ചിത്രം മറുചിത്രം
പ്രകൃതിയുടെ ക്യാൻവാസിൽ
പച്ചപ്പാടം നികത്തിയൊരു
അംബരചുംബി
ചിറക് വിരിക്കുമ്പോൾ
പാടത്തിനപ്പുറത്ത്
മണ്ണുമാന്തി
മല തുരന്ന വിടവിലൂടുദിച്ച
സൂര്യന്റെ നിറം
പഴയ കടലാസ്സ് ചിത്രത്തിൽ
നിന്ന് മങ്ങി തുടങ്ങുന്നു.
അഭയാർത്ഥി ക്യാമ്പിലെ
പ്ലാസ്റ്റിക് കുപ്പികളിലേക്ക്
പട്ടയമില്ലാ ഭൂമിയിൽ നിന്ന്
പുഴയൊരെണ്ണം
കുടിയൊഴിപ്പിക്കപ്പെട്ടു.
പത്രത്താളുകളിൽ
മഷി കലർന്ന്
മുറിഞ്ഞ വാർത്തയിൽ
ചത്ത് പൊന്തിയ പരൽ മീനുകൾ.
ടാറിട്ട റോഡിൽ
മാളമില്ലാത്തൊരു മണ്ണെലി
ചതഞ്ഞരഞ്ഞ നോവിൻ ചുവപ്പ്.
നരച്ച് മരവിച്ച ചില്ലമേൽ
കൂടില്ലാ കിളികൾ മാത്രം
വെറുതെയൊന്ന് പിറുപിറുത്തു.
നിറം മാറാനാവതെയൊരോന്ത്,
വിഷക്കനി തുപ്പിയൊരണ്ണാൻ,
ഷോക്കേറ്റ് വീണോരു വവ്വാൽ
ഇത്യാദികളെ വഹിച്ചൊരു
ഉറുമ്പുട്രെയിൻ.
കീഴെയഴുക്കുചാലിൽ
ഭക്ഷ്യശൃംഖലയറ്റ ദുർഗന്ധം.
ക്യാൻവാസിന് മറുപുറത്ത്
അസ്തമിക്കുന്ന സൂര്യൻ.
മല,പുഴ,മണ്ണ്…
മരിച്ച ആത്മാക്കളുടെ
ഓർമ്മകൾ
കരിമണൽ കൊണ്ട് മൂടുന്നു.
കറുത്ത വാവിന്റെ ബലിച്ചോറുണ്ട്
കാക്കകൾ മാത്രം
ആകാശത്തിൽ അവശേഷിക്കുന്നു.
Name : SALINI V S
Company Name : Cognizant Technology Solutions, Phase2, Naveda CNC.
You need to login in order to like this post: click here
Leave a Reply