മൗനങ്ങളുടെ അശാന്തിപർവം

തെറ്റുകൾ ചുറ്റിലും തേരുകളോട്ടുന്നു
അരുതെന്നു പറയുവാനെന്തേ മറന്നു നാം.
നേരിന്റെ വാക്കുകൾ ചങ്ങലയ്ക്കിട്ടിട്ടു
കണ്ണടയ്ക്കുന്നു നാം കാതു പൊത്തുന്നു.
ചങ്ങലക്കെട്ടുകൾക്കുള്ളിൽക്കിടന്നവ
ആയിരം മൗനങ്ങളെപ്പെറ്റു കൂട്ടുന്നു.

അലതല്ലിയാർക്കുന്ന കടലിന്നു മുന്നിൽ
ഉണരാതുറങ്ങുന്ന ഐലാന്റെ മൗനം .
കൽ ബൂർഗി – പൻസാരെ വാക്കുരുക്കുമ്പോൾ
പടരുന്ന ചോരയിൽ കുതിരുന്ന മൗനം.
അറിവിൻ വെളിച്ചം തെളിക്കുന്നിടത്ത്
ജാതിക്കുരുക്കിൽ പിടയുന്ന മൗനം.

തൻ വിയർപ്പിറ്റിച്ചു കെട്ടിപ്പടുത്ത
ചുമരുകൾക്കെവിടെയോ
ഇല്ലായ്മ അഴി ചേർത്ത വാതിലിൻ പാളികൾ
തള്ളിത്തുറന്നൊരു കാട്ടാളനെത്തു –
മ്പോളുയരുന്ന പെണ്ണിൻ കരച്ചിലിൻ മുന്നിൽ
തല താഴ്ത്തി നിൽക്കുന്ന നമ്മുടെ മൗനം.
എണ്ണിയാൽ തീരാത്ത മൗനങ്ങളങ്ങനെ
അലയുന്നു ഭൂതാവിഷ്ടരെപ്പോൽ.

വേരുകൾ ഭൂതകാലത്തിലേയ്ക്കാഴ്ത്തി
ഭാവിയിലേയ്ക്കു തന്നിലകൾ വിടർത്തി
ഒരു കാലവൃക്ഷം പടർന്നു നിൽക്കെയതിൻ
കൊമ്പിലീ മൗനങ്ങൾ
പകൽ വെളിച്ചത്തിൽ കാഴ്ചയില്ലാത്ത
നരിച്ചീറുകൾ പോലെതൂങ്ങി നിൽപ്പൂ .
എപ്പൊഴോ പൊട്ടിച്ചിരിച്ചു കൊണ്ടീ-
മരം തന്നിലെ ഇലയനക്കങ്ങളായ്
മാറുവാനാശിച്ചു വിങ്ങി നിൽപ്പൂ.

കലികാലമെന്നൊരു വാക്കുണ്ടു തോണിയിൽ
നമ്മൾക്കു കാൽപ്പന്തുരുട്ടിക്കളിക്കുവാൻ
കളിത്തിടുക്കത്തിൽ നാം കാണാതെ പോകുന്നു
കാറ്റിന്റെയൊപ്പം പറക്കുന്ന മൗനങ്ങൾ,
കാലം കളിക്കാനയച്ച പട്ടങ്ങൾ.

എന്നോ ഘനീഭൂതമായ് പെയ്തൊഴിഞ്ഞീടുവാൻ
കാത്തിരുന്നീടുന്ന മൗനമേഘങ്ങൾ
അലയുന്നശാന്തമായ്.
അതു കണ്ടു മിഴി തുറന്നിടുന്നൊരു വൃദ്ധൻ.
ആ നരച്ച കയ്യിലൊരു നാരായം വിറയ്ക്കുന്നു .
ഇതിഹാസ കാവ്യത്തിൻ താളുകൾ മറിയുന്നു .
എഴുതാപ്പുറങ്ങളിൽ പുതിയൊരധ്യായം
പിറവിയെടുക്കുന്നു.
ഇടമില്ലാതലയുന്ന മൗനങ്ങൾക്കു
ചേക്കേറുവാൻ പുതിയൊ’രശാന്തിപർവ്വം’.

 

വാക്കിന്റെ നീരുറവ പൊട്ടിയൊഴുകും വരെ,
അറിവിന്റെ പ്രാവുകൾ പറന്നു പൊങ്ങും വരെ,
നേരിന്റെ തുടി കേട്ടുടഞ്ഞു വീഴും വരെയീ-
മൗനങ്ങളിവിടെ കുടിയിരിക്കട്ടെ

Tags