അമ്മ നിലാവ്

posted in: Short Story - Malayalam | 1

“അച്ഛാ അമ്മ കൂടി പാർട്ടിക്ക് വരുന്നുണ്ടെന്നു…. അമ്മേടെ ഏതോ ഒരു കൂട്ടുകാരി ആണത്രേ പെണ്ണിന്റെ അമ്മായി “

അലമാരയിൽ നിന്നും പഴയ സാരി എടുക്കുന്നതിനിടയിൽ ആണ് ഞാൻ അത് കേൾക്കുന്നത്. 

അതല്ല അച്ഛാ അമ്മയ്ക്ക് നല്ല ഒരു സാരി പോലും ഇല്ല..പഴേത് ഏതോ തപ്പുവാ… സാരി ഉണ്ടെങ്കിലും ചേരുന്ന ബ്ലൗസ് ഇല്ലായിരുന്നു.. 

എപ്പോഴും അച്ഛനും മക്കൾക്കും വാങ്ങിക്കാൻ പോകുമ്പോൾ  ‘നിനക്ക് വേണോ ‘…… എന്നുള്ള ചോദ്യം പതിവാണ്. എവിടെയും പോകാത്ത എനിക്ക് ഡ്രസ്സ്‌ വാങ്ങി ക്യാഷ് കളയേണ്ട എന്നോർത്ത് ഞാൻ ഒന്നും പറയാറില്ല. 

രണ്ടു പെൺപിള്ളേർ ആണെങ്കിലും ഒന്നിനെയും അടുക്കളയുടെ ഭാഗത്തേക്ക്‌ കഴിക്കാൻ അല്ലാതെ കാണാറില്ല… പുറത്തു പോകാൻ ഒക്കെ ഒരുപാട് ആഗ്രഹം ഉണ്ടേലും ജോലിക്കൂടുതൽ കൊണ്ട് ഒന്നും പറ്റാറില്ല എന്നതാണ് നേര്. 

പിന്നെ വയ്യാതെ ആയ ഭർത്താവിന്റെ അമ്മയും… അമ്മയ്ക്ക് ഇങ്ങനെ ആയതിൽ പിന്നെ ഞാൻ എവിടെയും പോകുന്നതും ഇഷ്ടമല്ല 
അമ്മയെ ഹരിയേട്ടന്റെ അനിയത്തി കൊണ്ടു പോയതു കൊണ്ടാണ് ഇത്തവണ പോകാം എന്ന് ഓർത്തത് 

“അമ്മേ നമുക്ക് പിന്നെ ആന്റിയെ പോയി കാണാം” അമ്മ റെഡിയായി ഒക്കെ വരുമ്പോൾ സമയം പോകും. എന്ന് രേഷു മോള് പറയുമ്പോൾ എന്തോ വേദന പോലെ തോന്നി 

എല്ലാവരുടെയും എല്ലാകാര്യവും നോക്കിയിട്ട് ഒരു പത്തു മിനിറ്റ് ക്ഷമിക്കാൻ പോലും പറ്റില്ല എന്ന് ഞാൻ ഓർത്തു 
ഏട്ടൻ റൂമിലേക്ക് വരുമ്പോൾ ഉമ്മർ ബലാത്സംഗം ചെയ്ത ജയഭാരതിയെപ്പോലെ ഞാൻ നിൽക്കുവായിരുന്നു… കാരണം എത്ര ശ്രമിച്ചിട്ടും ബ്ലൗസ് എനിക്ക് കേറുന്നുണ്ടായിരുന്നില്ല 

‘വരുന്നില്ലേ ‘? ….. എന്നു ചോദിച്ചപ്പോൾ ആകെ പാകമായ പച്ച ബ്ലൗസും ഒട്ടും ചേരാത്ത വാടാമല്ലി സാരിയും ഉടുത്തു ഞാൻ റെഡിയായി 
പെറ്റു വളർത്തിയ രണ്ടെണ്ണവും ‘അയ്യേ ‘ എന്ന ഭാവത്തിൽ എന്നെ നോക്കി.. 
ചെരുപ്പ് ഇടാൻ നോക്കിയപ്പോൾ ഒരു ആവശ്യവും ഇല്ലാതെ അതും പൊട്ടി…

എന്റെ ചട്ടിയുള്ള നടപ്പ് കൂടി കണ്ടപ്പോൾ ഏട്ടൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു 

എല്ലാം കൂടി ആയപ്പോൾ എനിക്ക് മതിയായി. “ഏട്ടാ ഞാൻ ഫങ്ക്ഷന് വരുന്നില്ല… പോകുന്ന വഴി അല്ലേ കടവൊത്തു അമ്പലം അവിടെ ഇറക്കിയേക്ക്… 

എന്നു പറഞ്ഞപ്പോൾ ആരും എതിർത്തില്ല എന്നതാണ് നേര്… 

കുഞ്ഞിലേ അമ്മ ഇല്ലെങ്കിൽ എവിടെയും പോവില്ലായിരുന്നു രണ്ടു പേരും.. ഹരിയേട്ടൻ അന്നും ഇന്നും ഒരു പോലെ…. 

എവിടെ വേണേലും കൊണ്ടു പോകാൻ ഒക്കെ ഒരുപാട് ഇഷ്ടം ആണ്. ഞാൻ ആയിരുന്നു പുറകോട്ടു നിന്നെ 

എന്നെ അമ്പലത്തിൽ ഇറക്കിയ ശേഷം അവർ പോയപ്പോൾ അറിയാതെ കണ്ണു നനഞ്ഞു….. 

” ആത്മാർത്ഥതയോടെ ചെയ്യുന്ന ഒരു കാര്യവും വെറുതെ ആവില്ല ” എന്നൊക്കെ കേട്ടിട്ടുണ്ട്… അത്രക്ക് ചങ്കു പറിച്ചാണ് ഞാൻ എന്റെ ഹരിയെട്ടനെയും പിള്ളേരെയും സ്നേഹിച്ചത്… എന്നിട്ട്…. 

“ഞാൻ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ട് ” എന്ന് സ്വയം പറഞ്ഞു 

“അവനവനു വേണ്ടി ജീവിച്ചില്ലെങ്കിൽ പിന്നെ ആലോചിച്ചിട്ട് കാര്യം ഇല്ല ” എന്ന് അമ്മ പലതവണ പറഞ്ഞിട്ടും മനസ്സിലായില്ല എന്നതാണ് നേര് 
അമ്മയുടെ അനുഭവത്തിൽ നിന്നാവും അമ്മയും ഇതു പറഞ്ഞെ എന്ന് ഞാൻ ഓർത്തു… അമ്മയും ഇതേ പോലെ അവഗണിക്കപ്പെട്ടു നിന്നു കാണും…

ഞാനുൾപ്പെടെ നിർത്തി കാണും…തൊഴുതു കഴിഞ്ഞു കുറച്ചു നേരം ഞാൻ അവിടെ പുറത്തു ഇരുന്നു 

കാറിന്റെ ഹോൺ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്… 
നോക്കിയപ്പോൾ ഹരിയേട്ടനും പിള്ളേരും… 

“വാടി അമ്മക്കുട്ടി ” എന്നു പറഞ്ഞു ഇളയ കാന്താരി… കയ്യിൽ കുറേ ഷോപ്പിംഗ് ബാഗുകളും 

ഒന്നും മനസ്സിലാകാതെ ഞാൻ നിന്നു… വണ്ടി നേരെ വീട്ടിലേക്ക് വിട്ടു… അപ്പോഴും എന്റെ അമ്പരപ്പ് മാറിയില്ല 

“വേഗം പോയി റെഡി ആയി വരാൻ പറഞ്ഞു ആ ബാഗുകൾ എന്റെ കയ്യിൽ തന്നു.. 

കുറെ സാരികളും റെഡിമെയ്ഡ് ബ്ലൗസും.. ചേരുന്ന ചെരുപ്പും… ഒക്കെ.. എന്നെ മേക്കപ്പ് ചെയ്യിക്കാൻ രണ്ടു പേരും കൂടി മത്സരിക്കുന്ന പോലെ തോന്നി… 

“നീ എന്താടി വിചാരിച്ചേ… ഞങ്ങൾ നിന്നെ കൂട്ടാതെ അങ്ങ് പോകുമെന്നോ… അമ്മ കൂടി ഉള്ള കൊണ്ടാ ഞങ്ങൾ പോകുമ്പോഴും നിന്നെ നിര്ബന്ധിക്കാതെ ഇരുന്നേ… 

നിനക്കു വാങ്ങിയ സാരി അലമാരയിൽ തന്നെ ഇരുന്നു തുടങ്ങിയപ്പോൾ ആണ് അത് മേടിക്കുന്നതു നിർത്തിയത്… അല്ലാതെ നീ പറഞ്ഞിട്ടു മാത്രം അല്ല 

‘നീ ഇല്ലാത്ത കുറവ് എന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു ‘
 

നമ്മൾ എല്ലാം കൂടുമ്പോൾ ഉണ്ടാകുന്ന സ്നേഹത്തിന്റെ പേരല്ലേ നമ്മുടെ കുടുംബം … 

അവിടെ ചെന്നപ്പോൾ ഫങ്ക്ഷൻ കഴിയാറായി കൂട്ടുകാരി പോയി എങ്കിലും എന്റെ മനസ്സ് നിറഞ്ഞിരുന്നു

Name : Manju jayakrishnan

Company : TCS, Kochi

Click Here To Login | Register Now

Leave a Reply to Rinovg Cancel reply

Your email address will not be published. Required fields are marked *