ചുള്ളിയിൽ കൊരുത്ത ചൂണ്ട

posted in: Short Story - Malayalam | 0

കാലം തെറ്റിയ മഴയോ, വിളിക്കാതെ വന്നു തിരിച്ചുപോയ പനിക്കോളോ പതിവില്ലാത്ത ഉച്ചമയക്കത്തിലേക്ക് നയിച്ചു . കണ്ണ് തുറന്നു നോക്കുമ്പോൾ സമയം 4 കഴിഞ്ഞിരിക്കുന്നു . ഒരു കട്ടൻ ഇട്ട് ബാൽക്കണിയിൽ ചെന്ന് തീർന്നുകൊണ്ടിരിക്കുന്ന മഴ നോക്കി കുറച്ച് നേരം നിന്നു . മനസ്സ് പതുക്കെ വീണ്ടും കേസ് ഡീറ്റൈൽസിലേക്ക് പോകാൻ തുടങ്ങിയിരുന്നു . അപ്രതീക്ഷിതമായി കേട്ട കാളിങ് ബെൽ ചിന്തകളിൽ നിന്നും തിരിച്ചു വരവിന് കാരണമായി . വാതിൽ തുറന്നതും സജീവൻ സാറിന്റെ ചിരിക്കുന്ന മുഖം പ്രത്യക്ഷപെട്ടു .

സർ എങ്ങനെ ഇവിടെ ?

ആ , അതൊക്കെ ഉണ്ട് .എല്ലാം പറയാം. ആദ്യം ഒന്ന് ടോയ്‌ലെറ്റിൽ പോട്ടെ . കയ്യിൽ ഉണ്ടായിരുന്ന ബാഗും ഒരു വലിയ കവറും സോഫയിലേക്ക് വെച്ച് ചുറ്റും ടോയ്‌ലറ്റിനായി പരതി . ഞാൻ ചൂണ്ടികാണിക്കുന്നതിന് മുൻപേ സ്വയം കണ്ടുപിടിച്ച് അങ്ങോട്ട് നീങ്ങി .

ഹോ ഇപ്പോഴാ ആശ്വാസം ആയത് . ഒരു വിധത്തിലാണ് ഇവിടെ വരെ പിടിച്ചു വെച്ചത് . പാന്റിന്റെ സിപ് ഇട്ടുകൊണ്ട് സർ തുടർന്നു . തന്റെ പനിയെങ്ങനെ ഉണ്ട് ?

ഇപ്പോൾ കുഴപ്പം ഇല്ല . അല്ല സർ ഇതെങ്ങനെ അറിഞ്ഞു. എന്റെ പനിയും പിന്നെ ഈ താമസ സ്ഥലവും ?

ഞാൻ സ്റ്റേഷനിൽ പോയാർന്നെടോ . ചെറുനാരങ്ങായുണ്ടോ ? എന്റെ കട്ടൻ ഗ്ലാസ് നോക്കി ചോദിച്ചുകൊണ്ട് നേരെ അടുക്കളയിലേക്ക് നടന്നു . ഫ്രിഡ്ജ് തുറന്ന് ഒരു ചെറുനാരങ്ങ എടുത്തു ചായ പാത്രം കഴുകാൻ തുടങ്ങി.

അയ്യോ സർ ഇവിടെ ഇരിക്ക് ഞാൻ ചായ ഇട്ടുതരാം .

തന്റെ ചായ എനിക്ക് പറ്റില്ല . പണ്ടേ തന്റെ കുക്കിംഗ് നല്ല ബോറാണ് . തിളക്കാൻ വെള്ളം വെച്ചുകൊണ്ട് സർ പറഞ്ഞു . ഞാൻ ആ സത്യത്തെ ചിരിയാൽ നേരിട്ടു.

എനിക്ക് ഒന്നും പിടികിട്ടുന്നില്ല . സർ ഇപ്പൊ ഇവിടെ ?

താൻ ആ അകത്ത് അല്ലെ കിടക്കുന്നത് . അപ്പൊ ഞാൻ ഈ റൂം എടുക്കാം. ബെഡ്‌റൂമിൽ സാധനകൾ എല്ലാം അടക്കി വെച്ച് കിച്ചണിലേക്ക് തിരിച്ച് നടന്ന് സർ പറഞ്ഞു .

സാറിന് ഇങ്ങോട്ട് മാറ്റമായോ ? 

എന്റെ കയ്യിൽ നിന്നും കട്ടൻ ഗ്ലാസ്സ് വാങ്ങി അതിലെ ചായ പുച്ഛത്തോടെ ഒഴിച്ചുകളഞ്ഞ് അതിൽ സുലൈമാനി നിറച്ച് തിരിച്ച് തന്നതിനു ശേഷം സർ സോഫയിൽ ഇരിപ്പുറപ്പിച്ച് ആസ്വദിച്ച് കുടിക്കാൻ തുടങ്ങി .

ഇരിക്കെടോ എല്ലാം പറയാം . ചായ കുടിക്ക് . സന്തോഷത്തിൽ അന്താളിപ്പ് കലർന്ന എന്റെ മുഖത്ത് നോക്കി സർ പറഞ്ഞു.

നമ്മൾ ഒരുമിച്ച് വീണ്ടും കേസ് അന്വേഷിക്കുന്നു. ഇത് കഴിയുന്നത് വരെ ഞാൻ തന്റെ കൂടെ താമസിക്കുന്നു . എന്തേ . തനിക്ക് എതിർപ്പുണ്ടോ ? സാർ ചിരിച്ചുകൊണ്ട് ഔപചാരികതയുടെ ഒരു ചോദ്യം ഉത്തരം പ്രതീക്ഷിക്കാതെ എനിക്ക് നേരെ എറിഞ്ഞു.

 പ്ലഷർ റ്റു വർക്ക് വിത്ത് യു .

ഹോ . താമസം വേറെ നോക്കിക്കോളാൻ ആണോ ? ഒരു കുസൃതി ചിരിയോടെ എനിക്ക് നേരെ നോക്കികൊണ്ട് തുടർന്നു . ഇന്ന് സ്റ്റേഷനിൽ ചെന്നപ്പോ തന്റെ ഷാനവാസ് സാറിന്റെ മുഖം കടന്നെല്ല് കുത്തിയപോലെ ഇരിക്കുന്നുണ്ടായിരുന്നു . ചുമതല മാറ്റം പൊളിറ്റിക്കൽ ആണല്ലേ .

മരിച്ച ആളുമായി നല്ല ഇരിപ്പുവശം ആയിരുന്നില്ല സാറിനു . അതുകൊണ്ട് ..

ചൊവ്വാഴ്ച കേസിനെ പറ്റി സംസാരിച്ചു തുടങ്ങുന്നത് നല്ലതല്ല . മുഖത്ത് കഠിന ഭാവം വരുത്തിക്കൊണ്ട് സാർ പറഞ്ഞു .

ഇന്ന് ബുധനാഴ്ചയാണ് സർ.

ആ എന്ന ബുധനാഴ്ച നല്ലതല്ല പോരെ . ഗൗരവത്തിൽ ഇറുക്കിപ്പിടിച്ച ചിരി അടർന്നു വീഴാതെ നോക്കികൊണ്ട് സർ പറഞ്ഞു.

രാത്രി 11 ഒടുകൂടി തന്നെ സാറിന്റെ മുറിയിൽ നിന്നും കൂർക്കം വലി കേട്ടൂ . ഞാൻ ഉറങ്ങാൻ ശ്രമിച്ചെങ്കിലും പിന്നെയും ചിന്തകൾ കേസിലേക്ക് തന്നെ പോയിക്കൊണ്ടിരുന്നു .

രണ്ടാഴ്ച മുൻപാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് . പാർക്ക് സിറ്റിക്ക് അടുത്തുള്ള ഗ്രീൻ ഫീൽഡ് അപ്പാർട്മെന്റ്സിൽ ഒരു ഡെത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും സൂയിസൈഡ് ആണെന്ന് സംശയിക്കുന്നു എന്നും കോൺസ്റ്റബിൾ ഗോപി ചേട്ടൻ ഫോണിൽ പറഞ്ഞു . ഞാൻ അങ്ങോട്ട് നീങ്ങി .

7 വലിയ കെട്ടിട സമുച്ഛയങ്ങൾ കൂടിയതാണ് ഗ്രീൻ ഫീൽഡ് അപ്പാർട്മെന്റ്സ്. ഞാൻ അവിടെ എത്തുമ്പോൾ 20 ഓളം പേർ മൂന്നാമത്തെ കെട്ടിടത്തിന് മുൻവശത്തായി കൂടിനിന്ന് ഗാഢമായ ചർച്ചകളിൽ മൗനത്തിന്റെയും ഗൗരവത്തിന്റെയും മേമ്പൊടി ചേർത്ത് മ്ലാനതയുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു . എന്റെ വരവ് അവരുടെ മുഖത്തെ ഗൗരവത്തിന്റെ കാഠിന്യം കൂട്ടിയത് ഞാൻ ശ്രദ്ധിച്ചു . വണ്ടി നിർത്തിയതും രണ്ടുമൂന്നുപേർ എന്റെ അടുത്തേക്ക് വന്നു . അതിൽ ഒരാൾ അസോസിയേഷൻ സെക്രട്ടറി ജോസഫ് എന്ന് സ്വയം പരിചയപ്പെടുത്തി എന്നെ കൃത്യം നടന്നിടത്തേക്ക് നയിച്ചു . ഏഴാമത്തെ ഫ്ലോറിലെ സി അപ്പാർട്മെന്റിൽ ആയിരുന്നു മരണം നടന്നത്. വാതിൽ വെട്ടി പൊളിച്ച നിലയിലായിരുന്നു . ഞാൻ അകത്തേക്ക് നടന്നു . റൂമിൽ  ഒരു ബലപ്രയോഗത്തിന്റെ ലക്ഷണം ഒന്നും തോന്നിയില്ല . ബെഡ്‌റൂമിൽ കട്ടിലിലാണ് ബോഡി കിടന്നിരുന്നത്. ഒരു പക്ഷെ ഉറക്കത്തിൽ ആകാം മരണം സംഭവിച്ചത് . വായിൽ നിന്നും വെളുത്ത നുര പതഞ്ഞ് പുറത്തേക്കൊലിച്ചത് വിഷം കഴിച്ചതെന്ന സൂചന നൽകി. റൂം ആകെ തിരഞ്ഞെങ്കിലും സൂയിസൈഡ് നോട്ടോ വിഷത്തിന്റെ കുപ്പിയോ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല . ഞാൻ സെക്രട്ടറിയുടെ അടുത്ത് ചെന്ന് മരിച്ചയാളെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ തിരക്കി .

സർ . അയാളുടെ പേര് മനോജ്. സ്വന്തമായി ഒരു ഫർണിച്ചർ കട നടത്തുന്നു. ഇത് സ്വന്തം ഫ്ലാറ്റ് ആണ് . സെക്രട്ടറി പറഞ്ഞു.

ഫാമിലി ആരും ഇല്ലേ ? ഞാൻ ചോദിച്ചു.

ഭാര്യയും പ്ലസ് ടു പഠിക്കുന്ന ഒരു മകളും ഉണ്ട് . പിന്നെ അവർ ഒരാഴ്ച മുൻപ് ഇവിടെ നിന്നും പോയി . ചുറ്റും നോക്കിക്കൊണ്ട് സ്വരം താഴ്ത്തി സെക്രട്ടറി തുടർന്നു . അവർ അത്ര രസത്തിലായിരുന്നില്ല സർ.

ഹോ ഓക്കേ . മനോജ് പൊതുവെ എങ്ങനെ ആയിരുന്നു ?

മരിച്ചവരെ പറ്റി ദോഷം പറയരുത് എന്നാണ്. എങ്കിലും പറയാതെ വയ്യ സർ . അടുത്ത് താമസിക്കുന്ന എല്ലാവര്ക്കും അയാളെ പറ്റി കംപ്ലയിന്റ് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു .

ഇന്നലെ രാത്രി ഇയാൾ എപ്പോഴാണ് വന്നത് ?

അത് . 8 :30 ആയി കാണും സർ.

ഒറ്റക്കായിരുന്നോ അതോ ഫ്രണ്ട്സോ മറ്റോ കൂടെയുണ്ടായിരുന്നോ ?

ഒറ്റക്കായിരുന്നു.

ഇവിടെ അടുത്ത ഫ്ലാറ്റുകളിൽ താമസക്കാരുണ്ടോ ?

രാജീവ് 7 ഡി യിലാണ് . തന്റെ കൂടെ നിന്നിരുന്ന ആളെ പരിചയപ്പെടുത്തി കൊണ്ട് സെക്രട്ടറി തുടർന്നു . 7 ബി കഴിഞ്ഞ കുറച്ചു നാളുകളായി ഒഴിഞ്ഞു കിടക്കുകയാണ്.

ഇന്നലെ ഇവിടെ നിന്ന് പ്രത്യേകിച്ച് എന്തെങ്കിലും ശബ്ദം കേട്ടിരുന്നോ ? ഞാൻ രാജീവിനോട് ചോദിച്ചു.

ഇല്ല സർ.

ആരാണ് ഇത് തുറന്നത്? വെട്ടിപൊളിച്ച വാതിൽ നോക്കി ഞാൻ ചോദിച്ചു .

ഞാനും രാജീവും പിന്നെ മനോജിന്റെ ഫർണിച്ചർ ഷോപ്പിൽ വർക്ക് ചെയുന്ന സുരേഷും ഉണ്ടായിരുന്നു . ഷോപ്പിലേക്ക് കാണാതായപ്പോൾ സുരേഷ് ഇവിടെ വന്ന് അന്വേഷിക്കുകയായിരുന്നു. രാത്രിയും രാവിലെയും ഉള്ള സെക്യൂരിറ്റിമാരോട് അന്വേഷിച്ചപ്പോൾ മനോജ് പുറത്തേക്ക് പോകുന്നത് കണ്ടിട്ടില്ല എന്ന് ഉറപ്പ് പറഞ്ഞു . അയാളുടെ കാറും പാർക്കിംഗ് സ്ലോട്ടിൽ ഉണ്ടായിരുന്നു . രാജീവിന്റെ ബാൽക്കണിയിൽ നിന്ന് ഫോണിലേക്ക് വിളിച്ചപ്പോൾ ഫ്ലാറ്റിനകത്തുനിന്നും റിങ് കേട്ടു . അങ്ങിനെയാണ് വാതിൽ പൊളിച്ച് നോക്കാൻ തീരുമാനിച്ചത് .
കേസ് ഇന്ന് തന്നെ തെളിയിക്കണോ വേണ്ടല്ലോ ? സജീവൻ സർ ബെഡ്റൂമിന്റെ ഡോറിൽ കൊട്ടികൊണ്ട് പുച്ഛ ചിരിയോടെ ചോദിച്ചു . സമയം രാത്രി ഒന്ന് കഴിഞ്ഞിരുന്നു . കണ്ണിലേക്ക് തള്ളി കയറാൻ കാത്തു നിന്ന ഉറക്കം കേസിനോട് താത്കാലികമായി വിടപറയാൻ എന്നെ സഹായിച്ചു .

പിറ്റേന്ന് 9 ഒടുകൂടി ഫ്ലാറ്റിൽ നിന്നും സ്റ്റേഷനിലേക്കിറങ്ങി . യാത്രയിൽ സാറിനുണ്ടായ മൗനം കേസിലേക്ക് പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന നൽകി . ഞാൻ നടന്ന സംഭവങ്ങൾ കടുകിടക്കുറവില്ലാതെ സാറിന്റെ മുന്നിലേക്ക് വെയ്ക്കാൻ ശ്രമിച്ചു .

സൊ സെക്രട്ടറിയോടും മറ്റും സംസാരിച്ചതിന് ശേഷം തനിക്ക് എന്ത് തോന്നി ? സർ ചോദിച്ചു.

അപ്പോൾ കാര്യമായി ഒന്നും തോന്നിയില്ല സർ. അവരോട് സംസാരിച്ചതിന് ശേഷം ഫ്ലാറ്റ് സീൽ ചെയാൻ നിർദേശം കൊടുത്ത് താഴേക്ക് പൊന്നു . ഗേറ്റിനരികിൽ കണ്ട സെക്യൂരിറ്റിയോട് കൂടുതൽ കാര്യങ്ങൾ ഞാൻ തിരക്കി . തലേന്ന് രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്ന സെക്യൂരിറ്റിയും അവിടെ തന്നെ താമസിക്കുകയായിരുന്നു . അയാളോട് തലേന്ന് മനോജ് വന്ന സമയത്തെ പറ്റി തിരക്കി .

8 30 ആയിക്കാണും സർ . അയാൾ മറുപിടി പറഞ്ഞു.

പ്രത്യാകിച്ച് ആരെങ്കിലും അയാളുടെ കൂടെ വരികയോ മറ്റോ ? ഞാൻ ചോദിച്ചു.

ഇല്ല സർ . എന്തോ പറയാൻ ഉള്ളപോലെ അയാൾ പറഞ്ഞു നിർത്തി .

എന്താണെങ്കിലും പറയാം . നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുതരുന്നു .

അത് കാര്യാമായ ഒന്നുമല്ല . ഇന്നലെ മനോജ് സർ വരുന്ന സമയത്ത് സെക്രട്ടറി ജോസഫ് സർ ഇവിടെ ഉണ്ടായിരുന്നു . മെയ്ന്റനൻസ് ക്യാഷ് അടക്കാത്തതിനെ പറ്റി പറഞ്ഞ് അവർ തർക്കിച്ചിരുന്നു . ചെറുതായി ഉന്തും തള്ളും എത്തിയപ്പോൾ ഞങ്ങൾ ചേർന്ന് പിടിച്ച് മാറ്റി.

മുൻപെപ്പോഴെങ്കിലും അവർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടോ ?

ഉവ്വ് സർ . ഒരിക്കൽ രാജീവ് സർ മനോജ് സാറിനെതിരെ കംപ്ലയിന്റ് നൽകിയിരുന്നു . മനോജ് സർ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന കാരണം രാജീവ് സാറിന്റെ കുടുംബത്തിന് അടുത്ത് ജീവിക്കാൻ പറ്റുന്നില്ല എന്നും പറഞ്ഞ് . അന്ന് 7 ബി യിൽ താമസിച്ചിരുന്ന മറ്റൊരു ഫാമിലിയും ഇതേ കംപ്ലൈന്റ്റ് കൊടുത്തു . അന്ന് ജോസഫ് സർ മനോജ് സറിനെ വിളിച്ച് താക്കീത് ചെയ്തിരുന്നു . അത് അവർക്കിടയിൽ ഇടക്കിടക്കുള്ള വഴക്കിന് കാരണം ആയി . അയാൾ പറഞ്ഞു നിർത്തി .
സൊ ശത്രുക്കൾ ഒരുപാടുണ്ടായിരുന്നു . സജീവൻ സർ അവനവനോടെന്ന രീതിയിൽ പറഞ്ഞു.

ഞങ്ങൾ അപ്പോഴേക്കും സ്റ്റേഷനിൽ എത്തിയിരുന്നു . നേരെ ഷാനവാസ് സാറിന്റെ റൂമിലേക്ക് ചെന്നു .

ദാ ഇതാണ് ഒഫീഷ്യൽ ഡോക്യൂമെന്റസ് . ഇതിൽ കൂടുതൽ അറിയണമെങ്കിൽ ദോണ്ടേ അങ്ങോട്ട് ചോദിച്ചാമതി . കേസ് ഫയൽ സജീവൻ സാറിന് നേരെ നീട്ടിയതിന് ശേഷം എന്നെ ചൂണ്ടിക്കൊണ്ട് ഷാനവാസ് സർ പറഞ്ഞു .

ഹഹ . അല്ല ഞാൻ സാറിനെ ഒന്ന് കണ്ടു സംസാരിക്കാൻ കൂടി വന്നതാണ് . സാറിന്റെ ഇന്പുട്സും ഇമ്പോർട്ടന്റ് ആണ് . സജീവൻ സർ രംഗം മയപ്പെടുത്താൻ ഒരു ശ്രമം നടത്തിക്കൊണ്ട് പറഞ്ഞു .

എന്റെ സാറേ , അന്ന് ആ റൂമിൽ വേറെ ആരും വന്നതിന്റെ ഒരു ട്രെസും ഇല്ല . അവിടെ ചെന്നവർ വാതിൽ ചവുട്ടി തുറന്നാണ് അകത്ത് കടന്നത് . ഇട്സ് ക്ലിയർ കേസ് ഓഫ് സൂയിസൈഡ് . ഷാനവാസ് സർ പറഞ്ഞുനിർത്തി.

യാ . കുഡ് ബി . ബട്ട് സാറുമായി എന്തെങ്കിലും ? 

 എന്റെ പൊന്നു സാറേ ഏതാണ്ട് ഒരു വര്ഷം മുൻപ് ഇവന്റെ ഭാര്യ എനിക്ക് ഒരു റിട്ടൺ ഡൊമസ്റ്റിക് വിയലൻസ് കംപ്ലൈന്റ്റ് തന്നു . ഞാൻ ഇവനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒന്ന് വിരട്ടാൻ നോക്കി. അപ്പോഴേക്കും എം പി ഓഫീസിൽ നിന്നും ഇറക്കാൻ ഉള്ള കാൾ വന്നിരുന്നു . അല്ലാതെ ചില മീഡിയാസ് പറയുന്ന പോലെ ആജീവനാന്ത ശത്രുതയൊന്നും ഇല്ല . 

ഇതിനി ആത്മഹത്യ ആണെങ്കിൽ തന്നെ അത് പറയാൻ പറ്റില്ല അല്ലെ . അപ്പൊ അവന്മാർ നമ്മൾ തമ്മിലുള്ള ഒത്തുകളി എന്നെഴുതും . സജീവൻ സർ ചിരിച്ചുകൊണ്ട് പറഞ്ഞു.

രാത്രിയിൽ സർ കേസ് ഫയലുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഞാൻ അവിടേക്ക് ചെന്നു .

ഷാനവാസിനെ പറ്റി എന്താ അഭിപ്രായം ? തല ഫയലിൽ നിന്നും എടുക്കാതെ സജീവൻ സർ ചോദിച്ചു.

അവർ തമ്മിലുള്ള വഴക്ക് ഷാനവാസ് സർ പറഞ്ഞത് തന്നെയാണ് എന്നാണ് എന്റെ അറിവ് . പിന്നെ കേസിന്റെ സമയത്ത് പെട്ടന്ന് തന്നെ അതൊരു ആത്മഹത്യ ആക്കാൻ അങ്ങേരുടെ ഭാഗത്തുനിന്നും ഒരു തിടുക്കം എനിക്കും തോന്നിയിരുന്നു .

ഓക്കേ . തനിക്ക് എന്ത് തോന്നുന്നു സൂയിസൈഡ് ഓർ മർഡർ ?

അവിടെ നിന്നും ഒരു സൂയിസൈഡ് നോട്ടോ അതുപോലെ തന്നെ സൂയിസൈഡ് ചെയ്യാൻ ഉപയോഗിച്ച പോയ്‌സൺ ബോട്ടിലോ കിട്ടിയിട്ടില്ല.

യാ . ഗുഡ് പോയിന്റ് . വേറെ എന്തെങ്കിലും ? ചില ഉത്തരങ്ങൾ ചിരിക്കുന്ന കണ്ണിൽ ഒളിപ്പിച്ചുകൊണ്ട് എന്നെ നോക്കി സർ ചോദിച്ചു.

വേറെ , അയാളോട് സംസാരിച്ചിട്ടുള്ള എല്ലാവര്ക്കും അയാളോട് ശത്രുത ഉണ്ട് . ഞാൻ പറഞ്ഞു.

 പോസ്റ്മാര്ട്ടം റിപ്പോർട്ട് പറയുന്നത് ഭക്ഷണത്തിലൂടെ ആകാം പോയ്‌സൺ ഉള്ളിൽ ചെന്നത് എന്നാണ് . അങ്ങനെ മരിക്കാൻ തീരുമാനിച്ച ഒരാൾ ഡെയിലി ടാബ്ലറ്റ്സ് എന്തിന് കഴിക്കണം.

ശരിയാണ് സർ . അങ്ങനെ ചിന്തിക്കാത്തതിൽ മനസ്സിൽ സ്വയം പഴിച്ച് ഞാൻ പറഞ്ഞു.

വാട്ട് എബൌട്ട് മനോജ്‌സ് ഫാമിലി ? എനിതിങ് സസ്പീഷ്യസ് ?

നത്തിങ് സർ . അവർ അയാളെ ഉപേക്ഷിച്ച മട്ടായിരുന്നു . മരിക്കുന്നതിന് ഒരാഴ്ച മുൻപേ അവർ അവിടെ നിന്നും ഇറങ്ങി പോയിരുന്നു .

കാരണം ?

എന്നും മദ്യപിച്ച് മനോജ് വഴക്ക് ഉണ്ടാക്കുമായിരുന്നു. അന്ന് ഭാര്യയെ മര്ദിച്ച് അവശയാക്കി എന്നും ആണ് പറഞ്ഞത് .

 സെക്രട്ടറി ജോസഫ് ,അയൽക്കാരൻ രാജീവ് താൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഭാര്യ കഴിഞ്ഞാൽ അയാൾ ഏറ്റവും കൂടുതൽ ഉടക്കിയിട്ടുള്ള രണ്ടുപേർ.

അതേ . അതുമാത്രമല്ല അവരാണ് സ്പോട്ടിൽ ആദ്യമായി എത്തുന്നത് .

ഹം . പിന്നെ മനോജിന്റെ സ്റ്റാഫ് സുരേഷ് കൂടെ സ്പോട്ടിൽ ഉണ്ടായിരുന്നില്ലേ . അയാൾ മനോജുമായി എങ്ങനെയായിരുന്നു ?

മനോജിന്റെ പെരുമാറ്റം അയാളോടും പരുഷമായിരുന്നു . പക്ഷെ 5 വർഷത്തോളമായി അയാൾ മനോജിനൊപ്പം . ഉള്ളതിൽ വിശ്വാസം അയാളെ മാത്രം ആയിരുന്നു എന്നാണ് മറ്റു ജോലിക്കാർ പറഞ്ഞത് . ഞാൻ പറഞ്ഞു നിർത്തി.
പിറ്റേന്ന് രാവിലെ ഞങ്ങൾ ആദ്യം പോയത് ഗ്രീൻ ഫീൽഡ് ഫ്‌ളാറ്റിലേക്കായിരുന്നു . കയ്യിൽ കരുതിയിരുന്ന ഫയലിൽ നിന്നും പൊളിച്ച ഡോറിന്റെ ഹാർഡ് കോപ്പി ഇമേജസും ആയി ഒത്തുനോക്കി . ഞാൻ എന്റെ മൊബൈലിൽ കിടന്നിരുന്ന കുറച്ച് സോഫ്റ്റ് കോപ്പി ഇമേജസ്‌ കൂടെ കാണിച്ച് കൊടുത്തു . ഞങ്ങൾ ഫ്ലാറ്റിലേക്ക് കയറി . ബോഡി കിടന്നിരുന്ന സ്ഥലവും ചുറ്റുപാടും വീണ്ടും തിരഞ്ഞു . ബെഡ്റൂമിലെ ഷെൽഫിലും മറ്റും ഉണ്ടായിരുന്ന ഒരുപാട് സാധങ്ങൾ സർ എടുത്ത് ഒരു വലിയ കവറിൽ ആക്കി . അപ്പോഴേക്കും അവിടേക്ക് സെക്രട്ടറി ജോസഫ് എത്തിയിരുന്നു .

സെക്യൂരിറ്റി വിളിച്ച് പറഞ്ഞു സർ വന്നിട്ടുണ്ടെന്ന് . എന്നെ നോക്കിക്കൊണ്ട് പറഞ്ഞ് അകത്തേക്ക് കയറാൻ തുടങ്ങി.

സെക്രട്ടറി ജോസഫ് സാറല്ലേ . ഞാനാണ് പുതിയതായി ഈ കേസ് ലീഡ് ചെയുന്നത് . സജീവൻ . കൈ നീട്ടി ഹസ്തദാനം കൊടുത്തുകൊണ്ട് സാർ തുടർന്നു .ഇവിടെ നിറച്ച് പൊടിയാ കുറച്ച് ദിവസായിലേ പൂട്ടികിടക്കുന്നു . നമുക്ക് ഓഫീസ് റൂമിലേക്ക് ഇരുന്നാലോ . 

അയ്യോ അത് സാറുമാരുടെ അന്വേഷണം കഴിഞ്ഞാ ആളെ വെച്ച് ക്ലീൻ ചെയ്തോളാം . അന്വേഷണം കഴിയാറായോ സർ . സെക്രട്ടറി അക്ഷമയിൽ അല്പം അതൃപ്തി ചേർത്ത് ചോദിച്ചു.

നടന്നുവരുന്നു . എല്ലാത്തിനും അതിന്റേതായ സമയം ഇല്ലേ . സെക്രട്ടറിക്ക് ബുദ്ധിമുട്ടായോ ?

ഇവിടെ ഇങ്ങനെ പോലീസ് കേറിയിറങ്ങുക എന്ന് പറഞ്ഞാൽ.

ഞങ്ങൾ അത്രേം മോശക്കാരാണോ . സജീവൻ സർ ചിരിച്ചുകൊണ്ട് ചോദിച്ചു.

അയ്യോ അങ്ങനെ അല്ല സർ.

സെക്രട്ടറിക്ക് മനോജിനോട് വ്യക്തിപരമായി ? സർ മുഴുവിപ്പിക്കാതെ ചോദിച്ചു.

അയ്യോ ആള് പൊതുവെ ഒരു റഫ് ക്യാരക്ടർ ആയിരുന്നു . അതുകൊണ്ട് പലരുമായും തർക്കങ്ങൾ ഉണ്ടായിരുന്നു . ഞാൻ അതൊക്കെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു എന്നല്ലാതെ.

മരിക്കുന്നതിന്റെ തലേന്ന് ഗേറ്റിന്റെ അടുത്ത് വെച്ച് എന്തായിരുന്നു ? ഞാൻ ചോദിച്ചു.

അയ്യോ .അത് ചെറിയ കശപിശ . അതൊക്കെ ഈ പൊസിഷനിൽ ഇരിക്കുമ്പോൾ പതിവാ . പല ടൈപ്പ് ആളുകൾ അല്ലെ. സർ നിങ്ങൾ എന്നെ സംശയിക്കുകയാണോ ? സെക്രട്ടറി ചോദിച്ചു.

വി ഹാവ് റ്റു ടു അവർ ഡ്യൂട്ടി . കുറച്ചുനേരത്തെ ആലോചനക്ക് ശേഷം സർ തുടർന്നു . ഇവിടെ ഫ്ലോർ ലെവൽ സിസിടിവി ഉണ്ടോ ?

ഇല്ല സർ . എല്ലാ ബിൽഡിങ്ങിലും എൻട്രൻസിൽ ഉണ്ട് കൂടാതെ മെയിൻ എൻട്രൻസിലും . സെക്രട്ടറി പറഞ്ഞു.

വി നീഡ് ഓൾ ഓഫ് ദാറ്റ് ഡാറ്റ . സർ ഉറച്ച സ്വരത്തിൽ മറുപടി പ്രതീക്ഷിക്കാതെ പറഞ്ഞു.
പിറ്റേന്ന് ഞങ്ങൾ ആദ്യം പോയത് ബോഡി പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർ അരുണിന്റെ അടുത്തേക്കായിരുന്നു.മരണം നടന്നിരിക്കുന്നത് രാത്രി ഒരു മണിയോടടുത്താണ് . ഭക്ഷണം കഴിച്ചിരിക്കുന്നത് 10 മണിയോടടുത്തായിരിക്കാം . ദിസ് കെമിക്കൽ (ഡോക്ടർ കെമിക്കലിന്റെ പേര് പറഞ്ഞെങ്കിലും ഞാൻ അതിവിടെ രേഖപെടുത്തുന്നില്ല ) ഈസ് ഹൈലി പോയ്സൺനസ് സബ്സ്റ്റൻസ് . ബട്ട് ഇത് കഴിച്ച് 3 മണിക്കൂർ സമയം എടുക്കാൻ കാരണം അതിന്റെ ക്വാണ്ടിറ്റി അത്രയും കുറവാണ് എന്നതുകൊണ്ടാണ് . അത് കുറച്ച് സ്‌ട്രെഞ്ചായി എനിക്ക് തോന്നി . കാരണം ഒരാൾ മരിക്കാൻ തീരുമാനിച്ചാൽ എന്തിന് ഇത്രയും കുറവ് കഴിക്കണം . അതുകൊണ്ട് ആകെ ഉണ്ടാവുന്നത് മരണത്തിന് എടുക്കുന്ന സമയം കൂടും എന്നതാണ് . ഡോക്ടർ പറഞ്ഞു.

മരണം സംഭവിച്ചിരിക്കുന്നത് ഉറക്കത്തിൽ ആണലോ ? ഒരു പക്ഷെ ക്വാണ്ടിറ്റി കുറച്ചുകഴിച്ചാൽ മരണം ആഴത്തിലുള്ള ഉറക്കത്തിൽ ആയതിനു ശേഷം വേദന അറിയാതെ സംഭവിക്കും എന്ന് കരുതിയായിക്കൂടെ ? ഞാൻ ചോദിച്ചു.

നോ . ഈ കെമിക്കലിന് സെഡേഷൻ എഫ്ഫക്റ്റ് ഉണ്ട് . ക്വാണ്ടിറ്റി കൂടുതൽ കഴിച്ചാലും ആദ്യം നേർവസ് സിസ്റ്റം സെഡേറ്റഡ് ആയതിനു ശേഷമേ മരിക്കു. മരിക്കാൻ തീരുമാനിച്ച ആൾ എപ്പോളും പെട്ടന്ന് മരിക്കണം എന്ന ഒരു മാനസിക അവസ്ഥ ആണ് ഉണ്ടാകുക. സൊ ഇത്രയും കുറവ് കഴിച്ചത് വളരെ സ്ട്രെയ്ന്ജ് ആയി തോന്നുന്നു .

മനോജ് അന്ന് കഴിച്ചത് ബിരിയാണി ആയിരുന്നു . സ്വിഗി വഴി അടുത്ത ഹോട്ടലിൽ നിന്നും ആണ് ഓർഡർ ചെയ്തത്. എനി പോസ്സിബിലിറ്റി ഓഫ് ഫുഡ് പോയ്സൺ ? കുറച്ചുനേരത്തെ മൂകത വിച്ഛേദിച്ച് കൊണ്ട് ഞാൻ ചോദിച്ചു.

സാധ്യത കുറവാണ് . ചില പ്രത്യകതരം ഫ്ലോർ പൈന്റുകളിലും പോളീഷിലും ഇത് കാണപ്പെടാറുണ്ട് .

ഇതിന് പ്രത്യക മണമോ രുചിയോ ഉണ്ടാകുമോ? ചിന്തയിൽ നിന്നും ഉണർന്ന് സർ ചോദിച്ചു.

ഇല്ല .

താമസിയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .

ഒരു ഫുഡ് പോയ്സൺ പോസ്സിബിലിറ്റി നിലനിൽക്കുന്നുണ്ടോ ? കാറിന്റെ ഫ്രണ്ട് സീറ്റിൽ ചിന്തയിൽ മുഴുകിയിരുന്ന സാറിനോട് ഞാൻ ചോദിച്ചു.

ഹം , എങ്ങനെയൊക്കെ വിഷം ഉള്ളിൽ ചെല്ലാം . ഹോട്ടലിൽ വെച്ച് അറിയാതെ എങ്ങനെങ്കിലും ഭക്ഷണത്തിൽ വിഷം ആകാം . പക്ഷെ അപ്പൊ മനോജിന് മാത്രം അല്ല ആ സമയത്ത് ബിരിയാണി കഴിച്ച എല്ലാവർക്കും എന്തെങ്കിലും അസ്വാസ്ഥ്യം തോന്നേണ്ടതാണ് . അല്ലെങ്കിൽ മനോജിന് കൊണ്ടുവന്ന ബിരിയാണിയിൽ ആരെങ്കിലും വിഷം ചേർക്കണം . പിന്നെ ബാക്കി നിൽക്കുന്ന ഓപ്ഷൻ അയാൾ സ്വയം വിഷം കലർത്തുന്നു .ഞാൻ ആലോചിക്കുന്നത് ക്വാണ്ടിറ്റി ഓഫ് പോയ്‌സണെ കുറിച്ചാണ് . ആത്മഹത്യ ചെയ്ത ആൾ ഇത്രെയും കുറവ് യൂസ് ചെയാൻ ചാൻസില്ല എന്നതുപോലെ തന്നെ ഒരാൾ കൊല്ലാൻ പ്ലാൻ ചെയ്യുമ്പോഴും ഇത്രയും കുറവ് എമൗണ്ട് യൂസ് ചെയില്ലലോ ? ടാർഗറ്റ് മരിക്കാതിരിക്കാനും ഉള്ള ചാൻസ് പരിഗണിച്ച് അങ്ങനെ ഒരു റിസ്ക് കില്ലർ എടുക്കുമോ ? പിന്നെ കുറവ് എടുക്കാൻ ഒരു കാരണം മണവും ടേസ്റ്റും വ്യത്യാസം വരാതിരിക്കുക എന്നതാവാം , പക്ഷെ ഈ കെമിക്കലിന് അങ്ങനെ മണമോ രുചിയോ ഇല്ലെന്ന് ഡോക്ടർ തന്നെ പറഞ്ഞില്ലേ.

സർ നമുക്ക് ആ എം പി യെ പോയി ഒന്ന് കണ്ടാലോ ? മരിക്കുന്നതിന് തലേന്ന് മനോജ് അയാളെ കണ്ടിട്ടുണ്ട് . ഞാൻ പറഞ്ഞു.

സാറിനും അത് അനിവാര്യമായി തോന്നി . 

കേട്ടിടത്തോളം സാറുമായി മാത്രമേ പേർസണൽ ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നുള്ളു. സജീവൻ സർ എം പി യോട് പറഞ്ഞു 

ഞങ്ങൾ ഒരുമിച്ച് സ്കൂളിലും കോളേജിലും ഉണ്ടായിരുന്നു . മനോജ് ഒരു പ്രത്യേക പ്രകൃതക്കാരനാണ് . എം പി പറഞ്ഞു.

മനോജ് തലേന്ന് വന്നത് ഫാമിലി പ്രോബ്ലംസ് സംസാരിക്കാനായിരുന്നോ ? സർ ചോദിച്ചു.

അല്ല . ഫിനാൻഷ്യൽ ഹെൽപ്പ് ചോദിക്കാൻ ആണ് വന്നത് . എന്റെ ഒരു സുഹൃത്ത് വഴി ഞാൻ അത് സെറ്റിൽ ചെയ്തു . വൈകീട്ട് അത് മനോജിനെ അറിയിക്കുകയും ചെയ്തു.

രാത്രി വിളിച്ചപ്പോൾ എന്തെങ്കിലും പ്രത്യേകിച്ച് പറഞ്ഞിരുന്നോ ?

ഇല്ല . വളരെ നോർമൽ ആയാണ് സംസാരിച്ചത് .  എം പി പറഞ്ഞു .

ശത്രുതയുള്ള വേറെ ആരെയെങ്കിലും പറ്റി എന്തെങ്കിലും പറഞ്ഞായിരുന്നോ ?

ഫ്ളാറ്റിലെ സെക്രട്ടറിയായും അയൽക്കാരുമായും ഉള്ള കശപിശ മുൻപ് പറയാറുണ്ട് . തലേന്ന് കണ്ടപ്പോൾ അങ്ങനെ ഒന്നും പറഞ്ഞില്ല.

ഞങ്ങൾ അവിടെ നിന്നും പോയത് മനോജിന്റെ ഫർണിച്ചർ ഷോപ്പിലെ സുരേഷിനെ കാണാനായിരുന്നു .

 മനോജിന്റെ സ്വഭാവത്തിൽ എന്തെങ്കിലും വ്യത്യാസം മരണത്തിന് മുൻപുള്ള ദിവസങ്ങളിലോ മറ്റോ ശ്രദ്ധിച്ചായിരുന്നോ ?

ഇല്ല സർ . ഷോപ്പിലെ കാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞ് വന്നിരുന്നു .  പിന്നെ ഞങ്ങൾക്ക് ഫർണിച്ചേർസ് ഡെലിവർ ചെയുന്ന ഒരു ക്ലൈറ്ന്റുമായി ചെറിയ പ്രോബ്ലെംസ് ഉണ്ടായിരുന്നു . പക്ഷെ അത് എം പി സുദേവ് സർ ഇടപെട്ട് തീർത്തിരുന്നു . 

ഹം . അന്ന് ഉണ്ടായ സംഭവങ്ങൾ ഒന്ന് പറയാമോ . ഞാൻ ചോദിച്ചു.

രാവിലെ 10 ന് ഒരു കോൺട്രാക്ട് സൈൻ ചെയ്യാൻ പോകാം എന്നായിരുന്നു ഞങ്ങൾ തലേന്ന് തീരുമാനിച്ചിരുന്നത് . സാറിനെ ഞാൻ ഉച്ചവരെ വെയിറ്റ് ചെയ്തു . ഫോണിൽ വിളിക്കുകയും ചെയ്തു . ഉച്ചയോടുകൂടി ഫ്ലാറ്റിൽ പോയി .  കാളിങ് ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല . അടുത്തുള്ള ഫ്ലാറ്റിൽ അന്വേഷിച്ചു . അയൽക്കാരൻ സെക്രട്ടറിയെ വിളിച്ചു . അവർ സെക്യൂരിറ്റിയോടും അന്വേഷിച്ചു . അങ്ങനെ മനോജ് സർ പുറത്ത് പോയിട്ടില്ല എന്ന് മനസിലായി . അയൽക്കാരന്റെ ബാൽക്കണിയിൽ പോയിനിന്ന് മൊബൈലിൽ വീണ്ടും വിളിച്ചു . അപ്പോൾ മനോജ് സാറിന്റെ ബെഡ്‌റൂമിൽ നിന്നും റിങ് കേട്ടു . ഞങ്ങൾ വാതിൽ പൊളിച്ച് അകത്തുകയറി . അപ്പോഴാണ് …..

മുൻപും മനോജ് ഇങ്ങനെ ലേറ്റ് ആകാറില്ലേ . ഉച്ചകഴിഞ്ഞും വരാതായപ്പോ അങ്ങോട്ട് പോകാൻ തോന്നിയത് എന്തുകൊണ്ടാണ് ? ഞാൻ ചോദിച്ചു.

 ഇങ്ങനെ പ്രധാനപ്പെട്ട ദിവസങ്ങളിൽ എന്തായാലും വരാറുണ്ട് . പിന്നെ ഫോൺ വിളിച്ചാൽ എല്ലായിപ്പോഴും എടുക്കാറും ഉണ്ട് .

ഫ്ലാറ്റിന്റെ വാതിൽ ലോക്ക്ഡ് തന്നെ ആയിരുന്നോ ? സർ ചോദിച്ചു.

ലോക്ക്ഡ് ആയിരുന്നു.

ഇനി ഇതൊക്കെ സുരേഷ് തന്നെ നോക്കേണ്ടി വരുമല്ലേ ? ഷോപ്പ് ചുറ്റും നോക്കി സർ പറഞ്ഞു .

മാഡം എല്ലാം എന്നോട് തന്നെ നോക്കാൻ പറഞ്ഞു .

എം പി യുമായി സുരേഷിന് പരിചയം ഉണ്ടോ? ഞാൻ ചോദിച്ചു.

ഉവ്വ് . പണ്ട് പാർട്ടി പ്രവർത്തനം ആയി നടന്നപ്പോൾ ഉള്ള പരിചയം ആണ് . പിന്നെ സർ ആണ് മനോജ് സാറിനോട് ജോലിക്ക് വേണ്ടി റെക്കമെന്റ് ചെയ്തത് .

പിറ്റേന്ന് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന എല്ലാവരുടെയും ഫോൺ കാൾ ഡാറ്റാ ശേഖരിച്ചു . പിന്നീട് മനോജ് ഫുഡ് ഓർഡർ നടത്തിയ ഹോട്ടലിലും അന്വേഷണം നടത്തി . വൈകീട്ടോടെ ഫ്ലാറ്റിൽ തിരിച്ചെത്തി . സർ അപ്പോഴേക്കും ഫ്ലാറ്റിൽ നിന്നും ശേഖരിച്ച സിസിടിവി റെക്കോർഡിങ് അവലോകനം ചെയ്യാൻ തുടങ്ങിയിരുന്നു .

സർ പറഞ്ഞവരുടെ മുഴുവൻ കാൾ ഡീറ്റൈൽസും ഉണ്ട് . ഞാൻ ഫയൽ കൈമാറിക്കൊണ്ട് തുടർന്നു . ആ ഹോട്ടലിൽ നിന്നും അന്ന് വൈകീട്ട് ബിരിയാണി കഴിച്ച ആർക്കും തന്നെ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിട്ടില്ല . പിന്നെ സ്വിഗി ഡെലിവറി ബോയിയെയും കണ്ടിരുന്നു . അയാൾക്ക് മനോജുമായി ഒരു മുന്പരിചയവും ഇല്ല . പിന്നെ ഭക്ഷണം നേരിട്ട് മനോജിനെ ഏല്പിച്ചു എന്നാണ് പറഞ്ഞത് . അപ്പോൾ പിന്നെ ….

മനോജിന് ഭക്ഷണം കിട്ടുന്നത് വരെ നോ മാനിപ്പുലേഷൻ ഓൺ ഫുഡ് അല്ലേ . കാൾ ഡീറ്റൈൽസ് മറച്ച് നോക്കിക്കൊണ്ട് സർ പറഞ്ഞു . മനോജ് മരിക്കുന്നതിന് മുൻപുള്ള 24 മണിക്കൂർ സി സി ടി വി ഫൂട്ടേജസ് ഉണ്ട് . നത്തിങ് റ്റു നോട്ട് റ്റിൽ നൗ . സർ പറഞ്ഞു .

എന്തോ നമ്മൾ ശരിയായ ദിശയിൽ അല്ലാത്തപ്പോലെ ഒരു തോന്നൽ . സാറിൽ നിന്നും ഇൻസ്പിരേഷൻ പ്രതീക്ഷിച്ചുകൊണ്ട് ഞാൻ പറഞ്ഞു . സാറിന്റെ മൗനം എന്നെ നിരാശപ്പെടുത്തി.

ഇത് കണ്ടോ . മരിക്കുന്നതിന് തലേന്ന് രാത്രി 8 45 മുതൽ 9 :05 വരെയും , 9 :10 മുതൽ 9 :30 വരെയും രണ്ട് കോളുകളിലായി മനോജ് ഭാര്യ ദിവ്യയുമായി സംസാരിച്ചിട്ടുണ്ട് . നമുക്ക് മനോജിന്റെ ഫാമിലിയെ പോയി കാണണം . എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ സർ പറഞ്ഞു.

പിറ്റേന്ന് രാവിലെ ഞങ്ങൾ ദിവ്യയുടെ വീട്ടിൽ എത്തി .

എന്തായിരുന്നു വീട്ടിൽ നിന്നും ഇറങ്ങി പോരാൻ ? സർ ചോദിച്ചു.

ഒരുപാട് ദിവസങ്ങളായി മദ്യപിച്ച് വഴക്കുണ്ടാക്കൽ തന്നെയായിരുന്നു . ഇങ്ങോട്ട് പോന്നതിന്റെ തലേന്ന് രാത്രി എന്നെ ഒരുപാട് മർദിച്ചു . തടയാൻ ശ്രമിച്ച മകളെയും മർദിച്ചു . തല ചുമരിൽ ഇടിച്ച് എനിക്ക് ബോധക്ഷയം ഉണ്ടായി .

മകളോടും മോശം പെരുമാറ്റം ആയിരുന്നോ ? ഞാൻ ചോദിച്ചു.

ആദ്യമൊക്കെ മകളോടെങ്കിലും സ്നേഹം ഉണ്ടായിരുന്നു . ഈയിടെയായി അവളെയും അസഭ്യ൦ പറയാൻ തുടങ്ങിയിരുന്നു .

അന്ന് പിന്നീട് എന്താ സംഭവിച്ചത് ? സർ ചോദിച്ചു.

മകൾ ഇനി അവിടെ നില്ക്കാൻ പറ്റില്ല എന്ന് എന്നോട് പറഞ്ഞു . അവൾക്കും അത്രയും മടുത്തിരുന്നു . അങ്ങനെ പിറ്റേന്ന് ഞങ്ങൾ ഇങ്ങോട്ട് പൊന്നു .

മരിക്കുന്നതിന്റെ തലേന്ന് മനോജ് കുറച്ച് സമയം സംസാരിച്ചിരുന്നു അല്ലേ ?

ഉവ്വ് . തിരിച്ച് വരാൻ നിർബന്ധിച്ചു . ഞാൻ മറുപിടി പറയാൻ ബുദ്ധിമുട്ടുന്നത് കണ്ട് മകളാണ് ഫോൺ വാങ്ങി പിന്നീട് സംസാരിച്ചത് .

മകളെ ഒന്ന് വിളിക്കാമോ ?
അല്പസമയത്തിൽ മനോജിന്റെ മകൾ അവിടേക്ക് വന്നു.

മോൾടെ പേരെന്താ ? സർ ചോദിച്ചു.

ധ്വനി.

മരിക്കുന്നതിന്റെ തലേ ദിവസം അച്ഛൻ മോളുമായി എന്താ സംസാരിച്ചത് ? സർ ചോദിച്ചു.

പപ്പ ഞങ്ങളോട് തിരിച്ച് വരാൻ പറഞ്ഞു .

അല്ലാതെ വേറെ ആരെങ്കിലും പറ്റി പറഞ്ഞോ ? ശത്രുക്കളോ അങ്ങനെ വല്ലതും ?

ഇല്ല സർ .

പപ്പ ആത്മഹത്യയെ കുറിച്ചോ മറ്റോ പറഞ്ഞിരുന്നോ ?

ഇല്ല .

തിരിച്ച് വരാൻ പറഞ്ഞപ്പോൾ ധ്വനി എന്ത് പറഞ്ഞു ?

ഞാൻ വരില്ല എന്ന് പറഞ്ഞു .

എന്തായിരുന്നു പപ്പയുടെ റിയാക്ഷന് ?

അന്ന് സാധാരണപോലെ വഴക്ക് ഇട്ടില്ല . സ്നേഹത്തോടെയാണ് പെരുമാറിയത് . ഇനി ഞങ്ങളെ ഉപദ്രവിക്കില്ല എന്നൊക്കെ പറഞ്ഞു . പപ്പ മനസ്സിൽ തട്ടി പറയുന്നത് പോലെ തോന്നി . എങ്കിലും എനിക്ക് പേടിയായിരുന്നു തിരിച്ച് പോകാൻ.

അവിടെ നിന്നും തിരിച്ചു പോരുന്ന വഴി അരുവിപ്പുഴ ബീച്ചിൽ ഇറങ്ങി . കടൽ കാറ്റ് അന്വേഷണ ബുദ്ധിക്ക് നല്ലതാണെന്ന് സർ കേൾക്കാൻ രസമുള്ള സിദ്ധാന്തം പറഞ്ഞു . അടുത്ത് കണ്ട കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി പുകച്ചുകൊണ്ട് കുറച്ചുനേരം കടലിലേക്ക് നോക്കി നിന്നു .

ഒരാഴ്ചത്തെ കുടുംബത്തിന്റെ വിയോഗം മനോജിനെ മാറ്റി ചിന്തിപ്പിക്കുന്നു . രാത്രി 8 30 ഓടെ ഫ്ലാറ്റിൽ എത്തിയ മനോജ് ഭക്ഷണം ഓർഡർ ചെയുന്നു . 8 45 ന് ഭാര്യയെ വിളിക്കുന്നു . മകളോട് സംസാരിക്കുന്നു . 9 05 ന് കാൾ കട്ട് ചെയ്ത് ഭക്ഷണം വാങ്ങുന്നു . വീണ്ടും 9 :10 ന് വിളിക്കുന്നു . തിരിച്ച് വരാൻ അപേക്ഷിക്കുന്നു . പേടി ഉള്ള മകൾ അത് തീർത്തും നിരസിക്കുന്നു . മാറ്റം വന്ന മനോജിന് ചെയ്ത കാര്യങ്ങളിൽ പശ്ചാത്താപം വരുന്നു . ഇനി ഒരിക്കലും ഭാര്യയും മകളും തന്നെ സ്വീകരിക്കില്ല എന്ന തിരിച്ചറിവ് അയാളെ ആത്മഹത്യയിലേക്ക് നയിക്കുന്നു . ഇതായിക്കൂടെ ? നീട്ടിവലിച്ച പുക പുറത്തേക്ക് വിട്ട് എന്നെ നോക്കിക്കൊണ്ട് സർ ചോദിച്ചു.

മനസ്സിൽ അപ്പോഴും എന്തോ ഉത്തരം നൽകാൻ മടിച്ചുനിന്നു . ഒരു പക്ഷെ ഷാനവാസ് സർ പറഞ്ഞത് ശരിയായിരുന്നോ ?

ഞങ്ങൾ അൽപനേരം അവിടെ ഇരുന്നു . കേസിനെപ്പറ്റി ഉള്ള ചിന്തകൾ പുറത്തേക്ക് വരാതെ ഞങ്ങളുടെ മനസിനുള്ളിൽ കറങ്ങി നടന്നു .

ഉറങ്ങാൻ കിടന്നപ്പോൾ വന്ന ഒരു പോസ്സിബിലിറ്റി എന്നെ സാറിന്റെ റൂമിലേക്ക് നയിച്ചു . സർ അപ്പോഴും ഉറങ്ങിയിട്ടുമുണ്ടായിരുന്നില്ല . കിടക്കയിൽ നിർത്തിയിട്ടിരുന്ന പേപ്പറുകൾ സാറിന് ഉറക്കമില്ലാത്ത രാത്രി ആണെന്ന് സൂചന നൽകി .

സർ . ഓരോ ഫ്ളോറിലും സി സി ടി വി ഇല്ല . അതുകൊണ്ട് അവിടെ താമസിക്കുന്ന ഒരാൾ രാത്രി പോകാൻ ഉള്ള സാധ്യത നിലനിൽക്കുന്നില്ലേ . ഒരു പക്ഷെ മുൻകൂട്ടി തീരുമാനിച്ചു തന്നെ . പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ 10 ഒടുകൂടി ഭക്ഷണം കഴിച്ചു എന്നാണ് . 9 : 30 ന് വീട്ടിലേക്ക് വിളിച്ചു കഴിഞ്ഞ് എന്തിന് 10 വരെ ഭക്ഷണം കഴിക്കാൻ കാത്തിരിക്കണം ? ഒരു പക്ഷെ ആ സമയത്ത് അവിടെ ആരെങ്കിലും വന്നതായിക്കൂടെ ?

പക്ഷെ അങ്ങനെ ആണെങ്കിൽ തന്നെ , അവിടെ ഒരു സംഘടനമോ മറ്റോ നടക്കാനല്ലേ സാധ്യത ? സർ ചോദിച്ചു .

ഫ്ലാറ്റിൽ താമസിക്കുന്ന കില്ലർ അന്ന് രാത്രി കെമിക്കലുമായി വരുന്നു . മുൻപുണ്ടായ എന്തെങ്കിലും കാര്യത്തിന് മാപ്പ് ചോദിച്ച് വർത്തമാനം പറഞ്ഞിരിക്കുന്നു. ഒരു പക്ഷെ അതിനിടയിൽ മനോജ് അവിടെ നിന്നും എന്തിനെങ്കിലും മാറിയ സമയത്ത് വെള്ളത്തിലോ, മനോജ് കുടിച്ചുകൊണ്ടിരിക്കുന്ന മദ്യത്തിലോ, ഭക്ഷണത്തിലോ മറ്റോ വിഷം ചേർക്കുന്നു . ഉടനടി മരണം സംഭവിക്കാതിരിക്കാൻ കുറച്ചേ ചേർക്കുന്നുള്ളു . കാരണം ഉടനെ മരണം സംഭവിച്ചാൽ ഡോർ ആരും അടക്കില്ല . അപ്പോൾ ഇത് ഒരു കൊലപാതകം എന്ന് പുറംലോകം അറിയും.ഹി ഡോണ്ട് വാണ്ട് ടു ബി ദേർ . എ പ്രീ ഷെഡ്യൂൾഡ് കില്ലിംഗ് . ഞാൻ പറഞ്ഞ് നിർത്തി .

യെസ് .. ഇറ്റ് ഇസ് എ പോസ്സിബിലിറ്റി . ആലോചിച്ചുകൊണ്ട് സർ തുടർന്നു . നമുക്ക് രാജീവിനെ നാളെ കാണണം.

പിറ്റേന്ന് രാവിലെ തന്നെ 7 ഡി യിലെത്തി . 

രാജീവിന് മനോജുമായി എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നോ ? സർ ചോദിച്ചു.

ഉവ്വ് സർ . മനോജ് എന്നും കുടുംബവുമായി വഴക്കിടുമായിരുന്നു . വളരെ ഉയർന്ന ശബ്ദത്തിൽ ആണ് അയാൾ നോര്മലായി പോലും സംസാരിച്ചിരുന്നത് . വഴക്കിന്റെ സമയം അത് കുറച്ചുകൂടെ ഉച്ചത്തിൽ ആയിരുന്നു . അടുത്ത ഫ്ലാറ്റായതുകൊണ്ട് വാതിലടച്ചിരുന്നാൽ പോലും കേൾക്കുമായിരുന്നു . കേട്ടാൽ അറക്കുന്ന അസഭ്യങ്ങൾ ആയിരുന്നു പലപ്പോഴും അയാൾ ഉപയോഗിച്ചിരുന്നത് . ഒരുപാട് സഹിച്ചു . ഒരിക്കൽ ഞാൻ മയത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ നോക്കി. പക്ഷെ പിന്നീട് അയാളുടെ ശബ്ദം കുറച്ചുകൂടെ കൂടി എന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായില്ല . അങ്ങനെ ആണ് ജോസഫ് സാറിന് പരാതി കൊടുക്കുന്നത് .

എന്നിട്ട് എന്താണുണ്ടായത് ? ഞാൻ ചോദിച്ചു.

ജോസഫ് സർ വിളിച്ച് ഗുണദോഷിക്കാൻ നോക്കി . അത് അവർ തമ്മിൽ ഉള്ള ഉരസലിൽ കലാശിച്ചു . അത് കഴിഞ്ഞ് ഇടക്കിടക്ക് ഇവിടെ വന്ന് മോശം രീതിയിൽ സംസാരിക്കാൻ തുടങ്ങി .

പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായോ നിങ്ങൾ തമ്മിൽ ?

ഉവ്വ് . 2 മാസം മുൻപ് ഒരിക്കൽ അയാൾ വളരെ അധികം മദ്യപിച്ച് അവിടെ എത്തിയിരുന്നു . ഭാര്യയെ മർദിക്കുകയും ചെയ്തു . അതിന്റെ അടുത്ത ദിവസം എന്റെ മകന് സ്കൂളിൽ എക്സാം ഉണ്ടായിരുന്നു . ഞാൻ രണ്ടും കല്പിച്ച് അവിടെ ചെന്ന് അയാളോട് പുലഭ്യം പറയുന്നത് നിർത്താൻ ആവശ്യപ്പെട്ടു . അത് വീണ്ടും ഞങ്ങൾ തമ്മിലുള്ള ഉരസലിലേക്ക് നയിച്ചു .

മനോജിന്റെ ഭാര്യയും മകളും നിങ്ങളുടെ കുടുംബവുമായി എങ്ങനെ ആയിരുന്നു ?

അവർ വളരെ നല്ലവരാണ് .  മനോജുമായുണ്ടായ വഴക്കുകൾക്ക് ശേഷം അയാൾ അവരെ ഞങ്ങളുമായി സംസാരിക്കാൻ പോലും അനുവദിക്കാറില്ല . അവർ രണ്ടുപേരും ഒരുപാട് അനുഭവിച്ചിട്ടുണ്ട് . പലപ്പോഴും അയാൾ പറയുന്ന വാക്കുകളേക്കാൾ ഞങ്ങളെ അലോസരപ്പെടുത്തിയത് അവർ രണ്ടുപേരും അനുഭവിക്കുന്ന പീഡനവും മെന്റൽ ടോർച്ചറിങ്ങും ആയിരുന്നു . പ്രകടമായ ദുഖത്തോടെ രാജീവ് പറഞ്ഞു നിർത്തി .

മരിക്കുന്നതിന് തലേന്ന് എന്തെങ്കിലും പ്രത്യകിച്ച് ശ്രദ്ധയിൽ പെട്ടായിരുന്നോ . 7 സി യിലേക്ക് ആരെങ്കിലും വരികയോ . എന്തെങ്കിലും സംസാരമോ ? ഞാൻ ചോദിച്ചു.

ഇല്ല സാർ . പിന്നെ ഫോണിലൂടെ മോശമായ സംസാരം ഉണ്ടായിരുന്നു . അതല്ലാതെ വേറൊന്നും പ്രത്യകിച്ച് ഉണ്ടായതായി ഓർക്കുന്നില്ല .

ഹോ . ആരോടായിരുന്നു മോശമായ സംസാരം ? എന്തായിരുന്നു സംസാരിച്ചത് ?

അത് …രാജീവ് പറയാൻ കുറച്ച് മടിച്ചു.

രാജീവ് പ്ലീസ് ബി ഫ്രാങ്ക് . നിങ്ങൾ മനഃപൂർവം ഒളിഞ്ഞ് കേട്ടതല്ലലോ. ചിലപ്പോ ഞങ്ങളുടെ അന്വേഷണത്തിന് സഹായകമാകും . സർ പറഞ്ഞു .

സർ അയാൾ ആദ്യം ഭാര്യയെ വിളിച്ച് തിരിച്ച് വരാൻ നിർബന്ധിച്ചു . ഇടക്കുവെച്ച് മകൾ സംസാരിക്കാൻ തുടങ്ങി എന്ന് തോന്നുന്നു . എന്നാൽ അയാൾക്ക് ഭാര്യയോട് തന്നെ സംസാരിക്കണമായിരുന്നു . പക്ഷെ മകൾ ഫോൺ കൊടുത്തില്ല എന്ന് തോന്നുന്നു . ഒരുപാട് ഭീഷണി മുഴക്കിക്കൊണ്ട് ആണ് സംസാരിച്ചത് .

ഫോൺ സംഭാഷണം എത്ര നേരം ഉണ്ടായിരുന്നു . ഓർക്കുന്നുണ്ടോ ?

30 മിനുറ്റിൽ കൂടുതൽ ഉണ്ടായിരുന്നു .

സമയം ഓർക്കാൻ കാരണം ? ഞാൻ ചോദിച്ചുഞങ്ങൾ ഭക്ഷണ൦ കഴിക്കാൻ തുടങ്ങുമ്പോൾ ആണ് കാൾ തുടങ്ങിയത് . 8 45 നാണ് ഡിന്നർ കഴിക്കുന്നത് . ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് മുൻപേ കാൾ നിന്നിരുന്നു . അയാൾ വാതിൽ അടച്ച് എങ്ങോട്ടോ പോകുന്ന ശബ്ദം കേട്ടു . അപ്പോൾ ഞങ്ങൾ ആശ്വസിച്ചു . പക്ഷെ കുറച്ച് സമയത്തിന് ശേഷം വീണ്ടും കാൾ ആരംഭിച്ചു .പിന്നെയും ഒരു 15 മിനിറ്റ് കാൾ ഉണ്ടായി .

മരിച്ചതിന്റെ തലേന്ന് തന്നെ ആണോ ഇത് സംഭവിച്ചത് അതോ മുൻപുള്ള ദിവസങ്ങളിൽ ആണോ ? ഒന്ന് ആലോചിച്ചു നോക്കാമോ ?

ഇല്ല സർ എനിക്ക് നല്ല ഓർമയുണ്ട് . ഭാര്യയും മകളും പോയതിന് ശേഷം എന്നും അവർക്കുള്ള കോളുകൾ വളരെ ചെറുതായിരുന്നു . പക്ഷെ അന്ന് അത് നീണ്ടുപോയി .

എന്താണ് നീണ്ടുപോകാൻ കാരണം ? എന്തായിരുന്നു സംസാരത്തിന്റെ ചുരുക്കം?

എനിക്ക് തോന്നിയത് ബാക്കി ദിവസങ്ങളിൽ മകൾ അല്ല സംസാരിച്ചത് . മനോജിന്റെ ശബ്ദം ഉയർന്നു വന്നുകൊണ്ടിരുന്നു . അവസാനം സഹിക്കെട്ട് രണ്ടു ദിവസത്തിനുള്ളിൽ വരാം എന്ന് സമ്മതിച്ചെന്നാണ് അയാളുടെ സംസാരത്തിൽ നിന്നും മനസിലായത് . അല്ലെങ്കിൽ പണ്ടത്തെ പോലെ അയാൾ അവിടെ വരുമെന്നും ഭാര്യയുടെ വീട്ടുകാർക്കും വേണ്ടത് പോലെ കൊടുക്കുമെന്നും ഭീഷണി മുഴക്കി .

അയാളുടെ പെരുമാറ്റത്തിൽ ഒരിക്കൽ പോലും അപേക്ഷയുടെ സ്വരം ഉണ്ടായിരുന്നില്ല ? സർ ചോദിച്ചു.

ഇല്ല . അങ്ങനെ ഇതുവരെ ഞാൻ കേട്ടിട്ടില്ല . അങ്ങനെ ഉണ്ടായാൽ ഉറപ്പായും ഞാൻ ശ്രദ്ധിച്ചേനേ .

പണ്ട് ദിവ്യയുടെ വീട്ടിൽ വച്ച് ഉണ്ടായ സംഭവം താങ്കൾക്ക് അറിയാമോ ? സർ ചോദിച്ചു.

ഉവ്വ് സർ . മുൻപ് ഒരിക്കൽ അവർ ഇവിടെ നിന്നും ഇറങ്ങിപ്പോയി . എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അയാൾക്കെതിരെ പരാതി കൊടുത്തു . പക്ഷെ ആ പരാതി അയാളുടെ സുഹൃത്ത് ഒരു എം പി വഴി തേച്ചുമാച് കളഞ്ഞു. എന്നിട്ട് അവരുടെ വീട്ടിൽ ചെന്ന് അയൽക്കാർ കേൾക്കെ ചീത്ത വിളിക്കുകയും അവരുടെ അച്ഛനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു . അതിൽ പിന്നെ അവർ ഭീഷണിക്ക് വഴങ്ങി ഇവിടെ വന്ന് വീണ്ടും താമസിച്ചു .

ഇത്തവണ, അതായത് മനോജ് മരിക്കുന്നതിന് ഒരാഴ്ച്ച മുൻപ് അവർ ഇറങ്ങി പോയതിന്റെ തലേന്ന് എന്താണ് സംഭവിച്ചത് ? സർ ചോദിച്ചു.

അന്ന് പതിവുപോലെ വഴക്കുണ്ടായി . ഭാര്യയെ അയാൾ മർദിച്ചു . മകൾ തടയാൻ ശ്രമിച്ചപ്പോൾ അവളെയും മർദിച്ചു . അവർ രണ്ടുപേരും ആത്മഹത്യ ചെയ്യും എന്ന് അവൾ ഭീഷണിപ്പെടുത്തി . അയാൾ എന്നിട്ടും അടങ്ങിയില്ല .

ഇതൊക്കെ കൃത്യമായി ഇവിടെ നിന്നും മനസ്സിലാക്കിയോ . ഞാൻ ചോദിച്ചു.

ഏതാണ്ടൊക്കെ അപ്പോഴേ മനസ്സിലായി . പിറ്റേന്ന് വൈകീട്ട് അവർ പോകുന്ന വഴി ഇവിടെ കയറി കാര്യങ്ങൾ പറഞ്ഞു .

വേറെ എന്തെങ്കിലും പറഞ്ഞോ ?

ഇനി വരില്ലെന്ന് പറഞ്ഞു . തിരിച്ച് വരേണ്ടി വന്നാൽ മരിക്കാനും മടിക്കില്ല എന്നും പറഞ്ഞു .

സർ അവിടെ നിന്നും 7 സി ലക്ഷ്യമാക്കി നടന്നു. വാതിൽ തുറന്ന് നേരെ കിച്ചണിലേക്ക് നടന്നു . അവിടെ കിടന്ന ഒരു പൊടിപിടിച്ച ചാക്ക് കുടഞ്ഞ് വൃത്തിയാക്കി അതിലേക്ക് അടുക്കളയിൽ ഇരുന്നിരുന്ന ചായില ,കാപ്പിപ്പൊടി തുടങ്ങി എല്ലാ ഭക്ഷണ സാധനങ്ങളുടെയും ടിന്നുകൾ നിറക്കാൻ തുടങ്ങി . അതിനുശേഷം അവിടെ പരതിയപ്പോൾ കിട്ടിയ കുറച്ച് മധ്യ കുപ്പികളും ഭദ്രമായി വേറൊരു കവറിൽ ആക്കി .
വൈകീട്ട് ഭക്ഷണ സാധനങ്ങൾ ഫോറൻസിക് ടെസ്റ്റ് ചെയ്ത റിസൾട്ട് വന്നു . ഞങ്ങളെ തീർത്തും നിരാശപ്പെടുത്തി കൊണ്ട് അതിൽ ഒന്നും തന്നെ വിഷം അടങ്ങിയിരുന്നില്ല . എന്നാൽ രാജീവിന്റെയും മനോജിന്റെ കുടുംബത്തിന്റെയും മൊഴിയിലെ വൈരുധ്യം ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു . ആ ഉണർവ് സാറിന്റെ മുഖത്തും പ്രകടമായിരുന്നു .

 ചോദ്യം ചെയ്ത ദിവസങ്ങളിലെ രാജീവിന്റെയും മനോജിന്റെ കുടുംബത്തിന്റെയും കാൾ റെക്കോർഡ് പരിശോധിക്കൽ ആയിരുന്നു പിറ്റേന്നത്തെ ആദ്യ ദൗത്യം . 

എടൊ പോകുമ്പോ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ഒന്ന് നിർത്തണേ . സർ പറഞ്ഞുകൊണ്ട് ടാബ്ലെറ്റിന്റെ എംപ്റ്റി സ്ട്രിപ്പ് വേസ്റ്റ് ബാസ്കറ്റിലേക്കിട്ടു . ഞാൻ ഇറങ്ങാൻ നോക്കിയപ്പോൾ ഗാഢമായ ആലോചനയിൽ മുഴുകി വേസ്റ്റ് ബാസ്കറ്റിലേക്ക് തന്നെ നോക്കി നിൽക്കുന്ന സാറിനെയാണ് കണ്ടത് . എന്റെ വിളി സാറിനെ ഉണർത്തി . എന്നോട് പ്ലാൻ ചെയ്ത അന്വേഷണം തുടരാനും സാറിന് വേറൊരു കാര്യം കൂടെ അന്വേഷിക്കാൻ ഉണ്ടെന്നും പറഞ്ഞ് നേരെ റൂമിലേക്ക് പോയി .

ഞാൻ ടെലികോം ഓഫീസിലും സൈബർ സെല്ലിലും ചെന്ന് മുഴുവൻ ഡാറ്റയും കളക്ട് ചെയ്തപ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു . തിരിച്ച് ഇറങ്ങി സാറിനെ വിളിക്കാൻ മൊബൈൽ എടുത്തതും സാറിന്റെ കാൾ വന്നതും ഒരുമിച്ചായിരുന്നു . എന്നോട് ഉടൻ തന്നെ ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടു . ആ വാക്കുകളിൽ ഒരാശ്വാസം എന്റെ തോന്നൽ ആണോ എന്ന് സംശയിച്ചു .

ഓഫീസിലെ 8 സീറ്റർ കോൺഫ്രൻസ് റൂമിൽ സാറുണ്ടെന്നറിഞ്ഞ് ഞാൻ അങ്ങോട്ട് ചെന്നു . അവിടെ സാറിന്റെ മുൻപിൽ രാജീവ് ഇരിക്കുന്നുണ്ടായിരുന്നു .

ആ വാടോ ഇരിക്ക് . ഞാൻ കുറച്ച് കാര്യങ്ങൾ കൂടി അറിയാൻ രാജീവിനെ വിളിപ്പിച്ചതാ . പിന്നെ മനോജിന്റെ ഫാമിലിയും ഇപ്പോൾ എത്തും .

രാജീവ് കുറച്ച് അസ്വസ്ഥനായി കാണപ്പെട്ടു . സാറിന്റെ കണ്ണുകളിൽ ചിരി ഒളിച്ചിരിപ്പുണ്ടായിരുന്നു . എല്ലാം അറിഞ്ഞവന്റെ ചിരിയാണോ അതോ എന്റെ ഉത്കണ്ഠയുള്ള മുഖം കണ്ടുകൊണ്ടുള്ള ചിരിയാണോ എന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു .

അല്പസമയത്തിനകം ദിവ്യയും ധ്വനിയും അവിടെ എത്തി . രാജീവിനെ അവിടെ കണ്ടത് രണ്ടുപേരുടെയും മുഖത്ത് അമ്പരപ്പ് പ്രകടമാക്കി .  ആലോചനയിൽ മുഴുകിയിരുന്ന് സർ ഒരു മിനിറ്റ് നേരം നിശബ്ദതയുടെ പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷം ടേബിളിൽ ഇരുന്ന ജാറിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചുകൊണ്ട് തുടങ്ങി.

മനോജ് മരിക്കുന്നതിന് തലേന്ന് വിളിച്ചപ്പോൾ സാധാരണ പെരുമാറ്റം ആയിരുന്നില്ല എന്നല്ലേ പറഞ്ഞത് ?

അതെ. ധ്വനി പറഞ്ഞു.

അപ്പോൾ ഒരു പക്ഷെ മനോജിന് മനംമാറ്റം വന്നിരിക്കാം. നിങ്ങൾ ഇനി അയാളെ സ്നേഹിക്കില്ല എന്ന് തോന്നിയിട്ടുണ്ടാവാം . ഒരു പക്ഷെ അത് ആത്മഹത്യയിലേക്ക് നയിച്ചിട്ടും ഉണ്ടാകാം . അല്ലേ ?

അന്ന് ഞങ്ങൾ വരാനായി പപ്പ വെറുതെ പറഞ്ഞെന്നെ തോന്നിയുള്ളൂ . പക്ഷെ പിന്നീട് എനിക്കും അങ്ങനെ തോന്നി .

അപ്പോൾ അവിടെയാണ് നമ്മുടെ ആദ്യത്തെ കൺഫ്യൂഷൻ . അല്ലേ രാജീവ് . മുഖത്ത് പ്രകടമായ ശങ്കയിൽ നിൽക്കുന്ന രാജീവിനോട് സർ ചോദിച്ചു . രാജീവ് കേട്ടത് അപേക്ഷയുടെ സ്വരം അല്ലായിരുന്നു . ആം ഐ റൈറ്റ് ?

അതെ സർ . ഒരു പക്ഷെ രാവിലെയോ മറ്റോ മനോജ് ധ്വനിയെ വിളിച്ചതായിരിക്കും . ഞാൻ കേട്ടത് വളരെ പരുഷമായി സംസാരിക്കുന്ന മനോജിനെയാണ് .

അന്ന് മനോജ് നിങ്ങളെ വിളിച്ചത് ആകെ ഒരു തവണ . അതിൽ രാജീവ് കേട്ടത് മോൾ പറഞ്ഞതല്ല .എന്താ മോൾക്ക് പറയാനുള്ളത് . മുഖം നോക്കാതെ വെള്ളം കുടിച്ച ഗ്ലാസ്സിലെ പൊടി തുടച്ചുകൊണ്ട് സർ ചോദിച്ചു .

അത് രാജീവേട്ടൻ എങ്ങനെ കേൾക്കാന ? ധ്വനി കുറച്ചുയർന്ന ശബ്ദത്തിൽ രാജീവിനോട് ചോദിച്ചു.

അത് .. മോളെ . ധ്വനിയുടെ ഉയർന്ന ശബ്ദത്തിൽ ആശ്ചര്യപെട്ടുകൊണ്ട് രാജീവ് തുടങ്ങിയത് സജീവൻ സർ പൂർത്തിയാക്കി . പപ്പ സംസാരിക്കുന്നത് അത്രയും ഉറച്ച സ്വരത്തിൽ ആയിരുന്നു . അതുകൊണ്ട് സ്വാഭാവികമായി രാജീവ് അത് കേട്ടു . ഇനി പറ മോളെന്തിനാ കള്ളം പറഞ്ഞത് ?

വാട്ട്സാപ്പിൽ വിളിച്ചപ്പോഴാണ് പപ്പ എന്നോട് സ്നേഹത്തിൽ സംസാരിച്ചത് . അവൾ താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു .

മോൾടെ മൊബൈൽ ഒന്ന് കാണിക്കാമോ ? വാട്സ്ആപ് കാൾ ലോഗ് നോക്കിയാൽ ഞങ്ങൾക്കും വിശ്വാസം ആകും .

ലോഗ് ഡിലീറ്റ് ചെയ്തു . പകുതിനീട്ടിയ കൈകൾ തിരിച്ച് വലിച്ചുകൊണ്ട് അവൾ പറഞ്ഞു .

ആഹാ .. എന്നാൽ പിന്നെ മനോജിന്റെ മൊബൈലിൽ നോക്കാം . വേണോ ? സർ ചിരിച്ചുകൊണ്ട് ധ്വനിയോട് ചോദിച്ചു .

അവൾ ഉത്തരം പറയാതെ ദിവ്യയെ നോക്കാൻ ഒരു ശ്രമം നടത്തി . ദിവ്യയുടെ കണ്ണിലെ ചോദ്യങ്ങൾക്ക് നിന്ന് കൊടുക്കാതെ കണ്ണുകൾ താഴെയെന്തിനോ തിരഞ്ഞുകൊണ്ടിരുന്നു .

അപ്പോൾ എന്തിനാ മോള് ഇത്രയും കള്ളം പറയുന്നെ . ?

കുറച്ച് നേരത്തെ നിശബ്ദത അവൾക്ക് അസഹ്യമായി തോന്നുന്നുണ്ടായിരുന്നു .

അതവിടെ നിൽക്കട്ടെ . നിങ്ങൾ അവിടെ നിന്നും ഇറങ്ങാൻ ആസ്പദമായ സംഭവം ഉണ്ടായ ദിവസം . അതായത് മനോജിന്റെ മരണത്തിന് ഒരാഴ്ച്ച മുൻപ് , ധ്വനി പാപ്പയോട് ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞില്ലേ . അതെന്താ അന്ന് ഞങ്ങൾ ചോദിച്ചപ്പോൾ പറയാതിരുന്നത് ? സർ ചോദിച്ചു.

അത് ഞങ്ങളെ ഉപദ്രവിക്കാതിരിക്കാൻ വേണ്ടി പറഞ്ഞതാ .എന്തിനാണ് ഞങ്ങളോട് ഇതൊക്കെ ചോദിക്കുന്നത് . ദിവ്യ സാറിനോട് ചോദിച്ചു.

പറയാം ദിവ്യ .  അപ്പൊ മുൻപ് അങ്ങനെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല ? ധ്വനിയെ നോക്കി ചോദിച്ചു

ഇല്ല സർ . അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണ് .

നിമിഷ മോൾടെ ബെസ്ററ് ഫ്രണ്ട് അല്ലെ . നിമിഷ എന്നോട് പറഞ്ഞത് പലപ്പോഴും മോള് ആത്മഹത്യയെ കുറിച്ച് പറയാറുണ്ട് എന്നാണ് ? നിമിഷയെ വിളിക്കണോ ? സർ മൊബൈൽ എടുത്ത് ചോദിച്ചു.

സർ, ഈ സംഭവങ്ങളും മനോജിന്റെ മരണവും തമ്മിൽ ബന്ധം എന്താണ് ? അത്രയും നേരം പകച്ചിരുന്ന രാജീവ് സാറിനെ നോക്കി ചോദിച്ചു.

അത് പറയേണ്ടത് ഞാനല്ല . ധ്വനിയെ നോക്കികൊണ്ട് സർ തുടർന്നു . ഉള്ള സത്യം പറ മോളെ .

ധ്വനിയുടെ മനസിലെ വിങ്ങലുകൾ മുഖത്ത് പ്രകടമായി കഴിഞ്ഞിരുന്നു . എങ്കിലും അവൾ സത്യങ്ങൾ തുളുമ്പാതിരിക്കാൻ മൗനത്തെ കൂട്ടുപിടിച്ചു.

ഞാൻ തന്നെ പറഞ്ഞ് തുടങ്ങാം . സർ അടുത്തിരുന്ന ബാഗിൽ നിന്നും ഒരു ബോക്സ് തുറന്ന് ഒരു ടാബ്‌ലെറ്റ് സ്ട്രിപ്പ് ഉയർത്തി കാണിച്ചു . അതിൽ ഒരു ക്യാപ്സ്യൂൾ മാത്രം ശേഷിച്ചിരുന്നു . ഇത് മനോജ് അവസാനമായി ഭക്ഷണത്തിന് ശേഷം കഴിച്ച ക്യാപ്സ്യൂൾ ഉണ്ടായിരുന്ന സ്ട്രിപ്പ് ആണ് . ഇത് ഞങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു . ഇതിൽ അവിടവിടെയായി മരണകാരണമായ വിഷത്തിന്റെ അംശമുണ്ട് . പ്രത്യകിച്ചും ക്യാപ്സ്യൂളിന്റെ എംപ്റ്റി ക്യാബിനിൽ വിഷത്തിന്റെ അളവ് കൂടുതൽ ഉണ്ടായിരുന്നു . ശേഷിച്ച ക്യാപ്സ്യൂളിന്റെ തൊട്ടടുത്ത ക്യാബിൻ ചൂണ്ടിക്കൊണ്ട് സർ തുടർന്നു . അപ്പൊ മനോജ് മരിച്ചത് , അല്ല കൊല്ലപ്പെട്ടത് , ഇതിലുണ്ടായിരുന്ന ക്യാപ്സ്യൂൾ കഴിച്ചാണ് . അതിൽ വിഷം റീഫിൽ ചെയ്യപ്പെട്ടിരുന്നു . സ്ട്രിപ്പിന്റെ മുകളിൽ നിന്നും ബ്ലേഡ് വെച്ച് പകുതി തുറന്ന് ക്യാപ്സ്യൂൾ മുകളിലൂടെ പുറത്തെടുത്തിട്ടുണ്ട് . സൂക്ഷിച്ചു നോക്കിയാൽ പശകൊണ്ട് വീണ്ടും ഒട്ടിച്ചതാണെന്ന് കാണാം . മരണം സംഭവിക്കാൻ അന്ന് അവിടെ ആരും ഉണ്ടാവണം എന്നില്ല . അല്ലേ ? ധ്വനിക്ക് നേരെ നോക്കിക്കൊണ്ട് സർ തുടർന്നു .  ധ്വനിക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ലെങ്കിൽ ദിവ്യക്ക് അറിയാമായിരിക്കും . സർ ദിവ്യയെ നോക്കി .

മമ്മിക്കറിയില്ല … ധ്വനി കണ്ണുകൾ ഉയർത്താതെ തണുത്ത സ്വരത്തിൽ പറഞ്ഞു .

ദിവ്യ ധ്വനിയെ ഒരു നിമിഷ നേരം നോക്കിയിരുന്ന് പൊട്ടിക്കരയാൻ തുടങ്ങി. അതൊരു പകർച്ചവ്യാധിപോലെ ധ്വനിയിലേക്കും പടർന്നു . അതൊരു ഇടിത്തീ പോലെ നിശബ്ദതയെ മുറിച്ച് മുറിയിൽ ചുറ്റും കറങ്ങി നടന്നു . ധ്വനിയപോഴേക്കും മുഖം കൈകൊണ്ട് മറച്ച് മുൻപിലുള്ള മേശയിൽ അഭയം തേടി . രാജീവ് തരിച്ചിരുന്നു . സാറും ഞാനും പൂർത്തിയാകാത്ത കഥക്കായി കാത്തിരുന്നു .

മിനിറ്റുകൾക്ക് ശേഷം അവൾ മുഖം തുടച്ച് സാറിനെ നോക്കി ഇടർച്ച മാറാത്ത ശബ്ദത്തിൽ പറഞ്ഞു . ഞാനാ എല്ലാം ചെയ്തത് . സാർ പറഞ്ഞത് സത്യമാ . ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു . ദിവസം ചെല്ലും തോറും ഞങ്ങളോടുള്ള പപ്പയുടെ പെരുമാറ്റം മോശമായി വന്നുകൊണ്ടിരുന്നു . കഴിഞ്ഞ മാസം ആണ് ഞാൻ അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുന്നത് . അത് ഞാൻ നിമിഷയോട് പറയുകയും ചെയ്തു . ഇൻറർനെറ്റിൽ ഏറ്റവും സുഖമായി മരിക്കാൻ ഉള്ള വഴികൾ തിരഞ്ഞു , അങ്ങിനെയാണ് ഈ വിഷത്തെ പറ്റി അറിയുന്നത്. അത് ഒരുപാടാടങ്ങിയ ഒരു പൊടി പെയിന്റുകൾ വിൽക്കുന്ന കടയിൽ നിന്നും വാങ്ങി വീട്ടിൽ സൂക്ഷിച്ചു . പക്ഷെ പലപ്പോഴും ആത്മഹത്യ ചെയ്യാൻ ധൈര്യം കിട്ടിയില്ല .

വീട്ടിൽ നിന്നും ഇറങ്ങുന്നതിന് തലേന്ന് പപ്പ മദ്യപിച്ച് വളരെ മോശം അവസ്ഥയിൽ ആണ് വന്നത് . ഒരുപ്പാട് അസഭ്യങ്ങൾ മമ്മിയെ പറഞ്ഞുകൊണ്ടിരുന്നു . പിന്നീട് മർദിക്കുകയും ചെയ്തു . മുൻപ് പലപ്പോഴും ഞാൻ പിടിച്ച് മാറ്റുമ്പോൾ പപ്പ ഒഴിഞ്ഞുമാറിപോകുമായിരുന്നു . പക്ഷെ അന്ന് എന്നെയും മർദിച്ചു . ഞങ്ങൾ രണ്ടുപേരും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞുനോക്കി . ഞാൻ പറഞ്ഞതിലുള്ള അരിശത്തിൽ പപ്പ തന്നെ കൊന്ന് തരാം എന്ന് പറഞ്ഞ് മമ്മിയെ ചുമരിലേക്ക് ആഞ്ഞ് തള്ളി . മമ്മി തലയിടിച്ച് ബോധരഹിതയായി . പപ്പ അതിന് ശേഷം അവിടെ നിന്ന് പപ്പയുടെ റൂമിലേക്ക് പോയി. കുറച്ച് നേരത്തിന് ശേഷം മമ്മിക്ക് ബോധം വന്നെങ്കിലും രണ്ടു തവണ ശർദ്ധിച്ചു . ഒരു പക്ഷെ മമ്മി അന്ന് മരിക്കും എന്ന് പോലും എനിക്ക് തോന്നി . രാത്രി മുഴുവൻ പപ്പയിൽ നിന്നും രക്ഷപെടാനുള്ള വഴികൾ ആലോചിച്ചു . മമ്മിയുടെ വീട്ടിൽ മുൻപ് പപ്പ വന്ന് ബഹളം വയ്ക്കുകയും മുത്തച്ഛനെ കൈയേറ്റം ചെയുകയും ചെയ്തിട്ടുണ്ട് അതുകൊണ്ട് അങ്ങോട്ട് പോകാൻ കഴിയുമായിരുന്നില്ല . നിയമനത്തിന്റെ വഴിയും മുൻപ് നോക്കിയതാണ് . കണ്മുന്നിൽ മമ്മി തല്ലുകൊണ്ട് മരിക്കുന്നത് ഞാൻ കാണേണ്ടി വരും എന്ന് ഭയന്നു . മമ്മി ചിലപ്പോൾ രാവിലെ എഴുനേൽക്കുമ്പോഴേക്കും മരിച്ചിട്ടുണ്ടാവും എന്ന് ഞാൻ പ്രതീക്ഷിക്കുകയോ പേടിക്കുകയോ ചെയ്തു . അതിനു ശേഷം ഞാനും ആത്മഹത്യ ചെയ്യും എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു . വെളുപ്പിന് നേരത്തെ എഴുന്നേറ്റ് മമ്മിയോട് ചേർന്ന് കിടന്നു . ആ ശ്വാസം നിലച്ചിട്ടുണ്ടായിരുന്നില്ല . വേദനകൾ ഒക്കെ മറന്ന് മമ്മി എന്നെ നോക്കി ചിരിച്ചു . മമ്മിക്കതൊക്കെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു . എനിക്ക് മമ്മിക്ക് വേണ്ടി ജീവിക്കണമായിരുന്നു . മരിക്കാൻ എനിക്ക് മനസ്സില്ലായിരുന്നു. ധ്വനി ഉറച്ച സ്വരത്തിൽ അലറി കരഞ്ഞുകൊണ്ട് പറഞ്ഞു .

തേങ്ങൽ ഒതുക്കി കണ്ണുകൾ തുടച്ചുകൊണ്ട് അടഞ്ഞ സ്വരത്തിൽ അവൾ വീണ്ടും തുടർന്നു . അങ്ങനെ പപ്പയെ കൊല്ലാൻ തീരുമാനിച്ചു . മമ്മിയോട് കിടന്നോളാൻ പറഞ്ഞ് ഞാൻ രാവിലെ ഭക്ഷണം ഉണ്ടാക്കാൻ പോയി . ആദ്യം ഭക്ഷണത്തിൽ വിഷം ചേർക്കാം എന്ന് കരുതി . പക്ഷെ പിടിക്കപ്പെടും എന്നുള്ള ചിന്ത അതിൽ നിന്നും പിന്തിരിപ്പിച്ചു . ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം പപ്പയുടെ റൂമിലേക്ക് പോയി . ആത്മഹത്യ ചെയ്തില്ലേ എന്ന് പുച്ഛത്തിൽ ചോദിച്ചു . മമ്മിയെ എന്തൊക്കെയോ പറഞ്ഞു . ഭക്ഷണം കഴിച്ച് പപ്പ ഗുളിക കഴിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് ഈ ആശയം മനസ്സിൽ വന്നത് . പപ്പാ ഷോപ്പിലേക്ക് പോയതിന് ശേഷം മമ്മിക്ക് ഭക്ഷണം കൊടുത്ത് ഇൻറർനെറ്റിൽ ക്യാപ്സ്യൂൾ തുറക്കുന്ന രീതി മനസിലാക്കി . പുറത്തുപോയി പപ്പയുടെ അതെ ക്യാപ്സ്യൂൾ ഒരു സ്ട്രിപ്പ് വാങ്ങി ഞാൻ റീഫിൽ ചെയ്യാൻ പരിശീലിച്ചു . കണ്ണുനീർ തുടച്ച് അവൾ തുടർന്നു .അത് കഴിഞ്ഞ് പപ്പാ യൂസ് ചെയ്തുകൊണ്ടിരുന്ന സ്ട്രിപ്പ് എടുത്ത് സർ പറഞ്ഞപോലെ മുകൾഭാഗം തുറന്ന് ക്യാപ്സ്യൂൾ പുറത്തെടുത്തു . ക്യാപ്സ്യൂൾ തുറന്ന് അതിലെ മെഡിസിൻ കളഞ്ഞ് വിഷം നിറച്ച് തിരിച്ച് അടച്ച് അതിൽ തന്നെ വച്ചു . സമയം വൈകീട്ട് 5 നോടടുത്തിരുന്നു . ഒരു പക്ഷെ അന്ന് രാത്രി ആ ക്യാപ്സ്യൂൾ പപ്പ കഴിച്ചേക്കാം എന്നുള്ളതും മമ്മിയെ വീണ്ടും മർദിച്ചെക്കാം എന്നുള്ളതും അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങാൻ കാരണം ആയി . വേറെ എന്താ ചെയ്യണ്ടെന്ന് എനിക്കറിയില്ലാർന്നു . ഞാനാ പപ്പയെ കൊന്നത് . അവളുടെ അലർച്ച തേങ്ങലിലേക്ക് പതിയെ പരിണമിച്ചു .

ദിവ്യ ശൂന്യമായ ഭാവിയെ നോക്കിയിരുന്നു . ഒരു ജീവായുസ്സിലെ കണ്ണുനീർ അവർ ഒഴുക്കി കഴിഞ്ഞിരുന്നു . രാജീവ് അവരെ സമാധാനിപ്പിക്കാൻ ആഗ്രഹിച്ചെങ്കിലും മകളുടെ അവസ്ഥക്ക് ആയാളും ഒരു നിമിത്തമായതിൽ ഉള്ള കുറ്റബോധം അയാളിൽ അലയടിച്ചു . അയാൾ എന്നെയും സാറിനെയും നിസ്സഹായ ഭാവത്തിൽ നോക്കി . ഞങ്ങൾ മുന്ന്‌പേരും അമ്മയ്ക്കും മകൾക്കുമായി റൂം ഒഴിഞ്ഞുകൊടുത്ത് പുറത്തേക്ക് നിന്നു .

ഒരുപക്ഷെ ഞങ്ങൾ അന്നത്തെ ഫോൺ സംഭാഷണം കേട്ടില്ലായിരുന്നെങ്കിൽ . നിങ്ങളുടെ നിയമം ഒരു വര്ഷം മുൻപ് ആ അമ്മയ്ക്കും മകൾക്കും വേണ്ടി ഇതേ ആത്മാർത്ഥത കാണിച്ചിരുന്നെങ്കിൽ . മുഴുവൻ പറയാതെ രാജീവ് ഞങ്ങളെ നോക്കി .

ആദ്യം വിധിയെയും പിന്നീട് നിസ്സഹായത്തെയെയും കവചമാക്കാൻ വാക്കുകൾ തിരഞ്ഞ ഞാൻ നാക്കിൽ കുരുക്കിട്ടതുപോലെ മിണ്ടാതെ നിന്നു . സർ വിദൂരതയിലേക്ക് നോക്കി നിന്നു . ഉത്തരത്തിനായി കാത്തുനിൽക്കാതെ രാജീവ് അവിടെ നിന്നും ഇറങ്ങി ഞങ്ങളോട് കനിവ് കാട്ടി .
സാറിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നില്ല . എന്റെ മനസ്സിൽ ആകാംഷയും ഉണ്ടായിരുന്നില്ല . ഞങ്ങളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു . നിയമവ്യവസ്ഥ സ്വന്തം തെറ്റുകൾ മറന്ന് ക്രൂരമായ സത്യത്തെ വരിക്കാനായി കാത്തുനിന്നു.

Name : Dileep Perumpidi

Company : TCS, Kochi

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *