പ്രത്യാശയുടെ ദിനങ്ങൾ

ഇലപൊഴിച്ചതിനു ശേഷം തളിരിലകളാൽ നിറഞ്ഞുനിൽക്കുന്ന ആൽമരം കണ്ടിട്ടുണ്ടോ?
സായാഹ്നസൂര്യപ്രഭയിൽ, ഇളം കാറ്റിൽ അവ സ്വർണമത്സ്യങ്ങളെ പോലെ തിളങ്ങും
ആ ഇലഭംഗി ആസ്വദിച്ചിട്ടുണ്ടോ..
കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാനും ഈ ആൽമരവും തമ്മിൽ നിശബ്ദമായ ഒരു ബന്ധം ഉണ്ട്..
എല്ലാ വൈകുന്നേരങ്ങളിലും ഞാൻ ഇതിന്റെ ചുവട്ടിൽ എത്തുന്നു… കുറെ നേരം കാഴ്ചകൾ കണ്ടിരിക്കുന്നു.
ഇവിടെ ഈ ഉദ്യാനത്തിൽ നിറച്ചും രസമേറിയ ജീവിത കാഴ്ച്ചകൾ ആണ്.
വൃദ്ധജനങ്ങൾ യോഗ ചെയ്യുന്നു, ചിലർ ചിത്രങ്ങൾ വരക്കുന്നു, കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നു, കുട്ടിക്കൂട്ടങ്ങൾ ടെക്സ്റ്റ് ബുക്കും നിവർത്തി നടുവിൽ വച്ച് ചർച്ചകൾ ചെയ്യുന്നു, കാമുകി കാമുകന്മാർ ചിരിച്ചുല്ലസിക്കുന്നു. ഞാൻ ഒഴിച്ച് ഈ ഭൂമിയിലുള്ളതെല്ലാം ചലിക്കുന്നു..
പതിവുപോലെ ആ സ്ത്രീയും വന്നെത്തി. എന്നിൽ ഒരുപാട് അത്ഭുദമുളവാക്കിയ രൂപം ആണ് അവരുടേത്..
സുന്ദരി എന്നതിലുപരി ആഢ്യത്വം ഉള്ള മുഖം. സാരിയാണ് വേഷം. മെലിഞ്ഞ ശരീരം. എനിക്ക് കുറച്ചപ്പുറത്തായി മരചുറ്റുകല്ലിൽ അവർ വന്നിരുന്നു.. ബാഗിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്തു. അഗ്നിക്കിരയാക്കി പുകച്ചുരുളുകൾ ആകാശത്തേക്ക് വിട്ടു രസിച്ചു.. മാസങ്ങളായി നടന്നു വരുന്ന പ്രക്രിയ..
അവിടത്തെ നിശബ്ദത ഭഞ്ജിച്ചത് ഒരു കൊച്ചു കച്ചവടക്കാരൻ ആണ്
“സാറേ കപ്പലണ്ടി വേണോ ”
“ഉം… എത്രയാ …”
“ഒരു പൊതി അഞ്ചു രൂപയാ ”
പത്തുരൂപ വാങ്ങി നിന്ന അവൻ കുറച്ചു വിഷമിച്ചു…
“അഞ്ചു രൂപ ചില്ലറ ഉണ്ടാകുമോ… എന്റെ കൈയിൽ ഇല്ല ”
“നീ ഒരു പൊതി ആ ചേച്ചിക്ക് കൊടുത്തോ.. ഇപ്പൊ ശരിയായല്ലോ…”
അവൻ ചിരിച്ചു കൊണ്ട് ആ പൊതി കൈ മാറി.
അവർ എന്നെ ഒന്ന് തുറിച്ചു നോക്കി… പിന്നെ പൊതി വാങ്ങി.
പുകവിടുന്ന തീവണ്ടി എൻജിനിൽ കൽക്കരി ഇടുന്നതുപോലെ വായിലേക്ക് ഓരോന്നായി എറിഞ്ഞു..
അതിന്റെ രുചി അറിയുന്നുണ്ടോ ആവോ.. എല്ലാം പുകച്ചുരുളുകൾ..
മഴയുള്ള ദിവസങ്ങൾ കുറെ കടന്നു പോയി.. പിന്നെ ഞാൻ അവിടെ എത്തുമ്പോൾ തളിരിലകളുടെ നിറം മാറിയിരുന്നു.. ഇലകൾ നല്ല കടും പച്ച നിറത്തിൽ നൃത്തമാടി നില്കുന്നു.. ചുറ്റുകല്ലിൽ ഞാൻ ഇരിക്കുന്നതിന് സമീപം ചോനൻ ഉറുമ്പുകൾ വരി വരിയായി മുകളിലേക്ക് പോകുന്നു..
“നമ്മളെ പോലെ ഉള്ള ഉറുമ്പുകളെ തേടുകയാണോ? ”
ആദ്യമായി അവരുടെ ശബ്ദം.. രൂപം പോലെ തന്നെ അതി മനോഹരം.
“മനസിലായില്ല?”
ചിരിച്ചുകൊണ്ട് അവർ തുടർന്നു..
“അല്ല… എന്നെയും നിങ്ങളെയും പോലെ ഒരു പണിയും ഇല്ലാത്ത ഉറുമ്പുകളെ തേടുകയാണോ എന്ന്”
“എനിക്ക് ജോലി ഉണ്ട്… അത് കഴിഞ്ഞാണ് ഞാൻ ഇവിടെ വന്നു കുറച്ചു നേരം വിശ്രമിക്കുന്നത്”
അകത്തേക്കടുത്ത പുക ഊതിപ്പറത്തി അവർ ചുറ്റുകല്ലിൽ ഇരുന്നു..
“നോക്കു സുഹൃത്തേ… നിങ്ങൾ ഇതിൽ ഏതെങ്കിലും ഉറുമ്പു വിശ്രമിക്കുന്നതായി കാണുന്നുണ്ടോ. അവ എപ്പോഴും തന്റെ ജോലിയിൽ വ്യാപൃതരായി കാണുന്നു.. ചുറ്റുമുള്ളതൊന്നും, ഈ മനോഹര പ്രപഞ്ചം പോലും അവയെ സ്വാധീനിക്കുന്നില്ല. രാവിലെ മുതൽ രാത്രിവരെ അവർ അവരുടെ കർമം ചെയ്യുന്നു.. അത് ജീവിതാവസാനം വരെ തുടരുന്നു. അതാണ് ഞാൻ അങ്ങനെ ചോദിച്ചത്… അഥവാ തിരഞ്ഞാലും നിങ്ങൾക്ക് കിട്ടില്ല..”
“ശരിയാണ്… പക്ഷെ നിങ്ങളെ പോലെ പുകവലിക്കുന്ന ജീവികളെ ഒരു വിഭാഗത്തിലും തിരഞ്ഞാൽ കിട്ടില്ല”
അത് അവർക്കു നന്നേ രസിച്ചു… ചിരി മാറി പൊട്ടിച്ചിരി ആയി.. ഞാൻ അത്ഭുതപ്പെട്ടു.. ഈ സ്ത്രീ തന്നെയാണോ എന്റെ അരികിൽ ഇത്രയും കാലം മിണ്ടാതെ ഇരുന്നതെന്ന്
പതിയെ പതിയ സഹൃദ സംഭാഷണങ്ങൾ നീണ്ടു.. എന്റെ കൂടെ ഇരുന്നു പുകച്ചുരുളകൾ കൊണ്ട് ആകാശത്തു ഛായം വരയ്ക്കുന്ന ഈ സ്ത്രീ തത്വചിന്തയിൽ അഗ്രഗണ്യ ആണ് എന്ന് മനസിലായി. പല സംഭാഷങ്ങളും പൂർണമായി ഗ്രഹിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.. ഒരിക്കൽ ഞാൻ അവരുടെ കുടുംബത്തെ പറ്റി ചോദിച്ചു..
ദൂരെ ചൂണ്ടി അവർ പറഞ്ഞു..
“ആ കാറും അതിന്റെ ഡ്രൈവറിന്റെയും മുതലാളി ആണ് എന്റെ ഭർത്താവു.. ഒരു മകൾ ഉണ്ട്.. 5th ഇൽ പഠിക്കുന്നു…”
“ഇനി വരുമ്പോൾ മോളെ കൂടി കൊണ്ട് വരുമോ” ഞാൻ ചോദിച്ചു..
“നോക്കട്ടെ”,,,
അടുത്ത ദിവസം ഒരു കൊച്ചു മിടുക്കിയുമായി അവർ എത്തി.. ചുരുണ്ട മുടിയും ചലപിലാ സംസാരവും ഉള്ള കൊച്ചു കുറുമ്പത്തി. അടുത്ത കടയിൽ നിന്നും ഞാൻ ഒരു കൂടു കപ്പലണ്ടി മിഠായി മേടിച്ചു അവളുടെ കൈയിൽ കൊടുത്തു. അത്ഭുതത്തോടെ അതിൽ നോക്കി നിൽക്കുന്ന അവളെ കണ്ടു അവർ പറഞ്ഞു..
“കഴിച്ചോ മോളെ.. കപ്പലണ്ടി മിഠായി ആണ്, അമ്മയുടെ കുട്ടിക്കാലത്തു ഒരുപാടു കഴിച്ചിട്ടുണ്ട് ഇത് ”
അതും കടിച്ചു പിടിച്ചു അവൾ അവിടെയൊക്ക ഓടിനടന്നു.. “എല്ലാം കോർപ്പറേറ്റുകൾ കൈയടിക്കി അല്ലെ? ” ഞാൻ പറഞ്ഞു. .. “ഇപ്പോൾ എല്ലാം നല്ല ഭംഗിയുള്ള കവറുകളിൽ ചിലതു സിനിമ അഭിനേതാക്കളുടെ ചിത്രങ്ങളുമായി വരുന്ന ചോക്കലേറ്റ് കട്ടകൾ മാത്രം. കുട്ടികൾക്ക് വേറെ ഒന്നും അറിയില്ല. പണ്ട് കണ്ട നാരങ്ങാ മിഠായിയും തേൻ മിഠായിയും ഞാൻ അടുത്തിടെ പാക്കറ്റ് ആക്കിയത് ഒരു സൂപ്പർമാർകെറ്റിൽ കണ്ടിരുന്നു.. ഒന്നിനും ആ പഴയ സ്വാദ് ഇല്ല. ചില്ലുകുപ്പിയിൽ നിന്ന് കടക്കാരൻ എടുത്തുതന്നിരുന്ന ആ പഴയ സ്വാദു ഒന്നും ഇപ്പൊ ഉള്ള ഒന്നിനും ഇല്ല”
അവർ ഒന്ന് ചിരിച്ചു.. എന്നിട്ടു പറഞ്ഞു..
“അത് അങ്ങനെ അല്ലേ സുഹൃത്തേ എല്ലാം.. ഒരു മുപ്പത് കൊല്ലത്തിനപ്പുറം നിങ്ങൾ ഈ കുട്ടിയോട് ചോദിച്ചാൽ അവൾക്കു അന്ന് പറയാൻ ഉള്ളത് ഈ പറഞ്ഞ ചോക്കലേറ്റ് കട്ടകളെ പറ്റി തന്നെ ആകും. പഴമ എന്നത് ആപേക്ഷികമാണ്.. എന്റെ പഴമ അല്ല എന്റെ മോൾക്ക് പഴമായി തോന്നുക.. നമ്മുടെ അച്ചനമ്മമാരോട് ചോദിച്ചാൽ അവർക്കു പറയാനുള്ളത് വേറെ പലഹാരങ്ങളുടെ കഥയാകും. കാലം ജീവിതരീതിയെ മാറ്റികൊണ്ടിരിക്കും. അതിൽ പരാതിപ്പെടേണ്ട കാര്യം ഇല്ലാ”
അറിയുംതോറും അവരുടെ വ്യക്തിത്വം കൂടുതൽ പ്രഭ ഉള്ളതാണെന്ന് തോന്നി എനിക്ക്.
“ഇന്ന് പുക വലിക്കുന്നില്ലേ?”
അവർ ചിരിച്ചു..
“ഇല്ല.. അവൾ കാൺകെ ഞാൻ അത് ചെയ്യുന്നത് ശരി അല്ല.”
“എങ്കിൽ പിന്നെ അങ്ങ് നിർത്തിക്കൂടെ? ഇത് ശരീരത്തിന് കേട് അല്ലെ”
“അതെ.. ആണ്.. പക്ഷെ എന്റെ ആകെ ഉള്ള ദു:ശീലമാണ്… എന്റെ മനസിന് ഞാൻ കൊടുക്കന്ന ഒരു തരം ആശ്വാസം എന്ന് വേണേൽ നിങ്ങൾക്ക് പറയാം.” അവർ തുടർന്നു ” നോക്കു സുഹൃത്തേ.. ജീവിതം സിഗരറ്റ് കൊള്ളി പോലെ ആണ്.. അത് ഓരോ തുള്ളിയും ആസ്വദിക്കൂ… കാരണം ഇതിനു ഒരു അവസാനം ഉണ്ട്.. അതിനപ്പുറത്തേക്ക് ഒന്നും ഇല്ല. ഇതിനെ കുറച്ചു നേരം കൂടുതൽ നിലക്കുന്ന രീതിയിൽ ഉപയോഗിക്കാം. പക്ഷെ അതിനും അർത്ഥമില്ല. ഒരറ്റം മുതൽ ഇങ്ങേ അറ്റം വരെ എരിഞ്ഞു തീർന്നേ മതിയാകൂ… അത് ആരായാലൂം ”
അടുത്ത ദിവസം രണ്ടു ഇലയപ്പവും ആയി ആണ് ഞാൻ എത്തിയത്. മകൾ ഇല്ലാത്ത കാരണം പുകച്ചുരുളുകൾ ആലസ്യത്തോടെ തിങ്ങിനിന്നിരുന്നു..
“വട്ടയിലയിൽ ഉണ്ടാക്കിയ ഇല അപ്പം ആണ്… ഒരു ‘അമ്മ കച്ചവടത്തിന് വച്ചിരുന്നു.. കണ്ടപ്പോൾ രണ്ടണ്ണം വാങ്ങി”
വളരെ സന്തോഷത്തോടെ അവർ അത് കഴിച്ചു..
“നിങ്ങൾ എന്തെ ഒരു വിവാഹം കഴിച്ചില്ല?”
“എന്തേലും ഗുണം ഉണ്ടോ? നിങ്ങൾ പറയൂ തത്വചിന്തകീ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഉണ്ടാകാം ഉണ്ടാകാതിരിക്കാം . എന്റെ കാര്യത്തിൽ ഉണ്ടായില്ല… ” അവർ ചിരിച്ചു കൊണ്ട് തുടർന്നു ” എന്റെ ഭർത്താവിന് ബിസിനസ് അല്ലാതെ മറ്റൊന്നും ഇല്ല.. എന്റെ മകൾ മാത്രമാണ് ഇപ്പോൾ ഞങ്ങളെ ബന്ധിച്ചിരിക്കുന്ന ചരട്… അതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല. ഞാൻ എന്റെ സന്തോഷങ്ങൾ മാത്രേ ഇപ്പൊ നോക്കാറുള്ളു.. അവരവർ തങ്ങളുടെ കർമങ്ങൾ യഥാസമയം ചെയ്യുക.. അത്രെയേ ഉള്ളു.”
ഒരു നിശബ്ദത വന്നു മൂടി.. ഞാനും അവരും മുന്നോട്ടു നോക്കി ഇരുന്നു… കാഴ്ചകൾ ഒന്നും കാണുന്നുണ്ടായിരുന്നില്ല… മുന്നിൽ നടക്കുന്നതൊന്നും കണ്ണുകൾ തലച്ചോറിൽ എത്തിച്ചില്ല… മറ്റു ചിന്തകളിൽ മുഴുകി… ശരീരം പോലും…
ഇന്ന് എന്റെ പിറന്നാൾ ദിനം ആണ്. ജോലിക്കു പോയില്ല. അമ്പല ദർശനം രാവിലെ കഴിച്ചു.. ഉച്ചക്ക് പാരഡൈസ് ഹോട്ടലിൽ പോയി ഒരു സദ്യയും കഴിച്ചു എങ്ങോട്ട് പോകാൻ എന്ന് ആലോചിച്ചു. ഇത്തരം ദിവസങ്ങളുടെ വിരസത ഈ ലോകത്തിൽ എത്രത്തോളം ഞാൻ ഒറ്റപ്പെട്ടവൻ എന്ന നീറ്റലിൽ എത്തിച്ചു. ഒരേ ഒരു ബന്ധുവേ എനിക്കുള്ളൂ.. ഉദ്യാനവും ആൽമരവും ലക്ഷ്യമാക്കി നടന്നു..
ചുറ്റുകല്ലിൽ ആകാശത്തേക്ക് നോക്കി കിടന്നപ്പോൾ ഈ ആൽമരം അമ്മയെന്ന് എനിക്ക് തോന്നി.. ഇതാ എന്നെ അവർ ആശ്വസിപ്പിക്കുന്നു. ഉച്ചവെയിൽ കൊള്ളാതെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് എന്നെ മടിയിൽ കിടത്തിയിരിക്കുന്നു. എന്നോട് സംസാരിക്കുന്നു… അമ്മേ നിനക്ക് നന്ദി..
നല്ല തണുത്ത വിരലുകളുടെ സ്പർശനത്താൽ ആണ് ഞാൻ ഉണർന്നത്…
“എന്തേ പതിവില്ലാത്ത ഒരു വേഷവും ഉറക്കവും. ജോലിക്കു പോയില്ലേ?”
മുന്നിൽ ചെറുചിരിയുമായി ഒരു ദേവതയെ പോലെ അവർ നിൽക്കുന്നു..
“ഇല്ല. ചെറിയൊരു വിശേഷം ഉണ്ട്.. ഇന്നേക്ക് 35 വർഷങ്ങൾക്കു മുൻപാണ് ഞാൻ ഈ ഭൂമിയിലേക്ക് വന്നത് ” എണീറ്റിരിക്കവേ ഞാൻ പറഞ്ഞു.
ആ കണ്ണുകൾ വികസിച്ചു.. നല്ലൊരു ചിരി പുറത്തുവന്നു..
“എന്റെ വക ഒരായിരം ജന്മദിനാശംസകൾ”
“താങ്ക്സ്”
ഒരു ചെറിയ വെപ്രാളത്തോടെ അവർ പറഞ്ഞു. “എന്റെ കൈയിൽ നിങ്ങൾക്കു സമ്മാനിക്കാൻ ഒന്നുമില്ലലോ”
കുറച്ചു നേരത്തെ ആരുമില്ല എന്ന വിഷാദ ഭൂമിയിൽ അലഞ്ഞ എനിക്കിതാ ഒരു സമ്മാനം തരാൻ ഒരാൾ ആലോചിക്കുന്നു.
“നിങ്ങൾ മുടിയിൽ ചൂടിയിരിക്കുന്ന ആ പനിനീർ പുഷ്പം മതി എനിക്ക്” മുഖത്തു നോക്കാതെ ആണ് ഞാൻ അത് പറഞ്ഞത്.
അവർ എന്നെ നോക്കിയോ.. ആവോ അറിയില്ല.
ആ മുടിയിഴകളിൽ നിന്ന് പുഷ്പം അടർക്കപ്പെട്ടു. എന്റെ നേർക്കു നീട്ടപ്പെട്ടു. ആഹാ എത്ര ഭാഗ്യവാനാണ് ഞാൻ. എനിക്കിതാ ഈ ലോകത്തിലെ ഏറ്റവും സുഗന്ധമുള്ള പുഷ്പം സമ്മാനിക്കപ്പെട്ടു..
“നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എത്ര വിരസമായിപ്പോയേനെ ഈ ദിവസം ” ഞാൻ മുഖത്തേക്ക് നോക്കി.
പുകമറയിൽ നിന്നുകൊണ്ട് തന്നെ ആ ചുണ്ടുകൾ ചലിച്ചു തുടങ്ങി.
“വിരസത നിങ്ങൾക്കാരുമില്ല എന്ന ചിന്തയുടെ ബാക്കിപത്രം. ഉപേക്ഷിക്കൂ.. ദാ ഈ പുകപോലെ ഊതി പുറത്തേക്കു കളയൂ…”
ദിവസങ്ങൾ പലതും കടന്നുപോയ്കൊണ്ടിരുന്നു.. ആ ആൽമരവും ചുറ്റുകല്ലും പ്രപഞ്ചത്തിന്റെ തന്നെ കേന്ദ്രബിന്ദുവാണെന്നു തോന്നി എനിക്ക്. ഓരോ ദിവസവും സൂര്യന്റെ പടിഞ്ഞാറോട്ടുള്ള തേരോട്ടത്തിന് വേഗം കൂടാൻ ഞാൻ പ്രാർത്ഥിച്ചു.
മൂന്നു നാലു ദിവസമായി ഞാൻ വലിയ സങ്കടത്തിൽ ആണ്. എന്റെ സുഹൃത്തിനെ കാണാൻ ഇല്ല. ആകാശത്തു പൊട്ടുപോലെ പരുന്തുകൾ പറക്കുന്നു. എത്ര ഉയരത്തിലാണവ. അല്ലയോ ദൈവമേ നീ എനിക്ക് ചിറകുകൾ തന്നിരുന്നങ്കിൽ ഞാനും മേഘങ്ങൾക്കൊപ്പം പറന്നു എന്റെ സുഹൃത്തിനെ തേടിയേനെ.
ആഴ്ചയുടെ അവസാന ദിവസം എന്റെ സർവ സങ്കടവും മാറ്റുന്ന ആ നടത്തം ഞാൻ ദൂരെ നിന്നെ കണ്ടു. എന്തേലും ഞാൻ ചോദിക്കുന്നതിനു മുന്നേ തന്നെ അവർ മറുപടി പറഞ്ഞു.
“മകൾ സ്കൂളിൽ ഒന്ന് വീണു. കൈയിൽ ഒരു പൊട്ടൽ ഉണ്ട്. അവളുടെ കൂടെ തന്നെ മാറാതെ നിൽക്കേണ്ടി വന്നു.”
“അയ്യോ.. അത് കഷ്ടമായല്ലോ… എന്നിട്ടിപ്പോൾ എങ്ങനെ ഉണ്ട്” ഞാൻ ചോദിച്ചു
“ഏയ്. ഇപ്പൊ എല്ലാം ശരിയായി… പ്ലാസ്റ്റർ ഇട്ട കൈയുമായി ആണ് ഇപ്പോൾ ഓട്ടം.. അത്ര വ്യത്യാസമേ ഉള്ളു.” അവർ ചിരിച്ചു കൊണ്ട് പിന്നെയും ചോദിച്ചു.. “എന്നെ കാണാതെ വിഷമിച്ചോ”
“ഒരുപാട്. ചില അവസരങ്ങളിൽ ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തി”
അവർ മറുപടി പറഞ്ഞില്ല… ചിരിച്ചും ഇല്ല. പകരം ആ തണുത്ത കൈകൾ എന്റെ കൈത്തണ്ടയിൽ വച്ചു. കുറെ നേരം അങ്ങനെ ഇരുന്നു.. ആരും സംസാരിച്ചില്ല. വാക്കുകൾക്കു അതീതമായിരുന്നു ആ നിമിഷം.
പ്രണയത്തിന്റെ മധുരമുള്ള ദിനങ്ങൾ… അനുഭവിച്ചു തന്നെ അറിയണം.
മഴമൂടികെട്ടിയ ആകാശത്തിനു കീഴെ ഞങ്ങൾ.
പ്രണയസാക്ഷിയാം വൃക്ഷത്തിന്റെ ഇലകൾക്കു നിറവ്യത്യാസം വന്നിരിക്കുന്നു..
“അടുത്ത് തന്നെ ഈ മരം ഇലകളെല്ലാം പൊഴിക്കും.” ഞാൻ അവരോടു പറഞ്ഞു…
“നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടോ” അവർ മുഖമൊന്നുയർത്തി ചോദിച്ചു..
സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി ആ ചോദ്യത്തിൽ. മുഖത്തു തന്നെ നോക്കി, കൃഷ്ണമണി പോലും ചലിക്കാതെ ഉത്തരത്തിനായി ആ കണ്ണുകൾ പ്രതീക്ഷിച്ചു നിൽക്കുന്നു..
“ഉണ്ടോ എന്നോ പ്രിയേ… എന്റെ ശരീരത്തിലെ ഓരോ അണുവും നിന്നിൽ അലിഞ്ഞുചേരാൻ കൊതിക്കുന്നു. എന്റെ മനസിലെ ഓരോ താഴുകളും നിനക്കായി എന്നേ തുറക്കപ്പെട്ടു.. എന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന ഓരോ തുള്ളി രക്തവും നിന്റെ ഹൃദയമിടിപ്പിൻ താളമറിയാൻ കൊതിക്കുന്നു..”
അവരുടെ മുഖത്തേക്ക് നോക്കി ഞാൻ വീണ്ടും പറഞ്ഞു..
“നിങ്ങൾ എന്നെ സ്നേഹിക്കുണ്ടോ?”
മറുപടി ഒന്നും ഉണ്ടായില്ല. കാറ്റ് ശരീരത്തിലെ ഓരോ അംശവും തഴുകികൊണ്ടിരുന്ന ആ വേളയിൽ അവർ തലചരിച്ചു എന്റെ തോളിൽ വച്ച് കണ്ണുകൾ അടച്ചു. പനിനീർ പുഷ്‌പത്താൽ അലക്കരിക്കപ്പെട്ട കേശത്തിന്റെ സുഗന്ധം… ദൈവമേ.. ഈ ദിവസം കഴിയാതിരുന്നുവെങ്കിൽ..
ദിവസങ്ങൾ പിന്നെയും കടന്നു പോയി. ആൽമരത്തിന്റെ ഇലകളെല്ലാം കൊഴിഞ്ഞു. പ്രേതപിറമ്പിൽ ഉപേക്ഷിക്കപ്പെട്ട അസ്ഥികൂടം പോലെ അത് കാണപ്പെട്ടു.
അവർ എന്നോട് പറഞ്ഞു.
“നോക്കു.. ഇനിയും ഇവിടെ ഒരു പത്തു ദിവസം കൂടി വന്നാൽ പിന്നെ എനിക്ക് തിരികെ പോകാൻ പറ്റുമെന്നു തോന്നുന്നില്ല. ഇത്രയും കാലം ഞാനും എന്റെ മകളുമായി ബന്ധിച്ചിരിക്കുന്ന ചരട് ശക്തിയുള്ളതായിരുന്നു. പക്ഷെ ഇപ്പോൾ അതിന്റെ ശക്തിയും കുറയുന്നതായി ഞാൻ കാണുന്നു. ആ ചരട് പൊട്ടിയാൽ ഞാൻ അതീവ സന്തോഷവതിയായിരിക്കും, പക്ഷെ എന്റെ മകൾ…. ”
അവർ എന്റെ കൈത്തണ്ട എടുത്ത് ചുണ്ടോടു ചേർത്തു. ആദ്യ ചുംബനം. ആ കണ്ണുകൾ കലങ്ങിയോ..
പിന്നെയും എന്റെ മുഖത്തു നോക്കി അവർ പറഞ്ഞു..
“നിങ്ങളെ എനിക്ക് ഒരുപാടിഷ്ടമാണ്.. നിങ്ങൾ ഒരിക്കലും വിഷമിക്കരുത്. ഈ ആൽമരം നോക്കു. അതുപോലെ ആണ് ഇപ്പോൾ നമ്മൾ രണ്ടു പേരും. കാലം അല്പസമയത്തെ വിരാമം കഴിയുമ്പോൾ ഇതിനു തളിരിലകൾ സമ്മാനിക്കുന്നത് പോലെ പരസ്പരം നമ്മളും മറന്ന് പുതു ജീവസ്സോടെ യാത്ര തുടരും”
“ഒരു യാത്ര പറച്ചിൽ ആണോ ഇത്” ഞാൻ ദയനീയമായി മുഖത്തേക്കു നോക്കി.
“നിങ്ങൾ പുനർ ജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ?” അതിനു മറുപടി ഇങ്ങനെ ആണ് വന്നത്..
ഞാൻ എന്തേലും പറയുന്നതിന് മുന്നേ അവർ എന്നെ ആലിംഗനം ചെയ്തു. രണ്ടു ശരീരങ്ങൾ ഒത്തു ചേർന്നു. ഒരു മിനിട്ടത്തേക്ക് ആ ലോകത്തു നമ്മൾ അല്ലാതെ ആരും ഉണ്ടായില്ല.. ആരെയും ശ്രദ്ധിച്ചില്ല. കെട്ടുവിടിപ്പിച്ചു അവർ ഒന്നും പറയാതെ തിരിച്ചു നടന്നകന്നു. ഒന്ന് തിരികെ നോക്കുകപോലും ചെയ്യാതെ.
പക്ഷെ ആ കാഴ്ച്ച ഞാൻ കാണുന്നുണ്ടായിരുന്നില്ല… എന്റെ നിയന്ത്രണത്തിൻ്റെ ചങ്ങലകൾ പൊട്ടിച്ചൊഴുകിയെത്തിയ കണ്ണുനീർ തുള്ളികൾ ഒന്നും കാണിച്ചുതന്നിരുന്നില്ല. എല്ലാം നിറമുള്ള എണ്ണ ഛായാചിത്രങ്ങൾ മാത്രമായി തോന്നി. എല്ലാം അവസാനിക്കുന്നു…
സഖീ.. ഒരു തിരിച്ചുവരവുണ്ടാകുമോ? തളിരിലകളുമായി പുതു ജീവസ്സോടെ നിൽക്കുന്ന ഈ ആൽമരത്തെ കാണാൻ…
ശുഭം.
Name : Bipin B S
Company Name : Idynamics Software pvt ltd. Technopark trivandrum
Click Here To Login | Register Now

  1. Nithin

    The words made the scean visible…..felt like I was there watching all the happenings….or was I the tree, who witnessed those happening

Leave a Reply

Your email address will not be published. Required fields are marked *