്ലേ, നിങ്ങളെ എല്ലാരും കാർക്കിച്ചു തുപ്പുമെന്നു..അതിനുമെത്രയോ ഇരട്ടിയായിരിക്കും ഞാൻ നേരിടാൻ പോകുന്നത് “?
ഇത്തവണ ആർക്കും ഉത്തരമുണ്ടായിരുന്നില്ല..പിന്നീടവർക്ക് ‘റാണി ലേഖ’യോടൊന്നും ചോദിക്കാനുണ്ടായിരുന്നില്ല..അവരുടെ യഥാർത്ഥ പേര് പോലും.. ഒന്നും മിണ്ടാതെ എല്ലാവരും ആ ഇരുട്ടിൽ വെറുതെയിരുന്നു കുറേ നേരം..
ആ നിശബ്ദത അവസാനിപ്പിച്ചതും ‘റാണി ലേഖ തന്നെയായിരുന്നു..ഫ്രീക്കനോടായിരുന്നു ‘അവളു’ടെ ചോദ്യം..” നീയെന്തു കൊണ്ടാണ് ഇവിടെ വന്നത് ? “
ഫ്രീക്കൻ ഒന്നും പറഞ്ഞില്ല..’അവൾ’ ചോദ്യമാവർത്തിച്ചു.. ഇത്തവണയും ഫ്രീക്കനൊന്നും മിണ്ടിയില്ല..
കലിതുള്ളിക്കൊണ്ടു ലേഖാ റാണി അലറി. ” പറയടാ നിന്റെ കഥ”
ഫ്രീക്കൻ വിക്കി വിക്കി പറഞ്ഞു ” എനിക്ക്.. എനിക്കൊരു കഥയുമില്ല..ഞാൻ.. ഞാൻ ആത്മഹത്യ ചെയ്യാൻ വന്നതുമല്ല”.
“പിന്നെ ??”, ബാക്കിയുള്ളവർ ഒരുമിച്ചു ചോദിച്ചു..
ഫ്രീക്കൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ” ഞാൻ ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്..ചിലപ്പോ ദാ ആ പാറപ്പുറത്തു കിടന്നുറങ്ങും.. രാവിലെ എണീറ്റു പോകുകയും ചെയ്യും..ഇന്നും അതു പോലെ…”

അവൻ പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പേ ‘ലേഖ റാണി’ പറഞ്ഞു.. “നിർത്തടാ…പട്ടീ..ഞങ്ങൾ മൂന്നു പേരെയും നിനക്കൊരു തമാശയായി തോന്നി അല്ലെ..ഇവിടുന്നു ആരും തിരിച്ചു പോകില്ലെന്ന് നമ്മൾ തീരുമാനമെടുത്തു കഴിഞ്ഞു..അത് മറികടന്നു നീയും പോകില്ല.. ” ഇതു പറയുന്നതിനിടക്ക് ‘ റാണി ലേഖ’ ഹാൻഡ്ബാഗിൽ നിന്ന് തന്റെ തോക്കെടുത്തു വെടിവെച്ചു..

“ഠോ”

ആ വെടിയൊച്ച കേട്ട് മരച്ചില്ലകളിൽ ചേക്കേറിയ പക്ഷികൾ ശബ്ദമുണ്ടാക്കിക്കൊണ്ടു എവിടേക്കോ പറന്നു പോയി…

Name : Sibin Koshy

Company : IBS, Trivandrum

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *