അരമരണം

posted in: Short Story - Malayalam | 5

മുഖത്ത് പറ്റിയിരുന്ന ഭൂമിയുടെ മാറാല തുടച്ചു മാറ്റി അയാൾ ചുറ്റിനും നോക്കി . 

‘ ഞാൻ മരിച്ചതാണോ ?’ അയാൾ സ്വയം ചോദിച്ചു .

ആവാൻ വഴിയില്ല ! 

ഇന്ദ്രിയങ്ങൾ അഞ്ചും വല്ലാത്തൊരു വ്യഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട് . ആരോടെങ്കിലും ഒന്ന് ചോദിക്കാം എന്ന് വിചാരിച്ചാൽ , മനുഷ്യരൂപമുള്ള ഒന്നിനെയും കാണാനില്ല . അങ്ങിങ്ങായി മണ്ണിൽ പറ്റിച്ചേർന്നുറങ്ങുന്ന കള്ളിമുൾച്ചെടികളുടെ നര ബാധിച്ച നിറം മാത്രമാണ് ബാക്കി. ഭൂമിയിൽ നിന്നും വിപരീത ദിശയിൽ താപ വായു നിർഗമിക്കുന്നുണ്ട് . അതിന്റെ പളപളപ്പിനപ്പുറം ചിതല് പിടിച്ച്  മരിച്ച, മണ്ണിന്റെ ആത്മാവൊഴിഞ്ഞ ശരീരം ദാഹിച്ചുറങ്ങുന്നുണ്ട് .

 മണ്ണിന്റെ ഉഷ്ണതാപം കുടിച്ചു തെഴുത്ത  മേഘങ്ങളുടെ കീറത്തുണികൾ ആകാശം പോലൊന്നിൽ പറ്റിച്ചേർന്നു കിടന്നു. ഒരിയ്ക്കലും പെയ്തൊഴിയാതെ, അണ കെട്ടി നിറുത്തിയ മേഘക്കൂട്ടം , ഭൂമിയെ നോക്കി മിന്നലുകളാൽ പല്ലിളിച്ചു കാട്ടി പരസ്പരം രതിയിലേർപ്പട്ടു . ഒരിയ്ക്കലും സ്ഖലനം സംഭവിക്കാത്ത  ഒരു ക്രിയ പോലെ ..

ചൂട് പിടിച്ച പ്രാന്തന് കാറ്റ് ,മണ്ണിനെ വാരിയെടുത്ത് ദൂരേക്ക്‌  വിതറുന്നു . നിലത്തേക്ക് വീഴുന്ന മണ്ണിനെ വീണ്ടും വാരിയെടുക്കുന്നു ,പൊടി മണലിന് ചിറകുകൾ മുളയ്ക്കുന്നു , കൊഴിയുന്നു , നിലത്തു വീഴുന്നു.. ഈ പ്രക്രിയ കാലാന്തത്തോളം നീണ്ടു പോകും എന്ന് അയാൾക്ക്‌ തോന്നിപ്പോയി .

 അയാൾക്ക്  മുന്നിൽ പൊട്ടിത്തകർന്ന്, അസ്ഥികൾ പുറത്തു കാട്ടി , ടാർ പൂശിയ കറുത്ത റോഡ് ഒരു ശവത്തിനെ പോലെ മുന്നിൽ വലിഞ്ഞു നിവർന്നു ഉണങ്ങിക്കിടക്കുന്നു  . അത് വഴി യാത്രക്കാരോ വാഹനങ്ങളോ ചലിക്കുന്നില്ല എന്നത് അയാൾ ശ്രദ്ധിച്ചു . കാറ്റൊഴികെ മറ്റൊന്നും ചലിക്കുന്നില്ല.

 അയാൾ മുന്നിലേക്ക് നടന്നു . ദൂരെയായല്ലാതെ ഒരു മയിൽകുറ്റി കണ്ട് , അതിനടുത്തേക്ക് വേച്ചു  വേച്ചു നടന്നു. സ്ഥലം മനസിലാക്കുക എന്നതായിരുന്നു ലക്ഷ്യം..

അസഹ്യമായ ചൂടാണ്.

ഒരു പക്ഷെ ഇത് നരകം തന്നെയാവില്ലേ ..നരകത്തീ തന്നെയാവില്ലേ കത്തിജ്വലിക്കുന്നത് ?  വല്ല വിധത്തിലും വേച്ചു വേച്ചു നടന്ന്  അയാൾ ആ മയിൽകുറ്റിയുടെ അടുത്തെത്തി . പെയ്ന്റ് പൊളിഞ്ഞിളകി , അക്ഷരം വായിക്കാനാവാത്ത അവസ്ഥയിലായിരുന്നു അത് . അക്ഷരവും അക്കവുമില്ലെങ്കിൽ , മയിൽകുറ്റികൾ വെറുംപാറക്കല്ലുകൾ മാത്രമാണല്ലോ  എന്നയാൾ ഓർത്തു . 

അതിനു താഴെ ഒരു പൂച്ചയുടെ അസ്ഥികൂടം കിടക്കുന്നുണ്ടായിരുന്നു. അതിന്റെ ശരീരത്തിലെ മാംസമാകെ ദ്രവിച്ച് അസ്ഥികൂടം മാത്രം ബാക്കിയായിരുന്നെങ്കിലും . തല ഒട്ടുമേ നശിക്കാത്ത അവസ്ഥയിലായിരുന്നു. 

 അയാളതിന്റെ കാലിൽ തൂക്കിയെടുത്തപ്പോൾ അസ്ഥിയാകെ പൊടിഞ്ഞു പോകുകയും തല മാത്രം ഒരു ബോൾ പോലെ ദൂരേക്ക് ഉരുണ്ടു പോകുകയും ചെയ്തു . 

നരകം തന്നെ ! ഉറപ്പിച്ചു .

എപ്പോൾ മരിച്ചിരിക്കണം ??- ഓർക്കാനാവുന്നില്ല !

ഗോവണികൾ നടന്നു കയറുമ്പോൾ , ശുഭ്ര വസ്ത്രമിട്ട, താടിയുള്ള വൃദ്ധനും , ഇടതും വലതുമായി രണ്ടു സുന്ദരികളായ മാലാഖമാരും ചിരിച്ചു കൊണ്ട്  കാത്തിരിക്കുമെന്നല്ലേ വിചാരിച്ചത്  !

ഇതൊരു മാതിരി മഹാരാഷ്ട്രയിലെ  ഏതോ വറ്റി വരണ്ട ഉഷ്ണഭൂമി !

‘ചിത്രഗുപ്തനെവിടെ ?? എന്റെ ആക്ടിവിറ്റീസിന്റെ ബാലൻസ് ഷീറ്റ് നോക്കാതെ നരകത്തിലേക്ക് തള്ളി വിട്ടവൻ ഒരു മാതിരി ഫാസിസ്റ്റ് ചിന്താഗതിക്കാരനായിരിക്കണം    !’

രണ്ടാമതൊന്നാലോചിച്ചപ്പോൾ  വേണ്ട എന്ന് തോന്നിപ്പോയി .. കണക്കൊക്കെ നോക്കാൻ തുടങ്ങിയാൽ അങ്ങോട്ട് കൊടുക്കാനേ ബാക്കിയുണ്ടാവൂ . 

അതിനാണല്ലോ ജീവിതം എന്ന് പറയുന്നത് ! അയാൾ തന്റെ നിഴലിലേക്കു നീട്ടി തുപ്പി ..

എന്നാലും … മരിച്ചിട്ടുണ്ടാകുമോ ?? ഉറപ്പിക്കേണ്ടിയിരിക്കുന്നു! . 

ദൂരെയല്ലാതെ നിന്ന ഒരു കള്ളിമുൾ ചെടിയുടെ ദൃഡഗാത്രനായ ഒരു സൂചിമുന പറിച്ചെടൂത്ത് ഉള്ളം കയ്യിൽ ഒന്ന് വരഞ്ഞു. തൊലി പിളർന്നു മാംസം ആകാശം നോക്കിയതല്ലാതെ, ഒരു പൊടിക്ക് ചോര വരുന്നില്ല !

അത് കൊള്ളാമല്ലോ ! 

ഒന്നുകൂടെ പരീക്ഷിക്കാം ! 

കൈത്തണ്ടയിലെ ഇളം നീല ഷേഡുള്ള ഒരു ഞരമ്പിനെ തപ്പിപ്പിടിച്ചെടുത്തു , അതിനു കുറുകെ ആഴത്തിലൊരു ക്രീസ് വരച്ചു !

നാട്ടിലെ മീൻകാരി  കൊണ്ട് വരുന്ന ഫോർമാലിനിട്ട മീനിന്റെ തൊലി പിളർന്നത് പോലെ ഇളം പിങ്ക് നിറത്തിൽ രക്തത്തിന്റെ വാൽവുകൾ വാപൊളിച്ചു കിടന്നു .  വേദന കൊണ്ടയാൾ  കൈത്തണ്ട പൊത്തിപ്പിടിച്ചു . അസ്തി വരെ കോറിയെങ്കിലും . ഞരമ്പിന്റെ തലപ്പുകൾ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളുടെ വാവട്ടങ്ങളെ ഓർമിപ്പിച്ചുകൊണ്ട് ദാഹിച്ചു കിടന്നു . 

‘ ചത്ത്‌ !!’ അയാൾ പറഞ്ഞു .’ അതൊരു  സമാധാനം!’

മുള്ള് ദൂരേക്ക് വലിച്ചെറിഞ്ഞിട്ടു അയാൾ തന്റെ പദയാത്ര തുടർന്നു . നൈക്കിയുടെ ഷൂസിട്ട് ശീലിച്ച കാലുകൾ, ചുട്ടുപഴുത്ത കൂർത്ത പാറക്കല്ലുകൾ പുറത്തു കണ്ട റോഡിന്റെ അഗ്നി വലിച്ചെടുത്ത് ബുദ്ധിയിലേക്ക് പൊള്ളലിന്റെ വേദന അറിയിക്കുന്നു  . മരിച്ചെങ്കിലും വേദനയ്ക്ക് ഒരു കുറവുമില്ല . 

‘മരിച്ചാൽ വേദനമാറുമെന്ന്  ഏതു വിവരം കെട്ടവനാണ് പറഞ്ഞത് ?

‘ങ്ഹാ ! മുൻപ് മരിച്ചിട്ടില്ലാത്ത ആരെങ്കിലുമാകും  !’

എങ്കിലും വിയർക്കുന്നേയില്ല . . വിയർത്തിരുന്നെങ്കിൽ പാടായേനെ .. തുടയ്ക്കാൻ സ്വെറ്റ് ബാൻഡില്ലല്ലോ.

റോഡിന്റെ മറു വശത്തു നിന്നും എന്തോ ഒന്ന് അയാളെ തന്നെ നോക്കി നിൽക്കുന്നു . കാറ്റും മണ്ണും ചേർന്ന് നിർമിച്ച വല്ല ശില്പവുമായിരിക്കും എന്നാണ് ആദ്യം കരുതിയത് . മണ്ണിന്റെ അതെ നിറം , അരയടി പൊക്കം മാത്രം !

ഒരനക്കം കണ്ടപ്പോൾ ശ്രദ്ധിച്ചു .

ഒരു മുയൽ! . 

കൂട്ടിൽ കിടക്കുന്ന വെള്ള പുതപ്പിട്ട വളർത്തു മുയലുകളുടെ പതുപതുപ്പുള്ള , ഓമനത്തമുള്ള മുഖമല്ല ! വല്ലാത്ത ക്രൗര്യമുള്ള,  രക്തദാഹമുള്ള മുഖം . ചുവന്ന കണ്ണുകൾ  വല്ലാതെ കത്തുന്നു  . ഒരു ചെവി മാത്രം  വെട്ടുന്നുണ്ട് . മാംസഭോജിയായ മുയലാകുമോ?

അതിന്റെ മുഖത്തെ ഭാവം അനുനിമിഷം മാറുന്നുണ്ടെന്ന് അയാൾക്ക് തോന്നി .എങ്കിലും  കണ്ണുകൾ അയാളിൽ തന്നെ തറപ്പിച്ചിരുന്നു . അടുത്ത നിമിഷം അത് അയാൾക്ക്‌ നേരെ ചാടി വരും എന്നാണ് തോന്നിയത് . എന്നാൽ അത്  ശര വേഗത്തിൽ തിരിഞ്ഞ് ദൂരേക്ക് ഓടുകയാണ് ഉണ്ടായത് . അയാൾ ഒരു നിമിഷം തരിച്ചു നിന്നു . 

അതോടിപ്പോയ വഴിയിൽ മണൽ പൊടി ഒരു നേർരേഖ പോലെ അന്തരീക്ഷത്തിലേക്ക് പറന്നുയർന്നിട്ട് പതിയെ നിലത്തേക്ക് വീഴാൻ തുടങ്ങി .കാറ്റ് ചിറക് പിടിപ്പിക്കാൻ ഓടിയെത്തുന്നതിനും മുൻപ് അവ നിലത്തു വീണു കളഞ്ഞു . 

അയാളുടെ കണ്ണുകൾ ആ രേഖയുടെ പിന്നാലെ സഞ്ചരിച്ച്  ചെന്നെത്തിയത് ആകാശത്തേക്ക് കൈകളുയർത്തി നിൽക്കുന്ന ഒരു മഹാരൂപത്തിന്റെ നേർക്കാണ് . 

ഒന്ന് കൂടി നോക്കിയപ്പോഴാണ് കാഴ്ച കൂടുതൽ വ്യതമായത് . ഇലകളൊക്കെ കൊഴിഞ്ഞു പോയ ഒരു  വൃക്ഷം അതിന്റെ ചില്ലകൾ മാത്രം ആകാശത്തിന്റെ നേർക്ക് ഉയർത്തി വെച്ച് നിൽക്കുകയാണ് . 

അയാൾ ആ വൃക്ഷത്തിന്റെ നേർക്ക് നടക്കാൻ തുടങ്ങി . ഒരല്പം തണലായിരുന്നു ലക്‌ഷ്യം , ഇല കൊഴിഞ്ഞാലും  വൃക്ഷം അതിന്റെ തടി കൊണ്ട് തണല് കൊടുക്കും . ഇലകളൊക്കെ കൊഴിഞ്ഞു പോകുമ്പോഴാണ് മനുഷ്യനും അവന്റെ തടി തണലായി മാറ്റേണ്ടത് .ഇലകളൊട്ടും  ബാക്കിയില്ലാതെ , തടി മാത്രമുള്ളോരു  വൃക്ഷമായിരിക്കണം .

അപ്പോൾ മാത്രമേ മറ്റുള്ളവർ നമ്മളെ കാണുകയുള്ളൂ . അങ്ങനെ  കണ്ടെങ്കിലേ സ്വത്വം വെളിപ്പെടുകയുള്ളൂ. 

 അയാൾ നടന്നു ചെന്നത് ഒരു ബോധി വൃക്ഷത്തിന്റെ  ചുവട്ടിലായിരുന്നു.. അതെങ്ങനെ അത്ര കൃത്യമായിട്ട് തനിക്കു മനസ്സിലായി എന്നയാൾക്ക്‌ അത്ഭുതം തോന്നി .

അതിനു മറ്റൊരു വ്യക്ഷവുമാകാൻ  കഴിയില്ലാ എന്നതായിരുന്നു സത്യം .

അതിന്റെ വേരുകൾക്കിടയിൽ അനേകം തുളകളുണ്ടായിരുന്നു . അനേകായിരം ജീവ ജാലങ്ങളെ  അത് പോറ്റി വളർത്തുന്നുണ്ടെന്നു തോന്നി . അസാമാന്യമായിരുന്നു അതിന്റെ വലിപ്പം. അയാൾ ആവൃക്ഷത്തിനു ചുറ്റിനും നടന്നു നോക്കി.ദാലിയുടെ ചിത്രത്തിലേതെന്ന  പോലെ ഉരുകിയൊലിച്ച രൂപാകൃതിയുള്ള വേരുകളുള്ള ഒരു  വൃക്ഷം . പരിണാമത്തിന്റെ വികൃതിപോലെ കൂനിപ്പിടിച്ച മുഴകളും കെട്ട് പിണഞ്ഞുകിടന്ന ശാഖകളും അതിനുണ്ടായിരുന്നു 

 ആ മുയലും അതിൽ ഒരു തുളയ്ക്കുള്ളിൽ കയറിപ്പോയിട്ടുണ്ടാകും എന്ന് അയാൾ ചിന്തിച്ചു..

അപ്പോഴാണ് കണ്ടത് , അതിന്റെ മറുഭാഗത്ത് ഒരാൾ നഗ്നനായി, തലകീഴായി നിന്ന് തപസ്സുചെയ്യുകയായിരുന്നു . വെയിലേറ്റ് അയാളുടെ തൊലിയാകെ കരുവാളിച്ചു പോയിരുന്നു .എങ്കിലും അയാളിൽ നിന്നൊരു ദിവ്യമായ ശോഭ പ്രസരിച്ചിരുന്നു  . ജട പിടിച്ച മുടി, മണ്ണിൽ പറ്റിച്ചേർന്ന് അതിന്റെ തന്നെ നിറം പോലെ മാറിയിരുന്നു . അയാളുടെ ലിംഗം , ഒരു കരി  നാഗം കണക്കെ പൊക്കിള് വരെ  ഞാന്ന് കിടക്കുന്നുണ്ടായിരുന്നു

അയാൾ ആ യോഗയോട് സംസാരിക്കാൻ ശ്രമിച്ചു . അയാൾ കണ്ണ്  തുറന്നു നോക്കി ..

ചോദ്യങ്ങൾക്കെല്ലാം അയാൾ ‘അതെ’യെന്ന് മാത്രമാണ് മറുപടി പറഞ്ഞത് . 

‘ ഇത് നരകമാണോ ?’

‘ അതെ ‘ 

‘ ഞാൻ മരിച്ചതാണോ ?’ 

‘അതെ ‘

‘ പക്ഷെ എനിക്ക് മരിച്ചതായി തോന്നുന്നില്ലല്ലോ , നിങ്ങൾക്കെന്നെ കാണാമല്ലോ ?’ 

‘ അതെ ‘ 

‘ എന്ന് വെച്ചാൽ ഞാൻ ജീവനോടെ ഉണ്ടെന്നാണോ ?’

‘ അതെ ‘ 

‘ നിങ്ങളും മരിച്ചതാണോ ?’

‘അതെ ‘

‘ ഇതെല്ലാം സംഭവിക്കുന്നതാണോ ?’

‘ അതെ ‘ 

‘ എന്റെ തോന്നലാണോ ?’ 

‘ അതെ ‘

‘ എന്തെങ്കിലും ഒന്ന് പറയു ‘ 

‘ അതെ ‘ 

‘അതെയോ ?’ 

‘ അതെ ‘

അയാൾക്ക് ക്ഷമ നശിച്ചിരുന്നു .  മനുഷ്യരാരും ഇല്ലാത്തൊരു സ്ഥലം . ആകെയുള്ളതൊരു നഗ്നനായ പ്രാന്തനും !. കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ നിന്ന ആ  ഭാഗത്ത് മരത്തിന്റെ തണൽ ഇരുട്ട് വീഴ്ത്താൻ തുടങ്ങി . 

പെട്ടെന്ന് തന്നെ അയാൾ തന്റെ അഭ്യാസത്തിൽ നിന്നും ഇറങ്ങി വെയിലുള്ള മറ്റൊരു സ്ഥാനത്തു പോയി തല കുത്തനെ നിന്നു ..

അയാൾ അവിടെ തന്നെ നിന്നു . തണലിൽ . ചുട്ടു പഴുത്ത പൊടിക്കാറ്റ്   വീശുന്നു . 

ഒരിളം കാറ്റായി തുടങ്ങിയത് പിന്നെ ഘോരരൂപമെടുക്കുന്നു . കൊടുങ്കാറ്റായി മാറുന്നു. കാറ്റിൽ യോഗിയുടെ രൂപം മറയുന്നു . വൃക്ഷത്തിന്റെ വേരുകളിലെ ഓരോ തുളയിലും മണൽ കാറ്റ് അടിച്ചു കയറുന്നു . അതിനുള്ളിൽ നിന്നും അനേകം സർപ്പങ്ങളും , തേളുകളും , ഓന്തുകളും പുറത്തേക്കോടുന്നു, ഇപ്പോൾ മരം പോലും കാണാൻ വയ്യാത്ത അവസ്ഥയാണ് .   മണലിന്റെ തവിട്ടു നിറമുള്ള കാറ്റിനിടയിലൂടെ   ആ യോഗിയുടെ രൂപം നൃത്തം ചവിട്ടുന്നത്  അയാൾക്കു കാണാനായി 

പെട്ടെന്ന് മഴതുടങ്ങി . പൊടിയിൽ നനഞ്ഞു കുഴഞ്ഞു കൊഴുത്ത മഴത്തുള്ളികൾ . അതിശക്തമായ മഴ . 

ആദികാലങ്ങളിൽ സമുദ്രങ്ങൾ നിർമിച്ച മഴ.

അവിടമാകെ ചെളിയായി മാറുന്നു. . ചുവന്ന നിറത്തിൽ ചെളി ..

ആരോ നിലവിളിക്കുന്നു ..പഴിക്കുന്നു, ശപിക്കുന്നു , ഒടുവിൽ തേങ്ങിക്കരയുന്നു . അയാൾ കണ്ണ് തുറന്നു നോക്കി . കാറ്റ് തന്നെ! ചുറ്റിയടിച്ച കാറ്റ് . 

കൊടുങ്കാറ്റല്ല , സീലിംഗ് ഫാനിന്റെ കാറ്റ് , ശരീരമൊക്കെ നനയുന്നു . ചുവന്ന ചെളിയല്ല , ചുവന്ന രക്തം . അത് ബെഡിലാകെ നനഞ്ഞു കിടക്കുന്നു ..

‘ ചതിച്ചല്ലോടാ മോനെ !’ – ‘അമ്മ യുടെ നിലവിളി – ‘ഓഹ് ! പഴയ ഡിപ്രെഷൻ !!’

ഒരുപാട് പേര് വരുന്നു .. വാരിയെടുക്കുന്നു , ചുവരിൽ ഒരു കാട്ടുമുയലിന്റെ ചിത്രം ! അതിന്റെ ചെവി മാത്രം വെട്ടുന്നുണ്ട് .. മേശപ്പുറത്തു ലാപ്ടോപ്പ് ..അതിൽ ഫേസ്ബുക്കാണോ ? 

‘അയ്യോ…സ്റ്റാറ്റസ് മാറ്റിയില്ല !’

‘ വണ്ടി എടുക്കു . വേഗം കൊണ്ടുപോണം ..’ ആരോ വിളിച്ചു പറയുന്നു . 

‘ അതെ !’ – തലകുത്തനെ നിൽക്കുന്ന യോഗി പറഞ്ഞു 

മരുഭൂമിയുടെ മാറാല പിടിച്ച മുറിയിൽ നിന്നും പുറത്തേക്ക് .കൈത്തണ്ടയിൽ നിന്നും ഇറ്റ്‌  വീഴുന്ന ചുവന്ന ചെളി കലർന്ന കൊഴുത്ത ജലം .

എല്ലാരും കൂടെ തൂക്കി കൊണ്ട് പോകുന്നു ..താഴെയിരുന്ന തല മാത്രമുള്ള  കുറുഞ്ഞിപ്പെണ്ണ് ‘സെവൻ ഓ ക്ളോക്കിന്റെ ‘ ബ്ലേഡ് നക്കി വൃത്തിയാക്കുന്നു . 

‘പുല്ല് !! ചത്താ മതിയായിരുന്നു’ അയാൾ പിറുപിറുത്തു.അതാരും കേട്ടില്ല എന്ന് തോന്നുന്നു .

Name : Abhyud

Company : Genrobotic Innovations Private Limited

Click Here To Login | Register Now

5 Responses

  1. Vinu0875

    ഹോ..! അസാദ്ധ്യ ഫീൽ ഉള്ള എഴുത്ത്!

Leave a Reply

Your email address will not be published. Required fields are marked *