മനുഷ്യരാശി എല്ലാ മേഖലകളിലും വളർച്ചയുടെയും പുരോഗമനത്തിന്റെയും പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു.
ഇന്ത്യയും ശാസ്ത്രസാങ്കേതിക സാമ്പത്തിക രംഗങ്ങളിൽ മാറ്റി നിർത്താനാവാത്ത വിധം ശക്തമായ സാന്നിധ്യം അറിയിക്കുന്നു. എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം കൂടുന്നു.
എങ്കിലും ഏതു സമൂഹത്തിന്റേയും അടിസ്ഥാനമായ കുടുംബം എന്ന വ്യവസ്ഥിതിയിലേക്കെത്തുമ്പോൾ ഇന്ത്യയിൽ ഏറിയ ശതമാനവും ഇന്നും കാലങ്ങൾക്ക് പിന്നിലാണ്. പുരുഷൻ പുറത്തിറങ്ങി ഭക്ഷണത്തിനുള്ള സാമഗ്രികൾ ശേഖരിക്കുന്ന കാലത്തെങ്ങോ ആയിരിക്കണം അടുക്കളകൾ സ്ത്രീകളുടെ അരങ്ങുകൾ ആകുന്നത്. കാലം കഴിയുന്തോറും അടുക്കളകൾ സ്ത്രീകളുടെ തടവറകളായ് പരിണമിച്ചു. കടമയായ് കണ്ട് സ്ത്രീ സമൂഹം അതിനോട് കലഹിക്കാതെ തദാത്മ്യപ്പെട്ടു.
സ്ത്രീകളുടെ വിദ്യാഭ്യാസ മുന്നേറ്റവും അതിലൂടെ അവൾ കൈവരിച്ച നേട്ടങ്ങളും സ്ഥാനമാനങ്ങളും പോലും അവളെ ഈ തടവറയിൽ നിന്ന് മോചിപ്പിക്കാൻ തക്ക ശക്തമല്ല എന്നറിയുമ്പോഴാണ് എത്ര ഭീകരമായാണ് മനുഷ്യർ അവരിലൊരു വിഭാഗത്തെ അടിമകളാക്കിയിരിക്കുന്നത് എന്ന് മനസിലാവുന്നത്. എല്ലാ മേഖലകളിലും ദിനംപ്രതി മുന്നേറുന്ന ഒരു ജനാധിപത്യ സമൂഹം ദാരുണമായി പരാജയപ്പെടുന്ന ഇടമാണ് അടുക്കളപ്പുറങ്ങൾ. ഭാര്യയും ഭർത്താവിനെപ്പോലെ ജോലി ചെയ്യുന്നവളും സാമ്പത്തിക ആശ്രയത്വം ഒട്ടുമേ ഇല്ലാത്തവളും ആണെങ്കിലും വീട്ടു ജോലികൾ അവളുടേത് മാത്രമായി മാറ്റുന്ന അനീതിയെ നീതിയാണെന്ന് തെറ്റിദ്ധരിക്കുന്ന സമൂഹമാണിത്.
അടുക്കള ജോലികൾ സ്ത്രീകളുടേത് മാത്രമെന്ന ചിന്താഗതിയിൽ മാറ്റം വരേണ്ട സമയം അതിക്രമിച്ചു. ഓരോ കുടുംബവും ആണെന്നോ പെണ്ണെന്നോ വേർതിരിച്ചു മക്കളെ വളർത്താതിരിക്കട്ടെ. ഒരുപോലെ വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും മക്കൾക്കായ് കൊടുക്കുമ്പോൾ വീട്ടുജോലികളും സമമായ് വീതിയ്ക്കട്ടെ. പാചകവും പാത്രം കഴുകലും ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിനു അത്യന്താപേക്ഷിതമായ ഘടകമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി വളർത്തിക്കൊണ്ടു വരികയാണെങ്കിൽ തന്നെപ്പോലെ ജോലിക്ക് പോയി വരുന്ന ഭാര്യയുടെ മാത്രം കടമയാണു അടുക്കള ജോലികൾ എന്നവർ ചിന്തിക്കാതിരിക്കും. ജനാധിപത്യം എന്നത് രാഷ്ട്രനിർമ്മാണത്തിനു മാത്രമല്ല, രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലയായ കുടുംബത്തിലും ഉണ്ടാകണം.
സമൂഹം പരുവപ്പെടുത്തിയെടുത്ത ചില ശീലങ്ങളും ചിന്താഗതികളും മാറ്റിയെടുക്കാൻ കാലതാമസം വരും. എങ്കിലും ഓരോ ശ്രമങ്ങളും ഫലം തരുന്നവയാണ്. മക്കളെ വളർത്തുന്നതിലും വീടു നോക്കുന്നതിലും കുറച്ചെങ്കിലും സമത്വം മുന്നോട്ട് വയ്ക്കുന്ന ഇന്നത്തെ തലമുറ നമുക്ക് പ്രത്യാശ നൽകുന്നുണ്ട്. വരും കാലങ്ങളിൽ അടുക്കളപ്പുറങ്ങൾ അസമത്വത്തിന്റെ തടവറകൾ അല്ലാതെയാകട്ടെ. ജനാധിപത്യം വീടുകളിൽ നിന്നാണ് തുടങ്ങേണ്ടതെന്ന മൂല്യബോധം എല്ലാവരിലും അടിയുറയ്ക്കട്ടെ!
Name : Sarija NS
Company Name :Guidehouse India Ltd ,Bhavani, Technopark
Leave a Reply