തിത്തലി(പൂമ്പാറ്റ)

ഡേവിഡ് ഫാൽഡർ റോയ് ( ഇതദ്ദേഹത്തിന്റെ യഥാർത്ഥ പേരാകാം അല്ലാതിരിക്കാം). ഒരു ക്ലയന്റ് കോളിനിടയിലാണ് ഞാനദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. ഒരു കറുത്ത ഗ്രേറ്റ് ഡേയ്ൻ ഇനത്തിൽ പെടുന്ന നായയോടൊപ്പമുള്ള അദ്ദേഹത്തിന്റെ മുഖചിത്രമാണ് ഞാനാദ്യമേ ശ്രദ്ധിക്കുന്നത്. ജോലിയിൽ പ്രവേശിച്ചതിനു ശേഷമുള്ള എന്റെ ആദ്യത്തെ കോൺ കോൾ ആയിരുന്നു അത്. ആ രണ്ടാഴ്ചക്കുള്ളിൽ സ്കാൻഡിനേവിയൻ എക്സിക്യൂട്ടീവ് ജാക്കറ്റിനും ടൈക്കുമുള്ളിൽ ഞാൻ കണ്ട ചിത്രങ്ങളിൽ നിന്നെല്ലാം അദ്ദേഹം ഒരുപാട് വ്യത്യാസ്തനായിരുന്നു.
‘ഹേയ് മില്ലാനാ’ അങ്ങനെയായിരുന്നു അദ്ദേഹമെന്നെ അഭിസംബോധന ചെയ്തിരുന്നത്. എനിക്കന്ന് ഇംഗ്ലീഷ് സംഭാഷണങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ഭയമായിരുന്നു. പലപ്പോഴും അവരെന്താണു പറയുന്നതെന്ന് മനസ്സിലാക്കിയെടുക്കുക എന്നെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരുന്നു. അപ്പോഴെല്ലാം വിയർക്കുന്ന കൈകൾക്കിടയിൽ വെച്ച് ഞാനെന്റെ കുർത്തയുടെ അറ്റങ്ങളെ ഞെരിച്ചു കൊല്ലും.അന്നു ഞാൻ നൽകിയ ചില ചുളിവുകൾ ഇന്നും ഇസ്തിരിയിടുമ്പോൾ എന്നോടു പിണങ്ങി മാറി നിൽക്കാറുണ്ട്.ഇന്നെന്റെ പ്രിയപ്പെട്ട ഗുരുക്കന്മാരിൽ ഒരാളായ ‘ഇവാൻ’ ആയിരുന്നു അക്കാലത്തെ എന്റെ പേടി സ്വപ്നങ്ങളുടെ വെളുത്ത രൂപം. എന്തെന്നാൽ അദ്ദേഹത്തിന്റെ സംസാരത്തിൽ ഞാൻ പഠിച്ച ഇംഗ്ലീഷ്  വാക്കുകളും ഗ്രാമറും വളരെ വിരളമായി മാത്രമേ വന്ന് പോയിരുന്നുളളൂ. ‘ ഇവാൻ കാളിംഗ്’ എന്ന് പോപ് അപ് നോട്ടിഫിക്കേഷൻ വരുമ്പോളെല്ലാം ഒരു കാക്കയെ പോലെ ഞാനെന്റെ തല വലത്തോട്ട് ചെരിക്കും.എന്നെ പ്രതീക്ഷിച്ചെന്ന പോലെ ഇരിക്കുന്ന ബഡ്ഡിയെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കും. ‘പേടിക്കാതെ കോളെടുത്ത് സംസാരിക്കു പെണ്ണേന്ന്’ അദ്ദേഹം തരുന്ന ധൈര്യത്തിൽ ഞാനെല്ലാം കേൾക്കുകയും  ‘ ഐ വിൽ ചെക്ക് ആൻഡ് വിൽ ഗെറ്റ് ബാക്ക് റ്റു യൂ.’ എന്നൊറ്റൊരു വാക്യത്തിൽ എല്ലാം അവസാനിപ്പിക്കുകയും ചെയ്യും. അന്നാ നാളുകളിൽ ഞാനേറ്റവും കൂടുതൽ ഉപയോഗിച്ച വാക്കുകൾ അതായിരുന്നു. മഹാദേവനു നന്ദി!
ഇവാൻ എന്ന വ്യക്തിയുടെ സംസാര രീതിയോടുള്ള ഭയം മറ്റെല്ലാ ഇംഗ്ലീഷ്കാരോടും സംസാരിക്കാനുള്ള ഭയമായി വളർന്നു കൊണ്ടിരുന്ന കാലത്തായിരുന്നു ഡേവ് (ഡേവിഡ് ഫാൽഡർ റോയ്) എന്നോട് ‘ഹേയ് മില്ലാന യു ദേർ’ എന്ന് ചോദിച്ചു കൊണ്ട് വീണ്ടും വരുന്നതും ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതും. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനായിരുന്നു, എന്തെന്നാൽ എനിക്കറിയാവുന്ന ഇംഗ്ലീഷിൽ ആയിരുന്നു അദ്ദേഹം എന്നോട് സംസാരിച്ചിരുന്നത്. ഒന്നോ രണ്ടോ വാക്കുകളിൽ ഒതുങ്ങിയിരുന്ന എന്റെ മറുപടികളുടെ നീളം കൂടി വന്നതും, ചെറിയ വലിയ കഥകളായത് മാറിയതും അദ്ദേഹത്തോടായിരുന്നു.
ആൻഡിയുടെ ക്ലയന്റ് വിസിറ്റിനു ശേഷമുള്ള ഒരു ദിവസത്തെ സംഭാഷണത്തിലൂടെയാണ് ഞാൻ ഡേവിനെ കൂടുതലറിയുന്നത്.അപ്പോഴേക്കും ഞാനാസ്ഥാപനത്തിൽ ഒരു വർഷം പൂർത്തിയാക്കിയിരുന്നു.ഞാനുയരം കുറഞ്ഞ് ഒരു കുഞ്ഞു ‘മിനിയൻ’ കണക്കെയാണ് ഇരിക്കുന്നതെന്ന് ആൻഡി തിരികെ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞറിഞ്ഞ് എന്നെ കളിയാക്കുവാനായിരുന്നു അന്ന് ഡേവ് വിളിച്ചത്. ഞാനെന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുകയാണെങ്കിൽ ബെയ്ലി (അദ്ദേഹത്തിന്റെ വളർത്തു നായ) എന്നെയതിന്റെ കളിപ്പാട്ടമാക്കുമെന്ന് പറഞ്ഞ് ഞങ്ങൾ അന്നൊത്തിരി ചിരിച്ചു. ഉള്ളിൽ എനിക്കൽപം സങ്കടമുണ്ടായിരുന്നു.അപ്പോഴെല്ലാം ‘ഷോർട്ട് ഗേൾസ് ആർ ദ് ക്യൂട്ടസ്റ്റ്’ എന്നു ഞാൻ പലവുരു മനസ്സിൽ ഉരുവിട്ടു.
എന്നെ ആൽബർഗിലെ വീട്ടിലേക്ക് ക്ഷണിച്ച അദ്ദേഹത്തോടുള്ള എന്റെ ആദിത്യമര്യാദ അദ്ദേഹത്തെ ഇന്ത്യയിലേക്കും പ്രത്യേകമായി കേരളത്തിലേക്കും സ്വാഗതം ചെയ്തു. അന്നാണു ഞാൻ ആദ്യമായി അവളെ കുറിച്ചറിയുന്നത്. അവൾ എമ്മ ഫാൽഡർ. ഫാൽഡർ ദമ്പതികളുടെ മൂന്നാമത്തെ മൂത്ത മകൾ. അതെങ്ങനെ എന്നാവാം നിങ്ങളിപ്പോൾ ചിന്തിക്കുന്നതു, ഇതേ ചോദ്യം തന്നെയാണ് ഞാനന്നു ചോദിച്ചതും. 
എമ്മ ജനിച്ചത് ഇന്ത്യയിലായിരുന്നു. അന്നവളുടെ പേരെന്തായിരുന്നെന്ന് എനിക്കറിയില്ല. ‘Achondroplasia’ എന്ന ജനിതക രോഗത്തോടു കൂടി ജനിച്ചവൾ. വൈകല്യമുള്ള കുഞ്ഞിനെ നോക്കുന്നതിന്റെ അധിക ചിലവ് താങ്ങാനാവാതെ അവളുടെ ബാബയാണ് അവളെ ‘സെന്റ് കാതറനിലെ’ അമ്മമാരുടെ കയ്യിൽ ഏൽപ്പിച്ചത്. ഒരിക്കൽ ഒരു  ക്ലയന്റ് വിസിറ്റിനായി ഇന്ത്യയിലേക്ക് വന്ന് അതിനോടനുബന്ധിച്ചൊരു  ചാരിറ്റി ഹോം സന്ദർശനത്തിനിടയിലാണ് ഡേവ് ആദ്യമായാ തിത്തലി(പൂമ്പാറ്റ)യെ കാണുന്നത് (അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ഞാനൂഹിച്ചെടുത്തതാണ് ഈ പേര്). പന്ത്രണ്ടാം വയസ്സിലും ഒരഞ്ചു വയസ്സുകാരിയുടെ പൊക്കമേ അവൾക്കുണ്ടായിരുന്നുള്ളു. ഒരു കുഞ്ഞു ശരീരവും വലിയ തലയുമായി ആദ്യകാഴ്ചയിലേ സഹതാപം ജനിപ്പിക്കുന്ന രൂപമായിരുന്നു അവളുടേത്. എങ്കിലും അവൾ മിടുക്കിയായിരുന്നു, അതിമനോഹരമായി പാടുമായിരുന്നു. ഇംഗ്ലീഷ് പാട്ടുകളും ഹിന്ദി പാട്ടുകളും അവൾ വൃത്തിയോടെ പാടും. ഇംഗ്ലീഷ് പാട്ടുകൾ പാടുമ്പോൾ അവൾ തന്നെ സ്വന്തമായി വരികൾ മാറ്റിയെഴുതുമത്രേ. അതു പറയുമ്പോഴെല്ലാം ‘യൂ നോ മില്ലാനാ?’ എന്നു കൂടി ചേർത്ത് അദ്ദേഹം ഉറക്കെ ഉറക്കെ ചിരിക്കും. അന്നാ തിത്തലി പറന്നു കയറിയത് ഡേവിന്റെ ഹൃദയത്തിലേക്കായിരുന്നു.
അടുത്ത വർഷം ചേയ്ഞ്ച് ഫ്രീസ് (ഐ.ടി പ്രൊഫഷണൽസിന്റെ അവധിക്കാലം)കാലത്ത്  അദ്ദേഹം വീണ്ടും ഇന്ത്യയിലേക്ക് വന്നു, മിസ്സിസ്സ് ഫാൽഡറിനോടൊപ്പം. അന്നദ്ദേഹത്തിന്റെ മക്കൾ ലയാൻ ഫാൽഡറിനു പത്തു വയസ്സും മൈക്കേൽ ഫാൽഡറിനു ഏഴു വയസ്സുമായിരുന്നു.അവരുടെ വലിയ ചെറിയ ചേച്ചിയായി തിത്തലി ആൽബർഗിലേക്ക് പറന്നു. എമ്മ ഫാൽഡറായി.
ഇക്കഴിഞ്ഞ ആഴ്ചയിൽ  ‘ദ് റോയൽ ഡാനിഷ് അക്കാദമി ഓഫ് മ്യൂസിക്കിൽ’ നിന്നും ഉയർന്ന നിലവാരം പുലർത്തി ബിരുദം നേടിയ എമ്മയുടെയും അവളുടെ കൂട്ടുകാരുടെയും ചിത്രം അദ്ദേഹം എനിക്കയക്കുകയുണ്ടായി. കൂട്ടുകാരിലൊരാളുടെ തോളിൽ ഒത്തിരി സന്തോഷത്തോടെ കുഞ്ഞു കൈകൾ ആകാശത്തേക്കുയർത്തി ഇരിക്കുന്ന അവളെ കണ്ടപ്പോൾ ഞാനന്ന് സന്തോഷം കൊണ്ട് കരഞ്ഞു. ഇന്നിതെഴുതുമ്പോഴും കാരണമില്ലാത്തൊരു കാരണത്താൽ എന്റെ കണ്ണുകൾ നിറഞ്ഞാണിരിക്കുന്നത്.
എമ്മ, നീ ഭാഗ്യവതിയാണ്. നിന്റെ ഭാഗ്യദോഷമെന്ന് നിനക്ക് ജന്മം നൽകിയവർ കരുതിയ നിന്റെ കുറവായിരുന്നു നിന്റെ ഭാഗ്യം. ഡേവ് എന്ന നല്ലൊരു മനുഷ്യനിലേക്ക് നിന്നെ എത്തിച്ച ഭാഗ്യം.
“കുറവുകളെല്ലാം കുറവുകളല്ല.”
Disclaimer : ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമാണ്.

NAME : Milna Daison

Company Name : UST Global – Campus, Trivandrum

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *