രാവിലെ തന്നെ ഫോണിന്റെയൊച്ച കേട്ടാണ് എണീറ്റത്. സ്ക്രീനിലേക് നോക്കിയപ്പോൾ അമ്മയാണ്. ” ആ ഹലോ അമ്മേ, എന്തേയിത്ര രാവിലെ “”ഡാ നമ്മുടെ പാറതേട്ടി പോയി.ഹാർട്ടറ്റാക്കായിരുന്നു.പാവം, ഇന്നലെ കൂടി അമ്പലത്തിൽ കണ്ടമ്പോൾ നിന്നെ കുറിച്ചന്വേഷിച്ചു.ഓരോ ദൈവനിശ്ചയം. അല്ല നീ വരുന്നുണ്ടോ.???” ” ഓഫീസിന്ന് പെട്ടെന്ന് ലീവൊന്നു കിട്ടില്ല. ആ ഞാനൊന്ന് നോക്കട്ടെ. ഹും ശരി”. എന്ന് പറഞ്ഞ് ഫോൺ വെച്ചു. പക്ഷെ ഫോൺ വെച്ചു കഴിഞ്ഞമ്പോഴേക്കും മനസ്സിൽ എന്തോ ഒരു കനം പോലെ. അമ്മ അവസാനം പറഞ്ഞ ചില വാക്കുകൾ ” എടാ പാറതേട്ടി ഇന്നലെ നിന്റെ പേര് പറഞ്ഞു കുറേകരഞ്ഞു. അവസാനമായി നിന്നെ ഒന്ന് കാണണമെന്ന്.” അത് കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു”. പാറൂട്ടി എനിക്കാരായിരുന്നു. മനസ്സിലേക്ക് ഒരുപാടോർമ്മകൾ കടന്നു വന്നു.********************************************
“പാറൂട്ടി നമ്മുക്കു കുളിക്കാൻ പോകണ്ടേ ” യെന്നലറി വിളിച്ചോണ്ട് കയറിയത് അമ്മയുടെ മുന്നിൽ. ഹോ ഈ ചെക്കൻ ചെവി തലകേൾപ്പിക്കില്ലയെന്ന് പറഞ്ഞ് ഒരു നുള്ള് വെച്ചു തന്നു. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു വല്യമ്മായെന്ന് വിളിക്കാൻ, “പാറൂട്ടി” നിന്റെ മടിയിൽ കിടത്തിയല്ലേ വല്യമ്മക്ക് പേരിട്ടത്. അമ്മ ദേഷ്യത്തോടെ പറഞ്ഞതും കേട്ടുകൊണ്ടാണ് പാറൂട്ടി അടുക്കളയിലേക്ക് വന്നത്. പോട്ടെടി കുഞ്ഞല്ലേ അവൻ വിളിക്കട്ടെ, ഒന്നല്ലങ്കിലും സ്നേഹത്തോടെയല്ലേ സാര്യല്ല. നീ വിളിച്ചോട്ടാ ശ്രീക്കുട്ടായെന്ന് പറഞ്ഞ് എന്നെയും കൂട്ടി പാറൂട്ടി നേരെ അമ്പലക്കുളത്തിലേക്ക് പോയി. അല്ല കുറേ നേരമായി ഞാൻ പാറൂട്ടി പാറൂട്ടിയെന്ന് പറയുന്നു, അതു ആരാണെന്ന് ഞാൻ പറഞ്ഞില്ലലോ. പാർവ്വതി അതാണു മുഴുവൻ പേര്. ഞാൻ സ്നേഹത്തോടെ പാറൂട്ടിയെന്ന് വിളിക്കും. അമ്മയുടെ അച്ഛന്റെ വകയിലുള്ള ചേച്ചിയാണ്. അമ്മ പാറൂട്ടിയെ പാറതേട്ടി *( പാർവ്വതിയേട്ടി) എന്നാ വിളിക്കാറ്. ഞാൻ പാറൂട്ടിയെന്ന് വിളിക്കമ്പോൾ അമ്മയെന്നും ചീത്ത പറയും, മുതിർന്നവരെ പേരെടുത്ത് വിളിച്ചാൽ ശാപം കിട്ടുമെന്ന് പറയും. പക്ഷെ പാറൂട്ടിക്ക് എന്റെ വിളി ഇഷ്ടമാണ്. പാറൂട്ടി തന്നെയാണ് അങ്ങനെ വിളിക്കാൻ പഠിപ്പിച്ചത്. അമ്പലത്തിൽ പോകാനും, അമ്പലകുളത്തിലേക്കുമൊക്കെ എനിക്ക് കൂട്ട് പാറൂട്ടിയാണ്. അമ്പലത്തിലെ അപ്പ കൂഴത്തിന് വരി നിന്ന് വെറേയാർക്കും കൊണ്ടുക്കാതെ എനിക്കു മാത്രമായി ഉണിയപ്പം കൊണ്ടു തരും. അമ്പലത്തിലെ ആരാധനയ്ക്ക് ചന്തയിൽ പോകാനും, നാടകത്തിനുമൊക്കെ പാറൂട്ടിൻ്റെ കൈയും പിടിച്ചാണ് പോകാറ്. ഉറങ്ങാൻ കിടക്കുമ്പോൾ പാറൂട്ടി എന്തല്ലാം കഥകൾ പറഞ്ഞു തരുമെന്നറിയോ? രാജകുമാരന്റെയും, വേതാളത്തിന്റെയും, വെണ്ണ കട്ടു തിന്നുന്ന കള്ളകണ്ണന്റെയും അങ്ങനെ കുറേ കഥകൾ. എന്തു രസാണന്നോ ആ കഥകൾ കേൾക്കാൻ. കഥ പറയാൻ തുടങ്ങുന്നതിനു മുന്നേ ഒരു പ്രത്യേക താളത്തിൽ ഒരു ചൊല്ലുണ്ട്, “കഥ കഥ കഥ പല മെലുരുട്ടിയ കഥ”,അതു ചൊല്ലുന്നത് കേൾക്കാൻ തന്നെ ഒരു രസാ. അതുപോലെ നല്ലയീണത്തിൽ കുമാരനാശന്റെയും ചെറുശ്ശേരിയുടെയൊക്കെ കവിതകളും ചൊല്ലും. ആ പിന്നെ ഇടവപ്പാതി മഴയുടെ സമയത്ത് പാറൂട്ടിൻ്റെ വക ഒരു സ്പെഷ്യൽ സാധാനമുണ്ട് “അട്ടകൂട് കുരുമുളകിട്ട് വറുതത്ത്”. (മഴ കാലത്ത് വയലിൻ്റെ അരികത്തും, തോട്ടിൻ്റെ അരികത്തുമൊക്കെയായി കാണുന്ന ഒരുത്തരം ഒച്ചാണ്. നെയ്ച്ചിങ്ങ എന്നും പറയും). മഴക്കാലത്ത് ഞാനും പാറൂട്ടിയും കൂടി വയലിൻ്റെ അവിടെയും തോട്ടിൻ്റെയടുത്തും പോയി അട്ടക്കൂട് പെറുക്കും. ചില അട്ടക്കൂട് കറിവെയ്ക്കാൻ കൊള്ളത്തില്ല, അതു ഭ്രാന്തനായിരിക്കും, തിന്നാൽ ആള് തട്ടി പോകുമെന്നാ പാറൂട്ടി പറയാറ്. അങ്ങനെ അതിനെയൊക്കെ ശേഖരിച്ച് വൃത്തിയായി കഴുകി ചൂടുവെള്ളത്തിലിടും. എന്നിട്ടതിൻ്റെ പുറന്തോട് ഒക്കെകളഞ്ഞ് നല്ല കുരുമുളകുപൊടിയും, കുറച്ച് മഞ്ഞപ്പൊടിയും ചേർത്ത് പിടിപ്പിക്കും. പിന്നെ അതിനെ കുറച്ച് എണ്ണയെടുത്ത് വറുതെടുക്കും. അധികനേരമത് എണ്ണയിൽ കിടന്നാൽ അത് റബ്ബറുപ്പോലെയാകും. കുറച്ചു സമയം കഴിഞ്ഞ് അത് കോരിയെടുത്ത് അതിൻ്റെ മുകളിൽ കുറച്ച് അരിഞ്ഞ് വെച്ച ഉള്ളിയും ചേർത്ത് നല്ല ചൂടുള്ള കഞ്ഞിൻ്റെ കൂടെ കഴിച്ചാൽ, ഹാവൂ……!! എന്താ അതിൻ്റെ ഒരു രസം. പിന്നീട് നഗരത്തിലേക്ക് പറച്ചു നട്ടപ്പോൾ നഷ്ടപ്പെട്ടു പോയ നാട്ടിൻ്റെ രുചിയാണത്.
എന്നും ചിരിച്ചു മാത്രം കണ്ട പാറൂട്ടിനെ ഒരിക്കൽ “മാമ്പഴം” എന്ന കവിത ചൊല്ലി അവസാനമാകുമ്പോഴേക്കും ആ മുഖത്ത് ദുഃഖം നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്, ആ ദു:ഖം മെല്ലെ കരച്ചിലായി മാറി. എന്തിനാ കരഞ്ഞതെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല. ഒന്നുമില്ലയെന്ന് പറഞ്ഞ് പാറൂട്ടി എഴുന്നേറ്റ് പോയി. അതിന്റെ കാരണം അമ്മയോട് ചോദിച്ചിട്ടും എനിക്ക് ഉത്തരം കിട്ടിയില്ല. പക്ഷെ കുറച്ച് വലുതായപ്പോൾ അതിനുള്ള ഉത്തരം എനിക്ക് കിട്ടി.
പാറൂട്ടിയെ കല്ല്യാണം കഴിച്ചത് അകന്ന ബന്ധത്തിലുള്ള കുമാരൻ എന്നയാളെയായിരുന്നു. പക്ഷെ ഈ കുമാരൻ എന്നയാൾക്ക് മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ടന്നും അത് മാറ്റാൻ വേണ്ടിയായിരുന്നു ഈ കല്ല്യാണമെന്നത് കുറച്ച് വൈകിയാണിറഞ്ഞത്. ഭാഗ്യമോ, ദൈവാനുഗ്രഹമോ എന്നറിയില്ല കല്യാണ ശേഷം അത്തരം പ്രശ്നങ്ങൾ ഒന്നും കുമാരേട്ടനു വന്നില്ല. വളരെ സ്നേഹത്തോടെ തന്നെ അവർ കഴിഞ്ഞുപ്പോന്നു. പാറൂട്ടിയുടെ കല്ല്യാണo കഴിഞ്ഞ് കുറേ വർഷത്തെ കാത്തിരിപ്പിന് ശേഷo, അവർക്ക് ഒരാൺകുഞ്ഞ് പിറന്നു. അതു കൊണ്ട് തന്നെ വളരെയേറെ സേന്ഹത്തോടെയും ലാളനയോടെയുമാണ് അവരാ കുഞ്ഞിനെ വളർത്തിയത്. അവരുടെ സന്തോഷകരമായ ജീവിതം പലരെയും മനസ്സിൽഅസൂയ ഉള്ളവാക്കി. പക്ഷെ ആരുടെ ദോഷൈകദൃകോ മാരണമോ, എല്ലാം തകർത്ത് കൊണ്ട് അവരുടെ ജീവിതത്തിൽ ആ ചുവന്ന ചെകുത്താൻ വീണ്ടു രംഗപ്രവേശം ചെയ്തു. എല്ലാവരും മാറിയെന്നു വിചാരിച്ച കുമാരേട്ടൻ്റെ ദീനം വീണ്ടും വന്നു. തിമിർത്ത് പെയ്യുന്ന മഴയയും ആർത്തലച്ചു വന്ന കാറ്റും ഇടകലർന്ന പ്രകൃതിയുടെ തന്നെ താളം തെറ്റിയ ആ നശിച്ച രാത്രിയുടെ ഏതോ യാമത്തിൽ കുമാരേട്ടൻ്റെ മനസ്സിൻ്റെ താളവും പിടിവിട്ടുപ്പോയി. ഭ്രാന്തിൻ്റെ ഉച്ചസ്ഥായിൽ തന്നെ തന്നെ മറന്നു പ്പോയ കുമാരേട്ടൻ തൻ്റെ ജന്മ പരമ്പരയായ മകനെ നിലത്തടിച്ചു കൊന്നു, അവൻ്റെ രക്തത്തിൽ കുളിച്ചു. അതുകണ്ട പാറൂട്ടി അലറി കരയുകയും, ആൾക്കാർ ഓടിക്കൂടുകയും ചെയ്തു. കുറച്ചാൾക്കാർ ചേർന്ന് കുമാരേട്ടനെ ബന്ധിയാക്കുകയും മുറിയിൽ അടച്ചിടുകയും ചെയ്തു. കുമാരേട്ടൻ്റെ രൗദ്രഭാവവും, സ്വന്തം മകൻ്റെ മരണവും, എല്ലാം കണ്ട് ബോധ0 പോയി കിടക്കുന്ന പാറൂട്ടിയെ ആൾക്കാർ ആശുപത്രിയിൽ ആക്കുകയും ചെയ്തു. അച്ഛനും, വല്യമ്മാനും മറ്റുള്ളവരുമൊക്കെ ചേർന്ന് കുഞ്ഞിനെ ജഢം വീടിൻ്റെ അടുത്ത് തന്നെ അടക്കവും ചെയ്തു. തൻ്റെ മകൻ മരിച്ചതും അവനെ അടക്കം ചെയ്തുമൊന്നുമറിയാതെ കുമാരേട്ടൻ ഒന്ന് രണ്ട് ദിവസം ആ മുറിയിൽ തന്നെ കിടന്നു. മുന്നാം ദിവസം മുറിയിലേക്ക് ചോറ് കൊണ്ടുവന്ന പാറൂട്ടിയെ കണ്ട കുമാരേട്ടൻ മെല്ലെ ചിരിക്കുകയും, ഞാൻ എന്തായിവിടെ എന്നന്വേഷിക്കുകയും ചെയ്ത കുമാരേട്ടനോട് കരഞ്ഞ് കൊണ്ട് എല്ലാം തുറന്ന് പറയുകയും, അത് കേട്ട കുമാരേട്ടൻ അത്യുച്ചത്തിൽ അലറി കരയുകയും തൻ്റെ മകനെ അടക്കിയ സ്ഥലത്തേക്ക് പോകുകയും ചെയ്തും. അവിടെയെത്തി മകൻ്റെ ആത്മാവിനോട് കരഞ്ഞുകൊണ്ട് ക്ഷമയാചിക്കുകയും ചെയതു.സ്വന്തം ജീവിതം താറുമാറാക്കി കളഞ്ഞ ഈ ദുഷ്ടനോട് വെറുപ്പില്ലേയെന്ന് കുമാരേട്ടൻ പാറൂട്ടിയോട് ചോദിച്ചപ്പോൾ, നിങ്ങളെ വെറുക്കാൻ എനിക്കാവില്ലെന്നും പറഞ്ഞു ആ മാറിലേക്ക് ചെരിഞ്ഞു. കുറേ നേരം അവർ തൻ്റെ മകൻ്റെയടുത്ത് തന്നെ ഇരുന്നു. ദാഹിക്കുന്നു കുറച്ചു വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ പാറൂട്ടി വെള്ളമെടുക്കാനായി അകത്തേക്ക് പോയി. പക്ഷെ വെള്ളവുമായി പുറത്തേക്ക് വന്നപ്പോൾ കുമാരേട്ടനെ അവിടെയെങ്ങും കണ്ടില്ല. മകൻ്റെ സമാധി സ്ഥലത്തെ മണ്ണിൽ, ഞാൻ പോകുന്നു, എന്നെ മറക്കണമെന്ന് എഴുതി വെച്ച് കുമാരേട്ടൻ പാറൂട്ടിയെ തനിച്ചാക്കി എവിടെയോ പ്പോയി.
ഇങ്ങനെയൊരു ദുരന്ത കഥയില്ലെ നായികയാണ് പാറൂട്ടിയെന്ന് ഞാനറിഞ്ഞത് കുറച്ച് വലുതായപ്പോൾ ആണ്. പിന്നീടൊരിക്കലും കുമാരേട്ടനെ ആരും കണ്ടില്ല. പക്ഷെ പാറുട്ടിയുടെ മനസ്സിൽ എന്നങ്ങു മൊരിക്കൽ കുമാരേട്ടൻ തിരിച്ചു വരുമെന്നുണ്ടായിരുന്നു.
പാറൂട്ടിൻ്റെ കൈയും പിടിച്ച് നടന്നു തീർത്ത അമ്പല വഴികൾ, തെയ്യ കാവുകൾ, ആ മടിയിലിരുന്ന് കണ്ട നാടകങ്ങൾ, കഥകളി വേഷങ്ങൾ എല്ലാം മനസ്സിൽ മിന്നി മറഞ്ഞു കൊണ്ടിരിക്കുന്നു. ജോലി ആവശ്യത്തിനായി ഞാൻ നഗരത്തിലേക്ക് ചേക്കേറിയതും പിന്നെ ഓഫീസിൽ തന്നെയുള്ള കവിതയെ കല്ല്യാണം കഴിക്കുകയും ചെയ്തതോടു കൂടി നാട്ടിലേക്കുള്ള വരവ് വളരെ കുറഞ്ഞു. അതിനിടയിൽ ഒന്നോ രണ്ടോ തവണ പാറൂട്ടിയെ കണ്ടെങ്കിലും പഴയപോലെ പെരുമാറാൻ ഞാൻ മറന്നു പോയി. അവസാന വരവിൽ കണ്ടപ്പോൾ, അടുത്ത വരവിൽ ചിലപ്പോൾ ഞാനുണ്ടാകുമോ എന്നറിയില്ലെന്ന ചിരി കലർന്ന ചോദ്യവും, മരിച്ചാൽ എൻ്റെ അന്ത്യകർമ്മങ്ങൾ ശ്രീകുട്ടൻ ചെയ്യുമോയെന്ന ദു:ഖം കലർന്ന ചോദ്യവും രണ്ടും എൻ്റെ ചെവികളിൽ മുഴുകി കൊണ്ടേയിരുന്നു.
“പോകണം” അവസാനമായി ഒരു മകൻ്റെ സ്ഥാനത്തു നിന്ന് ചെയ്യേണ്ട കർമ്മങ്ങൾ ചെയ്യണം. പാറൂട്ടിൻ്റെ ആത്മാവിനോട് മറന്നു പോയതിന് തിരസ്കരിച്ചതിന്, എല്ലാത്തിനോടും പൊറുക്കണമെന്ന് മാപ്പിരക്കണം. എൻ്റെ പാറൂട്ടിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ, എന്നും ആ മനസ്സിൽ ഒരു മകൻ്റെ സ്ഥാനമാണെനിക്ക്….
*************************************************************
* പാറതേട്ടി – പാർവ്വതി ചേച്ചി. വടക്കൻമലബാർ മേഖലയിൽ ഏട്ടി എന്നാൽ ചേച്ചിയെന്നാണർത്ഥം
Name :-. Sreepathi K P
Company Name :- UST global, Trivandrum
You need to login in order to like this post: click here
Sarath M S
Excellent