ദൃക്സാക്ഷി

posted in: Short Story - Malayalam | 0

ഡിസംബറിലെ മരം കോച്ചുന്ന ആ പ്രഭാത സവാരിക്ക് രണ്ട് ഉദേശങ്ങളായിരുന്നു – ആരോഗ്യതല്പരരായ മലയാളികളെ പോലെ തൻ്റെ ആരോഗ്യം സംരക്ഷിക്കാനും പിന്നെ  പുതിയ സൃഷ്ടിക്കുള്ള സ്വസ്ഥമായ ചിന്തകൾക്ക് വേണ്ടിയും. നമ്മൾ കണ്ട് ശീലിച്ചതും കേട്ട് പഴകിയതുമായ എഴുത്തുകാരിൽ നിന്നും തീർത്തും വിഭിന്നമായ ജീവിതചര്യയുള്ള ആളായിരുന്നു അയാൾ. മദ്യപാനമോ പുകവലിയോ ഇല്ല. സിക്സ് പാക്ക് ഒന്നും അല്ലെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം. കാണാനാണെങ്കിൽ ഒരു ബുദ്ധി ജീവിയുടെ പരിവേഷമൊന്നുമില്ല, ഒരു സിനിമ നടന്റെ ശരീര ഭാഷയാണ് അയാൾക്ക്. പക്ഷേ  സിനിമയെന്ന മായാ ലോകത്തോട് അയാൾക്ക് തീരെ താത്പര്യമില്ല. ബഷീറിനെപ്പോലെയോ  തകഴിയേപോലെയോ ലോകമറിയുന്ന എഴുത്തുകാരനാകണം എന്നതാണ് ടിയാന്റെ സ്വപ്നം. ഒന്ന് രണ്ട് ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നല്ലാതെ ഒരു നോവലെന്ന സ്വപ്നം മേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണ്. അവ അധികം താമസിക്കാതെ തന്നിലേക്ക് പെയ്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് അയാൾ. നടത്തം അവസാനിക്കുന്നത് തൻ്റെ റൂമിന്റെ തൊട്ടടുത്തുള്ള ചായക്കടയിലാണ്.അവിടെ നിന്നും ഒരു ചൂട് ചായയും കുടിച്ചിട്ട് റൂമിലേക്ക് പോകുകയാണ് പതിവ്. അങ്ങനെ ചായകുടി പുരോഗമിക്കുമ്പോൾ അവിടെ കിടന്ന ഒരു പത്രമെടുത്തു വായന തുടങ്ങി. പതിവ് വാർത്തകൾ തന്നെയാണ് കൂടുതലെങ്കിലും ഒരു വാർത്തയിൽ അയാളുടെ കണ്ണുകളുടക്കി – “മകളെ  കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തു “

ആ വാർത്ത വിശദമായി തന്നെ അയാൾ വായിച്ചു, പക്ഷേ  എന്തോ ഒരു പൊരുത്തക്കേടുള്ളപോലെ തോന്നി. സാമ്പത്തികമായി ഭേദപ്പെട്ട കുടുംബം. ഭർത്താവിനെ അറിയിക്കാതെ മകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ എന്താവും അവരെ പ്രേരിപ്പിച്ചത്? എത്ര ആലോചിച്ചിട്ടും യുക്തിഭദ്രമായ ഒരു ഉത്തരം തരാൻ  അയാളുടെ മനസിനായില്ല. ഇത്തരം അസ്വസ്ഥതകൾ സാദാരണയുണ്ടാകുന്നത് മനസ്സിൽ ഒരു കഥാബീജം രൂപപെടുമ്പോഴാണ്. അതു പക്ഷേ  ഒരു സൃഷ്ടിയായി രൂപാന്തരം പ്രാപിക്കുമ്പോൾ അവസാനിക്കുന്നതുമാണ്. മുറിയിൽ തിരിച്ചെത്തി ഒരു ദിവസം മുഴുവനും ഈ ചിന്തയിൽ മുഴുകിയിരുന്നെങ്കിലും മനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഉത്തരം അയാളെ തേടി വന്നില്ല.

അങ്ങനെ രണ്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ആ സമസ്യക്ക് ഉത്തരംകിട്ടാതെയുള്ള അസ്വസ്ഥതക്ക് മാറ്റമൊന്നും സംഭവിച്ചില്ല. ഇതിനൊരു അവസാനം കാണാനും ഒരു കഥ രൂപപെടുത്താനുമായി സംഭവ സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു. നഗരത്തിൽ നിന്നും നാല്-അഞ്ചു മണിക്കൂർ യാത്ര ചെയ്‌തു ഒടുവിൽ അവിടെയെത്തി. മരണവീട് കണ്ടുപിടിക്കാൻ ഒട്ടും തന്നെ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വഴിയിലെല്ലാം തന്നെ പരേതരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും മറ്റും ധാരാളമുണ്ടായിരുന്നു.

മരണം നടന്നിട്ട് കുറച്ചുദിവസങ്ങളായെങ്കിലും ഗ്രാമപ്രദേശം ആയതിനാലാവാം കുറച്ചാളുകൾ ഇപ്പോഴും വീട്ടിലും പറമ്പിലുമായുണ്ട്. പറമ്പിൽ ഒഴിഞ്ഞ കസേരകളൊന്നിൽ അയാളിരുന്നു. സമയം സന്ധ്യയായത് കൊണ്ട്, കിളികളും പക്ഷികളുമെല്ലാം കൂടണയുന്ന തത്രപ്പാടിലായിരുന്നു. ചുറ്റുപാടും നിറയെ മരങ്ങളും പച്ചപ്പുമായതിനാൽ സാമാന്യം നല്ല തണുപ്പനുഭവപ്പെട്ടു. തണുപ്പിനെ അതിജീവിക്കാനുള്ള വഴികളാലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ്  ഒരു സ്ത്രീ ചൂടുള്ള ഒരു കട്ടൻകാപ്പി കൊണ്ട്  കൊടുത്തത്. മരണവീടുകളിൽ ഇത് പതിവുള്ളതാണല്ലോ. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും ചൂടുള്ള  എന്തെങ്കിലുമായതിനാൽ  അവരുടെ കയ്യിൽ നിന്നും കട്ടൻചായ  വാങ്ങി അയാൾ ഊതിയൂതി കുടിച്ചു.

ചായകുടി നടക്കുമ്പോഴാണ് ഒരു  മദ്ധ്യവയസ്കൻ അയാളുടെ അടുത്തേക്ക് വരുന്നത്. മുഖത്തു പ്രതിഫലിക്കുന്ന ദുഃഖത്തിൽ നിന്നും അയാളുടെ ഭാര്യയും മകളുമാണ് മരിച്ചതെന്ന് ഏതാണ്ട് ബോധ്യമായി. കഥാകാരനെ പരിചയമില്ലാത്തതിനാൽ ഒരു മടിയോടു കൂടിത്തന്നെ അയാളെ പറ്റി ഗൃഹനാഥൻ ചോദിച്ചു. അത് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഉത്തരം മനസിൽ കാലേകൂട്ടി തയാറാക്കിവച്ചിരുന്നില്ല. ഒരു മരണവീട്ടിൽ ചെന്ന് താനൊരു എഴുത്തുകാരനാണെന്നും ആ മരണത്തെക്കുറിച്ചു കൂടുതൽ മനസിലാക്കാൻ വന്നതാണെന്ന് പറയാനുള്ള ധൈര്യമായാൾക്കില്ലായിരുന്നു. അതിനാൽ താൻ ഒരു പാസ്റ്ററാണെന്നും അടുത്തൊരിടത്തുവന്നപ്പോൾ സംഭവത്തെപ്പറ്റി അറിഞ്ഞു വന്നതാണെന്നും പറഞ്ഞു. ഒരു ദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുന്ന തന്നെ ആശ്വസിപ്പിക്കാനായി ഒരു പാസ്റ്റർ വന്നതിൽ ആഗൃഹനാഥന് ആശ്വാസം തോന്നി. അപ്പോഴാണ് വേറെ കുറച്ചുപേർ മരണത്തിൽ അനുശോചിക്കാൻ എത്തുന്നത്. എഴുത്തുകാരനോട് ഉടനെ തിരിച്ചെത്താമെന്നു പറഞ്ഞു ഗൃഹനാഥൻ ആ സന്ദർശകരുടെയടുത്തു പോയി.

അവിടെയിരുന്നു മുഷിഞ്ഞപ്പോൾ അയാൾ പറമ്പിലൂടെ നടക്കാൻ തുടങ്ങി. വൃക്ഷലതാതികളാൽ സമ്പുഷ്ടമായ പറമ്പായിരുന്നു അത്. ആപ്പോഴാണ് വീടിന്റെപുറകിൽ കിടന്നുറങ്ങുകയായിരുന്ന വളർത്തുനായ അയാളുടെ ശ്രദ്ധയിൽപെട്ടത്. അയാൾ അടുത്തുചെന്നിട്ടും അത് നായയിൽ വേണ്ടത്ര പ്രതികരണമുണ്ടാക്കിയില്ല. നായ കിടക്കുന്നതിന്റെയടുത്തു വച്ചിരുന്ന പാത്രത്തിലെ പഴകിയുണങ്ങിയ ഭക്ഷണം കണ്ടപ്പോൾ അത് ഭക്ഷണംകഴിച്ചിട്ട് കുറച്ചായി എന്നയാൾക്ക് മനസിലായി. ഗൃഹനാഥന്റെ ഭാര്യയും മകളും മരിച്ചതിന്റെ പ്രതിഫലനം ആ വളർത്തുനായയിലും പ്രകടമായിരുന്നു.

നായയുടെ അടുത്ത് ചെന്നയാൾ അതിന്റെ നെറുകയിൽ തടവി. കുറെ കഴിഞ്ഞപ്പോൾ നായ അതിനോട് പ്രതികരിക്കാൻ തുടങ്ങി. വാലാട്ടുകയും അയാളുടെ കയ്യിൽ നക്കുകയും ചെയ്തു. ബാഗിലിരുന്ന ഒരു പാക്കറ്റ് ബിസ്ക്കറ്റ് അയാൾ നായക്ക് നൽകി. അത് മുഴുവനും കഴിച്ച നായ നന്ദിപൂർവം അയാൾക്ക്‌ നേരെ വാലാട്ടി.

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഒരു പുത്തനുണർവ്  കിട്ടിയപോലെ ചാടിയെഴുനേറ്റ നായ, കുറെ ദൂരം പോയ ശേഷം അവിടെ നിന്ന് കുരക്കാൻ തുടങ്ങി. തന്നെ നായ അവിടേക്ക് ആനയിക്കെയാണെന്നു അയാൾക്ക്‌ തോന്നി. മടിച്ചിട്ടാണെങ്കിലും അയാൾ നായയുടെ പിറകെ നടന്നു. നായ അവസാനം ചെന്ന്നിന്നത് പറമ്പിന്റെ ഒരു മൂലയിലായിരുന്നു എന്നിട്ട് മണ്ണിൽ നോക്കി കുരച്ചുകൊണ്ടിരുന്നു. ഇരുട്ടിൽ പ്രത്യേകിച്ചൊന്നും കാണാത്തതിനാൽ തൻ്റെ മൊബൈലിലെ ടോർച് ഓണാക്കി ആ ഭാഗത്തേക്കു നോക്കി.ആ മൂലയിലെ മണ്ണിനു മാത്രം ഒരു മാറ്റം – കുഴിയെടുത്തു മൂടിയതുപോലെ അധികം ഉറപ്പില്ലാത്ത മണ്ണ്. ആ മണ്ണിന്റെയുള്ളിൽ ആ നായക്ക് പ്രിയപെട്ടതെന്തോ ഉള്ളതുപോലെ. തികച്ചും അപരിചിതമായ സ്ഥലത്തങ്ങനെ നിൽക്കണ്ട എന്ന് കരുതി അയാൾ അപ്പോൾത്തന്നെ തിരിച്ചു വീട്ടുമുറ്റത്തേക്ക് വന്നു. നായ പക്ഷേ കുരച്ചു കൊണ്ട് അവിടെത്തന്നെയുണ്ട്.

സന്ദർശകരെയെല്ലാം യാത്രയാക്കി ഗൃഹനാഥൻ അയാളുടെ അടുത്തേക്ക് വന്നു. അയാളോട് മരണം സംഭവിച്ച സാഹചര്യങ്ങെല്ലാം പറഞ്ഞു – ഭാര്യക്ക് മനസികവിഭ്രാന്തി ആയിരുന്നെന്നും താൻ വീട്ടിലില്ലാത്ത സമയത്തു മകളെയും കൊന്നു ആത്മഹത്യ ചെയ്‌തു എന്നും പറഞ്ഞു വിങ്ങിപ്പൊട്ടി.  കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ച ശേഷം അടുത്തൊരു ദിവസം വരാമെന്നുപറഞ്ഞിട്ടു അയാൾ വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങി. രാത്രിയിലെ അവസാനത്തെ  ബസ്സും  പോയതിനാൽ നഗരത്തിലെത്താൻ ബുദ്ധിമുട്ടുമെന്നും അത് കൊണ്ട്  രാത്രി  അവിടെ കഴിഞ്ഞിട്ട് രാവിലെയുള്ള വണ്ടിക്കു തിരികെ പോകാമെന്ന് ഗൃഹനാഥൻ നിർബന്ധിച്ചു. വേറെ മാർഗ്ഗമൊന്നുമില്ലാത്തതിനാൽ മനസ്സില്ലാമനസോടെ  അയാൾ സമ്മതിച്ചു.

അത്താഴവും കഴിഞ്ഞു ഉറങ്ങാൻ കിടന്നെങ്കിലും ആ കുഴിയിൽ എന്താകുമെന്നുള്ള ജിജ്ഞാസ ഉറക്കത്തിന്റെ  വരവ് തടഞ്ഞുകൊണ്ടിരുന്നു. ആ കുഴിയിൽ എന്ത് തന്നെയായാലും ഈ വീടുമായി  അതിനു ബന്ധമുണ്ട്. അല്ലെങ്കിൽ നായ അവിടെ നിന്ന് കുരക്കിലല്ലോ. ഉറക്കം വരാത്ത സ്ഥിതിക്ക് അവിടെ പോയി എന്താണെന്നു കണ്ടു പിടിക്കാൻ തന്നെ തീരുമാനിച്ചു. മുറിയിൽ നിന്നും സാവധാനം പുറത്തിറങ്ങിയ അയാൾ നേരെ പറമ്പിന്റെ മൂലയിലേക്ക് പോയി. ഇത് കണ്ട നായ വാലാട്ടിക്കൊണ്ടു അയാളുടെ അടുത്തേക്ക് പോയി.

അധികം വെളിച്ചമില്ലാതിരുന്നിട്ടുപോലും നായ കൃത്യമായി അയാളെ അവിടെയെത്തിച്ചു. മൊബൈലിലെ ടോർച്ചു ഓണാക്കി അടുത്തു നിന്ന പേരക്കൊമ്പുകൾക്കിടയിൽ വച്ച ശേഷം കുഴിയുടെ ആഴമളക്കാൻ അടുത്തു കിടന്ന ഒരു കമ്പെടുത്തു മണ്ണിൽ കുത്തിയിറക്കി. അധികം ആഴത്തിലേക്ക് കമ്പ് ഇറങ്ങാത്തതു കൊണ്ട് കുഴിക്ക് അധികം ആഴമുണ്ടാകില്ല എന്ന് അയാൾ ഊഹിച്ചു. എങ്ങനെ കുഴിക്കുമെന്ന് ആലോചിച്ചു നിന്നപ്പോഴാണ് തൊട്ടടുത്ത ഷെഡ്ഡ് ശ്രദ്ധയിൽപെട്ടത്. അവിടെ ചെന്നപ്പോൾ മൺവെട്ടിയും പിക്കാസുമൊക്കെ കണ്ടു. അവ ഉപയോഗിച്ച് പണി തുടങ്ങി. ഉള്ളിൽ എന്തെങ്കിലുമുണ്ടെന്നു വിശ്വാസമുള്ളതുകൊണ്ട് വളരെശ്രദ്ധയോടെയാണ് കുഴിച്ചത്. അധികം ആയാസപ്പെടാതെ തന്നെ കുഴിച്ചിട്ട വസ്തു കിട്ടി – ടൂൾബോക്സ് പോലെയുള്ള ഒരു ചെറിയ പെട്ടി. കുറച്ചു കഷ്ടപ്പെട്ടെങ്കിലും തുറന്നപ്പോൾ കണ്ടത് നാല് സിസിടീവി ക്യാമെറകളും ഒരു ഹാർഡ്‌ഡിസ്‌കും.

ബോക്സും കൊണ്ട് റൂമിൽ തിരിച്ചെത്തുന്നവരെ ആരെങ്കിലും കാണുന്നുണ്ടോ എന്ന അങ്കലാപ്പിലായിരുന്നു അയാൾ. ആരുടേയും ശ്രദ്ധയിൽപ്പെടാതെ പെട്ടെന്ന് തന്നെ റൂമിൽ തിരിച്ചെത്തി. റൂം പൂട്ടിയ ശേഷം അയാൾ തൻ്റെ ബാഗിൽ നിന്ന് ലാപ്ടോപ്പ് എടുത്ത് ഓണാക്കി. കുഴിയിൽ നിന്നെടുത്ത ബോക്സ് തുറന്ന്, അതിൽ നിന്നുംഹാർഡ്‍ഡിസ്ക് എടുത്ത് ഒരു തുണി കൊണ്ട് വൃത്തിയാക്കിയ ശേഷം ലാപ്ടോപുമായി കണക്ട് ചെയ്തു.

ആ സിസിടീവി ദൃശ്യങ്ങൾ അയാളെ അസ്വസ്ഥനാക്കാനും ഭയചകിതനാക്കാനും പോകുന്നതായിരുന്നു. ഉടൻ തന്നെ ലാപ്ടോപ്പ് ഓഫാക്കി ഹാർഡ്‌ഡിസ്‌കും ലാപ്ടോപ്പും ബാഗിലാക്കി അവിടെ നിന്ന് രക്ഷപെടാൻ തീരുമാനിച്ചു. നേരത്തെയിറങ്ങിയപോലെ ശബ്ദമൊന്നുമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി പറമ്പിലൂടെ നടന്ന് തുടങ്ങിയപ്പോളാണ് പുറകിലൊരു കാൽപ്പെരുമാറ്റം കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ കയ്യുംകെട്ടി ഗൃഹനാഥൻ നിൽക്കുന്നു. അത് കണ്ട് ഭയചകിതനായെങ്കിലും അത് പുറത്തു കാണിക്കാതെ തിരിഞ്ഞു ഗേറ്റിന്റെ അടുത്തേക്ക് നടന്നു. രണ്ടു ചുവടു വച്ചപ്പോൾ എന്തോ തൻ്റെ പുറത്തു തുളഞ്ഞുകയറിയപോലെ തോന്നി. അവിടെ തൊട്ടു നോക്കിയപ്പോൾ ചോര പൊടിഞ്ഞിരിക്കുന്നു. തിരഞ്ഞു നോക്കിയപ്പോൾ ഗൃഹനാഥന്റെ കയ്യിൽ സൈലന്സർ ഘടിപ്പിച്ച പിസ്റ്റലിൽ നിന്നും നേർത്ത പുക ഉതിരുന്നതായിരുന്നു . ഓടാൻ ശ്രമിച്ചപ്പോൾ രണ്ട് തവണ കൂടി വെടി പൊട്ടി. മരിച്ചെന്ന് ഉറപ്പായിക്കഴിഞ്ഞപ്പോൾ  അയാളെ തൻ്റെ ചുമലിലെടുത്തു പറമ്പിന്റെ മൂലയിലേക്ക് നടന്നു. ഇതു കണ്ട നായ ഒരു ഞരക്കത്തോടെ അവിടെ നിന്നും ഓടി പോയി, ഇനിയൊന്നിനും ദൃക്‌സാക്ഷിയാകാൻ വയ്യാതെ.

Name :  Kiran Narendran

Company :  H&R Block, Technopark

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *