ആതപം

posted in: Poem - Malayalam | 0

ഇറ്റിറ്റു വീഴും വിയർപ്പുകണങ്ങളിൽ
ആതപമേറുമുദ്യോതവുമുരുകവേ,
കുഞ്ഞിളം കൈകളിൽ മൺകുടം ചേർത്തിതാ –
മെല്ലെ നടക്കുന്നു പാരമീ പെൺകൊടി.
ഇനിയുമുണ്ടേറെ നടക്കുവാൻ ദൂരെയാ,
പൊയ്‌കതൻ തീരത്തങ്ങണയണം പാരാതെ..
കണ്ണിലിരുട്ടിൻെറ നീരദമേൽപ്പിച്ചോ,
പ്രദ്യോതനൻ തൻ്റെ  കിരണത്തിന്നൊളിയാലേ?
ഇടറാതെ നിൽക്കാൻ കഴിഞ്ഞീലയൊരു വേള,
പിഞ്ചിളം കാൽത്തളിർ കുഴയുന്നു കിഞ്ചനെ.
എന്നുമീ യാത്രതൻ യാതമൊന്നറിയവേ,
മനതാരൊന്നാവിലമാവുകയുണ്ടല്ലോ!
നഗരത്തിൻ ചൂരൊന്നുമേൽക്കാതെയുള്ളൊരു;
കോണിലായ് മുറ്റും ചെറുകുടിലിലാണവൾ.
ജീവനവും അതിൻ അർത്ഥങ്ങളും,
പലതുണ്ട് പാരിലങ്ങേറെ നീളെ..
ഇപ്പോഴതൊന്നുമേ അറിയുവാറായില്ല,
ചെറുമിഴി വിടരേ, കാണാമൊരുത്സാഹം!
ആ കുഞ്ഞു ചിരിയിൽ വിടരുന്നുണ്ടദമ്യമായ്,
ആശ കൊണ്ടഴൽ തീർക്കുമോരോ നിമിഷങ്ങൾ.
ഒറ്റക്കല്ലടുപ്പിൻ പുകയേറ്റു നിൽക്കുമോ –
രമ്മതൻ ചാരെ വേകുന്നതരിയല്ല;
ഇണ്ടലൊടുങ്ങാത്ത നാളുകളേൽപ്പിച്ച
മനതാരിൽ മുറ്റുമോരത്തലല്ലോ!
ഒരിറ്റു പാഥത്തിനിത്ര കാതം ചരി –
ച്ചീടുന്നു തൻ മകളെന്നു ചൊല്ലി;
‘ഇനിയെത്രനാൾ, ഇനിയെത്രനാളെ’ –
ന്നകതാരൊന്നാകുലമായ പിമ്പേ;
കാതരയായ് കേഴുന്നതുണ്ടമ്മ, തൻ
വിധിയെന്നതോർത്തഴൽ പൂണ്ടു കൊണ്ടേ.

Name : Athira Mohan B

Company Name : IBM India Pvt Ltd

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *