അഴികൾക്കുള്ളിൽ ഒരു ഫുട്ബാൾ

നേരം വൈകാൻ തുടങ്ങിയിരുന്നു .ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായാണ് റിച്ച ഓഫീസിൽ നിന്നും ഇറങ്ങിയത്‌ .തിരക്കു നിറഞ്ഞ ഹൈവേയിലെ വാഹനങ്ങളെ അലസമായിനോക്കിക്കൊണ്ട്‌ അവൾ ഫ്ലാറ്റിലേയ്ക്കു നടന്നു. റിച്ച , ഇന്ഫോപാര്ക്കിലെ ഒരു പ്രമുഖ MNC യിൽ HR എക്സിക്യൂട്ടിവ്. ലോകകപ്പ്‌ഫുട്ബോൾ തുടങ്ങിയിരുന്നു അതുകൊണ്ട് തന്നെ വഴികൾക്കിരുവശവും ആരാധകരുടെ ഫ്ലെക്സ് ബോർഡുകൾ കാണാമായിരുന്നു .എല്ലാ മലപ്പുറംകാരെയുംപോലെ റിച്ചയുടെയും ഇഷ്ടങ്ങളിൽ ഒന്നാണ് ഫുട്ബോൾ. ഹൈവേയിൽ നിന്നും കുറച്ചകത്തെയ്ക്കു മാറി തലയെടുപ്പോടെ നില്ക്കുന്ന ഒരു ഫ്ലാറ്റിലാണ് അവളുടെ താമസം . റിച്ചയുടെ ഫ്ലാറ്റിലെ ഹാളിനു 2 വശങ്ങളിലായി 2 ബാല്ക്കണികളാണുള്ളത് .ഒന്ന് ഹൈവേയിലെ തിരക്കേറിയ കാഴ്ച്ചകളിലെയ്ക്കും മറ്റൊന്ന് മെയിൻ റോഡിലേയ്ക്ക് വന്നുചേരുന്ന ഒരുചെറിയ ഇടവഴിയിലെയ്ക്കും തുറക്കുന്നു .ആ രണ്ടാമത്തെ ചെറിയ ബാൽക്കണിയിൽ നിന്നുള്ള കാഴ്ചകൾ ആണ് റിച്ചയ്ക്കിഷ്ടം . അവിടെ നിന്ന് നോക്കിയാൽ തിരക്കില്ലാത്ത ആചെറിയ റോഡു കാണാം ,അതിനപ്പുറമൊരു ചെറിയ മൈതാനമുണ്ട് അവിടെ വൈകിട്ട് കുട്ടികൾ ഫുട്ബോൾ കളിക്കാൻ വരും അതിനുമപ്പുറം ശോഷിച്ചു കൊണ്ടിരിക്കുന്ന ഒരുവയലിൻറെ ശേഷിച്ച ഭാഗങ്ങൾ കാണാം.അവിടവിടെ ഉയര്ന്നു വരുന്ന മറ്റു ഫ്ലാറ്റുകളും . ഈ ബാല്ക്കണി സ്പേസ് ആണ് റിച്ചയ്ക്ക് ഏറെയിഷ്ടം. ഇവിടെയിരുന്നാണ് അവൾ പുസ്‌തകങ്ങൾ വായിക്കാറുള്ളത്, സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നത് , യോഗയോ ധ്യാനമോ ചെയ്യുന്നത് . തന്റെ ഫോണിലെ വാട്ട്സ് ആപ്പിൽ നിന്ന് സന്ദേശങ്ങൾ പൂമ്പാറ്റകളെ പോലെ പറന്നു പോകുന്നത് ഈ ബാല്ക്കണിയിലൂടെയാണ് എന്ന് വിശ്വസിക്കാനാണ് രിച്ചയ്ക്കിഷ്ടം . വൈകിട്ട് ആമൈതാനത്തിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നത് അവൾ കൌതുകത്തോടെ വീക്ഷിക്കാറുണ്ട് അവര്ക്കിടയിലൂടെ പെലെയും റൊണാള്ടോയുമൊക്കെ പന്തുമായി പോകുന്നത്അവൾ കാണാറുണ്ട്. സഹപാഠിയുടെ നഷ്ടപ്രണയത്തിന്റെ വിശേഷങ്ങളുടെ ഇമെയിൽ വായിക്കുമ്പോൾ അവൾക്കു കാണാം അങ്ങ് ദൂരെ. വയലിലെവിടെയോ മുഷിഞ്ഞ വസ്ത്രവുമായി,ചോരയൊലിക്കുന്ന ഇടം ചെവിയും പോത്തിപ്പിടിച്ചുകൊണ്ട്‌ ഉഴറി നടക്കുന്ന വാൻഗോഗിനെ . ചിലപ്പോൽ രാവിലെ ധ്യാനം കഴിഞു ശാന്തമായ മനസ്സോടെ മിഴികൾ തുറക്കുമ്പോൾകാണാം ഒന്നിന് പുറകെ ഒന്നായി കൊഴിഞ്ഞു വീഴുന്ന ആലിലകൾ .....അതിനിടയിലൂടെ ദൂരേക്ക്‌ നടന്നു പോകുന്ന ബുദ്ധൻ .കാറ്റിൽ അദ്ദേഹത്തിന്റെ വസ്ത്രം ഉലയുന്ന അഗ്നിനാളംപോലെ ഇളകിക്കൊണ്ടിരിക്കും. കാലത്തിനപ്പുറത്തേയ്ക്ക് നീണ്ടു കിടക്കുന്നു എന്ന് തോന്നുന്ന പാതയിലൂടെ ആ രൂപം നടന്നു മറയുന്നത് വരെ അവൾ നോക്കി നില്ക്കും . ഇപ്പോൾ റിച്ച ഓഫീസിൽ നിന്നും നേരത്തെ എത്തും. എല്ലാ പണികളും തീർത്തു റെഡി ആയി ഇരിക്കും .കാരണം രാത്രി 9.30നും 1.30നും ആണ് ഫുട്ബാൾ മത്സരങ്ങൾ .ഒറ്റ മത്സരംപോലും അവൾ വിട്ടുകളയാറില്ല .അന്ന് രാത്രിയിലും പതിവുപോലെ 1.30 ന്റെ കളി കാണാൻ മൊബൈലിൽ അലാറം വച്ച് കിടന്നു .രാത്രിയിൽ എപ്പോഴോ മുറിയിൽ ഒരു അനക്കംകേട്ടാണ് റിച്ച ഉണര്ന്നത് . ഇല്ല . അലാറം അടിച്ചിട്ടില്ല .പുറത്ത് എവിടൊക്കെയോ ഉള്ള പ്രകാശങ്ങൾ ജനാലചില്ലിലൂടെ കടന്നു വന്നു മുറിയിൽ അവ്യക്തമായ ചിത്രങ്ങൾവരച്ചുകൊണ്ടിരുന്നു .മുറിയുടെ പകുതി തുറന്നു കിടന്ന വാതിലിലൂടെ ഹാളിൽ പതുങ്ങി നില്ക്കുന്ന ഒരു നിഴൽ രൂപം അവൾ കണ്ടു .കള്ളൻ..! റിച്ച പൊടുന്നനെ മുറിയിൽ നിന്ന്ഹാളിലേയ്ക്ക് ഓടിവന്നു .അവിചാരിതമായി വീട്ടുകാരിയെക്കണ്ട നടുക്കത്തിൽ കള്ളൻ പകച്ചു നിന്നു്..കള്ളൻ ടി വി സ്റ്റാന്റിനു അടുത്തായാണ്‌ നിന്നിരുന്നത് . പൊടുന്നനെമറ്റൊന്നുമാലോചിക്കാതെ റിച്ച പറഞ്ഞു "നിങ്ങൾ മോഷ്ടിക്കാനാണ് വന്നതെങ്കിൽ ദയവു ചെയ്തു ആ ടി വി കൊണ്ട് പോകരുത് .എനിക്ക് കളി കാണാനുള്ളതാണ് . അതിനുതാഴെയുള്ളമേശയിൽ കുറച്ചു രൂപ കാണും അത് എടുത്തോ ". കള്ളൻ അന്തം വിട്ടു നിന്നു് പോയി. മോഷ്ടിക്കപ്പെടുന്നവന്റെ ഭയമാണ് മോഷ്ടാവിന്റെ ധൈര്യം. ഇവിടെ മോഷ്ടിക്കപ്പെടുന്നവന്റെ ധൈര്യം കള്ളന്റെ സകല ധൈര്യവും ചോർത്തിക്കളഞ്ഞു .നിശ്ചലനായി നില്ക്കുന്ന കള്ളനെകണ്ടു അവൾ ചോദിച്ചു "താൻ കള്ളൻ തന്നെയല്ലേ ?" റിച്ച സംശയിച്ചു . ആ ചോദ്യം അവനെ വീണ്ടും അപഹാസ്യനാക്കി . തന്റെ രൂപം ഒരു കള്ളനു ചേർന്നതല്ല എന്ന തോന്നൽ അവനെ വീണ്ടും ഒരു ഭീരുവാക്കി ."അതെ " എന്ന് പറഞ്ഞിട്ട് അവൻ ആ ചെറിയബാല്ക്കണിക്കടുത്തെക്ക് നടന്നു .ആ ചെറിയ വഴിയിലേക്ക് തുറക്കുന്ന ബാൽക്കണിയുടെ ഡോര് തുറന്നു കിടക്കുന്നത് റിച്ച അപ്പോളാണ് ശ്രദ്ധിച്ചത് .താഴെ നിന്നും എങ്ങനെയോ അവൻ ബാല്ക്കണിയിലെയ്ക്ക് വലിഞ്ഞു കയറിയിരിക്കണം . പിന്നെ പുറത്തു നിന്ന് എങ്ങനെയോ വാതിൽ തുറന്നായിരിക്കണം അവൻ അകത്തുകടന്നത് , റിച്ച ഊഹിച്ചു ."അപ്പോൾ ഒന്നും എടുക്കുന്നില്ലേ " ? "ഇല്ല " എന്ന് പറഞ്ഞു കൊണ്ട് അവൻ വന്ന വഴിയിലൂടെ തിരിച്ചിറങ്ങാൻ ശ്രമിച്ചു .പെട്ടെന്നാണ് റോഡിലൂടെ പട്രോളിംഗ് നടത്തുന്ന ഒരു പോലീസ് ജീപ്പ് ഇടവഴിയിൽ ഒരിടത് പാർക്ക് ചെയ്തിരിക്കുന്നത് അവൻ കണ്ടത് . "നാശം " എന്ന് പിറുപിറുത്തു കൊണ്ട് അവൻ ബാൽക്കണിയിൽ തന്നെ നിന്ന് . റിച്ച ക്ലോക്കിലെയ്ക്ക് നോക്കി. 1.30 ആകുന്നു .അവളുടെ അലാറം അടിക്കാൻ തുടങ്ങി . "ഇനി കളി കണ്ടിട്ട് പോകാം , അപ്പോഴേയ്ക്കും പോലീസുകാർ പോകുമായിരിക്കും ". റിച്ച കള്ളനെ കളി കാണാൻ ക്ഷണിച്ചു .ബ്രസീലും ചിലിയും തമ്മിലുള്ള മത്സരമായിരുന്നു അന്ന് . പൊരുതിക്കളിചെങ്കിലും പെനാൽത്ടി ഷൂട്ടൌട്ടിൽ ചിലി തോല്ക്കുന്നത് കണ്ട അവൻ നിരാശനായി ."പക്ഷെ എനിക്ക് ബ്രസീൽ ജയിക്കണം എന്നായിരുന്നു " റിച്ച തന്റെ സന്തോഷം മറച്ചു വച്ചില്ല . "നന്നായി കളിക്കുന്നവർ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം ." അവൻ പുറത്തേയ്ക്ക് നോക്കി . പക്ഷെ ഭാഗ്യവും കൂടി വേണമല്ലോ ". അവൻ തിരികെ ബാല്ക്കണിക്കടുതെയ്ക്ക് നടന്നു . റോഡിൽ ആരുമില്ല എന്നുറപ്പ് വരുത്തിയശേഷം അവൻ പോകാൻ ഇറങ്ങി .റിച്ച ബാല്ക്കനിയിലേക്ക് വന്നു . അവൻ ഒരു ചെറിയ കീ ചെയിൻ പോക്കെറ്റിൽ നിന്നെടുത്തു അവൾക്കു കൊടുത്തു .റിച്ച അവനെ നോക്കി .പിന്നീട് ആ കീ ചെയ്നിലെയ്ക്കും . അതിന്റെ അറ്റത്തു ഒരു ചെറിയ കണ്നാടിപ്പെട്ടി ഉണ്ടായിരുന്നു അതിനുള്ളിലൊരു ചെറിയ ഫുട്ബോൾ ഉരുണ്ടു കളിക്കുന്നു . "അല്ല . ഇത് ഞാൻ മോഷ്ടിച്ചതല്ല " അവളുടെ കണ്ണുകളിൽ നിന്നും വായിചെടുത്ത സംശയത്തിനു അവൻ മറുപടി നല്കി . "കതകു ഭദ്രമായി അടച്ചു കൊള്ളൂ , അതിനടുത്തുള്ള ആ ജനലും " എന്ന് പറഞ്ഞു അവൻ താഴേക്ക്‌ പിടിച്ചിറങ്ങി . അവൻ താഴെയെത്തി റോഡിലേയ്ക്ക് പതുക്കെ നടന്നു പോകുന്നത് അവൾ നോക്കി നിന്ന് . പെട്ടെന്നാണ് മെയിൻ റോഡിൽ നിന്നും ഒരു ജീപ് വീണ്ടും ഇടവഴിയിലേക്ക് തിരിയുന്നത് അവൾ കണ്ടത് . അവനും അത് കണ്ടിരുന്നു എന്ന് അവൾക്കുറപ്പായിരുന്നു . പക്ഷെ അവൻ സാവധാനം നടന്നു കൊണ്ടേയിരുന്നു . അവന്റെ സമീപം ജീപ്പ് നിർത്തി 2 പോലീസുകാർ ഇറങ്ങി സംസാരിക്കുന്നത് അവൾ കണ്ടു . ഏറെ നാളായി പോലീസ് തിരഞ്ഞു കൊണ്ടിരുന്ന ഒരു മോഷ്ടാവന് അതെന്നു അവര്ക്ക് മനസിലായിരുന്നു . ആ ജീപ്പിന്റെ പുറകിലെ ഡോര് ഒരു ഗോളിയില്ലാത്ത ഗോൾ പോസ്റ്റാണെന്ന് അവൾക്കു തോന്നി അവൻ പെനാൽറ്റി ഷൂട്ടൗട്ട് കാത്തിരിക്കുന്ന ഒരു ഫുട്ബോൾ ആണെന്നും .അവനെ ജീപ്പിൽ തള്ളിക്കയറ്റിയ ശേഷം വളരെ വേഗത്തിൽ ആ ജീപ്പ് വന്ന വഴിയെ പാഞ്ഞു പോയി . അവൾ എന്ത് ചെയ്യണം എന്നറിയാതെ തന്റെ കയ്യിലിരുന്ന കീ ചെയിനിലെയ്ക്ക് നോക്കി . അപ്പോൾ അവൾ കണ്ടു അതിന്റെ അറ്റത്തു കണ്നാടിപ്പെട്ടിഅല്ല . ഇരുമ്പഴികൾ... .ഇരുമ്പഴികൾ കൊണ്ടുള്ള ഒരു ചെറിയ പെട്ടി ...അതിനുള്ളിലുരുണ്ട് കളിക്കുന്ന ഫുട്ബാളിന് അവന്റെ മുഖമായിരുന്നു .അവൾ ബാല്ക്കണിയിലൂടെ ആ മൈതാനതെയ്ക്ക് നോക്കിഅവിടം കളി കഴിഞ്ഞ ഗ്രൌണ്ട് പോലെ എല്ലാം ശൂന്യവും ശാന്തവും ആയിരുന്നു . അടുത്ത ദിവസത്തെ പത്രത്തിൽ ബ്രസീലിന്റെ വിജയവാർത്ത ഒന്നാം പേജിലും ഫ്ലാറ്റുകളിൽ രാത്രി മോഷണം നടത്തുന്ന കള്ളൻ പോലീസിന്റെ പിടിയിലായ ചെറിയ വാർത്ത‍ അകത്തെ പേജിലും റിച്ച കണ്ടു .പിന്നീടുള്ള എല്ലാ മത്സരങ്ങളും അവൾ തനിച്ചിരുന്നു കണ്ടു . ഒടുവിൽ ഈ സംഭവങ്ങളെല്ലാം തന്റെ കൂട്ടുകാരോട് പറയുകയും ഒരു കഥയായി എഴുതി പ്രസിദ്ധീകരിക്കാൻ അയച്ചു കൊടുക്കുയും ചെയ്തു . പക്ഷെ കഥയിൽ പ്രണയമില്ലാതതുകൊണ്ട് കൂട്ടുകാർ ഇത് അവിശ്വസിക്കുകയും കഥയിലെ നായകന് പേരില്ലാത്തവൻ ആയതുകൊണ്ട് എഡിറ്റർമാർ അത് തിരിച്ചയക്കുകയും ചെയ്തു . അവരുടെ മറുപടികൾ ആ മൈതാനത്തിലൂടെ ഇടവഴിയും കടന്നു ആ ബാല്കണിയിലെ വാതിലിലൂടെ അവളുടെ അടുതെതാൻ ശ്രമിച്ചു..പക്ഷെ റിച്ച അതൊന്നും അറിഞ്ഞില്ല .കാരണം അവൾ പിന്നീട് ആ ബാല്ക്കണിയുടെ വാതിൽ തുറന്നിട്ടേ ഇല്ലായിരുന്നു