മാസ്ക്

posted in: Short Story - Malayalam | 0

രാവിലെ ഏഴുമണിക്ക് തന്നെ അലറാം വച്ച് എഴുനേറ്റു, കുറച്ചുനേരം കൂടി കിടക്കണമെന്നുണ്ടായിരുന്നു, പക്ഷെ ഇന്ന് ഓഫീസിൽ പോകണ്ട ദിവസമാണ്, ഡേവിഡ് സാറിന്റെ മുഖം ആലോചിക്കുമ്പോൾ തന്നെ പേടിയാവുന്നു, അലറി കൊണ്ടിരിക്കുന്ന സിംഹത്തിന്റെ മടയിൽ കയറിപോകുന്ന ഒരു ഭീതി,

ജനാലകൾക്കിടയിലൂടെ അയല്‍ വീട്ടിലെ പാട്ടുപടിക്കുന്ന പെണ്‍കുട്ടിയുടെ വീണയില്‍ വിരിഞ്ഞ ഗാനാലാപനം ഒഴുകിവരുന്നുണ്ട്, ശ്രുതികുട്ടി ഇപ്പൊ ഒരുവിധം നന്നായി പാടുന്നുണ്ട് , അത് കേട്ടുകൊണ്ടിരിക്കുമ്പോൾ ചെറുതായിട്ടൊന്നു പൈങ്കിളിയായി പോയി , ബാല്യവും കൌമരവും കടന്നുപൊയ പഴയ ശിശിരങ്ങളെ തഴുകിയുണര്‍ത്തിയ ഒരു ഫീലിംഗ്, പ്ലസ്‌ടു ക്‌ളാസ്സിലെ അരുൺ സെബാസ്റ്റിനെ ഓർത്തു പോയി, ഇപ്പൊ എവിടെയാണോ എന്തോ, മനസ്സിലെപ്പോഴോ ഒരു ചെറിയ പ്രണയം തോന്നിയത് അവനോടാണ്, തുറന്നു പറഞ്ഞോന്നുമില്ല, പിന്നെ പ്ലസ്‌ടു കഴിഞ്ഞപ്പോൾ അതൊക്കെ ആങ്ങു പോയി

പക്ഷെ അധികസമയം അങ്ങനെ നിന്നില്ല,ലേറ്റ് അയാൽ പിന്നെ അതിനു വേറെ കിട്ടും,

ഏതാണ്ടൊരു എട്ടു മണിയായപ്പോഴേയ്ക്കും കുളിച്ചു റെഡിയായി, പിന്നെ ചെറുതായിട്ടൊന്നു ഭഗവാനെ നോക്കി ,
“എന്റെ പോന്നു കൃഷ്ണാ, കുഴപ്പം ഒന്നും ഉണ്ടാകല്ലേ”
കൃഷ്ണ വിഗ്രഹത്തിനു തൊട്ടു പ്രാർത്ഥിച്ച ശേഷം മുറിയിൽ നിന്നെറങ്ങി,
ചുരിദാറിന്റെ ചുളിവുകൾ കൈകൊണ്ടു ചെറുതായി ഒന്ന് നേരെയാക്കി,കണ്ണാടിയിൽ നോക്കി മുഖം ഒന്ന് മിനുക്കി ….”ഓ ഞാനൊരു കൊച്ചു സുന്ദരി തന്നെ ….” സ്വയം ഒന്ന് ചിരിക്കാൻ ശ്രമിച്ചു ….ഒന്നോർത്താൽ തോന്നും ഇപ്പൊ കുറച്ചുകൂടി സ്വാതന്ത്രം ഉണ്ടെന്നു …ഒന്നുമില്ലെങ്കിലും സ്വന്തം കാലിലാണല്ലോ നിൽക്കുന്നത്, അതുതന്നെ വലിയകാര്യം , ഒരു ഇലക്ട്രിസിറ്റി ബില്ലടയ്ക്കാൻ പോകാൻ പോലും കൂട്ടാക്കാത്ത അച്ഛനും ഒരുപാവം അമ്മയും ഒരനുജത്തിയും അടങ്ങുന്ന ഒരു കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നതുതന്നെ വലിയ കാര്യം…..

രാവിലെ തന്നെ അനിയത്തി ഓൺലൈനിലൂടെ മൊബൈൽ ക്ലാസ്നുവേണ്ടി ഓഡിയോ റെക്കോർഡിംഗ് നടത്തുന്നുണ്ടു, അവൾ ഒരു ഗസ്റ്റ് ടീച്ചറാണ്, ഞാൻ പിന്നെ എങ്ങനെയോ ഒരു മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി പോയി, അവളേക്കാൾ ശമ്പളം മൂന്നിരട്ടി കൂടുതൽ എനിക്കാണ് പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ടാർഗറ്റ് തികച്ചില്ലെങ്കിൽ കേൾക്കേണ്ട തെറിവിളി യെക്കുറിച്ച് അവൾക്ക് ഒന്നും അറിയില്ല, അത് ഇവിടെ ആരോടും പറഞ്ഞിട്ടുമില്ല, ഓഫീസെന്നു പറഞ്ഞാൽ ഡേവിഡ് സാറിന്റെ സിംഹമടയാണ്, പലദിവസങ്ങളായി കുറേശ്ശെ കുറേശ്ശെ കിട്ടിക്കൊണ്ടിരുന്നത് എല്ലാം ഒറ്റയടിക്ക് കിട്ടും, ‘മന്ത്‌ലി ടാർഗറ്റ് ‘…. ‘ക്രീയേറ്റീവ് ആയ ഐഡിയസ് മാർക്കെറ്റിങ്ങിനു ഉപയോഗിക്കുന്നില്ല’,അത് ഇത് …. എന്നൊക്കെ പറഞ്ഞു ഹോ..”

ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ അനിയത്തിയേയും വിളിച്ചു,അമ്മയുണ്ടാക്കിത്തന്ന ദോശ കഴിക്കുന്നതിനിടയ്ക്ക് എന്തൊക്കെയോ ആലോചിച്ചു കൂട്ടി, “പഴയ ബസ് യാത്രകൾ,രാവിലത്തെ ഉന്തും തള്ളും,സീറ്റുകിട്ടാൻ വല്ല ചാൻസുണ്ടോയെന്നുള്ള എത്തി നോട്ടങ്ങൾ, സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുന്നവരെ സന്തോഷിപ്പിക്കാൻ പ്രകൃതി അനുഗ്രഹിച്ചു നൽകിയ ചാറ്റൽമഴ അതൊക്കെ ഒരു കാലം,ഇപ്പൊ ബസ്സുമില്ല യാത്രകളുമില്ല, വല്ലാത്തൊരു കൊറോണക്കാലം ,ഒരു മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയതുകൊണ്ട് മാത്രം ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം മാത്രം പോയാൽ മതി, ആ ഒരു ദിവസത്തെ യാത്ര കുറച്ചു കഠിനം തന്നെ, ബസ്സുണ്ടാവില്ല, ആകെ ഒരു ആശ്വാസം ഓട്ടോ ആണ്,
പേടിസ്വാപ്നം പോലെ വേട്ടയാടുന്ന പത്രവാർത്തകൾ,സ്വാതന്ത്രം നഷ്ടപ്പെട്ട യൗവ്വനങ്ങൾ,തളം കെട്ടിനിൽക്കുന്ന ഏകാന്തത,തൊഴിൽ നഷ്ടപ്പെട്ടതിന്റെ രോഷം ,പട്ടിണിയുടെ ദിനരാത്രങ്ങൾ,കൂട്ടിലകപ്പെട്ട കിളികളെപ്പോലെ ഒരു ജനത, ഹോ വല്ലാത്തൊരു അവസ്ഥതന്നെ

രാവിലെ ഓഫീസിലേക്കിറങ്ങുബോൾ അച്ഛൻ ചാരുകസേരയിൽ ഇരുന്നു സ്ഥിരം പാട്ടുകേൾക്കുന്നുണ്ട്
“ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു ……….ഇരയിമ്മൻ തമ്പിനൽക്കും ശൃംഗാരപദലഹരി ഇ രുസ്വപനവേദികളിൽ …..കുടമാളൂർ സൈരന്ദ്രയിയായി,മാങ്കുളം ബ്രിഹന്തളയായി …… “
അച്ഛന് ഇങ്ങനെ കുറച്ചു സ്ഥിരം പാട്ടുകളുണ്ട്,എല്ലാ ദിവസവും ഇതുതന്നെ കേട്ടുകൊണ്ടിരിക്കും
“ശരി അച്ഛാ , ഞാൻ പോവ്വാ “

ബസ്സില്ല, അതുകൊണ്ടു ഓട്ടോസ്റ്റാൻഡിൽ പോയി ,അവിടെയും രക്ഷയില്ല , അഞ്ചു പത്തു മിനിറ്റിനുള്ളിൽ ഏതെങ്കിലും ഓട്ടോ വരുമായിരിക്കും , അവിടെ ദേ ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് വരുന്നു,

“ഹലോ, മാസ്ക്ക് ഇങ്ങനെയല്ല വെക്കുക, ദാ ഇങ്ങനെ കുറച്ചുകൂടി കയറിയിട്ട് വേണം വെയ്ക്കാൻ, അല്ലെങ്കിൽ നിങ്ങൾക്കും കുഴപ്പമാണ്
മറ്റുള്ളവർക്കും കുഴപ്പമാണ് ………..”
“ആ പിന്നെ എന്താ പേര്, അല്ല ഞാൻ ഇടയ്ക്ക് കാണാറുണ്ട് അത്കൊണ്ട് ചോദിച്ചതാ”

“ശരി , ഞാൻ നോക്കിക്കൊള്ളാം ” എന്നു പറഞ്ഞു അനിഷ്ട്ടത്തോടെ മാറിനിന്നു …
പിന്നെ അയാൾ കൂടുതലൊന്നും ചോദിച്ചില്ല,

അയാളെ മുൻപും കണ്ടട്ടുണ്ട്,
“തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ , എവിടെയാണെന്ന് ഓർക്കുന്നില്ല” എന്നുപറഞ്ഞുകൊണ്ട് മുമ്പോരിക്കൽ പരിചയപ്പെടാൻ വന്ന ആ ചെറുപ്പക്കാരൻ, അതെ അയാൾ തന്നെ,
“സോറി, കുറച്ചു ധൃതിയുണ്ട് ” എന്ന് പറഞ്ഞു അയാളെ അന്ന് ഒഴിവാക്കി വിട്ടതാണ്, ദേ പിന്നേം

ഒടുവിൽ എങ്ങെനയൊ ഒരു ഓട്ടോ വന്നു, അങ്ങനെ കൂടുതൽ നേരം അവിടെ നിൽക്കാതെ രക്ഷപ്പെട്ടു, അങ്ങനെ പിന്നെ വലിയ തടസ്സമൊന്നും കൂടാതെ ഓഫീസിലെത്തി, ഭാഗ്യം ലേറ്റായിട്ടൊന്നുമില്ല

കുറച്ചുകഴിഞ്ഞപ്പോൾ സ്വാതി വന്നു പറഞ്ഞു , “ദേ വിളിക്കുന്നുണ്ട് ,പോയി കിട്ടാനുള്ളതൊക്കെ വാങ്ങി വന്നോളൂ, നല്ല ചൂടിലാണ് “

ഡേവിഡ് സാറിന്റെ റൂമിലേക്ക് കയറുമ്പോൾ മുട്ടൊന്നു വിറച്ചു “കഴിയില്ലെങ്കിൽ ജോലി രാജി വെച്ച് പോ എന്നുള്ള നിലപാടാണ്” ഡേവിഡ് സാറിന് ,അലക്കുക്കല്ലിൽ തുണിയലക്കുമ്പോൾ മനസ്സിലുള്ള ചില വിദ്വെഷങ്ങൾ ഒക്കെ സങ്കൽപ്പിച്ചു ആ കല്ലിൽ ആഞ്ഞു അടിക്കുമ്പോൾ എന്തൊക്കെയോ ഒരു മനസമാധാനം കിട്ടും, മിക്കവാറും ദിവസങ്ങളിൽ ഈ ഡേവിഡ് സാറിന്റെ മുഖമായിരിക്കും സങ്കൽപ്പിക്കുക, ഇപ്പൊ പിന്നെ ആഴ്ചയിലൊരിക്കലേ ഈ ശല്യമുള്ളൂ

ഡേവിഡ് സാർ കുറെ കാര്യങ്ങൾ പറഞ്ഞു , കമ്പനിയുടെ വളർച്ച, മാർക്കെറ്റിങ്ങിലെ പുതിയ ടെക്‌നിക്യുകൾ,അത് ഇത് …..എല്ലാം പറഞ്ഞു പറഞ്ഞു ഒടുവിൽ വന്നു നിന്നതു കഴിഞ്ഞ മൂന്നുമാസവും ‘മന്തലി ടാർജെറ്റ് ‘ തികച്ചില്ല എന്നുള്ളതിലാണ് , പിന്നെ തുടങ്ങി ……
നിങ്ങൾക്കൊന്നും യാതൊരു ഉത്തരവാദിത്യവുമില്ല ……………..അത് ഇത് ……കുറെ മോശം വാക്കുകൾ …….ഒടുവിൽ ഷൗട്ടിങ്ങായി …

എന്റെ കണ്ണ് നിറഞ്ഞുപോയി ….പിന്നെന്നും കേട്ടില്ല …

സാർ പിന്നെയും എന്തൊക്കെയോ പറയുന്ന്നുണ്ടായിരുന്നു ,

ഒടുവിൽ “ഹും, ശരി പൊയ്ക്കോളൂ ,ദിസ് ഈസ് യുവർ ലാസ്റ്റ് വാർണിങ് “

ഞാൻ ഇറങ്ങി , പോകും മുൻപ് സർ വിളിച്ചു “ആദ്യം ആ മാസ്‌ക്കെങ്കിലും മര്യാദയ്ക്ക് വയ്ക്കാൻ പടിക്കെടോ “

ഒന്ന് തിരിഞ്ഞു നോക്കിയശേഷം ഞാൻ ഇറങ്ങി …..

സ്വാതിവന്നു ആശ്വസിപ്പിച്ചു …..പിന്നെ ബാത്‌റൂമിൽ പോയി ഒന്ന് മുഖം കഴുകി,
ബാത്റൂമിലെ ജനാലയിലൂടെ അങ്ങകലെ നിൽക്കുന്ന മദിരാശീ മരം കാണാം, പണ്ട് പഠിച്ച സ്കൂളിന്റെ കോംബൗണ്ടിലും ഇതുപോലെ വലിയ
മദിരാശീ മരങ്ങൾ ഉണ്ടായിരുന്നു, അതൊക്കെ ഒരു കാലം, ഇനിയുമെത്രെയോ നെടുവീർപ്പെടലുകൾ ഇനിയും വേണ്ടിവരും ജീവിതം എന്ന സമസ്യയിൽ,യൗവവനത്തിന്റെ ചുട്ടുപഴുത്ത കനലുകൾ താണ്ടി എത്രദൂരം മുന്നോട്ടുപോകാൻ കഴിയുമോ ആവോ ?

മുഖം തുടച്ചു, പതിയെ ബാത്‌റൂമിൽ നിന്നും പുറത്തുവന്നു ………വീണ്ടും പതിവുപോലെ ആ സീറ്റിലേക്ക് ….

Name : PRASAD TJ

Company : PIEDISTRICT

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *