എന്റെ ചുവന്ന താമരപ്പൂവുകൾ

posted in: Short Story - Malayalam | 1

മറന്നു തുടങ്ങിയതെല്ലാം ഓർമിപ്പിക്കാനെന്നോണം മണ്ണിന്റെ മണമുള്ളൊരു കാറ്റ് എന്റെ മുടിയിഴകളിൽ തട്ടിത്തെറിച്ചു കടന്നു പോയി. കടലിരമ്പുന്ന നേർത്ത ശബ്ദം അങ്ങകലെ നിന്ന്‌ കേൾക്കാം.

പൂട്ടിയിട്ടിരിക്കുന്ന ഗേറ്റിൽ കുരുങ്ങിക്കിടക്കുന്ന ചങ്ങലക്കണ്ണികൾ തുരുമ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് അവർ വാങ്ങി വച്ച എന്റെ നരച്ച ബാഗിനുള്ളിൽ നിന്ന് കണ്ടു കിട്ടിയതാണീ താക്കോൽക്കൂട്ടം. ഇന്നിത് മുറുകെപ്പിടിക്കുമ്പോൾ സിരകളിൽ കൂടി എന്തോ ഒന്ന് പാഞ്ഞു പോയത് പോലെ… എന്തിന്?

ഇനിയും മോക്ഷം കിട്ടാതലയുന്ന ഒരു ചെകുത്താൻ എന്റെ ഉള്ളിൽ കുടിയിരിക്കുന്നത് ഞാനറിഞ്ഞു. ആ രൂപത്തെ യാത്രയാക്കുവാൻ, എന്നെന്നേക്കുമായി നശിപ്പിക്കുവാൻ വന്നതാണിവിടെ… അതിനു വേണ്ടി മാത്രം.

നന്നേ അലട്ടുന്ന കരകരപ്പോടെ വീണ്ടും ആ ഗേറ്റ് എന്റെ മുന്നിൽ തുറന്നു. കൂടിക്കലർന്ന വികാരങ്ങൾ.. ചിന്തകൾ.. ഓടി നടന്നു വളർന്ന മുറ്റം. മാവിന്റെ മണമുള്ള ഇടനാഴികൾ.. അങ്ങിങ്ങു മിന്നുന്ന കള്ളനോട്ടങ്ങൾ. ഒരേ സമയം വിങ്ങിപ്പൊട്ടാനും പൊട്ടിച്ചിരിക്കാനും വെമ്പുന്ന ഹൃദയം.
അത്തറിന്റെ മണമുള്ള എന്റെ കൂട്ടുകാരൻ. നന്നേ ചെറുപ്പത്തിൽ പറഞ്ഞുറപ്പിച്ചവർ. ഊതിയൂതി വീർപ്പിച്ചതെല്ലാം ഞങ്ങൾക്കിടയിൽ മാത്രമായിരുന്നു എന്നു തിരിച്ചറിയാതെ പോയവർ. എല്ലാമറിഞ്ഞപ്പോൾ പരിഹാസച്ചിരികൾക്കിടയിൽ പകച്ചു നിന്നു പോയവർ.

വാരിയത്തെ ആശ്രിതനായിരുന്നു അച്ഛൻ.”രാമാ.. നിന്റെ മോൾടെ പൂതി കൊള്ളാലോ…! അതോ ബുദ്ധി നിന്റെയോ..?”അയാളുടെ മുറുക്കിച്ചുവന്ന പല്ലുകൾ എന്റെ നേരെ അറപ്പോടെ അട്ടഹസിച്ചു.

എന്നിരുന്നാലും പേടിയായിരുന്നോ അയാൾക്കെന്നെ? ഒന്നെങ്കിലും ഒരു പാരമ്പര്യവേരിടം കളങ്കപ്പെട്ടു പോകുമോ എന്ന ഭയം? ഒരു വേരിൽ നിന്നും തിരിച്ചറിവുകൾ സവർണ്ണബോധവൃക്ഷത്തിലേക്ക് പടർന്ന് കയറുമോ എന്ന ഭയം?

ആ ഭയമൊടുക്കുവാൻ അയാൾ കണ്ടെത്തിയ വഴിയിൽ ഇരുട്ടിന്റെ മറവിൽ എന്റെ നേർക്കുയർന്ന നാല് കൈകളിൽ ഒന്നിന് അത്തറിന്റെ മണമായിരുന്നു. ഓടി രക്ഷപ്പെടുമ്പോൾ മേലും മനസ്സിലും മുറുക്കിച്ചുവന്ന കറകളും!


“വലിയവരാണ്, തമ്പ്രാക്കന്മാരാണ്, ആരും ഒന്നും അറിയണ്ട.” മുറിപ്പാടുകളെക്കാൾ വേദനയുണ്ടായിരുന്നു അച്ഛന്റെ വാക്കുകൾക്ക്. ആരെയും ഒന്നും അറിയിച്ചില്ല. താമരക്കയത്തിൽ രണ്ടു ജഡങ്ങൾ പൊങ്ങും വരെ!


വിലങ്ങണിഞ്ഞു യാത്രയാകുമ്പോൾ മനസ്സ് ശാന്തമായിരുന്നു. പടർന്നു കയറാൻ വെമ്പി നിന്ന ഒരു വിഷവൃക്ഷം വേരോടെ പിഴുതെറിഞ്ഞ ശാന്തി.മോക്ഷം കിട്ടാതലയുന്ന എന്റെ ചെകുത്താനെ ഞാൻ ഇറക്കിവിടുകയാണ്. അതേ താമരപ്പൂവിന്റെ ഗന്ധമുള്ള ലോകത്തേക്ക്.

Name : Surya C G

Company : UST Global, Trivandrum

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *