ഏഴായിരത്തി മുന്നൂറ്റിമുപ്പത്തിയഞ്ച്

posted in: Short Story - Malayalam | 0

ഏഴായിരത്തി മുന്നൂറ്റിമുപ്പത്തിയഞ്ച് ….പിന്നെയും അയാൾ എണ്ണി .എണ്ണായിരം വരെ .വെളുത്ത ഗോളങ്ങൾ രക്തത്തിലേക്ക് ഇറങ്ങി അലിഞ്ഞു ചേരുന്നുണ്ട് . ഏഴായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ച്   അതാണ് സംഖ്യ..മറക്കാനാകില്ല..അതിനു ശേഷം ഒരിക്കലും അയാൾക്ക്‌ ഇരുപ്പു ഉറപ്പിക്കാനാകില്ല..അതിനു ശേഷമാണ് അയാൾക്ക്‌ തൻ്റെ   ഉണ്ണിയെ……ഏട്ടാ എന്ന് പിന്നീട് ആരും വിളിച്ചു കേട്ടിട്ടുണ്ടാകില്ല …….
റൂം നമ്പർ ഇരുന്നൂറ്റി നാല് ..മാറാല വലംചുറ്റിയ ബൾബിലെ   മഞ്ഞ വെളിച്ചം  നിറഞ്ഞു നിന്നിരുന്ന മുറിയിൽ എപ്പോഴും മരണത്തിൻ്റെ മണമായിരുന്നു.ഈച്ചകൾ പറന്നു നിറയുന്ന മുറി എത്ര വൃത്തിയാക്കിയാലും ദുർഗന്ധം വമിക്കുന്നതായിരുന്നു .അന്ന് വർഗീസിൻ്റെ   ഊഴമായിരുന്നു ..വന്നിട്ട് രണ്ടു ദിവസമായിരുന്നൊള്ളു…തല നിറയെ തുന്നിക്കെട്ടുകളുമായി വർഗീസിനെ റൂമിലേക്ക് കൊണ്ടുവന്നപ്പോൾ അയാൾ കൂട്ടിരുന്നു.ഏറിയാൽ മൂന്നുനാൾ അതായിരുന്നു ഡോക്ടർ ദൈവത്തിൽ നിന്നും എഴുതിവാങ്ങിയ  വർഗീസിൻറെ കടപ്പത്രം  ..പലിശക്കാരൻ, ഒറ്റത്തടി ..ചേർത്തുവെച്ച സമ്പാദ്യമെല്ലാം എവിടെയാണെന്ന് പോലും പറയാനാകാതെ  വർഗീസ് കിടന്നു.. നിശ്ചലനായി ..രാത്രിയുടെ നിശബ്ദതയിൽ ഇടയ്ക്കിടെ വേദനകൊണ്ടു പുളയുമ്പോഴും  കണ്ണുതുറിച്ചു പുറത്തേക്കു വരുമ്പോഴും അയാൾ നിസ്സംഗമായി  വർഗീസിൻ്റെ   മുഖത്തുനോക്കാതെ എണ്ണുകയായിരുന്നു ..ഒന്ന് ..രണ്ട് ..മൂന്ന് ..ഇത് ഞാൻ  സമ്മതിക്കില്ല ഉണ്ണീ ..കണ്ണുപൊത്താതെ എണ്ണിയാൽ എങ്ങിനെയാ .പാതിയും പുഴുതിന്ന പല്ലുകാട്ടി ഉണ്ണി ചിരിക്കും ..നിഷ്കളങ്കമായി ..തോറ്റു  കൊടുക്കുകയാണ്  പതിവ് ..’അമ്മ മരിച്ചു പോയപ്പോഴും  പാതി  വഴിയിൽ അച്ഛൻ ഉപേക്ഷിച്ചിട്ട് പോയപ്പോഴും  അവനെ ചേർത്തുനിറുത്തി..അവൻ്റെ പ്രതീക്ഷകളിലിനിടെ ജീവിച്ചു ..അവനായിരുന്നു ലോകം..ഒരു കുടുംബം, കുട്ടികൾ  എല്ലാം മറന്നു പോയിരുന്നു..ആദ്യം ഉണ്ണീടെ ജീവിതം പച്ച പിടിക്കട്ടെ എന്നിട്ടാവാം എന്നായിരുന്നു ചോദിച്ചവർക്കെലാം മറുപടി..പാലക്കാട് എഞ്ചിനീയറിംഗ് കോളേജിൽ പോകുമ്പോൾ ആധി ആയിരുന്നു.ആഴ്ചയിൽ പോയി കാണും .കടം വാങ്ങിയ കാശിനു ബൈക്ക് വാങ്ങികൊടുക്കുമ്പോഴും  ഉണ്ണിക്കു ഒന്നിനും ഒരു മുട്ടുണ്ടാകല്ലേ എന്നായിരുന്നു പ്രാർത്ഥന .ഒടുവിൽ ആ വണ്ടി കൊണ്ടുതന്നെ എല്ലാം തീരാൻ ആയിരുന്നു വിധി..മൂന്നാം  വർഷത്തെ ഓണത്തിന് കോളേജ് പൂട്ടിയപ്പോൾ ബസ്സിൽ തിക്കും തിരക്കും കൂടി ടിക്കറ്റ് കിട്ടാതായപ്പോൾ ആ വണ്ടിയിൽ തന്നെ ഇങ്ങട് പോരൂ ഉണ്ണീ എന്ന് പറഞ്ഞു പോയി..നേരമായിട്ടും കാണാതായപ്പോൾ ഉറക്കം വന്നില്ല..പോലീസ് ജീപ്പിൻ്റെ വെളിച്ചം മുറ്റത്തു പതിച്ചപ്പോൾ ചാടി എണീറ്റു .ചോര പറ്റിയ ബാഗ് വച്ചുനീട്ടിയതിൽ ചുളിവ് തട്ടാത്ത ഒരു ഒറ്റമുണ്ടും  പച്ച നിറമുള്ള ഷർട്ടും ഉണ്ടായിരുന്നു  ..ഏട്ടനുള്ള ഓണക്കോടി ..ചങ്ക് പൊട്ടി  പോയി…
മരണത്തിനും ജീവിതത്തിനും ഇടയിൽ ഏട്ടൻ്റെ   പ്രാർത്ഥന മാത്രമായി വേദന അറിയാതെ ഉണ്ണി നിശ്ചലനായി കിടന്നു ..ഇടയ്ക്കു കണ്ണ് ചിമ്മും .അപ്പോൾ മാത്രമായിരുന്നു ആ ശരീരത്തിൽ ജീവൻ്റെ കണികയുണ്ടെന്നു അറിയാൻ കഴിഞ്ഞിരുന്നത്..കണ്ണ് ചിമ്മുന്നത് കാണാനായി അയാൾ മണിക്കൂറുകളോളം ഉണ്ണിയുടെ മുഖത്ത് നോക്കിയിരിക്കുമായിരുന്നു ..ആ പഴയ പുഴുതിന്ന പല്ലുകൾ മാറി ഭംഗിയുള്ള നിരയുള്ള പല്ലുകൾ വന്നിരുന്നു ..അവ ഒളിപ്പിച്ചു വെച്ചിരുന്ന ചുണ്ടുകൾക്ക് മുകളിൽ ഗാംഭീര്യമുള്ള മീശയും ..ദിവസം മുഴുവൻ പല തരത്തിലുള്ള മരുന്നുകൾ ഡ്രിപ് ആയും ഇഞ്ചക്ഷനായും   ശരീരത്തിലേക്ക്..  ഒന്നുമറിയാതെ പാവം ഉണ്ണി…..ഓരോ തുള്ളിയും വെളുത്ത ചെറിയ ഗോളങ്ങളായി രക്തത്തിലേക്ക് അലിഞ്ഞു ചേരുന്നത് അയാൾ നോക്കിയിരിക്കും.ഡ്രിപ് തീരും മുന്നേ നഴ്സിനെ അറിയിക്കണം അല്ലങ്കിൽ രക്തം തിരികെ കയറുമെന്നു പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.അങ്ങിനെ അയാൾ എണ്ണി  തുടങ്ങി ..ഒരു കുപ്പിയിൽ ഏകദേശം എണ്ണായിരം തുള്ളികൾ .ഓരോ തുള്ളിയും അയാൾക്ക്‌ ഓരോ ഓർമ്മയായി .ഉണ്ണിയെ എഴുത്തിനു ഇരുത്തുമ്പോൾ നൂറ്റിപതിനാല്, സൈക്കിളിയിൽ നിന്നും വീണു കാലുമുറിയുമ്പോൾ അഞ്ഞൂറ്റിമൂന്ന് ,ആറായിരത്തിൽ അമ്പലത്തിലെ വെടിപ്പുരക്ക് തീപിടിക്കുന്നു … ഏഴായിരത്തി മുന്നൂറ്റി മുപ്പത്തിനാലിൽ ചുളിവ് വീഴാത്ത ഒറ്റമുണ്ടും പച്ച നിറമുള്ള ഷർട്ടും ..പിന്നീട് ശൂന്യതയാണ് എണ്ണായിരം എത്താൻ  കാത്തിരിപ്പും …പതിനാല് ദിവസങ്ങൾ കടന്നു പോയി .പതിനഞ്ചാം നാൾ ഉണ്ണിയെ റൂമിലേക്ക് മാറ്റി .ഇരുന്നൂറ്റി നാലാം നമ്പർ മുറി.കോളേജിലെ കൂട്ടുകാർ പലരും കാണാൻ വന്നു.ചുരുണ്ട മുടിയും അമ്മയുടെ പോലെയുള്ള കണ്ണുകളും ഉള്ള പെൺകുട്ടി ഉണ്ണിയുടെ  കട്ടിലിന്നരികെ ഇരുന്ന് ഒരുപാട് കരഞ്ഞു ..കണ്ണുനീർ തുള്ളികൾ നിലത്തുവീണു ചിന്നി ചിതറിയപ്പോൾ അയാൾ  ഏഴായിരത്തി മുന്നൂറ്റി മുപ്പത്തിനാലിന്റെ ശൂന്യതയിൽ എത്തിനിൽക്കുകയായിരുന്നു.ആ കണ്ണുനീർ തുള്ളിക്ക്  അയാൾ പേരിട്ടു. ഏഴായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ച്…ഡ്രിപ് മാറ്റാൻ നഴ്സിനെ വിളിക്കാൻ പോകുമ്പോൾ അയാളുടെ മനസ്സ് തേങ്ങി ,ഒരുപാട് വേദനിച്ചു…ഉണ്ണി എന്തൊക്കെയോ മറച്ചുവച്ചിരുന്നപോലെ അയാൾക്ക്‌ തോന്നി.
അന്ന് രാത്രി രണ്ടാമത്തെ തവണ  ഏഴായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ചിൽ എത്തിയപ്പോൾ അയാൾ കണ്ടു…ഒറ്റമുണ്ടും പച്ച നിറമുള്ള ഷർട്ടും തനിക്കു നേരെ വച്ച് നീട്ടുന്ന ഉണ്ണി..നിര നിരയായുള്ള പല്ലുകൾ ഒളിപ്പിച്ച ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി ..ഏട്ടാ ..നേരിൽ കാണുമ്പോൾ പറയാം എന്ന് കരുതി ..നീന ..കൂടെ ജൂനിയർ ആയി പഠിക്കുന്നു.നമ്മുടെ അമ്മയുടെ ഫോട്ടോ ഇല്ലേ ..കണ്ടാൽ അതെ പോലെ  ..അങ്ങിനെയാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് ..ശരീരം തളർന്നു മരണം  കാത്തുകിടക്കുന്ന അമ്മാവൻ്റെ പെൻഷൻ തുകയിൽ കഴിഞ്ഞു പോകുന്ന ജീവിതം..അതാണവൾ.. എന്നും കാണാറുണ്ട് സംസാരിക്കാറുണ്ട്.അടുത്തതവണ വരുമ്പോൾ കൂട്ടികൊണ്ടുവരാം ..ഏട്ടനോട് പറയാത്ത ഒരു രഹസ്യം എനിക്കുണ്ടോ…
കണ്ണുതുറക്കുമ്പോൾ മുറിയിൽ ഉണ്ണിയില്ല ..അരണ്ട മഞ്ഞ വെളിച്ചത്തിൽ രക്തം നിറഞ്ഞ ഡ്രിപ് കുപ്പിയുടെ കുഴൽ സ്റ്റാൻഡിൽ തൂങ്ങിയാടുന്നു ..
അയാളുടെ ‌ജീവിതവും ലോകവും   ഏഴായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ചിൽ അവസാനിപ്പിച്ച് ഉണ്ണി മടങ്ങി..പിന്നീടൊരിക്കലും ആരും ഏട്ടാ എന്ന് വിളിച്ചു കേട്ടിട്ടുണ്ടാകില്ല.തൻ്റെ   കുറ്റം കൊണ്ടാണ് ഉണ്ണിയെ നഷ്ടപ്പെട്ടതെന്ന് അയാൾ സ്വയം കുറ്റപ്പെടുത്തി.ബാലിശമായി വിശ്വസിച്ചു.മസ്തിഷ്കമരണം സംഭവിച്ചതാണെന്ന് പലകുറി  നേഴ്സ് പറഞ്ഞെങ്കിലും അയാൾ ചെവിക്കൊണ്ടില്ല ..പിന്നീട് അയാൾ ആരോരുമില്ലാത്തവർക്കു കൂട്ടിരുന്നു ..ഉണ്ണിയോടുള്ള പ്രായശ്ചിത്തം ..റൂം നമ്പർ ഇരുന്നൂറ്റി നാല് സ്വന്തം വീടുപോലെ ആയി.പല ജീവനും  അയാളുടെ കരുതലിൽ ആ മുറിയിൽനിന്ന് രക്ഷപ്പെട്ടു ..ചിലർ ആരെന്നു തിരിച്ചറിയാൻ കഴിയാതെ അന്ത്യശ്വാസം വലിച്ചു…അയാളുടെ ജീവിതത്തിൽ  ഏഴായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ചിനപ്പുറം ഒരു സംഖ്യ ഉണ്ടായിരുന്നില്ല.
വർഗീസിൻ്റെ   കാര്യത്തിലും ഡോക്ടറിന്  തെറ്റിയില്ല.മൂന്നാം നാൾ ..അമ്പലക്കുളത്തിൽ എല്ലാവരെയും നീന്തി തോൽപ്പിച്ചു് ഉണ്ണിയുടെ വീരപുരുഷനായി നിൽക്കുമ്പോൾ വർഗീസ് ഒന്ന് നിരങ്ങി..പിന്നീട് കണ്ണുതുറിച്ചു പുറത്തേക്കു വന്നു .അമ്പലക്കുളത്തിലെ  തവളയെ പോലെ..അയ്യായിരത്തി ഏഴ് അയാൾ എണ്ണി നിർത്തി.പിറ്റേന്ന് വർഗീസിൻ്റെ  അനിയനും അനിയൻ്റെ   മകളും ശവം ഏറ്റുവാങ്ങി…തികഞ്ഞ ശൂന്യത്തിൽ റൂം നമ്പർ ഇരുനൂറ്റി നാലിൽ പുതിയ അതിഥിയെ കാത്ത്  അയാൾ ഇരുന്നു.വർഗീസിൻ്റെ  അനിയൻ്റെ മകളെ കണ്ടതുമുതൽ അയാൾ അസ്വസ്ഥനായിരുന്നു ..ചുരുളൻ മുടിയുള്ള അമ്മയുടെ രൂപം അയാളുടെ മനസ്സിലേക്ക് പലകുറി കടന്നു വന്നു..മുറി  പൂട്ടി എന്നെന്നേക്കുമായി അയാൾ അവിടം വിട്ടിറങ്ങി .
പാലക്കാടുള്ള  ഏതോ ഒരു ഉൾഗ്രാമത്തിലേക്കു പോകുന്ന ബസ്സിൽ അയാൾ ചാഞ്ഞിരുന്നു ..ഏറെ നാളുകൾക്കു ശേഷം മനസ്സ് ശാന്തമായിരിക്കുന്നു.ദൂരം ഏറെ ഉണ്ട് ..അയാൾ എണ്ണി തുടങ്ങി..പച്ച നിറമുള്ള ഷർട്ടും ഒറ്റമുണ്ടും ധരിച്ച അയാളുടെ കാൽതൊട്ട് ഒരു ചുരുളൻ  മുടിക്കാരി കതിർ മണ്ഡപത്തിലേക്ക് നടക്കുന്നു ..വരൻ്റെ കൈപിടിച്ചേൽപ്പിക്കുമ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു ..നിലവിളക്കിനു മുന്നിൽ അവൾ അയാളുടെ അമ്മയെ പോലെ ശോഭിച്ചു ..
ഒന്ന് രണ്ടു മഴത്തുള്ളികൾ ബസ്സിൻറെ ജനാലയിലൂടെ മുഖത്തേക്ക് തെറിച്ചപ്പോൾ അയാൾ കണ്ണുതുറന്നു .. അപ്പോൾ അയാൾ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ചിൻ്റെ ഊരാക്കുടുക്ക് ഭേദിച്ച് ബഹുദൂരം മുന്നിലേക്ക് സഞ്ചരിച്ചിരുന്നു…

                                                                                                                     ——————ശുഭം—————————–

Name : Sreenil Raj

Company : RRD, Technopark

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *