മുഹൂര്‍ത്തം

posted in: Short Story - Malayalam | 3

അവന്‍ മണ്ഡപത്തിലേക്ക് നടന്നു. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും. അവന്‍ ക്ഷണിച്ചതും അവന്‍റെ വീട്ടുകാര്‍ ക്ഷണിച്ചതുമായ് 300 പേര്‍. മൂന്നു ഫോട്ടോഗ്രാഫര്‍മാരാണ് ഈ സംഘത്തോടൊപ്പമുള്ളത്. നടന്നു വരുന്ന മുഴുവന്‍ പേരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ട് പറക്കുന്ന ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നവന്‍. ഒരാള്‍ മണ്ഡപത്തിലെ ഗ്രീന്‍ റൂം ലക്ഷ്യമാക്കി തന്‍റെ ക്യാമറയുമായ് ഓടി. അവസാനത്തെയാള്‍ അവന്‍റെ മുന്നിലും പിന്നിലും വശങ്ങളിലുമായ് ഇരുന്നും കിടന്നും ചാഞ്ഞും ചെരിഞ്ഞും ഒരു ജിംനാസ്റ്റിക് നര്‍ത്തകനെ പോലെ അവന്‍റെ ഫോട്ടോ എടുത്തു കൊണ്ടേയിരുന്നു. പോരാത്തതിന് അവിടെ നേരത്തെ കാത്തു നിന്നിരുന്ന ഒരു ക്യാമറാമാനും. അവിടെയുണ്ടായിരുന്ന ഒട്ടുമിക്ക ആളുകളുടെയും മൊബൈല്‍ ക്യാമറകളും അവനെ പകര്‍ത്തിക്കൊണ്ടിരുന്നു. അവനാണ് ഇന്നത്തെ താരം. ഇന്ന് അവന്‍റെ വിവാഹമാണ്.

നിമിഷങ്ങള്‍ക്കകം അവന്‍റെ അളിയനാവാന്‍ പോകുന്ന പയ്യന്‍ അവളുടെ അനിയന്‍ ഒരു ബൊക്കെ നല്‍കി അവനെ സ്വീകരിച്ചു. പയ്യനോട് സംസാരിച്ചുകൊണ്ട് അവന്‍ താലമേന്തിയ പെണ്‍ക്കുട്ടികളുടെ അകമ്പടിയോടെ അകത്തേക്ക് കയറി. മുഹൂര്‍ത്തത്തിന് ഇനിയും സമയമുണ്ട്. അവള്‍ മണ്ഡപത്തിലേക്ക് വരുന്നതും കാത്ത് അവന്‍ മുന്‍ നിരയില്‍ ഒരു കസേരയില്‍ ഇരുന്നു. ആരൊക്കെയോ വന്നു പരിചയപ്പെടുന്നുണ്ട്. അവന്‍റെ മനസ്സ് മുഴുവന്‍ അകത്തെ മുറിയില്‍ ഒരുങ്ങുന്ന അവളിലാണ്. ഒരാഴ്ച്ച മാത്രമാണ് അവന് ലീവ് കിട്ടിയിട്ടുള്ളൂ. അതിന്‍റെ പേരില്‍ അവള്‍ ഇന്നലെ വരെ അടിയുണ്ടാക്കി. ഇനിയും പിണക്കം ശരിക്കും മാറിയിട്ടില്ല.

അവന്‍റെ കോളേജ് സുഹൃത്തുക്കള്‍ കുറച്ചു പേര്‍ ഇന്നലെ തന്നെ എത്തിച്ചേര്‍ന്നിരുന്നു. അവന്‍റെ ഓഫീസില്‍ നിന്നും രണ്ടു പേര്‍ മാത്രമേ വന്നിട്ടുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ലീവ് കിട്ടിയില്ല. അന്ന് പ്രോജക്റ്റ് റിലീസ് ആണ്. പറയാന്‍ മറന്നു അവന്‍ ഒരു സോഫ്ട് വേര്‍ എഞ്ചിനീയര്‍ ആണ്.

പെട്ടെന്നാണ് ഒഫീസില്‍ നിന്നും വന്നവരില്‍ ഒരുവന്‍ ഒരു കോളുണ്ടെന്ന് പറഞ്ഞ് അവനെ സമീപിച്ചത്. അവന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. അവന്‍റെ മാനേജരാണ് കോളില്‍. പ്രൊജെക്ടില്‍ ഒരു ബഗ് കണ്ടെത്തിയിരിക്കുന്നു. എത്രയും പെട്ടെന്ന് അത് ഫിക്സ് ചെയ്യണം. വേറെ ആരെക്കൊണ്ടെങ്കിലും അത് ശരിയാക്കാന്‍ പറ്റുമോ എന്ന് അവന്‍ ചോദിച്ച് നോക്കി. അയാള്‍ കലിപ്പിലായിരുന്നു. ഇത് അവന്‍ ചെയ്ത ഭാഗത്ത് വന്ന ബഗ് ആണ്. വേറെ ആര്‍ക്കും അതിനെക്കുറിച്ച് വലിയ ധാരണയില്ലെന്നും അത് കൊണ്ട് അവന്‍ തന്നെ എത്രയും പെട്ടെന്ന് അത് ഫിക്സ് ചെയ്യണമെന്നും അയാള്‍ വാശി പിടിച്ചു. 3 ലക്ഷം രൂപയുടെ കച്ചവടമാണ് അവന്‍ കാരണം നഷ്ടപ്പെടാന്‍ പോകുന്നത്. ഈ പ്രൊജെക്റ്റ് വിജയമായാല്‍ ഈ ക്ലയിന്‍റ് വഴി കിട്ടുമെന്ന് ഉറപ്പുള്ള മറ്റ് പ്രൊജെക്റ്റുകളും. അങ്ങനെ നോക്കുമ്പോള്‍ കുറഞ്ഞത് 50 ലക്ഷം രൂപയുടെ നഷ്ടം. ഒടുവില്‍ അവന്‍റെ ഒരു ജൂനിയറിന്‍റെ സഹായത്തോടെ ബഗ് കറെക്റ്റ് ചെയ്യാമെന്ന ധാരണയിലെത്തി. എത്രയും പെട്ടെന്ന് ബഗ് ഫിക്സ് ചെയ്യണം.

അവള്‍ മണ്ഡപത്തിലെത്തിയതും വിവാഹ മുഹൂര്‍ത്തം സമാഗതമായതുമൊന്നും അവനറിഞ്ഞില്ല. അവന്‍റെ തലച്ചോര്‍ ബഗ് എങ്ങനെ കറക്റ്റ് ചെയ്യാം എന്ന ഒരൊറ്റ ലക്ഷ്യത്തിനായി അലയുകയായിരുന്നു. കാരണവന്‍മാരും ബന്ധുക്കളും അവനോട് മുഹൂര്‍ത്തം കഴിയുന്നതിന് മുന്‍പ് മണ്ഡപത്തിലേക്ക് കയറാന്‍ പറഞ്ഞു. പക്ഷേ അവര്‍ പറയുന്നത് അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ബഗ് ഫിക്സ് ചെയ്ത് പ്രൊജെക്റ്റ് റിലീസ് ചെയ്യുന്ന മുഹൂര്‍ത്തം മാത്രമായിരുന്നു അവന്‍റെ മുന്നില്‍. അവന്‍റെ ജോലി, ബിടെക് കഴിഞ്ഞ് 3 വര്‍ഷത്തെ വെറുതെയിരിപ്പിനു ശേഷം അഥവാ അലയലുകള്‍ക്ക് ശേഷം കിട്ടിയ തുച്ഛമായ വരുമാനമുള്ള അവന്‍റെ അന്തസുള്ള ഐ‌ടി ജോലി, അതായിരുന്നു ആ നിമിഷം അവന് ബാക്കി എല്ലാറ്റിനേക്കാളും വലുത്.

ഈ വിവാഹം വേണ്ടെന്ന് പെണ്‍വീട്ടുകാര്‍ തീര്‍ത്തു പറഞ്ഞ് മണ്ഡപത്തില്‍ നിന്നിറങ്ങി പോയതൊന്നും അവന്‍ അറിഞ്ഞതേയില്ല. അവന്‍റെ സഹപ്രവര്‍ത്തകര്‍ അവനുണ്ടായ നഷ്ടമോര്‍ത്ത് തലകുനിച്ച് അവന്‍റെ വീട്ടുകാരുടെ പ്രാക്കും കേട്ടു നിന്നു. ബഗ്ഗ് ഫിക്സ് ചെയ്ത് പ്രൊജെക്റ്റ് റിലീസിനയച്ച് തന്‍റെ വിവാഹം മുടങ്ങിയത് അവനറിഞ്ഞ നിമിഷം ഓഫീസില്‍ നിന്നും മറ്റൊരു കോള്‍ അവനെത്തേടിയെത്തി. അവന്‍ കാരണം എല്ലാവരും കുറച്ചു നേരത്തേക്ക് ടെന്‍ഷന്‍ ആവുകയും പ്രൊജെക്റ്റ് നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ എത്തിച്ചതിനാലും അവനെ ടെര്‍മിനേറ്റ് ചെയ്തിരിക്കുന്നു എന്ന് അറിയിക്കാനയുള്ള കോള്‍. കമ്പനിക്ക് അവനെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞിരിക്കുന്നു. പ്രൊജെക്റ്റ് യഥാര്‍ത്ഥ മുഹൂര്‍ത്തത്തില്‍ തന്നെ റിലീസ് ആയി. പെണ്ണിനു പിറകെ പത്രാസുള്ള ജോലിയും പോയി എന്നറിഞ്ഞ അവന്‍റെ അച്ചനുമമ്മയും തളര്‍ന്നിരുന്നു.

അന്നത്തെ രാത്രിയില്‍, റെസ്യൂമില്‍ എന്തൊക്കെ പുതിയതായി ചേര്‍ക്കണമെന്നും അത് പുതിയ ജോലി കിട്ടുന്നതില്‍ എങ്ങനെ സഹായകമാകുമെന്നുമോര്‍ത്ത്കൊണ്ട് അവന്‍ ഇന്‍റര്‍വ്യൂ ചോദ്യാവലികള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങി.

Name : Shilpa T A

Company : Lanware Solutions

Click Here To Login | Register Now

3 Responses

Leave a Reply

Your email address will not be published. Required fields are marked *