അയാൾ തോണി തുഴയുകയാണ് ഇടക്കിടെ ആടി ഉലയുന്നുമുണ്ട്. അപ്രതീക്ഷിതമായ വേലിയേറ്റങ്ങൾ.പിന്നെ?? പിന്നെന്താ?അയാൾക്കെന്താ പറ്റ്യേ? ന്റെ കൃഷ്ണാ മറന്നൂല്ലോ .. ആ കഥയും മറന്നു. അയാൾ മരിച്ചോ? അതോ ആരേലും രക്ഷപെടുത്തിയോ?മറന്നു!പണ്ടെപ്പോഴോ മുത്തശ്ശി പറഞ്ഞുതന്ന കഥയാരുന്നുല്ലോ ഇത്.പാവക്കുട്ടികൾക്ക് മറവി രോഗം വരുമെന്നാരും പറഞ്ഞു കേട്ടിട്ടുമില്ല പിന്നെന്താണാവോ ഞാനിങ്ങനെ മറക്കുന്നെ .അതും മറക്കാൻ മറ്റൊന്നും കിട്ടീല്ലല്ലോ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ.. എന്തിഷ്ടാരുന്നു കഥകൾ കേൾക്കാനും പറയാനുമൊക്കെ. പാവക്കുട്ടിയാണേലും വീട്ടിൽ ഓരോരുത്തരും പറയുന്ന കഥകളും ഞാൻ കേട്ടിരിക്കുമാരുന്നു .. പിന്നെ ഞാൻ കണ്ടതിൽ നിന്നും കേട്ടതിൽനിന്നും എത്രയോ കഥകൾ സ്വയം മെനഞ്ഞെടുത്തു.പക്ഷെ ഈ കഥകൾ എന്റെ ഈ കഥകൾ ഞാനാരോട് പറയാൻ ..എന്നോടായി ആകെ സംസാരിച്ചത് അവിടത്തെ കുട്ടികളല്ലേ… അവരും പുതിയ പാവകളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു പോയിലോ .അവർ പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു പക്ഷെ ഞാൻ പറഞ്ഞതൊന്നും അവർ കേട്ടില്ലതാനും ആ എന്തായാലും ഞാൻ കേട്ട കഥകൾ,ഞാൻ മെനഞ്ഞ കഥകൾ, ഞാൻ എന്നോട് തന്നെ പറഞ്ഞു ഒന്നും രണ്ടും തവണയല്ല നൂറാവർത്തി.അങ്ങനെ ആ കഥകൾകൊണ്ട് ഞാൻ എനിക്കായി ഒരു പുതിയ ലോകവും സൃഷ്ടിച്ചു ന്റെ കഥകളുടെ ലോകം…. ആ ലോകത്ത് ഞാൻ പുതിയൊരു എന്നെയും ഉണ്ടാക്കിട്ടോ… അതേന്നെ എന്റെ പേരിട്ടൊരു പാവക്കുട്ടി.. നിങ്ങളുടെ ലോകത്തല്ലേ എനിക്ക് മിണ്ടാനും നടക്കാനും ഒന്നും പറ്റാതെ?എന്റെ ലോകത്ത് എനിക്ക് നടക്കാം,മിണ്ടാം അങ്ങനെ അങ്ങനെ ഞാൻ ആഗ്രഹിച്ചതൊക്കെ എനിക്ക് ചെയ്യാം. അങ്ങനെ ആ ലോകത്ത്,ആ കഥകളുടെ ലോകത്ത് ഞാൻ ഹാപ്പി ആരുന്നുട്ടോ.പക്ഷെ ഒരുദിവസം ഈ കഥകളൊക്കെ പെട്ടെന്ന് തീർന്നു പോയി പുതിയ കഥകളോ? എനിക്ക് ഉണ്ടാക്കാനും കഴിഞ്ഞില്ല പറഞ്ഞ കഥകൾ ഞാൻ ആയിരമാവർത്തി പറയാൻ ശ്രമിച്ചു.. പക്ഷെ പതുക്കെ ആ കഥകളും ഞാൻ മറന്നു… വേലിയേറ്റത്തിൽ പെട്ട ആ മനുഷ്യനെ പോലെ.. ന്റെ ലോകത്ത് കഥകളില്ലാത്ത കഥയറിയാതെ എനിക്ക് എന്നെ നഷ്ടമായികൊണ്ടിരുന്നു.
Name : Devika s
Company : Ust global, kochi
You need to login in order to like this post: click here
Leave a Reply