ആർദ്രമീ ഓർമ്മ

posted in: Short Story - Malayalam | 18

ആർദ്രമീ ധനുമാസ രാവുകളിലൊന്നില്‍ …

ആതിര വരും പോകും അല്ലെ സഖീ …

വണ്ടിയുടെ സ്റ്റിയറിങ്ങില്‍ താളമിട്ടു കൊണ്ട് ആ പഴയ കവിതയുടെ വരികള്‍ ഓര്‍ത്തെടുക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. എന്തുകൊണ്ടാനെന്നറിയില്ല ഈ പാടു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ മനസ്സില്‍ കടന്നു കൂടിയിട്ട്‌. ഇന്ന് ഈ യാത്രക്കിടയില്‍ ഈ പാട്ട് പ്രത്യേകമായി ഓര്‍ക്കാന്‍ ഒരു കാരണം കൂടിയുണ്ട്. ഈ യാത്ര എന്റെ തറവാട്ടിലെക്കാണ്. ഇന്ന് തിരുവാതിരയാണ്. ധനുമാസത്തിന്റെ കുളിരില്‍ തിരുവാതിരപ്പാട്ടുകള്‍ ഉയരുന്ന രാത്രി. ആ തണുപ്പിനെ തുറന്നിട്ട ഗ്ലാസ്സിലൂടെ ഞാന്‍ അകത്തേക്ക് ക്ഷണിച്ചു.. കാറിനുള്ളില്‍ സാധാരണ ഉള്ള പോലെ റേഡിയോ പാടിയിരുന്നില്ല. എന്റെ തറവാടിന്റെ ചുറ്റുമുള്ള പാടത്തിന്റെ പച്ചപ്പും , നിഷ്കളങ്കത മുഖമാക്കിയ ഗ്രാമീണരും, ആധുനിക യുഗത്തിലും തമ്പുരാനെ മറക്കാത്ത പണിയാളരും എന്റെ മനസ്സിലെക്കെത്തുമ്പോള്‍ കാറിനുള്ളില്‍ അമ്മ പഴയ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയിരുന്നു. പല തവണ കേട്ടതാണെങ്കിലും എല്ലാത്തിനും ഞാന്‍ മൂളിക്കൊണ്ടിരുന്നു…  സന്ധ്യയുടെ മൗനത്തില്‍ ആതിരയുടെ കുളിര് അലിഞ്ഞു ചേര്‍ന്നിരുന്നു.

വിളവെടുപ്പിനു കാത്തു നില്‍ക്കുന്ന വയലുകളുടെ ഇടയിലെ പുതിയ ടാറിട്ട റോഡ്‌ കടന്നു അമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍ അമ്മമ്മ തിരുവാതിര കളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പ്രായത്തിന്റെ അവശതകള്‍ക്ക് ഒരു വാര്‍ഷിക അവധി ആയിരുന്നു ധനുമാസത്തിലെ തിരുവാതിര.

തിരുവാതിര ആ ഗ്രാമത്തിന്റെ ഉത്സവമാണ് … വല്യമ്മയുടെ നേതൃത്വത്തിൽ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തയ്യാറെടുപ്പാണ് ഈ ഒരു ദിവസത്തിനായി.. ഇതിലെല്ലാം വലിയ താല്പര്യം ആയിരുന്നെങ്കില്‍ അമ്മ ഒരു തികഞ്ഞ വീട്ടമ്മയായിരുന്നു..  തിരുവാതിര എല്ലാവർക്കും ഒരു ലഹരിയായിരുന്നു. സ്ത്രീകള്‍ക്കുള്ള ഒരു ദിവസമായിരുന്നു അതെങ്കിലും ,പുരുഷന്മാരുടെ സാമീപ്യം ആരെയും അലോസരപ്പെടുത്തിയില്ല.. ഒരു കൂടിച്ചേരലിന്റെ ആഹ്ലാദം ആ വീട്ടില്‍ നിറഞ്ഞു നിന്നു…

 അമ്മ തിരുവാതിര കളിയുടെ തിരക്കുകളിലേക്ക് തിരിഞ്ഞിരിക്കുന്നു. വണ്ടി പാര്‍ക്ക് ചെയ്തു ഞാന്‍ ഇറങ്ങി. “രാജീവ് .. നീ എപ്പോളാ വന്നെ ” അമ്മായിയാണ്. “ഞാന്‍ വന്നിട്ട് രണ്ടു ദിവസമായി അമ്മായി” മറുപടി കൊടുക്കുമ്പോള്‍ കൂടെ അമ്മാവന്മാരും ഉണ്ടായിരുന്നു. പരസ്പരം സന്തോഷങ്ങള്‍ പങ്കു വക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. “ചേച്ചീ .. ഇവന് കല്യാണം ആലോചിക്കുന്നില്ലേ “… ചോദ്യം എന്നില്‍ താല്പര്യം ഉണര്തിയെങ്കിലും അതിനൊക്കെ സമയം ഉണ്ടല്ലോ എന്ന് അമ്മക്ക് പകരം ഞാന്‍ മറുപടി കൊടുത്തു. അടുത്ത വർഷം പൂത്തിരുവാതിര ഇവിടെ ആഘോഷിക്കണം” സംഭാഷണം തുടര്‍ന്നു. വാക്കുകള്‍ക്കു ക്ഷാമം നേരിടുമ്പോള്‍ ചിരി ഒരു നല്ല ആയുധം ആണെന്ന് എൻ്റെ ഔദ്യോഗിക ജീവിതം എന്നെ പഠിപ്പിച്ചിരുന്നു. പിന്നീടുള്ള സംഭാഷണം എൻ്റെ വിവാഹത്തെക്കുറിച്ചായപ്പോൾ ഞാന്‍  മൌനം തുടര്‍ന്നു.

“ധനു മാസത്തില്‍ തിരുവാതിര….
ഭഗവാന്‍ തൻ്റെ തിരുനാളല്ലോ…”

തിരുവാതിര കളി തുടങ്ങിയിരിക്കുന്നു… വിളക്കിനു ചുറ്റും നിൽക്കുന്ന ഏതാണ്ട് എല്ലാവരും എൻ്റെ   പരിചയക്കാരായിരുന്നു. വട്ടത്തില്‍ ചുവടു വയ്ക്കുന്ന അവരെ ഞാന്‍ കൌതുകത്തോടെ  നോക്കി നിന്നു.

ടെറസ്സിനു ചുറ്റും പടർത്തിയിരുന്ന മുല്ലച്ചെടി നിറയെ പൂത്തിരുന്നു. ആ ഗന്ധം അന്തരീക്ഷത്തില്‍ പടരുമ്പോള്‍ “ഉണ്ണ്യേട്ടാ” എന്ന വിളിയുമായി എന്റെ അടുത്തേക്ക് ഓടി വന്നിരുന്ന അവളെ ഞാന്‍ ഓര്‍ത്തു… ഏതു കാലത്തും അവള്‍ക്കു വിരിയുന്ന മുല്ലമൊട്ടുകളുടെ മണമായിരുന്നു. അധികം നീളമില്ലാത്ത കറുത്ത മുടിയില്‍ അവള്‍ സ്വയം കൊരുത്തെടുത്ത മുല്ലമാല ചൂടിയിരുന്നു.
മധ്യവേനലവധിക്കാലം ആഘോഷിക്കാന്‍ ഞാന്‍ എത്തുന്നതിനു മുന്‍പേ തന്നെ ആലപ്പുഴയിലെ വീട്ടില്‍ നിന്നും അവള്‍ എത്തുമായിരുന്നു. ശാലു എന്ന് ഞങ്ങള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന “അഞ്ജലി..” കറുത്ത കണ്ണുകളും, വിടര്‍ന്ന ചുണ്ടുകളും….. വല്ലപ്പോഴും മാത്രം സംസാരിക്കുന്ന, അല്ലെങ്കില്‍ ആവശ്യത്തിനു മാത്രം സംസാരിക്കുന്ന അവള്‍.. കളിക്കാന്‍ ഒരുപാട് കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും “ഉണ്ന്യേട്ടന്റെ ” കൂടെ ആയിരുന്നു അവളുടെ കളികള്‍ അധികവും…

ഓരോ അവധിക്കാലത്തും പ്രായത്തോടൊപ്പം ഞങ്ങളുടെ കളികളും മാറി മാറി വന്നു. പ്രായത്തെപ്പറ്റി ഞങ്ങള്‍ ബോധാവാന്മായിരുന്നില്ലെങ്കിലും കളികളുടെ ഗൌരവം കൂടി വന്നു. ഞങ്ങളുടെ കളികളില്‍ ഞാന്‍ അച്ചനാകുമ്പോള്‍ അവള്‍ അമ്മയായി.. എന്റെ ഭാര്യയാകാന്‍ അവള്‍ പലപ്പോഴും മറ്റുള്ളവരോട് മത്സരിക്കുകയും , വഴക്കടിക്കുകയും ചെയ്തു.. ദിവസങ്ങള്‍ വളരെ വേഗത്തില്‍ കടന്നു പോയി…

” കുട്ടി വലുതായിരിക്കണു…. ഇനി ആണ്‍കുട്ടികളുടെ കൂടെയുള്ള കളികള്‍ ഒന്നും വേണ്ട..” അടുത്ത അവധിക്കാലത്ത്‌ അമ്മമ്മ അവളെ ആണ്‍കുട്ടികളുടെ കൂടെയുള്ള കളികളില്‍ നിന്നും വിലക്കി.. കൌമാരത്തിന്റെ കലാവിരുത് അവളുടെ ചുണ്ടുകളിലും കവിളിലും പ്രകടമായി തുടങ്ങിയിരിന്നു. ഒരു സ്ത്രീ ആകാന്‍ ശരീരം തയ്യാറെടുത്തു തുടങ്ങിയിരുന്നു. കണ്ണാടിയുടെ മുന്‍പില്‍ ഞാനും എന്റെ പൌരുഷത്തിന്റെ അടയാളങ്ങള്‍ വിലയിരുത്താന്‍ കൂടുതല്‍ സമയം ചെലവഴിച്ചു.. അതോടൊപ്പം എന്റെ കളികളും തൊടിക്ക് പുറത്തേക്കു മാറിയിരുന്നു. സന്ധ്യ മയങ്ങുന്നത്‌ വരെയുള്ള ക്രിക്കറ്റ്‌ കളി ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ രാത്രിയില്‍ മാത്രമാക്കി ചുരുക്കിയിരുന്നു.

കളിക്കൂട്ടുകാരിയായ അവളെ എന്റെ കണ്ണുകള്‍ എന്ന് മുതലാണ്‌ കൗതുകത്തോടെ നോക്കാന്‍ തുടങ്ങിയത് എന്ന് എനിക്കറിയില്ല.. കൗമാരത്തിന്റെ കുസൃതികള്‍ ഞങ്ങള്‍ പരസ്പരം അറിഞ്ഞു തുടങ്ങി..കുളക്കടവിലും, വീടിന്റെ ഇരുണ്ട മൂലയിലും , തട്ടിന്‍ പുറത്തും മറ്റാരും അറിയാതെ ആ പ്രണയം പൂത്തുലയുകയായിരുന്നു.. എന്റെ സംഭാഷണങ്ങള്‍ക്ക് “ഈ ഉണ്ന്യേട്ടന്റെ ഒരു കാര്യം” എന്ന പതിവ് മറുപടിയാണ് അവള്‍ക്കുണ്ടയിരുന്നത്… ആ വേനലവധിക്കാലം അവസാനിക്കരുതെ എന്ന പ്രാര്‍ത്ഥന സ്കൂളില്‍ തിരിച്ചു പോകാനുള്ള മടി കൊണ്ട് മാത്രമായിരുന്നില്ല. എന്റെ ഉള്ളിലെ പതിനാലു വയസ്സായ കാമുകന്‍ 12 വയസ്സായ കാമുകിയെ സന്തോഷിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു…തെക്കിനിയിലേക്ക് നീളുന്ന ഇടനാഴിയില്‍ അവള്‍ക്കു ആദ്യ ചുംബനം നല്‍കുമ്പോള്‍ എന്‍റെ മുഖത്ത് അവളുടെ മുടിയിലെ നനവ്‌ പടര്‍ന്നിരുന്നു. അവളുടെ ചുണ്ടുകളുടെ മധുരവും , കാച്ചെണ്ണയുടെ മണമുള്ള തലമുടിയും എന്റെ ശരീരത്തിന്റെ ഭാഗമായി.. എന്റെ കൈകള്‍ അവളുടെ ശരീരത്തില്‍ അരിച്ചിറങ്ങുമ്പോള്‍ അവള്‍ എന്റെ തലയില്‍ ചിത്രങ്ങള്‍ വരച്ചു… അവളുടെ പതിഞ്ഞ ശബ്ദത്തിലുള്ള ചിരി എന്റെ ഉള്ളില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ തീര്‍ത്തു….

കുളപ്പടവില്‍ മറ്റാരും കാണാതെ ഞങ്ങള്‍ പുതിയ ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നെയ്തു. ചിന്തകള്‍ പങ്കു വച്ചു… ഒരുമിച്ചു ജീവിച്ചു തീര്‍ക്കാനുള്ള വര്‍ഷങ്ങള്‍ ഞങ്ങളുടെ ചിന്തകള്‍ നിറഞ്ഞു. ഭാര്യ,ഭര്താക്കന്മാരായും അച്ഛനമ്മമാരായും ഞങ്ങള്‍ ഞങ്ങളെ തന്നെ സങ്കല്‍പ്പിച്ചു.. ഒരിക്കലും പിരിയില്ല എന്ന തീരുമാനം , നിറഞ്ഞ അവളുടെ കണ്ണുകള്‍ തുടച്ചു കൊണ്ട് പലതവണ ഞങ്ങള്‍ പങ്കു വച്ചു…

ആ മധ്യ വേനലവധിക്കാലം അവസാനിക്കുമ്പോള്‍ മനസ്സിലും ജീവിതത്തിലും മറ്റൊരു പെണ്‍കുട്ടി ഉണ്ടാവില്ല എന്ന് ഞാന്‍ തീരുമാനം എടുത്തിരുന്നു.കാറില്‍ കയറി ഉണ്ന്യേട്ടനോട് യാത്ര പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ കണ്ണുകള്‍ തുടക്കാനും, അവളുടെ നെറ്റിയില്‍ ചുംബിക്കാനും ഞാന്‍ ആഗ്രഹിച്ചു.. “ഈ കുട്ട്യോള്‍ടെ ഒരു കാര്യം….” അമ്മ ബാഗുകള്‍ കാറില്‍ എടുത്തു വക്കുന്നതിനിടെ പറഞ്ഞു.. അവളുടെ കാര്‍ കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു… നിറഞ്ഞ കണ്ണുകളുമായി. ഇനിയൊരു വര്ഷം കൂടി കാത്തിരിക്കണം എന്ന ചിന്ത എന്റെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.

ഒരു വര്‍ഷം കൂടി കഴിഞ്ഞു… അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അപ്പോഴും പച്ച പിടിച്ചു നിന്നിരുന്നു.. അവളുടെ നിശ്വാസത്തിന്റെ ചൂട് എന്റെ ശരീരത്തില്‍ നിന്നും മാഞ്ഞിരുന്നില്ല. അടുത്ത അവധിക്കാലം വന്നെത്തി , അമ്മമ്മയുടെ അടുത്ത് പോകാന്‍ ബാഗ് എടുത്തു വക്കവേ അമ്മ പറഞ്ഞു ….” രാധിക ഓപ്പോള്‍ ഇത്തവണ വരനില്ലാത്രേ … എങ്ങനെ വരാനാ … വിട്ടിട്ടുണ്ടാവില്ല അയാള്‍….”… എന്റെ തൊണ്ട വരണ്ടു… “അപ്പൊ ശാലുവോ….”ചോദിയ്ക്കാന്‍ ആഗ്രഹിച്ചെങ്കിലും എന്റെ ശബ്ദം പുറത്തു വന്നില്ല. വികാരങ്ങള്‍ എന്റെ വാക്കുകള്‍ വിഴുങ്ങി.. ചിരിക്കുന്ന അവളുടെ മുഖം എന്റെ മനസ്സില്‍ നിറഞ്ഞു.. ഈ ലോകത്ത് ഞാന്‍ ഒറ്റപ്പെട്ട പോലെ.. അവളുടെ ഓര്‍മകളുമായി ഞാന്‍ അമ്മമ്മയുടെ വീട്ടില്‍ കുറച്ചു നാള്‍ കൂടി… പിന്നീടൊരിക്കലും ഞാന്‍ അവളെ കണ്ടില്ല.. കര്‍ക്കശക്കാരനായ വല്യച്ചന്‍ വല്യമ്മയെ വീട്ടില്‍ പോകാന്‍ വിടില്ല എന്ന് അമ്മ എപ്പോളും പറഞ്ഞു കൊണ്ടിരുന്നു. സ്വത്തിനെക്കുറിച്ചുള്ള  ചിന്ത സ്നേഹത്തിനു ചുറ്റും വേലിക്കെട്ടുകള്‍ തീര്‍ത്തു…

“എന്താടാ.. തിരുവാതിരക്കിടക്ക് സ്വപ്നം കാണാ നീയ്….” അമ്മായി വീണ്ടും.. തൊടിക്ക് പുറത്തെ റോഡ്‌ കടന്നു ഒരു കാര്‍ എന്റെ മുന്‍പില്‍ നിര്‍ത്തി.. എനിക്ക് ആശ്ചര്യം സമ്മാനിച്ച്‌ വല്യച്ചനും വല്യമ്മയും ഇറങ്ങി… അവരോടു സംസാരിക്കാന്‍ ഞാന്‍ കാറിനോടടുക്കുമ്പോള്‍ “ഉണ്ണ്യേട്ടാ…. ഉണ്ണ്യേട്ടന്‍ എപ്പോളാ വന്നെ …..” എന്റെ ശാലു.. കാറിന്റെ പിന്‍സീറ്റില്‍ നിന്നും ഇറങ്ങാന്‍ അവള്‍ പ്രയാസപ്പെട്ടു.. പെട്ടെന്നുണ്ടായ മാറ്റം കൊണ്ടാവാം അവളുടെ കയ്യിലെ കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി.. ഒരു നഷ്ട സ്വപ്നത്തിന്‍റെ ചിന്തകള്‍ എന്റെ മനസ്സില്‍ നിറഞ്ഞു.. ഞാന്‍ നിശബ്ദനായി.. കുഞ്ഞ് അപ്പോളും ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു….. “ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല “ എന്ന അമ്മയുടെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങി…..

 

Name : Pramod Chandran

Company : IBS Softwares Limited, Kochi

Click Here To Login | Register Now

18 Responses

Leave a Reply

Your email address will not be published. Required fields are marked *