അമ്മ

posted in: Short Story - Malayalam | 2

¶”പുലരാൻ നേരം ജനൽ വാതിൽകൽ പുതുതായ് എത്തും കിളി ചൊല്ലി….” ¶
“എന്റെ അമ്മുവേ.., നീന്റെ പാട്ടിന്റെ ശബ്ദം ഒന്ന് കുറച്ചു വെക്കെടീ.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല. അവളുടെ ഒരു പാട്ടും കൂത്തും.” രാഘവൻ നായർ ഉറക്കച്ചുടലോടെ അലറി.

“ശെരി അച്ഛാ..” അമ്മു ഉറക്കെ വിളിച്ചുപറഞ്ഞു. “ഈ അച്ഛനെന്താ ഞാനൊരു പാട്ട് കേട്ടാൽ. ഒരു മനസ്സമധാനവും തരില്ല.” മൊബൈലിലെ പാട്ടിന്റെ ശബ്ദം കുറച്ചുകൊണ്ട് അവൾ പിറുപിറുത്തു.
അവൾ നേരെ അടുക്കളയിൽ ചെന്ന് അന്നത്തെ ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി.
“ഹും.. ശേ.. ഈ കറി ചീത്ത ആയല്ലോ.. ഇന്നലെ രാത്രി ചൂടാക്കാൻ മറന്നു. ഇത് ഉള്ള ധൈര്യത്തിൽ ആയിരുന്നു ഇന്ന് ഇത്തിരി വൈകി എണീറ്റത്. ഇനി ഇതും ഉണ്ടാക്കി കോളേജിൽ എത്തുംമ്പോഴേക്കും വൈകുമല്ലൊ ദൈവമേ..” അവൾ കറിചട്ടി മൂക്കിന്റെ അടുത്തുനിന്നും മാറ്റി ദൈവത്തെ വിളിച്ചു.

“കാ..കാ..കാ..കാ..കാ..” അടുക്കളമുറ്റത്തെ മരചില്ലയിൽ ഇരുന്നു കാക്ക സ്ഥിരം വിളി ആരംഭിച്ചു.
“ശോ.. ഈ നശിച്ച കാക്ക. എത്ര തവണ കല്ലെറിഞ്ഞു ഓടിച്ചാലും ഇതിനു മനസ്സിലാകില്ലേ..നാശം.” അമ്മു കറിയെടുത്ത് മരച്ചുവട്ടിൽ കളഞ്ഞുകൊണ്ട് കക്കയെ ശപിചുകൊണ്ടിരുന്നു.

“അപ്പൂ.. എഴുന്നേൽക്ക്.. നീ പബ്ജി കളിച്ചുകൊണ്ടിരിക്കുവാണെന്ന് എനിക്ക് അറിയാം.. വന്നിട്ട് എന്നെ ഒന്ന് അടുക്കളയിൽ സഹായിച്ചേ… മ്മ്.. വേഗം.” അമ്മു അനുജൻ അപ്പുവിന്റെ വാതിലിൽ തട്ടിവിളിച്ചുകൊണ്ട് പറഞ്ഞു. “എനിക്ക് ഇന്ന് കോളേജിൽ പോകണമെടാ.”

“കോളേജൊ… ഇന്ന് രണ്ടാം ശനി അല്ലെ? ഇന്ന് ഏത് കോളേജാ?”. അപ്പു അലറി ചോദിച്ചു.
” ആഹ്.. ഇന്നെനിക്കു സ്പെഷ്യൽ ക്ലാസ്സുണ്ട്.” ഈ ചെറുക്കനിത് എന്തൊക്കെയാ അറിയേണ്ടത് എന്ന് പുലംമ്പികൊണ്ട് അമ്മു കുളിക്കാൻ പോയി.

                      ***********

“അല്ല സുമതീ, നീ ഇന്ന് നേരത്തെ ആണല്ലോ?”. സരസ്വതി കാക്ക പറന്നു വന്നു മരചില്ലയിൽ ഇരുന്നു കൊണ്ടു ചോദിച്ചു.

” ഇതാര്, സരസ്വതിചേച്ചിയോ..കുറേ നാളായല്ലോ കണ്ടിട്ട്. എന്ത് പറയാനാ ചേച്ചി, കണ്ടില്ലേ വീടിന്റെ അവസ്ഥ. ഞാൻ പോയതിൽ പിന്നെ എല്ലാം തകിടം മറിഞ്ഞു.. കാ .. കാ.. കാ”. സുമതി കാക്ക ദീർഘനിശ്വാസം ഇട്ടു കൊണ്ട് പറഞ്ഞു. “അല്ലാ, ചേച്ചിയെ കുറച്ചു ദിവസമായല്ലൊ ഇതുവഴി കണ്ടിട്ട്. എന്ത് പറ്റി?”

“എന്റെ സുമതിയേ, അതൊന്നും പരയാതിരിക്കുന്നതാ നല്ലത്! ഇപ്പൊ തോന്നുവാ, മരിച്ചത് എത്രയോ നന്നായീന്ന്. പാവം എന്റെ കെട്ട്യോൻ. അവിടെ നരകിച്ചു ജീവിക്കുവാ. അങ്ങേരും കൂടി ഇങ്ങു വന്ന ഒന്ന് സമാധാനമായി ജീവിക്കാമായിരുന്നു.” സരസ്വതി കാക്ക നിറമിഴിയോടെ പറഞ്ഞു.
” എന്റെ രണ്ടു മരുമക്കളും കൂടി എന്നും വഴക്കാണെന്നേ. എപ്പഴാ എന്റെ ഭർത്താവിനെ അവിടെ ഒറ്റയ്ക്കാക്കീട്ട് അവർ പോകുവാന്ന് അറിയില്ല. കാ..കാ..കാ..”

“ഏയ്, അങ്ങനെ ഒന്നും ഉണ്ടാകില്ല ചേച്ചി, വെറുതെ പേടിക്കേണ്ട. എന്തായാലും ചേച്ചീടെ രണ്ട് ആൺമക്കൾക്കും ഒരു കുടുംബം ആയല്ലോ. മക്കൾക്കാണെങ്കിൽ അച്ഛനെ ഭയങ്കര ഇഷ്ടവുമാണ്. അതൊന്നും ഓർത്തു ചേച്ചി വേവലാതിപെടേണ്ട.” സുമതി കാക്ക സരസ്വതി കാക്കയെ ആശ്വസിപ്പിച്ചു. “എന്റെ കാര്യം ഒന്ന് ഓർത്തു നോക്കിയെ ചേച്ചി, എന്റെ അമ്മുവിനിത് പാത്തൊൻമ്പതാമത്തെ വയസ്സാ. ഒരമ്മ മകളുടെ കൂടെ എപ്പോഴും ഉണ്ടാകേണ്ട സമയം അല്ലേ, എന്നിട്ടോ? എന്റെ അപ്പു? അവന് ഞാനില്ലെങ്കിൽ ഒന്നും ആകില്ല. എനിക്ക് അതൊക്കെ ഓർത്തിട്ട് വല്ലാതെ പേടിയാകുന്നു.” പറഞ്ഞതു മുഴുമിപ്പികാനാകാതെ സുമതി കരയാൻ തുടങ്ങി. “കാ..കാ..കാ..”.

“നീ എന്തിനാ കരയുന്നെ സുമതീ, നീ ജീവിചിരുന്നപ്പൊ പുല്ലു വില തന്നിട്ടുണ്ടോ നിനക്ക്, നിന്റെ മക്കളും ഭർത്താവും. എന്നിട്ടിപ്പൊ നീ എന്തിനാ അവരെ ഓർത്തു ദുഖിക്കണേ? ഇന്ന് രാവിലെ കൂടി നിന്റെ മകൾ നിന്നെ ശപിക്കുന്നത് കേട്ടല്ലോ?” സരസ്വതി കാക്ക സുമതിയെ സമാധാനിപ്പിച്ചു.

“അങ്ങനെ ഒന്നും പറയല്ലേ ചേച്ചി, എന്തുവന്നാലും ഞാൻ അവരുടെ അമ്മ തന്നെയല്ലേ. എന്റെ അമ്മൂനെ കുറിച്ചു ഓർത്താ എന്റെ ആധി മുഴുവനും. കോളേജിനു പുറത്തുള്ള ഏതോ പയ്യനുമായ് അവൾക്ക് എന്തോ അടുപ്പം ഉണ്ട്. നാലഞ്ചു തവണ അവൾ ക്ലാസ്സിൽ കയറാതെ അവന്റെ കൂടെ ബൈക്കിൽ പോകുന്നത് ഞാൻ കണ്ടു. എല്ലാ തവണയും ഞാൻ അവരെ പിന്തുടർന്നതാ, പക്ഷേ എന്റെ ചിറകിനെക്കാളും വേഗമാ അവൻ ഓടിക്കുന്ന ആ കുന്തത്തിന്. കാ..കാ..കാ..”. സുമതി വല്ലാതെ അസ്വസ്ഥയായിരുന്നു. “അല്ല!! ചേച്ചി എപ്പോഴാ അമ്മു എന്നെ ശപിക്കുന്നതു കേട്ടത്? “

“അതുപിന്നെ ഞാൻ ആ കല്ല്യാണീടെ വീട്ടുവളപ്പിൽ ഉണ്ടായിരുന്നു. ഇന്നും അവിടെ ഉഗ്രൻ വഴക്കാ. ഞാനും കുറേ ശപിച്ചു. ജീവിച്ചിരുന്നപ്പൊ എനിക്ക് ഒരു മനസ്സമാധാനവും തന്നിട്ടില്ല ആ സ്ത്രീ”. സരസ്വതി കള്ളച്ചിരിയോടെ പറഞ്ഞു. ” നീ എന്തായാലും അമ്മുവിനെ ഒന്ന് സൂക്ഷിക്കണം. ഞാൻ ആ നളിനിയുടെ വീട് വരെ ഒന്ന് പോകട്ടെ. അവിടെ ഇന്ന് എന്താ പ്രശ്‌നം എന്നറിയണം. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കല്ലേ സുമതീ.. കാ..കാ..കാ..”. പറന്നു പോകുന്നതിനിടയിൽ സരസ്വതി വിളിച്ചു പറഞ്ഞു.

                    ************

“ശോ, ഒന്ന് പോ കാക്കേ. എല്ലാ ദിവസവും ഒന്നേ ഉണ്ടായിരുന്നുള്ളു, ഇതിപ്പൊ എത്രയെണ്ണമാ? “. അമ്മു കുളി കഴിഞ്ഞ് വന്നു കാക്കയെ ശപിച്ചു കൊണ്ട് പറഞ്ഞു.

അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് എന്നത്തേതിനെക്കാളും കൂടുതൽ സുന്ദരിയായ് ഒരുങ്ങാൻ തുടങ്ങി. രാഘവൻ നായർ അപ്പോഴും ഉറക്കം എഴുന്നേറ്റിട്ടില്ലായിരുന്നു. അപ്പു കിടപ്പുമുറിയിൽ നിന്ന് എഴുന്നേറ്റ്, നടുമുറിയിൽ വന്നിരുന്നു മൊബൈലിൽ കളി തുടർന്നു.

“അപ്പൂ, ഞാൻ ദോശയും ചമ്മന്തിയും ഉന്ദക്കിവച്ചിട്ടുണ്ട്. അരി അടുപ്പിൽ നിന്ന് വേവുന്നുണ്ട്. കുറച്ചുകഴിഞ്ഞ് അച്ഛനോട് അതൊന്ന് എടുത്തുവയ്ക്കാൻ പറയണം. കൂടെ ഉച്ചയ്ക്കുള്ള കൂട്ടാനും തയ്യാറാക്കാൻ പറയണം. ഞാൻ കോളേജിൽ പോകുവാ”. അമ്മു ധൃതിയിൽ പോകുന്നതിനിടെ വിളിച്ചു പറഞ്ഞു. അപ്പു കേട്ടപാതി കേൾക്കാത്തപാതി തലകുലുക്കി അവന്റെ കളിയിൽ ലയിച്ചിരുന്നു.

അമ്മു അറിയാതെ സുമതികാക്ക അവളെ പിന്തുടരുന്നുണ്ടായിരുന്നു. സുമതിയുടെ സംശയം ശെരിയായിരുന്നു. ആ പയ്യന്റെ കൂടെ കറങ്ങി നടക്കാൻവേണ്ടി ആയിരുന്നു അവൾ വീട്ടിൽ നിന്ന് കോളേജിലെക്കാണെന്നും കള്ളം പറഞ്ഞു ഇറങ്ങിയത്.

“ഈ മനുഷ്യന് മക്കളെപറ്റി ഒരു ചിന്തയുമില്ലെ? മകൾ കൂടെ ഉണ്ടോ ഇല്ലയോ എന്നുപോലുമറിയാതെ കിടന്നുറങ്ങുകയാ.. കാ..കാ..കാ..”. സുമതി എന്തൊക്കെയൊ പുലംമ്പികൊണ്ടിരുന്നു.

“നാശം. ഈ കാക്ക ഇവിടെയും വന്നോ”. വീട് കഴിഞ്ഞുള്ള വളവിൽ കാത്തുനിന്ന കാമുകന്റെ എന്തുപറ്റി എന്നുള്ള ചോദ്യത്തിനു ഒന്നുമില്ല എന്ന മറുപടിയുമായി, അവൻ നീട്ടിയ ഹെൽമറ്റുമണിഞ്ഞ്, അവൾ അവന്റെ വണ്ടിയുടെ പുറകിൽ കയറിയിരുന്നു.

” ദൈവമേ, എന്റെ മകളെ കാത്തുകൊള്ളേണമേ..കാ..കാ..കാ”. സുമതി ആകെ പേടിച്ചിരുന്നു. “എവിടേക്കാ ഇവൻ എന്റെ മകളെയും കൊണ്ട് പോകുന്നത്? ഇന്ന് അത് എന്തായാലും കണ്ടുപിടിക്കണം”.

“ഹരീ, ഇന്ന് നമ്മൾ എവിടെയാ പോകുന്നത്? കടൽത്തീരത്തു പോയാലോ? കഴിഞ്ഞ തവണ പോയപ്പോ ശെരിക്കും ആസ്വദിക്കാൻ പറ്റിയില്ല. ഇത്തവണ പോകാം. പക്ഷേ ഇരുട്ടുന്നതിനു മുൻപ് എന്നെ വീട്ടിലെത്തിക്കണം”. അമ്മു ആകെ ഉൽസാഹത്തിലായിരുന്നു. അവൾ പറയുന്നതൊന്നും കേൾക്കാത്തമട്ടിൽ അവൻ യാത്ര തുടർന്നു.

സുമതി അവളുടെ സർവ്വശക്തിയുമെടുത്ത് പറന്നു അവരുടെ പുറകേ തന്നെ ഉണ്ടായിരുന്നു. കാടും മേടും താണ്ടി വിജനമായ ഒരു സ്ഥലത്ത് വണ്ടി നിർത്തിയപ്പോഴേക്കും സുമതിയുടെ പാതി ജീവൻ തീർന്നിരുന്നു.

“എന്താ ഹരീ നമ്മൾ ഇവിടെ? കടൽ തീരത്ത് പോകാം എന്നു പറഞ്ഞിട്ട്? എനിക്ക് പേടി ആകുന്നു. വാ, നമുക്ക് തിരിച്ചു പോകാം.” അമ്മു തിരിഞ്ഞ് നടക്കാൻ തുടങ്ങി.

“അമ്മൂ, നീ എന്തിനാ പേടിക്കുന്നെ? ഞാൻ ഇല്ലേ കൂടെ. ” അവൻ അമ്മുവിന്റെ കൈ ബലമായി പിടിച്ചു കാടിനുള്ളിലേക്കു നടന്നു.
അമ്മുവിന് അവന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ബോധ്യമായി. പേടിച്ചു വിറങ്ങിച്ചു നിന്ന അമ്മു താൻ ഒറ്റയ്ക് എന്തുചെയ്യും എന്നറിയാതെ ദൈവത്തെ വിളിച്ചു പ്രാർത്തിച്ചു. കൂടെ, അവൾ പോലും അറിയാതെ അമ്മയെയും വിളിച്ചുപോയി.
ആ വിളി കേട്ടിട്ടെന്നാകണം, സുമതി അവിടെ തളർന്നിരുന്ന് അലറി കരയാൻ തുടങ്ങി.

“ആരെങ്കിലും ഒന്നോടി വരണേ. എന്റെ മകളെ രക്ഷിക്കേണമേ..കാ..കാ..കാ..”. ഇടറിയ സ്വരത്തിൽ സർവ്വശക്തിയുമെടുത്ത് സുമതി ആർത്തുവിളിച്ചു. “അവൻ എന്റെ മകളെ ചതിക്കും”.

” കാ..കാ..കാ..കാ..കാ..കാ..കാ..” പെട്ടെന്നായിരുന്നു ഒരു കൂട്ടം കാക്കകൾ അവിടെയെത്തി അവനെ ആക്ക്രമിക്കാൻ തുടങ്ങിയത്. ഇതുകണ്ട് പേടിച്ചു പോയ അമ്മു ഒരു മരത്തിന്റെ പിന്നിൽ പോയി ഒളിച്ചിരുന്നു. അവൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്താൻ സുമതിയും ആ മരത്തിന്റെ ചില്ലയിൽ പറന്നു ചെന്നു. സുമതി നന്നേ ക്ഷീണിതയായിരുന്നു. പക്ഷേ അതൊന്നും അവളുടെ മനസ്സിനെ തളർത്തിയിരുന്നില്ല.
കാക്കകളുടെ ആക്രമണം സഹിക്കവയ്യാതെ ദേഹമാസകലം ചോരയും ഒലിപ്പിച്ച്, അവൻ വണ്ടിയുമെടുത്ത് കടന്നുകളഞ്ഞു.

നന്നേ ക്ഷീണിതയായിരുന്ന സുമതിക്കു തന്റെ ദേഹം തളരുന്നതായി തോന്നി. തന്റെ ഈ രണ്ടാം ജന്മവും തീരാൻ പോകുന്നു എന്ന് മനസ്സിലാക്കാൻ അവൾക് അധികം സമയം വേണ്ടി വന്നില്ല. തന്റെ അടുത്തു തന്നെ സുരക്ഷിതയായി ഇരിക്കുന്ന മകളെയും നോക്കി, ചുണ്ടിൽ ചെറുപുഞ്ചിരിയുമായി അവൾ ആ മരചില്ലയിൽ നിന്നും ഭൂമിയിലേക്ക് പതിച്ചു.
അപ്പോഴും, പേടിച്ചരണ്ടിരിക്കുന്ന അമ്മുവിന്റെ നാവിൽ നിന്നും അവൾപോലുമറിയാതെ ‘അമ്മ’ എന്ന രണ്ടക്ഷരം ഉരുവിടന്നുണ്ടായിരുന്നു, ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള മന്ത്രമായ്.

Name : Manasa Mukundan

Company : Tata consultancy services, kochi

Click Here To Login | Register Now

2 Responses

Leave a Reply

Your email address will not be published. Required fields are marked *